ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനികളില്‍ ഒന്നായ ആപ്പിളിന്റെ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലായിരിക്കുകയാണ് മേരിലാന്‍ഡിലെ ആപ്പിള്‍ സ്റ്റോറില്‍ നടന്ന തിരഞ്ഞെടുപ്പെന്ന് സിഎന്‍എന്‍. ശനിയാഴ്ച വൈകീട്ടു നടന്ന തിരിഞ്ഞെടുപ്പില്‍ സ്റ്റോറിലെ 65 ജോലിക്കാര്‍ യൂണിയന്‍ സ്ഥാപിക്കുന്നതിനെ അനുകൂലിച്ച് വോട്ടു ചെയ്തു. 33 പേരാണ് എതിര്‍ത്ത് വോട്ടു ചെയ്തത് എന്നാണ് ആദ്യം പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ പല കമ്പനികളിലും സജീവമായി പ്രവര്‍ത്തിക്കാൻ തയാറുള്ളവർ മുന്നോട്ടുവരുന്ന കാഴ്ച കണ്ടുവെന്നും ഇതിന്റെ തുടര്‍ച്ചയാണ് ആപ്പിളിലും ഉണ്ടായിരിക്കുന്നതെന്നും പറയുന്നു. വോട്ടെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആദ്യ യൂണിയന്‍ നേതാക്കളുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് ആപ്പിളും പറഞ്ഞു.

 

∙ തൊഴിലവസരങ്ങളേറെ, ജോലിക്കാര്‍ കുറവ്

 

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ അമേരിക്കയിലെ തൊഴില്‍ മേഖലയില്‍ ഇത്തരത്തിലൊരു നീക്കം ശക്തമായി വരികയായിരുന്നു. തൊഴിലന്വേഷകരുടെ എണ്ണത്തേക്കാളേറെ തൊഴിലവസരങ്ങള്‍ ഉണ്ട് എന്നതാണ് പുതിയ മാറ്റങ്ങളിലൊന്ന്. ഇതിനാല്‍ തന്നെ പിരിച്ചുവിടലുകള്‍ കുറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അതേസമയം, കൂടുതല്‍ മികച്ച അവസരം കണ്ടെത്തി, ചെയ്തുകൊണ്ടിരിക്കുന്ന ജോലി രാജിവച്ചുപോകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയും ഉണ്ടായിട്ടുണ്ട്. ഇതോടെ നിലവിലുള്ള ജോലിയില്‍ അസംതൃപ്തിയുള്ളവരെല്ലാം ജോലിചെയ്യുന്ന കമ്പനിയോട് തങ്ങള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കണമെന്ന് ചോദിക്കുന്ന സാഹചര്യവും ഉരുത്തിരിഞ്ഞു. തങ്ങള്‍ക്ക് യൂണിയന്‍ സ്ഥാപിക്കാനുള്ള അവസരം വേണമെന്നുള്ളതാണ് അതിലൊന്ന്.

 

∙ ആപ്പിളിനെതിരെ ജോലിക്കാരുടെ വിജയം

 

ആപ്പിള്‍ കമ്പനിയുടെ റീട്ടെയില്‍ സ്റ്റോറുകളില്‍ ജോലി ചെയ്യുന്നവര്‍ക്കുണ്ടായ ഒരു വമ്പന്‍ വിജയമാണ് മേരിലാന്‍ഡിലെ ടൗസണ്‍ ടൗണ്‍ സെന്ററിലെ സ്റ്റോറിലുണ്ടായിരിക്കുന്നത്. പുതിയ നീക്കം ശമ്പള വര്‍ധന ആവശ്യപ്പെടന്‍ മാത്രമല്ല, മറിച്ച് സ്റ്റോറിന്റെ പ്രവര്‍ത്തനത്തില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി അംഗീകരിപ്പിക്കുക എന്ന ലക്ഷ്യവും ഉണ്ട് എന്നാണ് യൂണിയന്‍ സ്ഥാപിക്കുന്നതില്‍ മുന്നില്‍ നിന്നവരില്‍ ഒരാളായ ക്രിസ്റ്റി പ്രിജന്‍ പറഞ്ഞിരിക്കുന്നത്. എത്ര സമയം ജോലി ചെയ്യണമെന്നതും, ഏതു ഷിഫ്റ്റ് തിരഞ്ഞെടുക്കണം എന്നതും, കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്വയം രക്ഷയ്ക്കായി എന്തെല്ലാം നടപടികള്‍ വേണം എന്നുള്ളതും എല്ലാം ജോലിക്കാര്‍ ഗൗരവത്തലെടുക്കുന്നു. ഇത്തരത്തിലുള്ള കാര്യങ്ങള്‍ തന്റെ മാത്രം പ്രശ്‌നമല്ലായിരുന്നു എന്ന് അറിയാമായിരുന്നു എന്നും ക്രിസ്റ്റി പറയുന്നു. തനിക്കിവിടെ സുഹൃത്തുക്കള്‍ ഉള്ളതിനാല്‍ വേറെ ജോലി തേടാന്‍ മനസുവരുന്നില്ലെന്നും അവര്‍ പറഞ്ഞു.

