ADVERTISEMENT

എപ്പോഴും കൂടെയുള്ള ഉപകരണമെന്ന നിലയില്‍ ഒരാള്‍ക്ക് പ്രാധാന്യമുള്ള രേഖകള്‍ അടക്കം പലതും ഫോണുകളില്‍ത്തന്നെ സൂക്ഷിക്കാന്‍ ഉതകുന്ന രീതിയില്‍ ഫോണുകളെ മാറ്റിയെടുക്കാന്‍ ഗൂഗിളും ആപ്പിളും എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. ആ പരിശ്രമം അടുത്ത പടിയിലേക്ക് എത്തിക്കുകയാണ് ആന്‍ഡ്രോയിഡ് 13, ഐഒഎസ് 16. വേണ്ട കാര്‍ഡുകളുടെയും ടിക്കറ്റുകളുടെയും കോപ്പികള്‍ വരെ ഉള്‍ക്കൊള്ളിക്കാനും, അവ സുരക്ഷിതമായി സൂക്ഷിക്കാനുമുള്ള ശ്രമത്തിന്റെ ഫലമാണ് ഇനി കാണാന്‍ പോകുന്നത്. ഫോണുകളുടെ കളര്‍ സ്‌കീമുകളും, ക്ലോക്കും അടക്കമുള്ള ലോക്‌സ്‌ക്രീനിനും കാര്യമായ മാറ്റങ്ങള്‍ വരും. അതായത് ഫോണുകള്‍ ഇനി കൂടുതല്‍ വ്യക്തിപരം ആകും.

 

∙ ലോക്‌സ്‌ക്രീന്‍

 

ഫോണ്‍ അണ്‍ലോക് ചെയ്യുന്നതിനു മുൻപ് തന്നെ കാണുന്നത് ലോക്‌സ്‌ക്രീന്‍ ആണല്ലോ. നേരത്തേ നോട്ടിഫിക്കേഷനുകളും സ്‌ക്രീന്‍സേവറും സമയവും അടക്കം കുറച്ചു കാര്യങ്ങള്‍ മാത്രമായിരുന്ന ലഭ്യമാക്കിയിരുന്നത്. ഇതിന് കാര്യമായ മാറ്റം കൊണ്ടുവരാനുള്ള ശ്രമം ഗൂഗിള്‍ തുടങ്ങിയത് മെറ്റീരിയല്‍ യുഐ വികസിപ്പിച്ചതിനു ശേഷമാണ്. ഫോണിന്റെ ലോക്‌സ്‌ക്രീന്‍ തന്നെ ഇനി കൂടുതല്‍ വിവരങ്ങള്‍ നല്‍കും. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 13ല്‍ വരുന്ന തീമുകള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ ഇഷ്ടമുള്ള നിറങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ സ്‌റ്റൈലിന് അനുയോജ്യമാക്കാം. യഥേഷ്ടം തിരഞ്ഞെടുക്കാനായി രണ്ടു സ്‌റ്റൈലുകളിലുള്ള ക്ലോക്കുകളും വരും. നോട്ടിഫിക്കേഷനൊപ്പം താഴേക്ക് സ്ലൈഡു ചെയ്ത് എടുക്കാവുന്ന മ്യൂസിക് പ്ലെയറിനും കൂടുതല്‍ മികവു കാണാം. പശ്ചാത്തലത്തില്‍ മൊത്തം പടരുന്ന തരത്തിലുള്ള ആല്‍ബം ആര്‍ട്ടാണ് ഇനി ലഭിക്കുക.

 

∙ ഐഒഎസ് 16

 

