ADVERTISEMENT

ഡിജിറ്റൽ യുഗമെന്നറിയപ്പെടുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും നവീനമായ ഒരു സാങ്കേതിക വിദ്യയാണ് സ്മാർട് കോൺട്രാക്ട്. അടുത്ത കാലത്തായി അവ വ്യാപകമായ രീതിയിൽ ഉപയോഗിച്ചു വരുന്നുണ്ട്. സ്മാർട് കോൺട്രാക്ട് എന്തിനെ പ്രതിനിധാനം ചെയ്യുന്നു? അതിന്റെ പ്രായോഗിക തലങ്ങൾ എന്തൊക്കെയാണ്?

നിക്ക് സാബോ എന്ന അമേരിക്കൻ ഗവേഷകനാണ് 1997 ൽ ‘സ്മാർട് കോൺട്രാക്ട്’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്. ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ പുറത്തുവരുന്നതിനും വളരെ മുമ്പായിരുന്നു ഇത്. രണ്ടു വ്യക്തികൾ തമ്മിലുള്ള കരാറുകൾ ഡിജിറ്റൽ രീതിയിൽ സംഭരിക്കുന്നതിനു വേണ്ടി ബ്ലോക്ക് ചെയിനിനു സമാനമായ ഒരു വികേന്ദ്രീകൃത ലെഡ്ജർ ഉപയോഗിക്കുന്ന സംവിധാനമാണ് സ്മാർട് കോൺട്രാക്ട് എന്നു ലളിതമായി വിവരിക്കാം.

ഇന്നിപ്പോൾ, പരമ്പരാഗത കരാറുകൾക്ക് സമാനമായ രീതിയിൽ സ്മാർട് കരാറുകൾ പ്രായോഗിക തലത്തിലെത്തിയിരിക്കുന്നു. സ്മാർട് കരാറുകൾ പൂർണമായും ഡിജിറ്റലായാണ് സൂക്ഷിക്കുന്നത് എന്നതാണ് പരമ്പരാഗത കരാറുകളുമായി ഇവയ്ക്കുള്ള ഏക വ്യത്യാസം. ബ്ലോക്ക്‌ചെയിനിൽ സൂക്ഷിച്ചിരിക്കുന്ന ഒരു ചെറിയ സോഫ്‌റ്റ്‌വെയറായി സ്മാർട് കോൺട്രാക്ടിനെ വിലയിരുത്താം.

∙ സ്‌മാർട് കരാറുകളെ വിശ്വസനീയമാക്കുന്നത് എന്തു സവിശേഷതയാണ് ?

സ്‌മാർട് കരാറുകളുടെ ഏറ്റവും വിശ്വാസ യോഗ്യമായ ഘടകം അവ ബ്ലോക്ക്ചെയിൻ സാങ്കേതിക വിദ്യയുടെ പിൻബലത്തിലാണ് എന്നുള്ളതാണ്. ഈ കാരണം കൊണ്ടു മാത്രം അവയ്ക്ക് ചില സവിശേഷ സ്വഭാവഗുണങ്ങൾ ലഭിച്ചിരിക്കുന്നു. ബ്ലോക്ക് ചെയിനിനു സമാനമായ രീതിയിൽ വിതരണം ചെയ്യപ്പെട്ട ലെഡ്ജർ അവസ്ഥയിലായതിനാൽ കുറച്ചു പേർ മാത്രം വിചാരിച്ചാൽ അതിൽ കൃത്രിമം കാട്ടാനാകില്ല. ഒരിക്കൽ ഒരു സ്മാർട് കോൺട്രാക്ട് സൃഷ്‌ടിച്ചതിനു ശേഷം അവയിൽ കൃത്രിമം നടത്താനാകില്ല. വികേന്ദ്രീകൃത രീതിയിൽ സൂക്ഷിച്ചിരിക്കുന്നതിനാൽ ഇതേ നെറ്റ്‌വർക്കിലെ ഭൂരിപക്ഷം ഉപയോക്താക്കളുടെ സമ്മതത്തോടെ മാത്രമേ ഏതെങ്കിലും രീതിയിലുള്ള കൂട്ടിച്ചേർക്കലുകൾ സ്മാർട് കരാറിൽ നടത്താനാകൂ. ഇതുമായി ബന്ധപ്പെട്ട ധനവിനിമയ ഇടപാട് നടത്തുന്നതും മേൽപറഞ്ഞ രീതിയിൽ മാത്രമേ സാധ്യമാകൂ. ഉപയോഗിക്കുന്ന ഭൂരിഭാഗം ആളുകളുടെ സമ്മതത്തോടെയല്ലാതെ ഒരു സ്‌മാർട് കരാറിൽ ഉൾപ്പെട്ട പണ വിനിമയ സംബന്ധമായ വ്യവസ്ഥകൾ സാധൂകരിക്കാനാകില്ല.

സ്മാർട് കരാറുകൾ ഉപയോഗിച്ചു ക്രൗഡ് ഫണ്ടിങ്‌ പോലെയുള്ള ആവശ്യങ്ങൾ സുതാര്യമായും വേഗത്തിലും നിറവേറ്റാനാകും. കൂടാതെ ബാങ്കിങ് മേഖലയിൽ ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കാര്യമായ രീതിയിലുള്ള മാറ്റം കൊണ്ടുവരാനാകും. വായ്പ നൽകാനും ഓട്ടമാറ്റിക് പേയ്‌മെന്റുകൾ നടത്താനും മറ്റും സ്മാർട് കരാറുകൾ ഉപയോഗിക്കാം. ക്ലെയിമുകൾ കൈകാര്യം ചെയ്യാനും പണം നൽകാനും സ്മാർട് കരാറുകൾ ഇൻഷുറൻസ് സ്ഥാപനങ്ങൾക്ക് ഉപയോഗപ്പെടുത്താം. ലോജിസ്റ്റിക്സ്, കൊറിയർ ബിസിനസുകൾക്കും ഈ സാങ്കേതിക വിദ്യ കാര്യക്ഷമമായി ഉപയോഗിക്കാം.

ഇന്ന് വളരെ ചെറിയ ശതമാനം ബ്ലോക്ക്ചെയിനുകൾ മാത്രമേ സ്മാർട് കരാറുകൾ പ്രാപ്തമാക്കുന്നുള്ളൂ. അതിൽ തന്നെ ഏറ്റവും ജനപ്രിയമായതും പ്രചാരത്തിലുള്ളതുമായ ഒന്നാണ് എഥീരിയം. സ്മാർട് കരാറുകളെ പിന്തുണയ്ക്കുന്നതിനാണ് പ്രാഥമികമായി എഥീരിയം രൂപകൽപന ചെയ്തത്. സ്മാർട് കരാറുകൾ പ്രോഗ്രാം ചെയ്യാൻ സോളിഡിറ്റി പ്രോഗ്രാമിങ് ഭാഷ വ്യാപകമായി ഉപയോഗിക്കുന്നു. എഥീരിയത്തിന് മാത്രമായി നിർമിച്ചതാണ് ജാവയ്ക്ക് സമാനമായ ഈ കോഡിങ് ഭാഷ. ബിറ്റ്കോയിൻ നെറ്റ്‌വർക്കും സ്മാർട് കരാറുകളെ പിന്തുണയ്ക്കുന്നുവെന്നതും എടുത്തുപറയേണ്ടതാണ്. പക്ഷേ, എഥീരിയമിനെ അപേക്ഷിച്ച് വളരെ കുറവാണെന്നു മാത്രം.

ലേഖകന്റെ ഇ–മെയിൽ: jagathjp86@gmail.com

English Summary: How do Ethereum smart contracts work?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com