 

∙ ഇത് തുടക്കം മാത്രം

 

പക്ഷേ, ഇതെല്ലാം വെറും തുടക്കം മാത്രമാണ്. ആപ്പിളിന് ഇത്തരത്തിലുള്ള ഏകദേശം 270 സ്റ്റോറുകളാണ് അമേരിക്കയിലൊട്ടാകെ ഉള്ളത്. അതേസമയം, അമേരിക്കയിലെ തൊഴില്‍ മേഖല കൂടതല്‍ തൊഴിലാളിയനുകൂലമാകുകയാണ് എന്നും പറയുന്നു. ഒരു ജോലിക്കാരെനെ വെറുതെ പിരിച്ചുവിടലൊക്കെ കുറയും. അതേസമയം, യൂണിയനുണ്ടാക്കലില്‍ ചെറിയൊരു ശതമാനം ജോലിക്കാര്‍ മാത്രമാണ് ശ്രദ്ധിച്ചിരിക്കുന്നത്. സ്റ്റാര്‍ബക്‌സ് കമ്പനിയിലും യൂണിയന്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, ഇതുവരെ ആകെ 5,000 പേരോളമാണ് യൂണിയനില്‍ ചേര്‍ന്നിരിക്കുന്നത്. കമ്പനിയിലെ മൊത്തം തൊഴിലാളികളുടെ എണ്ണം 235,000 ആണ്. ആമസോണിലും ഇത്തരത്തിലുള്ള യൂണിയനുണ്ടാക്കല്‍ നീക്കങ്ങള്‍ നടന്നു. ആമസോണിനായി ഏകദേശം 10 ലക്ഷത്തോളം പേരാണ് അമേരിക്കയില്‍ ജോലിയെടുക്കുന്നത്. അവരില്‍ ഏകദേശം 8,300 പേരാണ് യൂണിയനില്‍ ചേര്‍ന്നിരിക്കുന്നത്. കമ്പനിക്കുള്ളില്‍ യൂണിയന്‍ ഉണ്ടാക്കിയതിനെതിരെ ആമസോണ്‍ കോടതിയില്‍ പോയി. അതേസമയം, മൈക്രോസോഫ്റ്റില്‍ യൂണിയന്‍ സ്ഥാപിക്കാനുള്ള നീക്കത്തെ എതിര്‍ക്കില്ലെന്ന നിലപാടാണ് കമ്പനിയുടെ പ്രസിഡന്റ് ബ്രാഡ് സ്മിത് സ്വീകരിച്ചത്.

 

∙ ആപ്പിള്‍കോര്‍

tiktok-app

 

ആപ്പിളില്‍ സ്ഥാപിച്ച പുതിയ യൂണിയന്റെ പേര് ആപ്പിള്‍ കൊഅലിഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് റീട്ടെയില്‍ വര്‍ക്കേഴ്‌സ് അല്ലെങ്കില്‍ ആപ്പിള്‍കോര്‍ (AppleCORE) എന്നാണ്. അമേരിക്കയിലെ സ്വകാര്യ മേഖലയില്‍ മൊത്തമായി ഏകദേശം 6.1 ശതമാനം തൊഴിലാളികളാണ് യൂണിയനുകളുമായി സഹകരിക്കുന്നത്.

 

∙ പുതിയ എയര്‍പോഡ്‌സ് പ്രോ 2നെക്കുറിച്ചുള്ള ചില വിവരങ്ങള്‍ പുറത്തായി

 

ആപ്പിളിന്റെ വയര്‍ലെസ് ഇയര്‍ഫോണ്‍ ശ്രേണിയായ എയര്‍പോഡ്‌സിന്റെ പ്രോ വേരിയന്റിന്റെ പുതിയ പതിപ്പ് താമസിയാതെ പുറത്തിറക്കിയേക്കും. ഇതിന് കമ്പനിയുടെ എച്1 ചിപ്പും, അഡാപ്റ്റീവ് ആക്ടീവ് നോയിസ് ക്യാന്‍സലേഷനും കണ്ടേക്കുമെന്ന് ജിഎസ്എം അരീന റിപ്പോര്‍ട്ടു ചെയ്യുന്നു. ആദ്യ തലമുറയിലെ വേരിയന്റിനെക്കാള്‍ എല്ലാ രീതിയിലും മികച്ച പ്രകടനം നടത്തുന്ന ഒന്നായിരിക്കും ഇതെന്നു കരുതുന്നു. അതേസമയം, ഡിസൈനില്‍ കാര്യമായ വ്യത്യാസം ഉണ്ടായേക്കില്ല. ചാര്‍ജിങ് കെയ്‌സിന് യുഎസ്ബി-സി പോര്‍ട്ടായിരിക്കുമെന്നു കരുതുന്നു. എല്ലാറ്റിലും ഉപരി കൂടുതല്‍ മികച്ച ശ്രാവണാനുഭവം പ്രദാനം ചെയ്യുന്ന ഒന്നായിരിക്കും ഇതെന്നും കരുതപ്പെടുന്നു.