ഐഒഎസ് ഉപയോക്താക്കള്‍ക്കായിരിക്കും ലോക്‌സ്‌ക്രീനില്‍ വരുന്ന മാറ്റങ്ങള്‍ കൂടുതല്‍ പ്രകടമായി കാണാനാകുക. കാരണം ലോക്‌സ്‌ക്രീനില്‍ വര്‍ഷങ്ങളായി കാര്യമായ മാറ്റങ്ങള്‍ ആപ്പിള്‍ കൊണ്ടുവന്നിരുന്നില്ല. ആന്‍ഡ്രോയിഡില്‍ മെറ്റീരിയല്‍ യുഐ എത്തിച്ചതിനു സമാനമായ ഫീച്ചറുകളായിരിക്കും ഇനി ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ലഭിക്കുക. ഇനി ലോക്‌സ്‌ക്രീനിന്റെ നിറം മാറ്റാം. ക്ലോക്കിന്റെ ടൈപ്‌ഫെയ്‌സും (അക്ഷരവടിവ്) മാറ്റാം. ഇതു കൂടാതെ, കാലാവസ്ഥാ ഡേറ്റ, ഫിറ്റ്‌നസ് സംബന്ധമായ ലക്ഷ്യങ്ങളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍, സ്‌പോര്‍ട്‌സ് സ്‌കോറുകള്‍ തുടങ്ങിയവയൊക്കെ ഒറ്റനോട്ടത്തില്‍ ലഭിക്കും. നോട്ടിഫിക്കേഷനുകള്‍ ഇനി സ്‌ക്രീനിന്റെ താഴെയായിരിക്കും വരിക. ഏത് ആപ്പാണ് നോട്ടിഫിക്കേഷന്‍ നല്‍കുന്നത് എന്നത് അനുസരിച്ചായിരിക്കും അവ പ്രദര്‍ശിപ്പിക്കുക. ലോക്‌സ്‌ക്രീനില്‍ ഒറ്റയടിക്ക് ഇത്രയധികം മാറ്റങ്ങള്‍ ഐഒഎസില്‍ ഇതിനു മുൻപ് എത്തിയിട്ടില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

 

∙ പുതിയ ഗൂഗിള്‍ വോലറ്റ്

android-13

 

ആന്‍ഡ്രോയിഡ് 13 ഊന്നല്‍ നല്‍കുന്ന സുപ്രധാന ഫീച്ചറാണ് ഗൂഗിള്‍ വോലറ്റ്. പുതിയ വോലറ്റ് ആപ്പില്‍ നിങ്ങളുടെ വിവിധ ഡിജിറ്റല്‍ കാര്‍ഡുകളും ടിക്കറ്റുകളും സൂക്ഷിക്കാം. ക്രെഡിറ്റ്കാര്‍ഡ്, വാക്‌സീന്‍ ഐഡി, വിമാന ടിക്കറ്റ്, ഡ്രൈവേഴ്‌സ് ലൈസന്‍സ് തുടങ്ങി പലതും എടുത്തുകാണിക്കാന്‍ സാധിക്കും. ഇതോടെ ശരിക്കുള്ള കാര്‍ഡുകളും മറ്റും യാത്രയില്‍ കൊണ്ടുനടന്ന് നഷ്ടപ്പെട്ടു പോകാനുള്ള സാധ്യത ഇല്ലാതാക്കാനായേക്കുമെന്നു പറയുന്നു. ഗൂഗിളിന് ഇപ്പോള്‍ തന്നെ ഗൂഗിള്‍ പേ ആപ്പ് ഉണ്ടെന്നതു ശരിയാണെങ്കിലും വോലറ്റ് ആപ്പ് വഴി പണമടയ്ക്കലും കാര്‍ഡുകള്‍ സൂക്ഷിക്കലും അടക്കമുള്ള കാര്യങ്ങള്‍ ചെയ്യാനാകും.

 

∙ ഡിജിറ്റല്‍ വോലറ്റ് മെച്ചപ്പെടുത്തി ആപ്പിളും

 

