ADVERTISEMENT

കോവിഡിന്റെയും വരുമാനക്കുറവിന്റെയും പശ്ചാത്തലത്തില്‍, സാധാരണക്കാരായ ലക്ഷക്കണക്കിന് വരിക്കാർക്ക് കൈത്താങ്ങായി പുതിയ പ്ലാന്‍ അവതരിപ്പിക്കുകയാണ് ബിഎസ്എന്‍എല്‍. പുതിയ പ്ലാന്‍ പ്രകാരം ഒരു മാസത്തേക്ക് നമ്പര്‍ നിലനിര്‍ത്താന്‍ 19 രൂപയാണ് വേണ്ടത്. ഇത് പ്രതിവര്‍ഷം ഏകദേശം 228 രൂപ ആയി നിശ്ചയിച്ചേക്കാമെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്ക് കോള്‍ നിരക്കിനും കിഴിവു കൊണ്ടുവന്നിട്ടുണ്ട് - മിനിറ്റിന് 20 പൈസ. 

വോയിസ്‌റെയ്റ്റ്കട്ടര്‍_19

പുതിയ പ്ലാന്‍ ബിഎസ്എന്‍എല്‍ വെബ്‌സൈറ്റില്‍ പ്രീപെയ്ഡ് പ്ലാനുകളുടെ ഇടയില്‍ വോയിസ് വൗച്ചര്‍ പ്ലാന്‍ ലിസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നും അത് വോയിസ്‌റെയ്റ്റ്കട്ടര്‍_19 എന്ന പേരിലാണ് കാണപ്പെടുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഈ പ്ലാൻ കേരളത്തിനായുള്ള ബിഎസ്എന്‍എല്‍ സര്‍ക്കിളില്‍ ഇതെഴുതുന്ന സമയത്ത് പ്രതിഫലിച്ചിട്ടില്ല. മറിച്ച് വോയിസ്_റെയ്റ്റ്_കട്ടര്‍_21 എന്നൊരു പ്ലാന്‍ ഉണ്ട്. വാലിഡിറ്റി 30 ദിവസം. ഇതിന് അനുസരിച്ചുള്ള പ്രതിവര്‍ഷ പ്ലാനും കേരളാ സര്‍ക്കിളില്‍ ലഭ്യമല്ല. മിനിറ്റിന് 20 പൈസ തന്നെയാണ് കോള്‍ ചാര്‍ജ്.

മറ്റു ടെലികോം സേവനദാതാക്കള്‍

1248-mobile-phone

ടെലികോം നിരക്കുകള്‍ ഉയര്‍ത്തിയതോടെ മൊബൈല്‍ നമ്പര്‍ നിലനിര്‍ത്താന്‍ പാടുപെടുന്നവര്‍ക്കായി മറ്റു കമ്പനികളും പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. എയര്‍ടെല്‍, വൊഡാഫോണ്‍-ഐഡിയ തുടങ്ങിയ കമ്പനികളൊക്കെ കുറഞ്ഞത് 50 രൂപ ചാര്‍ജ് ചെയ്യുന്നു എന്നും തുടക്ക പ്ലാനുകള്‍ 120 രൂപ വരെ ഉയരാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അങ്ങനെ നോക്കിയാല്‍ ഏറ്റവും മികച്ച പ്ലാന്‍ ബിഎസ്എന്‍എലിന്റേതു തന്നെയാണ്. അതേസമയം, ബിഎസ്എന്‍എലിന് പലയിടങ്ങളിലും 3ജി കണക്ടിവിറ്റി മാത്രമേയുള്ളു. എതിരാളികള്‍ 4ജിയും നല്‍കുന്നു. എന്നാല്‍, തങ്ങള്‍ താമസിയാതെ മിക്ക സ്ഥലങ്ങളിലും 4ജി എത്തിക്കുമൈന്നും അപ്പോഴും 19/21 രൂപ പ്രതിമാസ റീചാര്‍ജ് നിലനിര്‍ത്തുമെന്നും ബിഎസ്എൻഎൽ പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.

ഓര്‍ക്കുക, ടോക്കണൈസേഷന്‍ തീയതി അടുക്കുന്നു

ഓണ്‍ലൈന്‍ പണമിടപാടു നടത്തുന്നവരുടെ കാര്‍ഡ് വിവരങ്ങള്‍ വെബ്‌സൈറ്റുകളില്‍നിന്ന് നീക്കംചെയ്യാന്‍ ആര്‍ബിഐ അനുവദിച്ചിരിക്കുന്ന സമയം ജൂണ്‍ 30 ആണ്. തുടര്‍ന്ന് ടോക്കണൈസേഷന്‍ (https://bit.ly/3NbXTEU) സംവിധാനമായിരിക്കും നിലവില്‍വരിക. ഇതിനോടകം ഉപയോക്താക്കളുടെ കാര്‍ഡുകളുടെ രഹസ്യ വിവരങ്ങള്‍ വെബ്‌സൈറ്റുകളില്‍ നിന്ന് നീക്കംചെയ്തിരിക്കണം എന്നാണ് ഇകൊമേഴ്‌സ് വില്‍പനക്കാരോട് അടക്കം ആര്‍ബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. 

