ADVERTISEMENT

ഇന്ത്യന്‍ ടെക്‌നോളജി മേഖലയില്‍ വന്‍ ചലനത്തിനു വഴിവച്ചേക്കാവുന്ന രണ്ടു സുപ്രധാന തീരുമാനങ്ങള്‍ നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. ഇവ രണ്ടും ഈ മാസാവസാനം നിലവില്‍ വരുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്. അവയില്‍ ഒന്ന് ടോക്കണൈസേഷനാണ്. ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ജൂലൈ 1 മുതല്‍ ടോക്കണൈസേഷന്‍ എന്ന പേരിലുള്ള പുതിയ സംവിധാനം വരും എന്നായിരുന്നു അറിയിപ്പ്. രണ്ടാമത്, വിപിഎന്‍ കമ്പനികള്‍ ഇന്ത്യന്‍ ഉപയോക്താക്കളുടെ ഡേറ്റ 5 വര്‍ഷത്തിലേറെ സൂക്ഷിക്കണം എന്നായിരുന്നു നിര്‍ദേശം. ഇവ രണ്ടിനും 90 ദിവസത്തെ സാവകാശം കൂടി നല്‍കിയിരിക്കുകയാണ് കേന്ദ്രം.

∙ ടോക്കണൈസേഷന്‍ നടപ്പാക്കാനും 90 ദിവസം

ടോക്കണൈസേഷന്‍ (https://bit.ly/3Ou35Wh) സംവിധാനം കൊണ്ടുവരാന്‍ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് 90 ദിവസത്തെ സാവകാശം കൂടിയാണ് നല്‍കിയിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ തങ്ങളുടെ വെബ്‌സൈറ്റുകളില്‍ ഉപയോക്താക്കളുടെ കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ചു വച്ചിരിക്കുന്നത് നീക്കം ചെയ്തരിക്കണം എന്നായിരുന്നു നിര്‍ദേശങ്ങളിലൊന്ന്. 90 ദിവസത്തേക്കു കൂടി നിലവിലുള്ള സ്ഥിതി തുടരും.

∙ വിപിഎന്‍

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിപിഎന്‍ കമ്പനികള്‍ ജൂണ്‍ 27 മുതല്‍ ഇവിടെയുള്ള ഉപയോക്താക്കളുടെ പേരും ഇമെയില്‍ ഐഡിയും കോണ്ടാക്ട് നമ്പറും ഐപി അഡ്രസും അഞ്ചു വര്‍ഷത്തിലേറെ സൂക്ഷിച്ചു വയ്ക്കണമെന്നും അവ സർക്കാർ ആവശ്യപ്പെടുമ്പോള്‍ നല്‍കണം എന്നുമായിരുന്നു നിര്‍ദേശം. ഇത് നിലവില്‍ വരുന്ന തീയതിയാണ് ഇപ്പോള്‍ നീട്ടിവച്ചിരിക്കുന്നത്. ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ (സേര്‍ട്ട്-ഇന്‍) പുതിയ അറിയിപ്പു പ്രകാരം വിപിഎന്‍ കമ്പനികള്‍ക്ക് നിബന്ധനകള്‍ പാലിക്കാന്‍ 90 ദിവസത്തെ സമയം കൂടി അനുവദിച്ചിരിക്കുകയാണ്. അതേസമയം, വിപിഎന്‍ എന്ന ആശയത്തിന്റെ സത്ത തന്നെ ചോര്‍ത്തിക്കളയുന്ന പുതിയ നിയമം പാലിക്കാന്‍ തയാറല്ലെന്നു പറഞ്ഞ് പല വിദേശ വിപിഎന്‍ കമ്പനികളും രാജ്യം വിട്ടുകഴിഞ്ഞു.