ഡിജിറ്റല്‍ വോലറ്റിലേക്ക് കൂടുതല്‍ മികവുകള്‍ കൊണ്ടുവരുമെന്ന് അവരുടെ വേള്‍ഡ്‌വൈഡ് ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ ആപ്പിളും അറിയിച്ചിരുന്നു. ആപ്പിള്‍ പേയിലേക്ക് എത്തുന്ന 'ആപ്പിള്‍ പേ ലേറ്റര്‍' ആണ് പ്രധാന ഫീച്ചറുകളില്‍ ഒന്ന്. വാങ്ങിയ സാധനങ്ങളുടെ വില നാലു തുല്യ ഗഡുക്കളായി അടയ്ക്കാനുള്ള അവസരമാണ് കമ്പനി കൊണ്ടുവരുന്ന പുതിയ ഫീച്ചറുകളിലൊന്ന്. ആപ്പിള്‍ പേ ഇപ്പോഴും ഇന്ത്യയില്‍ ലഭ്യമല്ല. പക്ഷേ, ആപ്പിളിന്റെ ആപ്പുകളും സേവനങ്ങളും കാര്യമായി പ്രയോജനപ്പെടുത്തുന്നവര്‍ക്ക് പുതിയ ഫീച്ചർ ഗുണകരമാകുമെന്നും കരുതുന്നു. കൂടുതല്‍ സാമ്പത്തിക പ്രോഡക്ടുകള്‍ ഉള്‍ക്കൊള്ളിച്ചായിരിക്കും ആപ്പിള്‍ പേ വികസിപ്പിക്കുന്നത്. ഐഫോണിനെ ഒരു പണമടയ്ക്കല്‍ ഉപകരണം തന്നെ ആക്കിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ് ആപ്പിള്‍ എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉപയോക്താവ് തന്റെ പേഴ്‌സ് ഒപ്പം കൊണ്ടു നടക്കുന്നത് പാടെ ഒഴിവാക്കുക എന്നതാണ് ആപ്പിളിന്റെ അന്തിമ ലക്ഷ്യമെന്നും പറയുന്നു.

 

∙ ആന്‍ഡ്രോയിഡില്‍ പുതിയ കോപി പേസ്റ്റ്

 

കോപി ആന്‍ഡ് പേസ്റ്റ് ഫീച്ചര്‍ കൂടുതല്‍ മികവുറ്റതാക്കിയിരിക്കുകയാണ് ഗൂഗിള്‍. ടെക്സ്റ്റ് കോപി ചെയ്തു കഴിയുമ്പോള്‍ ഒരു നോട്ടിഫിക്കേഷന്‍ കാണാന്‍ കഴിയും. ടെക്സ്റ്റ് എവിടെയെങ്കിലും പേസ്റ്റ് ചെയ്യുന്നതിനു മുൻപ് അത് വേണമെങ്കില്‍ എഡിറ്റു ചെയ്യാമെന്നുളളത് പലര്‍ക്കും സന്തോഷം നല്‍കുന്ന കാര്യമായിരിക്കും.

 

∙ ഐമെസേജിലെ അണ്‍സെന്‍ഡ്

 

ലോക്‌സ്‌ക്രീനിലും മറ്റും കാഴ്ചയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കപ്പുറം കാതലായ ഒരുമാറ്റം ഐഒഎസ് ഉപയോക്താക്കള്‍ക്കു ലഭിക്കും. അത് ഐമെസേജില്‍ ആണെന്നു മാത്രം. ഇന്ത്യയില്‍ കാര്യമായി ഐമെസേജ് ഉപയോഗം ഇല്ല. എല്ലാവരും തന്നെ വാട്‌സാപ് ഉപയോഗിക്കുന്നവരാണ്. അതേസമയം, അമേരിക്കയിലെ സ്ഥിതി നേരെ തിരിച്ചാണ്. എന്തായാലും, ഐമെസേജ് ഉപയോഗിക്കുന്ന ആളാണെങ്കില്‍ സന്ദേശത്തില്‍ അക്ഷരപ്പിശകും മറ്റും പെട്ടെന്നു കണ്ടെത്താനായാല്‍ സന്ദേശം തിരിച്ചുവിളിക്കാം, അല്ലെങ്കില്‍ അണ്‍സെന്‍ഡ് ചെയ്യാം. അപൂര്‍ണമായ ഒരു സന്ദേശം അയച്ചു പോയെങ്കിലും അതും തിരിച്ചുവിളിക്കാനാകും. 

 

∙ 5ജി വരുമ്പോള്‍ മൊബൈല്‍ ഡേറ്റാ സ്പീഡ് വര്‍ധിക്കുമെന്ന് ഊക്‌ല

 

ഇന്റര്‍നെറ്റ് സ്പീഡ് പരിശോധനാ സേവനമായ ഊക്‌ലയുടെ മേധാവി ഡഗ് സട്ട്‌ലെസ് പറയുന്നത് ഇന്ത്യയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ് 5ജി വരുമ്പോള്‍ വര്‍ധിക്കുമെന്നാണ്. നിലവില്‍ ലോകരാഷ്ട്രങ്ങളുടെ ഡേറ്റാ സ്പീഡ് റാങ്കിങ്ങില്‍ 115-ാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യയില്‍ അഞ്ചാം തലമുറ സേവനങ്ങള്‍ തുടങ്ങുന്നതോടെ കാര്യങ്ങള്‍ മാറിമറിയും എന്നാണ് റിപ്പോര്‍ട്ട്. 

 

∙ സിസ്‌കോ ഉപകരണങ്ങളില്‍ പല ബഗുകള്‍ കണ്ടെത്തിയെന്ന് കേന്ദ്രം

 

കേന്ദ്ര ഐടി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍) പുറത്തിറക്കിയ പുതിയ മുന്നറിയിപ്പില്‍ നെറ്റ്‌വര്‍ക്കിങ് കമ്പനിയായ സിസ്‌കോയുടെ ഉപകരണങ്ങളില്‍ കണ്ടെത്തിയ പിഴവുകള്‍ എടുത്തു പറയുന്നു. പിഴവുകള്‍ മുതലെടുത്ത് ഹാക്കര്‍മാര്‍ക്ക് ഓഫിസുകളിലെയും വീടുകളിലെയും കംപ്യൂട്ടറുകളിലേക്ക് നുഴഞ്ഞുകയറാനായേക്കുമെന്നാണ് മുന്നറിയിപ്പ്. റൂട്ടറുകളിലും, സിസ്‌കോ സെക്യുവര്‍ ഇമെയില്‍ ആന്‍ഡ് വെബ് മാനേജറിലുമാണ് ഭേദ്യത കണ്ടെത്തിയരിക്കുന്നത്. 

 

∙ റിയല്‍മി സി30 പുറത്തിറക്കി, തുടക്ക വേരിയന്റിന് വില 7,499 രൂപ

 

ഇന്ത്യയില്‍ ലഭ്യമായ വില കുറഞ്ഞ സ്മാര്‍ട് ഫോണുകളിലൊന്ന് പുറത്തിറക്കിയിരിക്കുകയാണ് റിയല്‍മി. 'സി30' എന്ന പേരില്‍ രണ്ടു വേരിയന്റുകളാണ് പുറത്തിറക്കിയിരിക്കുന്നത് (2 ജിബി + 32 ജിബി, 3 ജിബി + 32 ജിബി). ഇവയ്ക്ക് വില യഥാക്രമം 7,499 രൂപ, 8,299 രൂപയും ആയിരിക്കും. യുണിസോക് പ്രോസസര്‍, 6.5 ഇഞ്ച് വലുപ്പമുളള സ്‌ക്രീന്‍, എച്ഡി പ്ലസ് റസലൂഷന്‍, ആന്‍ഡ്രോയിഡ് 11 തുടങ്ങിയവയാണ് ഫീച്ചറുകള്‍. ഫോണിന് ഒറ്റ 8 എംപി പിന്‍ ക്യാമറയാണ് ഉള്ളത്. സെല്‍ഫി ക്യാമറയുടെ റെസലൂഷന്‍ 5 എംപിയാണ്. എന്നാല്‍ ബാറ്ററിയുടെ കാര്യത്തില്‍ പിശുക്കില്ല, 5000എംഎഎച് കപ്പാസിറ്റിയുണ്ട്. 

 

∙ വിന്‍ഡോസിലേക്ക് പുതിയ പ്രൈവസി ഓഡിറ്റിങ് ഫീച്ചര്‍

 

വിന്‍ഡോസ് 11ല്‍ കംപ്യൂട്ടറിന്റെ ക്യാമറ, മൈക്രോഫോണ്‍ തുടങ്ങിയവ, ഏതെങ്കിലും ആപ്പ് ഉപയോഗിക്കുന്നുണ്ടോ എന്നറിയാനായി ഒരു പുതിയ ഫീച്ചര്‍ കൊണ്ടുവരും. ഇതിന് പ്രൈവസി ഓഡിറ്റിങ് എന്നായിരിക്കും പേര്.

 

English Summary: How Apple and Google plan to make your smartphone more personal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com