അങ്ങനെ കുപ്രസിദ്ധ ക്യാപ്ചയും ചവറ്റുകുട്ടയിലേക്ക്, ആപ്പിളിനു നന്ദി!

apple-id
SHARE

ആപ്പിള്‍ കമ്പനിയുടെ ഐഒഎസ്, ഐപാഡ് ഒഎസ് 12, മാക്ഒഎസ് വെഞ്ച്യുറ എന്നിവയില്‍, ഇന്റര്‍നെറ്റ് അനുഭവം എളുപ്പമാക്കുന്ന മറ്റൊരു ഫീച്ചര്‍ കൂടി കണ്ടെത്തിയിരിക്കുകയാണ് എന്ന് മാക് റൂമേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. സമീപഭാവിയില്‍ത്തന്നെ ആപ്പിൾ ഉപകരണങ്ങളിൽ ക്യാപ്ച ഒഴിവാക്കപ്പെടും എന്നതാണ് വാർത്ത. ആപ്പിളിന്റെ പുതുക്കിയ മൊബൈല്‍, കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ എത്തുന്ന പുതിയ ഓട്ടമാറ്റിക് വെരിഫിക്കേഷന്‍ ഫീച്ചറാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ ഹീറോ.

∙ എന്താണ് ക്യാപ്ച?

കംപ്ലീറ്റ്‌ലി ഓട്ടമേറ്റഡ് പബ്ലിക് ട്യൂറിങ് ടെസ്റ്റ് ടു ടെല്‍ കംപ്യൂട്ടേഴ്‌സ് ആന്‍ഡ് ഹ്യൂമന്‍സ് എപാര്‍ട്ട് എന്ന സാങ്കേതികവിദ്യയാണ് ക്യാപ്ച (CAPTCHA) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്. ഈ വിവരണം ആദ്യമായി ഉപയോഗിക്കപ്പെടുന്നത് 2003ല്‍ ആണ്. എന്നാല്‍ ഇതിന്റെ തുടക്കം 1997ല്‍ ആയിരുന്നു. കംപ്യൂട്ടറുകള്‍ക്ക് ബുദ്ധിയോ അതിനു സമാനമായ ശേഷിയോ ഉണ്ടോ എന്നറിയാനായി ഉണ്ടാക്കിയ പരീക്ഷണമാണ് ട്യൂറിങ് ടെസ്റ്റ്. ഗണിതശാസ്ത്രം മുതല്‍ തത്വചിന്ത വരെ പല വിഭാഗങ്ങളിലും ശോഭിച്ച അലന്‍ ട്യൂറിങ്ങിന്റെ നാമം ഇതില്‍ കാണാം. 'ഇമിറ്റേഷന്‍ ഗെയിം' എന്ന പേരില്‍ 1950 ല്‍ നടത്തിയിരുന്ന ടെസ്റ്റാണ് 41-ാമത്തെ വയസ്സില്‍ മരിച്ചുപോയ ട്യൂറിങ്ങിന്റെ പേരില്‍ പിന്നീട് പ്രശസ്തമായത്. ഇക്കാലത്തും ഇന്റര്‍നെറ്റില്‍ ചില വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ നമ്മള്‍ ക്യാപ്ച എന്ന മുഷിപ്പന്‍ തിരിച്ചറിയല്‍ കോഡ് കൊടുക്കേണ്ടിവരുന്നുണ്ട്.

∙ ക്യാപ്ച ഉപയോഗിക്കേണ്ടതായി വന്നിട്ടുണ്ടോ?