∙ പിന്‍വലിക്കണമെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍

അതേസമയം, ഈ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്നും ഇതേക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ നടത്തണമെന്നും ആവശ്യപ്പെട്ട് രാജ്യത്തെ 22 സൈബര്‍ സുരക്ഷാ വിദഗ്ധര്‍ സേര്‍ട്ട്-ഇന്നിന് കത്തെഴുതി. രാജ്യത്ത െൈസബര്‍ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും വന്‍ തിരിച്ചടിയാണ് പുതിയ നിയമമെന്ന് വിദഗ്ധര്‍ വാദിക്കുന്നു. ഈ വിഷയത്തില്‍ വൈദഗ്ധ്യമുള്ളവരുടെ അഭിപ്രായം ആരാഞ്ഞ ശേഷമേ ഇത് നടപ്പാക്കാവൂ എന്നാണ് അവരുടെ ആവശ്യം. ആരെയും നിരീക്ഷിക്കാമെന്നത് രാജ്യത്തിന് ഗുണംചെയ്യില്ലെന്ന അഭിപ്രായമാണ് അവര്‍ പങ്കുവയ്ക്കുന്നത്. സേര്‍ട്ട്-ഇന്‍ ആദ്യം പുറത്തിറക്കിയ നിര്‍ദേശം അതേപടി പാലിക്കണമായിരുന്നെങ്കില്‍ ഇന്ത്യയിലെ ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഭീമന്‍ കമ്പനികള്‍ വരെ പ്രശ്‌നത്തിലാകുമായിരുന്നു. എന്നാല്‍, പിന്നീട് കേന്ദ്രം ഇത്തരം ബിസിനസ് സ്ഥാപനങ്ങളുടെ കാര്യത്തില്‍ ഈ നിയമത്തില്‍ ഇളവു വരുത്തുകയായിരുന്നു. നിയമങ്ങള്‍ പ്രബല്യത്തില്‍ വരുന്നത് സെപ്റ്റംബര്‍ 25 മുതലാണെന്നാണ് പുതിയ ഉത്തരവില്‍ പറഞ്ഞിരിക്കുന്നതെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

vpn

∙ നതിങ് ഫോണ്‍ (1) ന്റെ വില ചോര്‍ന്നു?

ജൂലൈയില്‍ പുറത്തിറങ്ങുന്ന നതിങ് ഫോണ്‍ (1) ന്റെ വില പുറത്തായി? ജിഎസ്എം അരീനയുടെ റിപ്പോര്‍ട്ട് പ്രകാരം ഫോണിന്റെ തുടക്ക വേരിയന്റിന് 397 ഡോളറായിരിക്കാം വില. ഇന്ത്യയില്‍ ഏകദേശം 31,000 രൂപയായിരിക്കും വില എന്ന് വാദിക്കുന്നവരുണ്ട്. ഇത് 8 ജിബി + 128 ജിബി വേരിയന്റിന്റെ വിലയായിരിക്കും. അതേസമയം, 8 ജിബി + 256 ജിബി, 12 ജിബി + 256 ജിബി വേരിയന്റുകള്‍ക്ക് യഥാക്രമം 33,100 രൂപ, 36,000 രൂപ എന്നിങ്ങനെയായിരിക്കും വില എന്നും വാദമുണ്ട്.

∙ ഊഹം തെറ്റുമോ?

ഇന്ത്യക്കാര്‍ക്കായി പ്രത്യേക വില ഇടുന്നില്ലെങ്കില്‍ കൂടുതല്‍ പണം നല്‍കേണ്ടി വരാം. ഇവിടെ 36,000 രൂപ വിലയായിരിക്കും എന്നു പറഞ്ഞിരിക്കുന്ന ഫോണിന് 456 ഡോളര്‍ ആണ് വില എന്നു പറയുന്നു. ഐഫോണ്‍ എസ്ഇ (2022) മോഡലിന് 429 ഡോളറാണ് വില. എന്നാല്‍, അതിന് ഇന്ത്യയിലെ എംആര്‍പി 43,990 രൂപയാണ്. അതേസമയം, ചൈനീസ് കമ്പനികള്‍ ഇന്ത്യക്കാര്‍ക്കായി പ്രത്യേക വില ഇടാറുമുണ്ട്. നതിങ്ങിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഏതു വിലയിടല്‍ രീതിയാണ് പിന്തുടരുക എന്നു കണ്ടറിയേണ്ടിയിരിക്കുന്നു. കൂടാതെ, നതിങ്ങിന് ഇന്ത്യയില്‍ ഫോണ്‍ നിര്‍മിക്കാന്‍ ഉദ്ദേശ്യമുണ്ട്. അങ്ങനെ ചെയ്താല്‍ വില താഴാനുള്ള സാധ്യതയും ഉണ്ട്. ഫ്ലിപ്കാര്‍ട്ട് വഴി ഇപ്പോള്‍ 2000 രൂപ മുടക്കി ഫോണ്‍ ബുക്കു ചെയ്യാം. റിലയന്‍സ് ഡിജിറ്റൽ ഔട്ട്ലെറ്റ് വഴിയും ഫോണ്‍ വിറ്റേക്കുമെന്ന് സൂചനകളുണ്ട്.

∙ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രോസസര്‍ നവംബറില്‍ അവതരിപ്പിക്കും

ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രോസസര്‍ നവംബറില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ശക്തി പകരുക ഈ പ്രോസസര്‍ ആയിരിക്കും. സ്‌നാപ്ഡ്രാഗണ്‍ സമ്മേളനത്തിലായിരിക്കും ഇത് അവതരിപ്പിക്കുക എന്ന് ജിഎസ്എം അരീന പറയുന്നു.

∙ നെറ്റ്ഫ്‌ളിക്‌സിന്റെ പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ക്ക് ഏഷ്യയില്‍ തുടക്കമിട്ടേക്കും

ലോകത്തെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ഒന്നായ നെറ്റ്ഫ്‌ളിക്‌സിന്റെ പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ക്ക് ഏഷ്യയില്‍ തുടക്കമിട്ടേക്കും. നിലവിലെ പ്ലാനുകള്‍ പലര്‍ക്കും താങ്ങാനാകുന്നവയല്ല. ഇതിനാല്‍, മാസവരി കുറയ്ക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇങ്ങനെ മാസവരി കുറയ്ക്കുമ്പോൾ വരുമാനം നിലനിര്‍ത്താനായി പരസ്യം കാണിക്കും. ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ വന്‍ വികസന സാധ്യതയാണ് നെറ്റ്ഫ്‌ളിക്‌സിനു നല്‍കുന്നത്. അതിനാല്‍ തന്നെ ഏഷ്യയിലായിരിക്കും പുതിയ പരസ്യത്തോടു കൂടിയുള്ള സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിക്കു തുടക്കമിടുക എന്ന് ബ്ലുംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു.

∙ സാംസങ് എ53, എ51 മോഡലുകള്‍ക്ക് ഒഎസ് അപ്‌ഡേറ്റ്

സാംസങ് ഗ്യാലക്‌സി എ53, എ51 മോഡലുകള്‍ക്ക് ചില രാജ്യങ്ങളില്‍ ഒഎസ് അപ്‌ഡേറ്റ് നല്‍കിത്തുടങ്ങിയെന്ന് സാംമൊബൈലിന്റെ റിപ്പോര്‍ട്ട്. എ53 മോഡലിന് സിംഗപ്പൂരില്‍ ഇപ്പോള്‍ അപ്‌ഡേറ്റ് ലഭിക്കുന്നു. മറ്റു രാജ്യങ്ങളിലും താമസിയാതെ അപ്‌ഡേറ്റ് ലഭിച്ചേക്കും.

∙ വണ്‍പ്ലസ് ബാന്‍ഡിന്റെ വില കുറച്ചു

വണ്‍പ്ലസ് കമ്പനിയുടെ ആദ്യ ഫിറ്റ്‌നസ് ട്രാക്കറായ വണ്‍പ്ലസ് ബാന്‍ഡ് 2021 ജനുവരിയിലാണ് അവതരിപ്പിച്ചത്. അവതരിപ്പിച്ച സമയത്ത് എംആര്‍പി 2,499 രൂപയായിരുന്നു. ഇത് ഇപ്പോള്‍ 1,599 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും. ആമസോണ്‍.ഇന്‍, വണ്‍പ്ലസ്.ഇന്‍ തുടങ്ങിയ വെബ്‌സൈറ്റുകളിലാണ് പുതിയ വില പ്രതിഫലിച്ചിരിക്കുന്നത്. സിറ്റിബാങ്ക് കാര്‍ഡ് ഉടമകള്‍ക്ക് 10 ശതമാനം അധിക ഡിസ്‌കൗണ്ടും ലഭ്യമാണ്. രക്തത്തിലെ ഓക്‌സിജന്റെ നിരക്ക്, സ്ലീപ് ട്രാക്കിങ് തുടങ്ങിയ ഫീച്ചറുകള്‍ ആണുള്ളത്.

∙ അംബ്രെയ്ന്‍ വൈസ് റോം സ്മാര്‍ട് വാച്ച് അവതരിപ്പിച്ചു, വില 1,799 രൂപ

അംബ്രെയ്ന്‍ കമ്പനിയുടെ സ്മാര്‍ട് വാച്ച് ശ്രേണി വിപുലപ്പെടുത്തി, പുതിയൊരു മോഡല്‍ കൂടി ഇറക്കി. വൈസ് റോം സ്മാര്‍ട് വാച്ച് എന്ന പേരിലാണ് പുതിയ വാച്ച് ഇറക്കിയിരിക്കുന്നത്. ഫ്‌ളിപ്കാര്‍ട്ട് വഴി വില്‍ക്കുന്ന വാച്ചിന് 1,799 രൂപയാണ് എംആര്‍പി. ബ്ലഡ് ഓക്‌സിജന്‍, സ്ലീപ് ട്രാക്കിങ് തുടങ്ങിയ ഫീച്ചറുകളും ഉണ്ട്. ഗൂഗിള്‍ ഫിറ്റ്, ആപ്പിള്‍ ഹെല്‍ത് ആപ്പുകളുമായി പെയര്‍ ചെയ്യാനും സാധിക്കും. അലാം വയ്ക്കാം, ഫോണിന്റെ ക്യാമറ റിമോട്ടായി പ്രവര്‍ത്തിപ്പിക്കാം തുടങ്ങി പല ഫീച്ചറുകളും ഉണ്ട്.

English Summary: India extends deadline for compliance with infosec logging rules by 90 days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com