ടെസ്‌ലയുടെ എഐ റോബട്ടിനെ മൂന്നു മാസത്തിനുള്ളില്‍ പ്രദർശിപ്പിക്കും: മസ്‌ക്

tesla-robot-
SHARE

ഇന്ന് സ്മാര്‍ട് ഉപകരണങ്ങള്‍ ഉപയോഗിക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍, അടുത്ത പതിറ്റാണ്ടിനുള്ളില്‍ മിക്ക വീടുകളിലും പുതിയൊരു അംഗം കൂടി കണ്ടേക്കാം– ഹ്യൂമനോയിഡ് റോബട്. ഇത്തരം റോബട്ടുകള്‍ നിർമിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന കമ്പനികളില്‍ ഒന്നായ ടെസ്‌ല തങ്ങള്‍ നിര്‍മിക്കുന്ന യന്ത്രമനുഷ്യന്റെ പ്രാഥമിക രൂപം സെപ്റ്റംബര്‍ 30 ന് പ്രദര്‍ശിപ്പിക്കുമെന്ന് കമ്പനി മേധാവി ഇലോണ്‍ മസ്‌ക് ഖത്തര്‍ ഇക്കണോമിക് ഫോറത്തിൽ പറഞ്ഞതായി
ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെസ്‌ലയുടെ എഐ ഡേ ആണ് സെപ്റ്റംബര്‍ 30. റോബട്ടിന്റെ പേര് ഒപ്ടിമസ് എന്നായിരിക്കുമെന്ന് മസ്‌ക് നേരത്തേ വെളിപ്പെടുത്തിയിരുന്നു.

∙ ഒപ്ടിമസിനെപ്പറ്റി ഇതുവരെ അറിയാവുന്ന കാര്യങ്ങള്‍

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഒപ്ടിമസിനെ ആദ്യമായി പരിചയപ്പെടുത്തിയത്. ഏകദേശം 6 അടിയാണ് പൊക്കം. മണിക്കൂറില്‍ 5 മൈൽ നടക്കാന്‍ സാധിക്കും. കൂടാതെ, 150 പൗണ്ട് ഭാരം ഉയര്‍ത്താനും 45 പൗണ്ട് ഭാരം കൊണ്ടു നടക്കാനും സാധിക്കും. മനുഷ്യന് അപകടകരവും വിരസവുമായ ജോലികള്‍ ചെയ്യിക്കാന്‍ സാധിക്കും. ഒപ്ടിമസില്‍നിന്ന്‌ സൗഹാര്‍ദപരമായ പെരുമാറ്റം പ്രതീക്ഷിക്കാമെന്നതു കൂടാതെ അതിന് ഒരു നല്ല ചങ്ങാതിയാകാനും സാധിക്കുമെന്ന് കമ്പനി പറഞ്ഞിരുന്നു.

കാറിന്റെ ബോള്‍ട്ടുകള്‍ പിടിപ്പിക്കുന്നതിനും കടയില്‍ പോയി പലചരക്കു സാധനങ്ങളും മറ്റും വാങ്ങിവരാനും സാധിക്കുമെന്നും കരുതുന്നു. നേരത്തേ കാണിച്ച രൂപകല്‍പനയുമായാണ് കമ്പനി മുന്നോട്ടുപോകുന്നതെങ്കില്‍ ഹോളിവുഡ് സയന്‍സ് ഫിക്‌ഷന്‍ സിനിമയായ ‘ഐ റോബട്ടി’ല്‍ ഉള്ള എന്‍എസ്5 റോബട്ടിനോട് സാമ്യമുള്ളതായിരിക്കും ഇത്.

∙ പ്രദര്‍ശിപ്പിക്കുന്നത് പ്രാഥമികരൂപം

ഒപ്ടിമസിന്റെ പ്രാഥമികരൂപം (prototype) ആയിരിക്കും സെപ്റ്റംബര്‍ 30ന് പ്രദര്‍ശിപ്പിക്കുക. അതു ജനങ്ങള്‍ക്ക് താൽപര്യജനകമായിരിക്കുമെന്ന് മസ്‌ക് പ്രത്യാശ പ്രകടിപ്പിച്ചു. ഒപ്ടിമസിനെ വികസിപ്പിക്കാന്‍ തങ്ങള്‍ക്ക് പ്രഗത്ഭരായ ഒരു കൂട്ടം എൻജിനീയര്‍മാരുണ്ടെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ 30ന് തന്നെ പ്രദര്‍ശിപ്പിക്കാമെന്നാണ് ഇപ്പോള്‍ കരുതുന്നതെന്നു അദ്ദേഹം പറഞ്ഞു.

ടെസ്‌ല ബോട്ടിന് ടെസ്‌ല കാറുകളിലുള്ള ഓട്ടോപൈലറ്റ് സംവിധാനവും പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് കരുതുന്നത്. യഥാര്‍ഥ ജീവിതത്തിലുള്ള വസ്തുക്കളെ തിരിച്ചറിയാനായിരിക്കും ഇതു പ്രയോജനപ്പെടുത്തുക. ഇതിനു പുറമെ ഒപ്ടിമസിനായി പ്രത്യേകം വികസിപ്പിച്ച സെന്‍സറുകളും ആക്ച്യുവേറ്ററുകളും ഉണ്ടായിരിക്കുമെന്നും കരുതപ്പെടുന്നു. ഒപ്ടിമസിന്റെ തലയില്‍ ടെസ്‌ലയുടെ ഓട്ടോപൈലറ്റ് ക്യാമറകള്‍ പിടിപ്പിച്ചേക്കാം. ഉള്ളിലാകട്ടെ കമ്പനിയുടെ സമ്പൂര്‍ണ സെല്‍ഫ് ഡ്രൈവിങ് കംപ്യൂട്ടറും ഉള്‍ക്കൊള്ളിച്ചേക്കാം.

∙ വ്യക്തിത്വം പോലും കിട്ടിയേക്കാം

ഒപ്ടിമസിന് ക്രമേണ തനതു വ്യക്തിത്വം പോലും ആര്‍ജിക്കാനുള്ള സാധ്യതയുണ്ടെന്നാണ് മസ്‌ക് നല്‍കുന്ന സൂചന. അതായത്, എല്ലാ ഒപ്ടിമസ് ബോട്ടുകളും ഒരുപോലെ ആയിരിക്കണമെന്നില്ല. കാലക്രമത്തില്‍ അവയുടെ സ്വഭാവം മാറാം. അവയുടെ ഉടമയുടെ രീതികളായിരിക്കാം അവ പഠിച്ചെടുക്കുക. എന്നാല്‍, ശരാശരി ആരോഗ്യമുള്ള ഒരാളിന് കീഴ്‌പ്പെടുത്താന്‍ പാകത്തിനായിരിക്കും ഒപ്ടിമസിനെ രൂപപ്പെടുത്തുക എന്നും മസ്‌ക് നേരത്തേ പറഞ്ഞിരുന്നു. ആഗോള തലത്തില്‍ ജോലിക്കാരുടെ കുറവു പരിഹരിക്കാനായി ഒപ്ടിമസിനെ 2022ല്‍ പുറത്തിറക്കാന്‍ സാധിച്ചേക്കുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. പക്ഷേ, അതു നടന്നേക്കില്ല.

∙ ആവേശമുണര്‍ത്തുന്ന മറ്റ് സാങ്കേതികവിദ്യകളും പ്രദര്‍ശിപ്പിച്ചേക്കാം

സെപ്റ്റംബര്‍ 30ന് ഒപ്ടിമസിനൊപ്പം ആവേശോജ്വലമായ പുത്തന്‍ സാങ്കേതികവിദ്യകളും അവതരിപ്പിച്ചേക്കാമെന്നു സൂചനയുണ്ട്. ടെസ്‌ല ആയിരിക്കാം ലോകത്തെ ഏറ്റവും പുരോഗതിയാര്‍ജിച്ച എഐ കമ്പനിയെന്നും മസ്‌ക് അവകാശപ്പെട്ടു. എഐ ദിനം കൊണ്ടാടുന്നതു തന്നെ ലോകമെമ്പാടുമുള്ള ഏറ്റവും എഐ നൈപുണ്യമുള്ളവരെ കമ്പനിയിലേക്ക് ആകര്‍ഷിക്കാനാണെന്നും ടെസ്‌ല പറയുന്നു.

∙ എയര്‍ടെല്‍ എക്സ്ട്രീം ഫൈബര്‍ ഇന്റര്‍നെറ്റ് കണക്‌ഷന് അപേക്ഷിക്കാം

ഫൈബര്‍ ഒപ്ടിക് ഇന്റര്‍നെറ്റ് കണക്‌ഷനുമായി എത്തുകയാണ് രാജ്യത്തെ ടെലികോം സേവന ദാതാക്കളിലൊരാളായ എയര്‍ടെല്‍. ഫൈബര്‍ ടു ഹോം (എഫ്ടിടിഎച്) ടെക്‌നോളജിയാണ് പ്രയോജനപ്പെടുത്തുന്നതെന്ന് കമ്പനി അറിയിച്ചു. ഇതുപയോഗിച്ചുള്ള വേഗം 1 ജിബിപിഎസ് വരെ ആയിരിക്കും. അള്‍ട്രാപാക്കിനാണ് ഇത്രയധികം സ്പീഡ്. ഇതിനൊപ്പം 60 ഉപകരണങ്ങള്‍ വരെ കണക്ട് ചെയ്യാവുന്ന വൈ-ഫൈ റൂട്ടറും ഉണ്ടായിരിക്കും. ആമസോണ്‍ പ്രൈം, എയര്‍ടെല്‍ എക്‌സ്ട്രീം തുടങ്ങിയവയുടെ സബ്സ്‌ക്രിപ്ഷനും ലഭിക്കും.

∙ മെറ്റാവേഴ്‌സില്‍ ഉണ്ടായേക്കാവുന്ന കുറ്റകൃത്യങ്ങള്‍ മുന്നില്‍ക്കണ്ട് നിയമങ്ങള്‍ കൊണ്ടുവരണമെന്ന് വിദഗ്ധര്‍

ഇന്ത്യയില്‍ നിലവില്‍ ചെറിയൊരു ശതമാനം ആളുകള്‍ മാത്രമാണ് ഭാവിയുടെ സാങ്കേതികവിദ്യയായി കരുതപ്പെടുന്ന മെറ്റാവേഴ്‌സ് ഉപയോഗിക്കുന്നത്. പക്ഷേ, മെറ്റാവേഴ്‌സില്‍ എത്തുന്നവരുടെ എണ്ണം സ്ഥിരമായി വര്‍ധിക്കുകയാണ്. ലൈംഗികാക്രമണങ്ങള്‍ അടക്കം പല തരത്തിലുമുള്ള കുറ്റകൃത്യങ്ങളും മെറ്റാവേഴ്‌സില്‍ സംഭവിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതെല്ലാം മനസ്സില്‍വച്ച്, ഈ മേഖലയ്ക്കായി പുതിയ നിയമസംവിധാനങ്ങള്‍ കൊണ്ടുവരണമെന്നാണ് ഒരുകൂട്ടം വിദഗ്ധര്‍ ആവശ്യപ്പെടുന്നത് എന്ന് ഇടി റിപ്പോര്‍ട്ടു ചയ്യുന്നു.

ആളുകള്‍ സ്വന്തം അവതാറുകള്‍ സൃഷ്ടിച്ചാണ് മെറ്റാവേഴ്‌സില്‍ എത്തുക. ഇതിനുനേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കും മറ്റും വിധി കല്‍പിക്കാന്‍ നിലവിലുള്ള നിയമങ്ങള്‍ക്കു പരിമിതികളുണ്ടെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അവതാറുകള്‍ യാഥാര്‍ഥ മനുഷ്യരല്ല. അതേസമയം, അവതാറുകള്‍ ഉപയോഗിച്ച് മെറ്റാവേഴ്‌സില്‍ എത്തുന്നവര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍, അവ നേരിടുന്നവര്‍ക്ക് യഥാര്‍ഥമായി തോന്നുകയും ചെയ്യാം. ഇത്തരം കാര്യങ്ങള്‍ കൂടി പരിഗണിച്ചുള്ള നിയമസംവിധാനങ്ങള്‍ വേണമെന്നാണ് വാദം.

മെറ്റാവേഴ്‌സ് സാങ്കേതികവിദ്യ തുടക്ക ദശയിലാണ്. എന്നാല്‍ ലോകത്തെ 25 ശതമാനം പേര്‍ 2026 ആകുമ്പോഴേക്ക് മെറ്റാവേഴ്‌സില്‍ ദിവസം 1 മണിക്കൂര്‍ എങ്കിലും ചെലവിടുന്ന അവസ്ഥ വരാമെന്നാണ് ഗാര്‍ട്ണര്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഷോപ്പിങ്, വിദ്യാഭ്യാസം, വിനോദം തുടങ്ങി വിവിധ കാര്യങ്ങള്‍ മെറ്റാവേഴ്‌സില്‍ ഉണ്ടായിരിക്കും. ഏകദേശം 30 ശതമാനം കമ്പനികളും തങ്ങളുടെ പ്രോഡക്ടുകളും സേവനങ്ങളും അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മെറ്റാവേഴ്‌സില്‍ എത്തിക്കുമെന്നും കരുതുന്നു.

പുതിയ സാധ്യതകള്‍ ആരായാന്‍ മുന്നില്‍ നില്‍ക്കുന്ന കമ്പനികളിലൊന്നായ ഫെയ്‌സ്ബുക് കമ്പനിയുടെ പേരു തന്നെ മെറ്റാ എന്നാക്കി മാറ്റി. പുതിയ ബിസിനസ് സാധ്യത മുതലാക്കാനായി 1000 കോടി ഡോളറാണ് കമ്പനി വകയിരുത്തിയിരിക്കുന്നത്. ഗോള്‍ഡ്മാന്‍ സാക്‌സിന്റെ പ്രവചന പ്രകാരം മെറ്റാവേഴ്‌സിന്റെ മൂല്യം 1-12 ട്രില്ല്യന്‍ ഡോളറായി ഉയരും. ഇത് എത്ര കാലത്തിനുള്ളിലാണെന്ന് കമ്പനി പറഞ്ഞിട്ടില്ല.

chip-manufacturing-project

∙ 2000 കോടി ഡോളര്‍ ചിപ്പ് നിര്‍മാണ പ്ലാന്റിന്റെ നിര്‍മാണം മാറ്റിവച്ച് ഇന്റല്‍

ആഗോള ചിപ്പ് പ്രതിസന്ധിയെത്തുടര്‍ന്ന് അമേരിക്കയിലെ ഓഹിയോയില്‍ 2000 കോടി ഡോളര്‍ മുതല്‍മുടക്കില്‍ പുതിയ ഫാക്ടറി തുടങ്ങാനിരിക്കുകയായിരുന്നു ഇന്റല്‍ കമ്പനി. എന്നാല്‍, ഇതിന്റെ പണിയുമായി മുന്നോട്ടുപോകുന്നത് തല്‍ക്കാലം നിർത്തിവച്ചിരിക്കുകയാണെന്ന് കമ്പനി സെഡ്ഡിനെറ്റിനോട് പറഞ്ഞു. അമേരിക്ക കൊണ്ടുവാനിരിക്കുന്ന ചിപ്‌സ് ആക്ട് എന്തെല്ലാം നിബന്ധനകള്‍ ആണ് മുന്നോട്ടുവയ്ക്കുന്നത് എന്നതു കൂടി കണ്ടതിനു ശേഷം നീങ്ങാനാണ് കമ്പനിയുടെ പുതിയ തീരുമാനം.

English Summary: Tesla plans to unveil 'Optimus' humanoid robot in September

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS