ADVERTISEMENT

ഷഓമി അടുത്തയാഴ്ച പുറത്തിറക്കുമെന്നു കരുതുന്ന 12 എസ് സീരീസില്‍ സോണിയുടെ 1-ഇഞ്ച് വലുപ്പമുള്ള ക്യാമറാ സെന്‍സറും ഉണ്ടായേക്കാമെന്ന് സൂചന. സാംസങ് ഗ്യാലക്‌സി എസ് 22 അള്‍ട്രാ തുടങ്ങിയ ചില ഫോണുകളിലുള്ള സെന്‍സറിനേക്കാള്‍ പോലും 1.7 മടങ്ങ് വലുതാണ് സോണിയുടെ ഐഎംഎക്‌സ്989 സെന്‍സര്‍. ഇത് ഉപയോഗിച്ച് സോണിയും (എക്‌സ്പീരിയ പ്രോ-1) അക്വോസും (ആര്‍7) ഫോണുകള്‍ ഇറക്കിയിട്ടുണ്ടെങ്കിലും അവ ഇന്ത്യ അടക്കം പല വിപണികളിലും ലഭ്യമല്ല. പുതിയ സെന്‍സറുമായി ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്താന്‍ സാധ്യതയുള്ള ആദ്യ ഫോണ്‍ ഷഓമി 12എസ് അള്‍ട്രാ ആണെന്നു കരുതുന്നു.

∙ ഐഫോണ്‍ 13 പ്രോ മാക്‌സില്‍ ഉള്ളതിനേക്കാളേറെ വലിയ സെന്‍സര്‍

ഇപ്പോള്‍ വില്‍പനയിലുള്ള ഐഫോണുകളില്‍ ഏറ്റവും വലിയ ക്യാമറാ സെന്‍സറുള്ള മോഡല്‍ 13പ്രോ മാക്‌സ് ആണ്. ഇതില്‍ ഉപയോഗിച്ചിരിക്കുന്നതിനേക്കാള്‍ വലിയ സെന്‍സറാണ് ഷഓമി ഉപയോഗിക്കുന്നത്. സോണിയും അക്വോസും ഇതേ സെന്‍സര്‍ ഉപയോഗിച്ചിട്ടുണ്ടല്ലോ, പിന്നെ എങ്ങനെയാണ് ഷഓമിയുടെ ഫോണ്‍ വ്യത്യസ്തമാകുന്നത് എന്ന സംശയവും ന്യായമാണ്. അവിടെയാണ് ഷഓമിയും ജര്‍മന്‍ ക്യാമറാ നിര്‍മാണ ഇതിഹാസമായ ലൈക്കയും തമ്മിലുള്ള കൂട്ടുകെട്ട്. ഇത് ഒരു മാര്‍ക്കറ്റിങ് തന്ത്രമാണോ അതോ ശരിക്കൊരു മാറ്റം പ്രതീക്ഷിക്കാമോ എന്നറിയാനാണ് ടെക്‌നോളജി ലോകം കാത്തിരിക്കുന്നത്. ഈ കൂട്ടുകെട്ടും സോണിയുടെ വലിയ സെന്‍സറും ഒരുമിക്കുമ്പോള്‍ ഇന്നേവരെ കണ്ടിരിക്കുന്നതില്‍ വച്ച് ഏറ്റവും മികച്ച സ്മാര്‍ട് ഫോണ്‍ ക്യാമറ വന്നേക്കാം. അതേസമയം, 12 എസ് സീരീസ് ഇന്ത്യയിലെത്തുക മറ്റേതെങ്കിലും പേരിലാകാമെന്നും പറയപ്പെടുന്നു.

∙ നതിങ് ഫോണിന്റെ വില പുറത്തായി?

വേറിട്ട ഫോണായിരിക്കുമെന്ന പ്രചാരണവുമായി എത്തുന്ന നതിങ് ഫോണ്‍ (1) മോഡല്‍ അവതരിപ്പിക്കുന്നത് ജൂലൈ 12നാണ്. ഫോണുമായി ബന്ധപ്പെട്ട് ആമസോണില്‍ ലിസ്റ്റ് ചെയ്തതെന്നു പറഞ്ഞ് റെഡിറ്റ് വഴി പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടില്‍ പറയുന്നത് ശരിയാണെങ്കില്‍ ഫോണിന്റെ വില പുറത്തായി. ആമസോണ്‍ ജര്‍മനിയില്‍ നിന്നാണ് വില പുറത്തായിരിക്കുന്നത്. തുടക്ക വേരിയന്റിന് ഏകദേശം 38,624 രൂപ (469.99 യൂറോ) ആയിരിക്കുമെന്നാണ് സ്‌ക്രീന്‍ ഷോട്ട് പറയുന്നത്. ഇത് 8 ജിബി + 128 ജിബി വേരിയന്റിനാണ്. ഏറ്റവും വില കൂടിയ വേരിയന്റിന് 45,199 രൂപ ആയിരിക്കാം എന്നും പറയുന്നു.