ചില വെബ്‌സൈറ്റുകളും സേവനങ്ങളും ഉപയോഗിക്കുമ്പോള്‍ എടുത്തെഴുതാനായി വക്രീകരിച്ച അക്ഷരങ്ങളോ അക്കങ്ങളോ ഒക്കെ ലഭിച്ചിട്ടുണ്ടോ? അതാണ് ക്യാപ്ച. വെബ്‌സൈറ്റ് സന്ദര്‍ശിക്കാനെത്തിയിരിക്കുന്നത് റോബോട്ടുകളോ ഓട്ടമേറ്റഡ് സിസ്റ്റങ്ങളോ അല്ല, മനുഷ്യന്‍ തന്നെയാണ് എന്നറിയാനാണ് തെറ്റില്ലാതെ എടുത്തെഴുതാനായി വക്രീകരിച്ച അക്ഷരങ്ങളും മറ്റും നല്‍കുന്നത്. (മനുഷ്യരല്ലാത്ത ഇന്റര്‍നെറ്റ് സന്ദര്‍ശകരും ഉണ്ടോ? സമൂഹ മാധ്യമമായ ട്വിറ്റര്‍ ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായി സ്‌പേസ്എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് ഉന്നയിച്ചിരിക്കുന്ന ആവശ്യം പരിശോധിക്കുക. എത്ര ബോട്ട് (bot റോബോട്ട്) അക്കൗണ്ടുകള്‍ ഉണ്ടെന്ന് തനിക്കറിയണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. പല പ്രശസ്തര്‍ക്കും രാജ്യത്തലവന്മാര്‍ക്കും ഉള്ള ഫോളോവേഴ്സിൽ ഒരു പങ്ക് ഇത്തരം ബോട്ട് സിസ്റ്റങ്ങളാണ് എന്നും ആരോപണമുണ്ട്.) ശരിയായ ട്യൂറിങ് ടെസ്റ്റില്‍ വിലയിരുത്തല്‍ നടത്തുന്നത് മനുഷ്യരാണ്. ക്യാപ്ചയുടെ കാര്യത്തില്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ എത്തിയിരിക്കുന്നത് മനുഷ്യനാണോ എന്ന വിലയിരുത്തല്‍ നടത്തുന്നത് കംപ്യൂട്ടറുകള്‍ തന്നെ ആയതിനാല്‍ അതിന് 'റിവേഴ്‌സ് ട്യൂറിങ് ടെസ്റ്റ്' എന്നും പേരുണ്ട്.

∙ എപ്പോഴാണ് നാം ക്യാപ്ചയുടെ വാതില്‍പ്പടിയില്‍ എത്തുന്നത്?

സുപ്രധാനമായ പല രേഖകളും മറ്റും ഡൗണ്‍ലോഡ് ചെയ്യുന്നതിനു മുൻപ് നാം ക്യാപ്ച സമര്‍പ്പിക്കേണ്ടതായി വരും. മനുഷ്യന്‍ തന്നെയാണ് ബോട്ടുകളല്ല എത്തിയിരിക്കുന്നത് എന്ന് ഉറപ്പിക്കാനാണിത്. ക്യാപ്ചയുടെ 'വാതിലിനു' മുന്നില്‍ നില്‍ക്കുക എന്നത് പൊതുവെ മടുപ്പുണ്ടാക്കുന്ന കാര്യമാണ്. ക്യാപ്ചയിലെ ഒരു അക്ഷരമോ അക്കമോ തെറ്റിയാല്‍ വീണ്ടും എന്റര്‍ ചെയ്യേണ്ടതായി വരും. പല തവണ തെറ്റിയാല്‍ ചില സന്ദര്‍ഭങ്ങളിലെങ്കിലും ഉദ്യമം തല്‍ക്കാലത്തേക്ക് അവസാനിപ്പിക്കേണ്ടതായി പോലും വരാം. ഇക്കാലത്ത് ഇന്റര്‍നെറ്റും ടെക്‌നോളജിയും കൈവരിച്ച മുന്നറ്റം പരിശോധിച്ചാല്‍ ക്യാപ്ച ഒട്ടും കാലോചിതമല്ല എന്നു തോന്നിയാല്‍ തെറ്റുമില്ല. എന്തായാലും, ആപ്പിളിന്റെ ഇടപെടലോടെ ക്യാപ്ച കാലഹരണപ്പെടുകയാണ് എന്നാണ് വിലയിരുത്തല്‍.

∙ നിങ്ങള്‍ പോലും അറിയാതെ ക്യാപ്ച കടമ്പ കടത്തി വിടുന്നത് ഇങ്ങനെ

ഐഒഎസ് 16, ഐപാഡ് 16, മാക്ഒഎസ് വെഞ്ച്യുറ എന്നിവ ഉപയോഗിക്കുന്നവര്‍ ഇനി അധികം ക്യാപ്ച കണ്ടേക്കില്ല. ഉപയോക്താവ് പോലും അറിയാതെ ക്യാപ്ച കടമ്പ കടക്കാന്‍ ആപ്പിള്‍ ഉപയോഗിച്ചിരിക്കുന്ന ടെക്‌നോളജിയുടെ പേരാണ് പ്രൈവറ്റ് അക്‌സസ് ടോക്കണ്‍സ്. എച്ടിടിപി അഭ്യര്‍ഥനകള്‍ യഥാര്‍ഥമാണെന്ന് തെളിയിക്കാന്‍ തങ്ങളുടെ ഉപകരണങ്ങളെ തന്നെയാണ് ആപ്പിള്‍ ഉപയോഗിക്കുന്നത്. എന്നാല്‍, വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ വിട്ടുനല്‍കുകയുമില്ല.

∙ ആപ്പിളിന്റെ ടോക്കണ്‍ മതി തടസ്സമില്ലാതെ സഞ്ചരിക്കാന്‍

ബോട്ട് അല്ല മനുഷ്യനാണ് എന്ന് ആപ്പിള്‍ തന്നെ റിവേഴ്‌സ് ട്യൂറിങ് ടെസ്റ്റ് സിസ്റ്റത്തെ അറിയിക്കും. ഉപയോക്താവ് സുഗമമായി കടമ്പ കടക്കും. അതേസമയത്ത് ആപ്പിള്‍ ഐഡിയും ഉപയോക്താവിന്റെ ഉപകരണത്തെക്കുറിച്ചുളള വിവരങ്ങളും പ്രൈവറ്റ് അക്‌സസ് ടോക്കണ്‍ പശ്ചാത്തലത്തില്‍ കൈമാറിയാണ് മുന്നോട്ടു പോകുന്നത്. വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ വിട്ടുനല്‍കാതെയും എന്നാല്‍ മനുഷ്യന്‍ തന്നെയാണ് എന്ന വിവരം നല്‍കിയുമാണ് ടോക്കണ്‍ ഉപയോഗിച്ചുള്ള, തടസ്സമില്ലാത്ത ഇന്റര്‍നെറ്റ് സഞ്ചാരം സാധ്യമാക്കുന്നത്. ടോക്കണ്‍ ഉപയോഗിച്ച് സൈന്‍-ഇന്‍ ചെയ്യലും അക്കൗണ്ടുകള്‍ സൃഷ്ടിക്കലും അടക്കമുള്ള പല കാര്യങ്ങളും ചെയ്യാനുമാകും.

∙ ഈ ഫീച്ചര്‍ എങ്ങനെ ആക്ടിവേറ്റു ചെയ്യാം?

മേല്‍പ്പറഞ്ഞ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടിങ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ സെറ്റിങ്‌സ്>ആപ്പിള്‍ ഐഡി>പാസ്‌വേഡ് ആന്‍ഡ് സെക്യൂരിറ്റി>ഓട്ടമാറ്റിക് വേരിഫിക്കേഷന്‍ എന്ന പാതയില്‍ എത്തിയാല്‍ ഇത് കാണാം. മുകളില്‍ പറഞ്ഞ ഒഎസുകള്‍ ഉപയോഗിക്കാന്‍ പോകുന്നവര്‍ ഇതിനായി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട. ഇത് എനേബിൾ ചെയ്താണ് എത്തുക.

∙ ആന്‍ഡ്രോയിഡിലും വിന്‍ഡോസിലും മാറ്റുമോ?

