ADVERTISEMENT

ഒരു കാര്യം ശരിയാണെന്ന് ഇലോണ്‍ മസ്‌കിന് തോന്നിയാൽ അതു നടത്താനായി അദ്ദേഹം കുതിക്കുന്നു എന്നാണ് ലിഫ്‌റ്റോഫ് എന്ന പുസ്തകത്തിന്റെ രചയിതാവ് എറിക് ബേര്‍ജര്‍ പറഞ്ഞത്. ഇപ്പോള്‍ 51 വയസ് പൂര്‍ത്തിയായ മസ്‌കിന്റെ ‘ഭ്രാന്തൻ ആശയങ്ങളും’ അവയ്ക്കു പിന്നാലെയുള്ള ഓട്ടവും ലോകം മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവയാണെന്ന് കരുതുന്നവരാണ് അദ്ദേഹത്തിന്റെ ആരാധകർ. ടെസ്‌ല, സ്‌പേസ്എക്‌സ് തുടങ്ങി കമ്പനികളുടെ മേധാവിയും, ടെക്‌നോളജി ലോകത്തെ ആരാധനാമൂര്‍ത്തിയുമായ മസ്‌ക് ഇന്ന് 51-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. 1971 ജൂണ്‍ 28 നാണ് മസ്‌ക് ജനിച്ചത്.

 

സ്‌പേസ് എക്‌സ്, ന്യൂറലിങ്ക്, ദി ബോറിങ് കോ തുടങ്ങിയ തന്റെ സംരംഭങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളുമായി മസ്ക് വാർത്തകളിൽ സജീവമാണ്. രാഷ്ട്രീയം, പോപ്പ് സംസ്കാരം, ലോക സംഭവങ്ങൾ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം അഭിപ്രായം പങ്കിടാറുമുണ്ട്.

 

മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിൽ അദ്ദേഹത്തിന്റെ ആരാധകരും അനുയായികളും ജന്മദിനാശംസകൾ നേർന്നു. ‘ജന്മദിനാശംസകൾ @elonmusk. നിങ്ങളാണ് എന്റെ സൂപ്പർഹീറോ. നിങ്ങൾ ചൊവ്വ ദൗത്യത്തിൽ വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’ ഒരു ഉപയോക്താവ് ട്വീറ്റ് ചെയ്തു. ‘51 വർഷം മുൻപ് ഈ ദിവസം, ഭാവിയെ മാറ്റാൻ കാഴ്ചപ്പാടുള്ള ഒരു മനുഷ്യൻ ജനിച്ചു ... ജന്മദിനാശംസകൾ, ഇലോൺ,’ മറ്റൊരു ഉപയോക്താവ് കുറിച്ചിട്ടു.

 

ബ്ലൂംബെർഗ് ശതകോടീശ്വരന്മാരുടെ സൂചിക പ്രകാരം, 2022 ജൂൺ വരെ ഏകദേശം 20300 കോടി ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് മസ്‌ക്.

 

2002-ൽ മസ്‌ക് സ്‌പേസ് എക്‌സ് സ്ഥാപിച്ചു. ഇതിൽ സിഇഒയും ചീഫ് എൻജിനീയറുമായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 2004-ൽ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല മോട്ടോഴ്‌സ്, ഇൻ‌കോർപ്പറേറ്റിൽ (ഇപ്പോൾ ടെസ്‌ല, ഇൻക്.) ആദ്യകാല നിക്ഷേപകനായിരുന്നു അദ്ദേഹം. പിന്നീട് അദ്ദേഹം അതിന്റെ ചെയർമാനും പ്രോഡക്ട് ആർക്കിടെക്റ്റുമായി, ഒടുവിൽ 2008-ൽ സിഇഒ സ്ഥാനം ഏറ്റെടുത്തു.

 

2006 ൽ സോളാർ എനർജി കമ്പനിയായ സോളാർസിറ്റി സൃഷ്ടിക്കാൻ മസ്‌ക് സഹായിച്ചു. ഇത് പിന്നീട് ടെസ്‌ല ഏറ്റെടുക്കുകയും ടെസ്‌ല എനർജിയായി മാറുകയും ചെയ്തു. 2015-ൽ, സൗഹാർദപരമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോത്സാഹിപ്പിക്കുന്ന ലാഭേച്ഛയില്ലാത്ത ഗവേഷണ കമ്പനിയായ ഓപ്പൺഎഐയുടെ സഹസ്ഥാപകനായി. 2016-ൽ, മസ്തിഷ്ക-കംപ്യൂട്ടർ ഇന്റർഫേസുകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ന്യൂറോ ടെക്നോളജി കമ്പനിയായ ന്യൂറലിങ്ക് അദ്ദേഹം സഹസ്ഥാപിക്കുകയും ടണൽ നിർമാണ കമ്പനിയായ ദി ബോറിങ് കമ്പനി സ്ഥാപിക്കുകയും ചെയ്തു.

 

ട്വിറ്റർ വാങ്ങാനായി 4400 കോടി ഡോളറിന്റെ വൻ ഇടപാട് നടത്തിയ മസ്‌ക് ജൂൺ 21 മുതൽ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമിൽ നിശബ്ദനായിരുന്നു.

 

∙ നൂറു പേരുമായി ചന്ദ്രനിലിറങ്ങാനുള്ള മസ്‌കിന്റെ സ്വപ്‌നം നടക്കുമോ?

 

കഴിഞ്ഞ വർഷം സ്പേസ്ഷിപ്പിന്റെ പരീക്ഷണങ്ങൾ വിജയിച്ചിരുന്നു. പേടകം പത്ത് കിലോമീറ്ററോളം ഉയർന്ന് കൃത്യമായി തന്നെ ഭൂമിയിൽ ലാൻഡ് ചെയ്തു. എന്നാൽ, സൂപ്പര്‍ ഹെവി റോക്കറ്റിന്റെ വിക്ഷേപണവുമായി ഇതിനെ താരതമ്യം ചെയ്യാനാവില്ല. സ്റ്റാര്‍ഷിപ് സൂപ്പര്‍ ഹെവിയില്‍ നൂറു പേരെയും വേണ്ട സാധനസാമഗ്രികളും ചന്ദ്രനിലും ചൊവ്വയിലും സാധിക്കുമെങ്കില്‍ അതിനപ്പുറത്തേക്കും എത്തിക്കാനുള്ള സ്വപ്‌നമാണ് മസ്ക് കാണുന്നത്. സ്‌പേസ്എക്‌സിന്റെ സൂപ്പര്‍ ഹെവി ബൂസ്റ്ററിന് ശക്തിപകരുന്നത് 31 റാപ്റ്റര്‍ എൻജിനുകളാണ്. അതേസമയം, സ്റ്റാര്‍ഷിപ്പിന് ആര്‍ റാപ്റ്റര്‍ എൻജിനുകളായിരിക്കും ഉപയോഗിക്കുക. ഇതുപയോഗിച്ച് സ്റ്റാര്‍ഷിപ്പിന് മറ്റ് ഗ്രഹങ്ങളിലും തിരിച്ച് ഭൂമിയിലും ലാന്‍ഡു ചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

∙ ഭൂമിയിലെ അതിവേഗ യാത്രാ സംവിധാനമൊരുക്കാനും മസ്‌ക്

 

ഈ അതിശക്ത പേടകം ഉപയോഗിച്ച് നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് അതിവേഗം പറക്കാനും സാധിച്ചേക്കും. ഇതുവഴി നഗരങ്ങളെ തമ്മില്‍ കൂടുതല്‍ അടുപ്പിക്കാമെന്നു കരുതുന്നു. ഇതിനായി വായുവില്‍ സ്ഥിതിചെയ്യുന്ന സ്‌പേസ്‌പോര്‍ട്ടുകള്‍ നിര്‍മിക്കാനും മസ്‌കിന്റെ കമ്പനി ഉദ്ദേശിക്കുന്നു. ഇത്തരം സ്‌പേസ്‌പോര്‍ട്ടുകളുടെ പേരുകളുടെ കാര്യത്തിലും തീരുമാനമായി. ഇവയ്ക്ക് ഡെയ്‌മോസ് എന്നും ഫോബോസ് എന്നുമാണ് പേര്. മസ്‌കിന്റെ കമ്പനി ഇട്ട പേരുകളാകുമ്പോള്‍ അവയ്ക്കും സവിശേഷതയുണ്ടാകും. ഇവ രണ്ടും ചൊവ്വയുടെ ചന്ദ്രന്മാരുടെ പേരുകളാണ്. ഡെയ്‌മോസിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി മസ്‌ക് കഴിഞ്ഞ വർഷ് തന്നെ അറിയിച്ചിരുന്നു.

 

English Summary: On Elon Musk's 51th Birthday, A Major Throwback From Mom Maye Musk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com