ജൂലൈ 1 മുതല്‍ നിങ്ങള്‍ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ വില്‍പനക്കാരന് പുതിയ കണ്‍സെന്റ് (സമ്മതം) നല്‍കേണ്ടിവരും. ഇതിനൊപ്പം അഡിഷനല്‍ ഫാക്ടര്‍ ഓഫ് ഓതന്റിക്കേഷന്‍ (എഎഫ്എ) ഉണ്ടായിരിക്കും. തുടര്‍ന്ന് നിങ്ങളുടെ കാര്‍ഡ് നമ്പറും സിവിവി നമ്പറും ഒടിപി നമ്പറും ടൈപ്പു ചെയ്തായിരിക്കും പണമടയ്ക്കല്‍ നടത്തുക. ടോക്കണൈസേഷന്‍ രീതിയെപ്പറ്റി മുകളില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ വിശദമായി വിവരിച്ചിട്ടുണ്ട്. 

പോകോ എഫ്4 5ജി എത്തി; സ്‌നാപ്ഡ്രാഗണ്‍ 870 പ്രൊസസറുമായി

താരതമ്യേന വില കുറഞ്ഞതും അതേസമയം, ഫീച്ചറുകള്‍ നിറഞ്ഞതുമായ പോകോ എഫ്4 5ജി ഇന്ത്യയില്‍ അവതിപ്പിച്ചു. സ്‌നാപ്ഡ്രാഗണ്‍ 870 പ്രൊസസര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഫോണിന്റെ തുടക്ക വേരിയന്റിന് 27,999 രൂപയാണ് വില. ഇത് 6ജിബി/128 ജിബി വേര്‍ഷന്‍ ആണ്. അതേസമയം, 8ജിബി/128 ജിബി വേര്‍ഷന്  29,999 രൂപ നല്‍കണം. എന്നാല്‍, ഏറ്റവും കൂടിയ സ്‌പെസിഫിക്കേഷനായ 12ജിബി/256ജിബി തന്നെ വേണമെങ്കില്‍ 33,999 രൂപ നല്‍കണം. 

ജൂണ്‍ 27 മുതല്‍ ഫ്‌ളിപ്കാര്‍ട്ട് വഴിയായിരിക്കും വില്‍പന. തുടക്കത്തില്‍ വാങ്ങുന്നവര്‍ക്ക് രണ്ടു മാസത്തേക്ക് യൂട്യൂബ് പ്രീമിയം, 1 വര്‍ഷത്തേക്ക് ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍ എന്നിവയും ലഭിക്കും. ഫോണിന് 120ഹെട്‌സ് റിഫ്രെഷ് റെയ്റ്റ് ഉള്ള 6.67-ഇഞ്ച് വലിപ്പമുള്ള ഇ4-അമോലെഡ്- സ്‌ക്രീനുണ്ട്. ട്രിപ്പിള്‍ 64എംപി ക്യാമറ, 4500എംഎഎച് ബാറ്ററി, 67w ചാര്‍ജിങ് എന്നിവയാണ് മറ്റു ചില പ്രധാന ഫീച്ചറുകള്‍. 

പോകോ എക്‌സ്4 ജിടി

Poco-x4-GT-JPG

പോകോ എക്‌സ്4നൊപ്പം മറ്റൊരു ഹാന്‍ഡ്‌സെറ്റ് കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ആഗോള മാര്‍ക്കറ്റില്‍ പോകോ എക്‌സ്4 ജിടി എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന ഫോണിന് പ്രവര്‍ത്തനശേഷി നല്‍കുന്നത് ഡിമന്‍സിറ്റി 8100 പ്രൊസസറാണ്. ഇതിന് 6.6-ഇഞ്ച് എല്‍സിഡി സ്‌ക്രീനാണ് ഉള്ളത്. റിഫ്രഷ് റേറ്റ് 144 ആണ്. പിന്‍ ക്യാമറാ സിസ്റ്റത്തിന് മൂന്ന് 64എംപി സെന്‍സറുകളാണ് നല്‍കിയിരിക്കുന്നത്. ഫോണിന് 5,080എംഎഎച് ബാറ്ററിയും 67w ക്വിക് ചാര്‍ജിങും ഉണ്ട്. തുടക്ക വേരിയന്റിന് 379 യൂറോയാണ് വില.

5ജിയെക്കുറിച്ചുളള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന്

രാജ്യത്ത് ഈ വര്‍ഷം വരാനിരിക്കുന്ന ഏറ്റവും വലിയ മാറ്റങ്ങളിലൊന്നായിരിക്കും 5ജി നെറ്റ്‌വര്‍ക്ക്. ഇതിനെക്കുറിച്ച് പല തരം തര്‍ക്കങ്ങള്‍ ഉടലെടുത്തു കഴിഞ്ഞു. ഇതുവരെ ടെലികോം മേഖലയില്‍ കണ്ടതു പോലെ പൊതു നെറ്റ്‌വര്‍ക്ക് മതിയോ അതോ സ്വകാര്യ 5ജി നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണോ എന്നതാണ് രാജ്യം നേരിടുന്ന ചോദ്യങ്ങളിലൊന്ന്. ഇതിനെക്കുറിച്ച് ഇതുവരെ ഇന്ത്യ തീരുമാനം കൈക്കൊണ്ടിട്ടില്ല. എന്നാല്‍, ബ്രോഡ്ബാന്‍ഡ് ഇന്ത്യാ ഫോറം (ബിഫ് Bif) ടെലികമ്യൂണിക്കേഷന്‍ സെക്രട്ടറി കെ. രാജരാമന് അയച്ച കത്തില്‍ പറയുന്നത് 5ജിയെക്കുറിച്ചുള്ള വേറിട്ട അഭിപ്രായങ്ങള്‍ നല്ലതല്ല എന്നാണ്. ക്യാപ്റ്റിവ് നോണ്‍-പബ്ലിക് നെറ്റ്‌വര്‍ക്ക് എന്ന ആശയം തെറ്റിദ്ധാരണയില്‍ നിന്ന് ഉണ്ടായിരിക്കുന്നതാണെന്ന് കത്തിലുണ്ടെന്ന് ഐഎഎന്‍എസ് പറയുന്നു.

എഐ ഇന്ത്യന്‍ ജിഡിപിക്ക് 500 ബില്യന്‍ ഡോളറിന്റെ അധിക കരുത്ത് നല്‍കും

Artificial Intelligence. Photo: Istock
Artificial Intelligence. Photo: Istock

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റാ പ്രയോജനപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ വഴി 2025 ല്‍ തന്നെ ഇന്ത്യന്‍ ജിഡിപിക്ക് 500 ബില്യന്റെ അധിക കരുത്ത് കൈവരുമെന്ന് നാസ്‌കോമിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷ്വറന്‍സ് (ബിഎഫ്എസ്‌ഐ) മേഖല, കണ്‍സ്യൂമര്‍ പാക്കേജ്ഡ് ഗുഡ്‌സ്, റീട്ടെയില്‍, ഹെല്‍ത് കെയര്‍, വ്യവസായം, ഓട്ടമോട്ടീവ് തുടങ്ങിയ വിഭാഗങ്ങള്‍ ആയിരിക്കും ഇതിൽ 60 ശതമാനവും സംഭാവന ചെയ്യുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

നതിങ് ഫോണ്‍ അമേരിക്കയില്‍ അവതരിപ്പിക്കില്ല

Nothing-phone-

നതിങ് ഫോണ്‍ (1) അമേരിക്കന്‍ മാര്‍ക്കറ്റില്‍ വില്‍പനയ്ക്ക് എത്തിക്കില്ല. ലോകമെമ്പാടും ഫോണ്‍ വില്‍ക്കാന്‍ തങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കിലും യുകെയിലും യൂറോപ്പിലുമുള്ള  ടെലികോം സേവനദാതാക്കളുമായുള്ള സഹകരണം അമേരിക്കയില്‍ സാധ്യമാകാത്തതാണ് ഇതിനു കാരണമെന്ന് കമ്പനി പറയുന്നു. അമേരിക്കയിലെ സെല്ല്യുലര്‍ ടെക്‌നോളജി, തങ്ങളുടെ ഫോണ്‍ സപ്പോര്‍ട്ടു ചെയ്യുന്നുണ്ടോ എന്നറിയാന്‍ അവിടെയുളള സേവനദാതാക്കളുമായി സഹകരിച്ചു പ്രവര്‍ത്തിക്കണം. അതിനു സാധിച്ചിട്ടില്ല. തങ്ങൾ അതിന്റെ പ്രാരംഭദശയിലാണെന്നും കമ്പനി പറയുന്നു.

സാംസങ് പുതിയൊരു 200എംപി സെന്‍സര്‍ കൂടി അവതരിപ്പിച്ചേക്കും

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഉപയോഗിക്കാനായി സാംസങ് കമ്പനി പുതിയൊരു 200എംപി സെന്‍സര്‍ കൂടെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ഐസോസെല്‍ എച്പി3 (ISOCELL HP3) എന്നായിരിക്കും സെന്‍സറിന്റെ പേരെന്ന് കമ്പനി ഒരു ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. സെന്‍സറിന് 14-ബിറ്റ് ചിത്രങ്ങള്‍ പിടിച്ചെടുക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

English Summary: BSNL Rs 19 plan offers a 30-day validity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com