ADVERTISEMENT

ഇന്ത്യ ഒന്നടങ്കം ഡിജിറ്റൽ ഗ്രാമങ്ങളാക്കുക എന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിക്ക് നേരിയ ആശ്വാസം നൽകുന്ന റിപ്പോർട്ടാണ് ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നത്. ഇന്ത്യയിലെ ഇന്റർനെറ്റ് വേഗത്തിൽ വലിയ മുന്നേറ്റം രേഖപ്പെടുത്തിയതായാണ് ആഗോള ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് ഏജൻസിയായ ഊക്‌ലയുടെ റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും മികച്ച വേഗമാണ് മേയിൽ ലഭിച്ചതെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ഇന്റർനെറ്റ് വേഗത്തിന്റെ രാജ്യാന്തര കണക്കെടുത്താൽ ഇന്ത്യ ആദ്യ 100 രാജ്യങ്ങളുടെ പട്ടികയിൽ പോലുമില്ല. ലോകത്തെ ദരിദ്ര രാജ്യങ്ങളേക്കാൾ പിന്നിലാണ് ഇന്ത്യ എന്നത് മറ്റൊരു വസ്തുതയാണ്.

ഊക്‌ലയുടെ 2022 മേയിലെ മൊബൈൽ ഇന്റർനെറ്റ് സ്പീഡ് പട്ടികയിൽ നേർവെ ആണ് ഒന്നാമത്. മുൻ റാങ്കിങ്ങിൽ യുഎഇയായിരുന്നു ഒന്നാം സ്ഥാനത്ത്. നോര്‍വെയിലെ ശരാശരി ഡൗൺ‌ലോഡ് വേഗം 129.40 എംബിപിഎസും ശരാശരി അപ്‌ലോഡ് വേഗം 18.41 എംബിപിഎസും ആണ്. ആഗോള ശരാശരി ഡൗൺ‌ലോഡിങ് വേഗം 30.37 എംബിപിഎസും അപ്‌ലോഡിങ് വേഗം 8.60 എംബിപിഎസും ആയി രേഖപ്പെടുത്തിയിട്ടുണ്ട്.

മേയിലെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്റര്‍നെറ്റ് വേഗത്തില്‍ ഇന്ത്യ 115–ാം സ്ഥാനത്താണ്. കഴിഞ്ഞ മാസം 118–ാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ വർഷം ഈ സമയത്ത് ഇന്ത്യ 127-ാം സ്ഥാനത്തായിരുന്നു എന്നും കൂടി ഓർക്കണം. 2022 മേയ് അവസാനത്തിലെ കണക്കുകൾ പ്രകാരം ലോകത്തെ ശരാശരി മൊബൈൽ ഇന്റർനെറ്റ് വേഗം ഡൗൺലോഡ് 30.37 എംബിപിഎസും അപ്‌ലോഡ് 8.60 എംബിപിഎസുമാണ്. ഫിക്സഡ് ബ്രോഡ്ബാൻഡ് വേഗം ഡൗൺലോഡ് 64.70 എംബിപിഎസും അപ്‌ലോഡ് 27.74 എംബിപിഎസുമാണ്.

ഫിക്സഡ് ബ്രോഡ്ബാൻഡ് വേഗത്തിൽ ഇന്ത്യ 75–ാം സ്ഥാനത്താണ്. എന്നാൽ വികസനത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലുള്ള പാക്കിസ്ഥാൻ മൊബൈൽ ഇന്റർനെറ്റ് വേഗത്തിന്റെ പട്ടികയിൽ 113–ാം സ്ഥാനത്താണ്. പാക്കിസ്ഥാനിലെ ശരാശരി ഇന്റർനെറ്റ് വേഗം ഡൗൺലോഡ് 15.32 എംബിപിഎസും അപ്‌ലോഡ് 9.49 എംബിപിഎസുമാണ്. പട്ടികയിൽ 99–ാം സ്ഥാനത്തുള്ള കെനിയയിലെ ശരാശരി ഇന്റർനെറ്റ് വേഗം ഡൗൺലോഡ് 17.53 എംബിപിഎസും അപ്‌ലോഡ് 8.83 എംബിപിഎസുമാണ്.

ട്രായിയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ജിയോ നെറ്റ്‌വർക്ക് മാത്രമാണ് 15 എംബിപിഎസിനു മുകളിൽ വേഗം നൽകുന്നത്. എന്നാൽ മറ്റു ടെലികോം കമ്പനികളെല്ലാം 10 എംബിപിഎസിന് താഴെയാണ് വേഗം നൽകുന്നത്. ഏറ്റവും കൂടുതൽ പേര്‍ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ചൈന പട്ടികയിൽ 10–ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം ഇതേസമയം ചൈന 16–ാം സ്ഥാനത്തായിരുന്നു.

പട്ടികയിൽ രണ്ടാം സ്ഥാനത്ത് യുഎഇയാണ്. യുഎഇയിലെ ഇന്റർനെറ്റ് വേഗം 124.89 എംബിപിഎസ് ആണ്. ഖത്തർ (117.61 എംബിപിഎസ്), ദക്ഷിണ കൊറിയ (106.82 എംബിപിഎസ്), കുവൈത്ത് (104.47 എംബിപിഎസ്), നെതർലാൻഡ്സ് (102.92 എംബിപിഎസ്), ഡെൻമാർക്ക് (102.54 എംബിപിഎസ്) എന്നീ രാജ്യങ്ങളാണ് ഇന്റർനെറ്റ് വേഗത്തിൽ തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഏറ്റവും കുറഞ്ഞ ഇന്റർനെറ്റ് വേഗം വെനിസ്വലയിലാണ്. സെക്കൻഡിൽ 4.98 എംബിപിഎസ് ആണ് 141–ാം സ്ഥാനത്തുള്ള വെനിസ്വലയിലെ ശരാശരി ഇന്റർനെറ്റ് വേഗം. 

 

English Summary: India improves global ranking for mobile, fixed broadband speeds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com