∙ ഫോണിന് സ്‌നാപ്ഡ്രാഗണ്‍ 778 ജി പ്ലസ് പ്രോസസര്‍

ഫോണിന് ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 778 ജി പ്ലസ് പ്രോസസര്‍ ആയിരിക്കുമെന്ന് കമ്പനി മേധാവി കാള്‍ പെയ് തന്നെ സ്ഥിരീകരിച്ചു. ഒഎസ് ആന്‍ഡ്രോയിഡ് 12 കേന്ദ്രീകൃതമായിരിക്കും. ഫോണിന്റെ പിന്‍ പ്രതലത്തില്‍ നിരവധി ചെറിയ എല്‍ഇഡികള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതിനെ ഗ്ലിഫ് (Glyph) എന്നാണ് വിളിക്കുന്നത്. ഫോണിന് വയര്‍ലെസ് ചാര്‍ജിങ് ശേഷിയുണ്ടായിരിക്കും. കൂടാതെ, 50 എംപി പിന്‍ക്യാമറാ സെറ്റ് അപ് പ്രതീക്ഷിക്കുന്നു. ഇതിനു പുറമെ 120 ഹെട്‌സ് റിഫ്രഷ് റെയ്റ്റ് ഉള്ള ഓലെഡ് പാനലും ഉണ്ടായിരിക്കാം.

∙ നതിങ് ഇയര്‍ (1) സ്റ്റിക് ഇയര്‍ഫോണും ഉടനെ?

നതിങ് ഇയര്‍ (1) സ്റ്റിക് ഇയര്‍ബഡ്‌സും ഉടനെ അവതരിപ്പിച്ചേക്കാമെന്ന് സൂചന. അതും ഫോണിന് ഒപ്പം അവതരിപ്പിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ഇന്ത്യയില്‍ ഇപ്പോള്‍ വില്‍പനയിലുള്ള നതിങ് ഇയര്‍ (1) ഇയര്‍ഫോണിന്റെ മറ്റൊരു വേരിയന്റ് ആയിരിക്കാമിതെന്നാണ് ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടുന്ന മുകുല്‍ ശര്‍മ എന്ന ട്വിറ്റര്‍ യൂസര്‍ പറയുന്നത്. അതേസമയം, ജൂലൈ 12ന് ഇയര്‍ബഡ്‌സ് പുറത്തിറക്കില്ലെന്ന് ഗ്യാജറ്റ്‌സ്360യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

∙ ക്രിപ്‌റ്റോകറന്‍സിയിലെ അപകടം വ്യക്തമാണെന്ന് ആര്‍ബിഐ മേധാവി

ക്രിപ്‌റ്റോകറന്‍സിയില്‍ പതിയിരിക്കുന്ന അപകടം വ്യക്തമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഒരു നാണയത്തിന്റെ മൂല്യം വെറുതെ ഊഹാപോഹങ്ങള്‍ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെങ്കില്‍, അതിന് ഒരു സങ്കീര്‍ണമായ പേരു നല്‍കിയെന്നു കരുതി ഒരു ഗുണവും ഉണ്ടാവില്ലെന്നാണ് അദ്ദേഹം പറയുന്നത്. ക്രിപ്‌റ്റോകറന്‍സി ഊഹോപോഹത്തില്‍ അധിഷ്ഠിതമാണെന്ന വാദമാണ് ആര്‍ബിഐ മുന്നോട്ടുവയ്ക്കുന്നത്.

ഇത് അപകടമാണെന്ന് ദാസ് പറയുന്നു. അടുത്തിടെ ആഗോള തലത്തില്‍ ക്രിപ്‌റ്റോ നാണയ മേഖലയില്‍ ഉണ്ടായ ചാഞ്ചാട്ടം തന്നെയാണ് പല വിദഗ്ധരും ഉദാഹരണമായി എടുക്കുന്നത്. ലോക ബാങ്കിന്റെയും ഐഎംഎഫിന്റെയും ആര്‍ബിഐയുടെയും അടക്കം അഭിപ്രായങ്ങള്‍ ആരാഞ്ഞ ശേഷമായിരിക്കും ഇന്ത്യ ക്രിപ്‌റ്റോകറന്‍സിയെക്കുറിച്ചുള്ള നയരൂപീകരണം നടത്തുക.

∙ സോളാര്‍ സ്മാര്‍ട്‌വാച്ചുമായി ഗാര്‍മിന്‍

ഫോര്‍റണര്‍ 955 സോളാര്‍ എന്ന പേരില്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സ്മാര്‍ട് വാച്ച് നിര്‍മാണ കമ്പനികളില്‍ ഒന്നായ ഗാര്‍മിന്‍. ഇതൊരു ജിപിഎസ് റണിങ് സ്മാര്‍ട് വാച്ചാണ്. സോളാര്‍ ചാര്‍ജിങ് വഴി കായിക താരങ്ങള്‍ക്ക് 20 ദിവസം വരെ 'സ്മാര്‍ട് വാച്ച് മോഡില്‍' ബാറ്ററി ലൈഫ് കിട്ടും. ജിപിഎസ് മോഡിലാണെങ്കില്‍ 49 മണിക്കൂറായിരിക്കും ബാറ്ററി ലൈഫ്.

എല്ലാ ഗാര്‍മിന്‍, ഹെലിയോസ് വാച്ച് സ്‌റ്റോറുകളിലും ജസ്റ്റ് ഇന്‍ ടൈം, ക്രോമ, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, ടാറ്റാ ക്ലീക് തുടങ്ങിയ വില്‍പനക്കാര്‍ വഴിയും ഈ പ്രീമിയം വാച്ച് സ്വന്തമാക്കാം. വില 63,990 രൂപ. സോളാര്‍ ഫങ്ഷന്‍ ഇല്ലാത്ത മോഡലിന് 53,490 രൂപയാണ് എംആര്‍പി. ഫോര്‍റണര്‍ 255 സീരീസും വില്‍പനയ്ക്ക് എത്തുന്നു. ഇതിന് താരതമ്യേന വില കുറവാണ്. തുടക്ക വേരിയന്റിന് 37,490 രൂപയാണ് വില.

∙ ഫോസില്‍ ജെന്‍ 6 വെഞ്ച്വര്‍ എഡിഷന്‍ വിപണിയിലേക്ക്

മറ്റൊരു മികച്ച സ്മാര്‍ട് വാച്ച് നിര്‍മാതാവായ ഫോസില്‍ ജെന്‍ 6 വെഞ്ച്വര്‍ എഡിഷന്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. വോയിസ് അസിസ്റ്റന്റ് ആമസോണ്‍ അലക്‌സയുടെ പിന്‍ബലം, രണ്ടാഴ്ച ബാറ്ററി ലൈഫ് തുടങ്ങിയവയാണ് ഫീച്ചറുകള്‍. എംആര്‍പി 23,995 രൂപ.

∙ ആപ്പിള്‍ മാക്ബുക്ക് എയര്‍ എം2 ശ്രേണി ജൂലൈ 15 മുതല്‍ വില്‍പനയ്ക്ക്

ആപ്പിളിന്റെ ഏറ്റവും പുതിയ മാക്ബുക്ക് ശ്രേണി ജൂലൈ 15 മുതല്‍ ഇന്ത്യയിലും വില്‍പന തുടങ്ങും. കമ്പനിയുടെ സ്വന്തം പ്രോസസറായ എം2 ആണ് ശ്രേണിക്ക് ശക്തി പകരുന്നത്. തുടക്ക വേരിയന്റിന്റെ വില 1,19,900 രൂപയാണ്.

∙ ആപ്പിളിന്റെ സ്വന്തം 5ജി മോഡം എന്ന സ്വപ്‌നം നീണ്ടേക്കുമെന്ന് വാദം

സ്വന്തമായി 5ജി മോഡം ചിപ്പ് ഉണ്ടാക്കിയെടുക്കാനായി ആപ്പിള്‍ കമ്പനി ഇന്റലിന്റെ മോഡം ബിസിനസ് 2019ല്‍ വാങ്ങിയിരുന്നു. അടുത്ത വര്‍ഷം ഇറക്കാനിരിക്കുന്ന ഐഫോണ്‍ 15 സീരീസില്‍ സ്വന്തം ചിപ്പ് ഉപയോഗിക്കാനായിരുന്നു കമ്പനിയുടെ തീരുമാനം. എന്നാല്‍, തങ്ങള്‍ പ്രതീക്ഷിച്ച അത്ര മികവുറ്റ രീരിയലൊരു ചിപ്പ് വികസിപ്പിക്കാന്‍ കമ്പനിക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ പറയുന്നത്. അതേസമയം, 2024ല്‍ സ്വന്തം 5ജി മോഡം എന്ന സ്വപ്‌നം ആപ്പിളിന് സഫലീകരിക്കാനായേക്കുമെന്നും കുവോ പറയുന്നു.

tiktok

∙ ആപ്പിളിനോടും ഗൂഗിളിനോടും ടിക്ടോക് ആപ് എടുത്തു കളയാന്‍ അമേരിക്കയുടെ എഫ്‌സിസി കമ്മിഷണര്‍

ലോകത്തെ ഏറ്റവും പ്രചാരമുള്ള സമൂഹ മാധ്യമ ആപ്പുകളിലൊന്നായ ടിക്ടോക് ആപ് സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്യാന്‍ ആപ്പിളിനോടും ഗൂഗിളിനോടും അമേരിക്കയുടെ എഫ്‌സിസി കമ്മിഷണര്‍ ആവശ്യപ്പെട്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. എഫ്‌സിസി കമ്മിഷണര്‍ ബ്രെന്‍ഡന്‍ കാര്‍ ആണ് കമ്പനിമേധാവികള്‍ക്ക് അയച്ച കത്തില്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക്‌ടോക് അമേരിക്കന്‍ ഉപയോക്താക്കളുടെ ഡേറ്റ ചൈനയിലുള്ളവര്‍ക്ക് പരിശോധിക്കാന്‍ അവസരമൊരുക്കി എന്ന ആരോപണത്തെതുടര്‍ന്നാണ് എഫ്‌സിസി ആപ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

English Summary: Xiaomi 12S Ultra to come with 1-inch Sony IMX989 camera sensor: Details

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com