മറ്റ് ഒഎസുകളും ആപ്പിള്‍ വെട്ടിത്തുറന്ന പാതയിലൂടെ സഞ്ചരിക്കാനാണ് സാധ്യത. ചുരുക്കിപ്പറഞ്ഞാല്‍ മാസങ്ങള്‍ക്കുള്ളില്‍ ക്യാപ്ചയുടെ വേലിക്കെട്ട് കടക്കാന്‍ കാത്തു നില്‍ക്കേണ്ടി വന്നേക്കില്ല എന്നാണ് വിലയിരുത്തല്‍.

∙ പുതിയ സൗണ്ട് ബാറുകള്‍ ഇന്ത്യയിലെത്തിച്ച് സാംസങ്

സാംസങ് 2022ലെ പുതിയ സൗണ്ട് സിസ്റ്റങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇവയില്‍ ഏറ്റവും മികച്ച ക്യൂ990ബി സൗണ്ട്ബാറിന് 11.1.4 ചാനല്‍ ബെയ്‌സ് ആണ് ഉള്ളത്. വില 99,990 രൂപ. തുടക്ക മോഡല്‍ എസ്61ബി ആണ്. ഇതിന് 24,990 രൂപയാണ് എംആര്‍പി. പല മോഡലുകള്‍ക്കും വെര്‍ച്വല്‍ അസിസ്റ്റന്റായ അലക്‌സയുടെ പിന്‍ബലവും ഉണ്ട്. ഡോള്‍ബി അറ്റ്‌മോസ്, ഡിറ്റിഎസ് വെര്‍ച്വല്‍: എക്‌സ് ഓഡിയോ തുടങ്ങി പല ഫീച്ചറുകളും ഉളളവയാണ് പുതിയ തലമുറയിലെ സൗണ്ട്ബാറുകള്‍.

∙ രണ്ടാം തലമുറയിലെ സ്മാര്‍ട് യോഗാ മാറ്റുമായി യോഗിഫൈ

യോഗിഫൈ (YogiFi) ജെന്‍ 2 എന്ന പേരില്‍ സ്മാര്‍ട് യോഗാ മാറ്റ് പുറത്തിറക്കി. പല ശരീരഭാര വ്യായാമങ്ങളും ചെയ്യാനും ആക്ടിവിറ്റി ട്രാക്കിങ് നടത്താനും നേരത്തെ നടത്തിയ വ്യായാമത്തിന്റെ ഹിസ്റ്ററി പരിശോധിക്കാനും, ഓരോ ദിവസവും നേടേണ്ട ഫിറ്റ്‌നസ് ലക്ഷ്യങ്ങളെക്കുറിച്ച് ഓര്‍മപ്പെടുത്താനും എല്ലാം സഹായിക്കുന്നതാണ് ഇത്. യോഗാ ദിനത്തിലാണ് ഇത് പുറത്തിറക്കിയത്.

യോഗിഫൈ 2ന് രണ്ടു വേരിയന്റുകള്‍ ഉണ്ട്. യോഗിഫൈ ജെന്‍2, യോഗിഫൈ ജെന്‍ 2 പ്രോ. ഇവയ്ക്ക് യഥാക്രമം 8,999 രൂപ, 18,999 രൂപ എന്നിങ്ങനെയാണ് വില. പ്രോ വേര്‍ഷനൊപ്പം 10-ഇഞ്ച് വലുപ്പമുള്ള ആന്‍ഡ്രോയിഡ് ടാബും അതിനു വേണ്ട സ്റ്റാന്‍ഡും ലഭിക്കും. രണ്ടു സ്മാര്‍ട് എക്‌സര്‍സൈസ് മാറ്റുകളും റീചാര്‍ജ് ചെയ്യാം. ഒരു വര്‍ഷമാണ് വാറന്റി. കമ്പനിയുടെ വെബ്‌സൈറ്റില്‍ ഇവ പ്രീ-ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

English Summary: Apple is introducing new tech in iOS 16 to let you skip CAPTCHAs

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA