വര്‍ഷംതോറും ഫോണ്‍ മാറുന്നവര്‍ അറിയണം ഈ സെലിബ്രിറ്റിയുടെ കഥ; ഇവന്‍സ് ഐഫോണ്‍ 6എസിനോട് വിടപറയുമ്പോള്‍

chris-evans
Photo: Instagram/chris evans
SHARE

ഒരു സെലിബ്രിറ്റി പുതിയ ഫോണ്‍ വാങ്ങുന്നത് വാര്‍ത്തയാക്കേണ്ട കാര്യമേയില്ല. പക്ഷേ, വർഷങ്ങളോളം ഒരേ ഫോൺതന്നെ ഒരു സെലിബ്രിറ്റി ഉപയോഗിച്ചാൽ അതു വാർത്തയാണ്. മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്‌സിൽപെട്ട ‘ക്യാപ്റ്റന്‍ അമേരിക്ക: ദ് ഫസ്റ്റ് അവഞ്ചര്‍’ എന്ന സിനിമിയില്‍ സ്റ്റീവ് റോജേഴ്‌സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ക്രിസ് ഇവാന്‍സ് ആണ് ഇങ്ങനെ വാർത്തയാകുന്നത്. തന്റെ ഐഫോണ്‍ 6 എസിനോട് ഇപ്പോഴാണ് വിടപറയുന്നതെന്ന് അദ്ദേഹം അറിയിച്ചു. 2015 ലാണ് ഐഫോണ്‍ 6 എസ് ഇറങ്ങിയത്.

∙ അസാധാരണ സൗഹൃദം

യന്ത്രവും മനുഷ്യനും തമ്മിലുള്ള സുദീര്‍ഘ സൗഹൃദത്തിന്റെ കഥ കൂടിയാണ് ഇത്. ഒരിക്കലും ഇവാന്‍സിനെ പോലെ ഒരു സെലിബ്രിറ്റിയില്‍നിന്ന് പ്രതീക്ഷിക്കാത്ത കാര്യം. ഫോണ്‍ മാറ്റുന്ന വിവരം അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്:

‘‘നാമൊരുമിച്ച് ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. നിന്റെ ഹോം ബട്ടണെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്കു നഷ്ടബോധം ഉണ്ടാകും. നിന്നെ ഒന്നു ചാര്‍ജ് ചെയ്ത് എടുക്കാനായി രാത്രിയില്‍ ഞാന്‍ നടത്തിയിരുന്ന അങ്കം ഇല്ലാതാകുന്നതില്‍ എനിക്കു വിഷമമില്ല. നീ എടുക്കുന്ന ഗ്രെയിനുള്ള (മോശം) ചിത്രങ്ങള്‍ ഇനി കിട്ടില്ലെന്നുള്ളതും എനിക്ക് വിഷമം ഉണ്ടാക്കുന്നില്ല. ഇതുകൂടാതെ, 100 ശതമാനം ചാര്‍ജില്‍നിന്ന് 15 ശതമാനത്തിലേക്കുള്ള നിന്റെ ഒറ്റച്ചാട്ടമോ മിനിറ്റുകള്‍ക്കുള്ളില്‍ ബാറ്ററി പരിപൂര്‍ണമായി തീർന്നുള്ള നിന്റെ കിടപ്പോ എന്നില്‍ നഷ്ടബോധം ഉണ്ടാക്കില്ല. നമ്മുടേത് ഒരു നിയന്ത്രണവുമില്ലാത്ത യാത്രയായിരുന്നു. ശാന്തമായി വിശ്രമിക്കൂ, സുഹൃത്തേ’’ തന്റെ ഐഫോണ്‍ 6എസിനുള്ള വിടവാങ്ങല്‍ കുറിപ്പിൽ ഇവാന്‍സ് പറയുന്നു.

∙ കരുത്തരില്‍ കരുത്തന്‍ ഷഓമി 12 അള്‍ട്രാ ജൂലൈ 5 ന് പുറത്തിറക്കിയേക്കും

ഈ വര്‍ഷം മറ്റൊരു ആന്‍ഡ്രോയ്ഡ് ഫോണിലും ഉണ്ടാവാനിടയില്ലാത്ത കരുത്തുറ്റൊരു ഹാര്‍ഡ്‌വെയര്‍ മികവുമായി ആയിരിക്കും ഷഓമി 12 അള്‍ട്രാ അവതരിപ്പിക്കുക എന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ ഏറ്റവും കരുത്തുറ്റ ഫോണ്‍ മോഡലുകളില്‍ ഒന്നായിരിക്കും 12 അള്‍ട്രാ. ഫോണ്‍ അടുത്ത മാസം അഞ്ചിന് പുറത്തിറക്കിയേക്കുമെന്ന് ജിഎസ്എം അരീന റിപ്പോര്‍ട്ടു ചെയ്യുന്നു. ഫോണിന്റെ പരസ്യങ്ങള്‍ ഉടനെ വന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. ഏറ്റവും സവിശേഷമായ ഹാര്‍ഡ്‌വെയര്‍ മികവ് ലൈക്കാ ക്യാമറ ബ്രാന്‍ഡിങ് ആണ്.

നേരത്തേ, മറ്റൊരു ചൈനീസ് കമ്പനിയായ വാവെയ് ആയിരുന്നു ലൈക്ക ലോഗോയുള്ള ക്യാമറകള്‍ ഇറക്കിയിരുന്നത്. ലൈക്കയുമായുള്ള സഹകരണം തുടങ്ങിയ ശേഷം വാവെയ് ലോകത്തെ ഏറ്റവും മികച്ച സ്മാര്‍ട് ഫോണ്‍ ക്യാമറകളുള്ള ഫോണുകള്‍ ഇറക്കുന്ന കമ്പനിയായി മാറിയിരുന്നു. ഷഓമിക്ക് ഏറ്റവും മികച്ച ക്യാമറയുള്ള ഫോണ്‍ എന്ന പെരുമ വാവെയില്‍നിന്ന് ഈ വര്‍ഷം തട്ടിയെടുക്കാനാകുമോ എന്നാണ് ടെക്‌നോളജി ലോകം ഉറ്റുനോക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 8 പ്ലസ് ജെന്‍ 1 പ്രോസസറായിരിക്കാം ഫോണിന് ശക്തി പകരുന്നത്.

ഏറ്റവും പുതിയ സ്‌ക്രീന്‍ ടെക്‌നോളജിയുള്ള, 6.7 ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനായിരിക്കാം ഫോണിന്. കൂടാതെ, 12 ജിബി റാം, 512 ജിബി സ്റ്റോറേജ് ശേഷി തുടങ്ങിയ ഹാര്‍ഡ്‌വെയര്‍ കരുത്തുകളും ഉണ്ടായേക്കാം. പ്രധാന ക്യാമറയ്ക്ക് 50 എംപി റെസലൂഷനാണ് പ്രതീക്ഷിക്കുന്നത്. രണ്ട് 48 എംപി ക്യാമറകളായിരിക്കും പ്രധാന ക്യാമറയ്‌ക്കൊപ്പം ഉണ്ടാകുക. ഫോണിന് 20 എംപി സെല്‍ഫി ക്യാമറയും പ്രതീക്ഷിക്കുന്നു. കൂടാതെ, 4800 എംഎഎച് ബാറ്ററി, 67w ഫാസ്റ്റ് ചാര്‍ജിങ് തുടങ്ങിയ മികവുകളും പ്രതീക്ഷിക്കുന്നു.

∙ സാംസങ് എം52ന് 10,000 രൂപ വിലക്കുറവ്

എം53 5ജി ഫോണ്‍ പുറത്തിറക്കിയതിനു പിന്നാലെ, അതിനു തൊട്ടു മുൻപുണ്ടായിരുന്ന സ്മാര്‍ട് ഫോണായിരുന്ന എം52 5ജി 10000 രൂപ വിലക്കുറവില്‍ വില്‍പനയ്ക്ക് എത്തിയിരിക്കുകയാണ്. രണ്ടു വേരിയന്റുകളാണ് ഫോണിന് ഉള്ളത് – 6ജിബി + 128ജിബി, 8ജിബി + 128ജിബി. ഇതില്‍ 8 ജിബി + 128 ജിബി മോഡലാണ് ഇപ്പോള്‍ 21,999 രൂപയ്ക്ക് വില്‍ക്കുന്നത്. കുറഞ്ഞ മോഡലിന് 20,999 രൂപ നല്‍കണം. ഇതിന് 9,000 രൂപയാണ് കിഴിവ്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഈ വിലയ്ക്ക് റിലയന്‍സ് ഡിജിറ്റലില്‍ മാത്രമാണ് ഇപ്പോൾ ഫോണ്‍ ലഭ്യമാക്കിയിരിക്കുന്നത്. സാംസങ്ങിന്റെ വെബ്‌സൈറ്റിലും ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലും ഏകദേശം 26,000 രൂപ എങ്കിലും നല്‍കേണ്ടിവരും.

∙ നതിങ് ഫോണ്‍ (1) വാങ്ങല്‍ തുടക്കത്തില്‍ എളുപ്പമായേക്കില്ല

താമസിയാതെ പുറത്തിറക്കിയേക്കാവുന്ന മധ്യനിര ഫോണുകളിലൊന്നായ നതിങ് ഫോണ്‍ (1)നെ ചുറ്റിപ്പറ്റി ധാരാളം ഊഹോപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഡിസൈനിന്റെ കാര്യത്തില്‍ ഇന്നേവരെ ഇറങ്ങിയിരിക്കുന്ന ഫോണുകളെക്കാള്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ കെല്‍പ്പുള്ളതായിരിക്കും ഇതെന്നതാണ് ഒരു സവിശേഷത. എന്നാല്‍, ഇത് മറ്റു ഫോണുകള്‍ പോലെ വാങ്ങാന്‍ സാധിച്ചേക്കില്ലെന്നാണ് സൂചന. ഇത് തുടക്കത്തിലെ കാര്യമായിരിക്കും.