 

∙ ആപ്പിളും ഗൂഗിളും വ്യക്തി വിവരങ്ങള്‍ വിറ്റുവെന്ന് ആരോപണം

 

ടെക്‌നോളജി ഭീമന്മാരായ ആപ്പിളും ഗൂഗിളും ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ വിറ്റുവെന്ന അരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാല് ഡെമോക്രാറ്റിക് പാര്‍ട്ടി ജനപ്രതിനിധികള്‍ അമേരിക്കയിലെ ഫെഡറല്‍ ട്രേഡ് കമ്മിഷനെ സമീപിച്ചു. ദി വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് പ്രകാരം അനീതിപൂര്‍വ്വവും വഞ്ചനാപരവുമായ പ്രവര്‍ത്തിയാണ് ഇരു കമ്പനികളും നടത്തിയിരിക്കുന്നത് എന്നാണ് ആരോപണം. ഡേറ്റാ ശേഖരണത്തിന്റെ കാര്യത്തില്‍ ഗൂഗിളിന്റെ പേരു കടന്നുവരുന്നത് ആരിലും അദ്ഭുതം ഉണ്ടാക്കില്ല. എന്നാല്‍, സ്വകാര്യതയുടെ പുണ്യവാളനായി ഭാവിക്കുന്ന ആപ്പിളും ഡേറ്റ വിറ്റു എന്ന ആരോപണം ശരിയാണെങ്കില്‍ അത് ഗൗരവത്തിലെടുക്കേണ്ടത് തന്നെയാണ്. വിസ്തരിച്ചുള്ള സംവിധാനങ്ങളാണ് ഡേറ്റ ശേഖരിക്കാന്‍ ഇരു കമ്പനികളും ഐഒഎസിലും ആന്‍ഡ്രോയിഡിലും പ്രയോജനപ്പെടുത്തി വന്നത് എന്ന് ആരോപണത്തില്‍ പറയുന്നു.

 

∙ അമേരിക്കയില്‍ ടിക്‌ടോക്കിനെതിരെ അന്വേഷണം?

 

ചുരുങ്ങിയ സമയം കൊണ്ട് ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള വെബ് സേവനമായി മാറിയ ടിക്‌ടോക്കിന് പണി കിട്ടുമോ? ആറു റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരാണ് ദേശീയ സുരക്ഷയുമായി ബന്ധിപ്പിച്ച് ടിക്‌ടോക്കിനെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യുഎസ് ട്രെഷറി സെക്രട്ടറി ജാനറ്റ് യെലനെ സമീപിച്ചത്.

 

∙ വിന്‍ഡോസ് 8.1 നുള്ള സപ്പോര്‍ട്ട് നിർത്തുന്നു

 

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് സോഫ്റ്റ്‌വെയറിന്റെ 8.1 പതിപ്പിനുള്ള പിന്തുണ നിർത്തുകയാണ് കമ്പനി. ഇത് 2013ല്‍ അവതരിപ്പിച്ചതാണ്. ഇതിന്റെ സപ്പോര്‍ട്ട് 2018ല്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍, അഞ്ചു വര്‍ഷത്തേക്കുകൂടി അപ്‌ഡേറ്റ് നല്‍കാന്‍ കമ്പനി തീരുമാനിച്ചിരുന്നു. ആ അഞ്ചു വര്‍ഷ കാലാവധിയാണ് 2023 ജനുവരി 10ന് അവസാനിക്കുക എന്ന് സെഡ്ഡിനെറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. അതേസമയം, ഈ ഒഎസ് അധികം പേര്‍ ഉപയോഗിക്കുന്നതായി കരുതുന്നില്ല. എല്ലാവര്‍ക്കും വിന്‍ഡോസ് 10ലേക്ക് സൗജന്യമായി അപ്‌ഡേറ്റു ചെയ്യാനുള്ള അവസരം കമ്പനി ഒരുക്കിയിരുന്നു. തങ്ങളുടെ കംപ്യൂട്ടറുകളുടെ ഹാര്‍ഡ്‌വെയറിന് കരുത്തുണ്ടെങ്കില്‍ വിന്‍ഡോസ് 11ലേക്കും സൗജന്യമായി അപ്‌ഡേറ്റു ചെയ്യാമായിരുന്നു.

 

∙ ബിറ്റ്‌കോയിന്‍ വില കുറഞ്ഞതോടെ വൈദ്യുതി ഉപയോഗവും കുറഞ്ഞു

 

ക്രിപ്‌റ്റോകറന്‍സികളുടെ വില ഇടിഞ്ഞതോടെ അവ ഖനനം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന വൈദ്യുതിയുടെ ഉപയോഗം 43 ശതമാനം കുറഞ്ഞുവെന്ന് ഡിജിക്‌ണോമസ്റ്റ് (Digiconomst) റിപ്പോര്‍ട്ട്. പല രാജ്യങ്ങളെയും കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് ക്രിപ്‌റ്റോ ഖനനം കൊണ്ടുചെന്ന് എത്തിച്ചിരുന്നു.

 

English Summary: Apple plans to bargain with Maryland retail store after union vote

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com