ഫ്‌ളിപ്കാര്‍ട്ട് വഴി മാത്രമാണ് നതിങ് ഫോണ്‍ (1) വാങ്ങാനാകുക. ഫോണ്‍ വാങ്ങണം എന്നുള്ളവര്‍ അതിനായി ഫ്‌ളിപ്കാര്‍ട്ടില്‍നിന്ന് പ്രീ-ഓര്‍ഡര്‍ പാസ് സ്വന്തമാക്കണം. അതിന് 2000 രൂപ ഡെപോസിറ്റ് ചെയ്യേണ്ടിവരും. അങ്ങനെ ചെയ്യുന്നവര്‍ക്കു മാത്രമായിരിക്കും നതിങ് ഫോണിന്റെ സ്‌പെഷല്‍ പ്രൈസ് ലഭിക്കുക എന്ന് മുകുല്‍ ശര്‍മ്മ എന്ന ട്വിറ്റര്‍ ഉപയോക്താവ് പറയുന്നു. ഫോണ്‍ അവതരിപ്പിക്കുന്നത് ജൂലൈ 12ന് ഇന്ത്യന്‍ സമയം രാത്രി 8.30നായിരിക്കും.

∙ നെറ്റ്ഫ്‌ളിക്‌സിന്റെ മാസവരി കുറഞ്ഞേക്കും, പക്ഷേ...

ലോകത്തെ ഏറ്റവും പ്രിയപ്പെട്ട സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളില്‍ ഒന്നായ നെറ്റ്ഫ്‌ളിക്‌സിന്റെ വരിസംഖ്യ പലര്‍ക്കും താങ്ങാനാകാത്തതാണെന്ന് വിമര്‍ശനം ഉണ്ട്. വെറും വിമര്‍ശനം മാത്രമല്ല സബ്‌സ്‌ക്രൈബര്‍മാരുടെ കനത്ത കൊഴിഞ്ഞു പോക്കും കമ്പനി ഈ വര്‍ഷം ആദ്യമുണ്ടായി. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2022 ലെ ആദ്യ മൂന്നു മാസങ്ങളില്‍ മാത്രം ഏകദേശം 200,000 വരിക്കാരാണ് നെറ്റ്ഫ്‌ളിക്‌സ് ഉപേക്ഷിച്ചത്. കനത്ത പ്രതിസന്ധിയാണ് ഇതു കമ്പനിക്കുണ്ടാക്കിയത്. കമ്പനിക്ക് ഓഹരി വിപണിയിലും കടുത്ത ആഘാതമുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 70 ശതമാനം മൂല്യമാണ് ഇടിഞ്ഞത്. നെറ്റ്ഫ്‌ളിക്‌സിന് ഏകദേശം 7000 കോടി ഡോളര്‍ നഷ്ടം വന്നുവെന്ന് വിലയിരുത്തപ്പെടുന്നു.

ഇതെല്ലാമാണ് മറ്റു സാധ്യതകള്‍ ആരായാന്‍ കമ്പനിയെ പ്രേരിപ്പിച്ചിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിന്റെ മാസവരിസംഖ്യ ഉടനെ കുറയ്ക്കുമെന്ന കാര്യം കമ്പനി മേധാവി ടെഡ് സാറന്‍ഡോസ് തന്നെയാണ് വെളിപ്പെടുത്തിയത്. വരിസംഖ്യ കുറയുമെന്നത് സത്യമാണെങ്കിലും അതിന് ഒരു കുഴപ്പമുണ്ട്. കുറഞ്ഞ സബ്‌സ്‌ക്രിപ്ഷന്‍ ഓപ്ഷന്‍ സ്വീകരിക്കുന്നവര്‍ പരസ്യങ്ങള്‍ കാണേണ്ടിവരും. അതേസമയം പരസ്യം കണ്ടോളാം, പക്ഷേ ഇത്രമാത്രം മാസവരി അടയ്ക്കാനാവില്ലെന്ന് ലോകമെമ്പാടും നിന്നുള്ള പല വരിക്കാരും പറഞ്ഞതാണ് ഇപ്പോള്‍ കമ്പനി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. വമ്പന്‍ സാധ്യതയുള്ള ഇന്ത്യ പോലെയൊരു രാജ്യത്തും നെറ്റഫ്‌ളിക്‌സിന് വേണ്ടത്ര വരിക്കാർ ഇല്ലാത്തതിന്റെ കാരണവും വരിസംഖ്യാ പ്രശ്‌നമാണ്. അതേസമയം, പരസ്യമില്ലാതെയുള്ള പ്രീമിയം സേവനം തുടരുകയും ചെയ്യും.

English Summary: RIP Chris Evans’ iPhone 6S

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS