ആപ്പിളിനോടും മൈക്രോസോഫ്റ്റിനോടും യുദ്ധം പ്രഖ്യാപിച്ച് ചൈന; കംപ്യൂട്ടിങ്ങില്‍ ഇന്ത്യ ‘ബോസ്’ ആകുമോ?

kylin-OS
SHARE

അമേരിക്കന്‍ സോഫ്റ്റ്‌വെയര്‍ കമ്പനികളായ മൈക്രോസോഫ്റ്റിനോടും ആപ്പിളിനോടും അങ്കംവെട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ് ചൈന എന്ന് ദ് റജിസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റെല്ലാ രാജ്യങ്ങളിലും കണ്ടുവരുന്നതു പോലെ മൈക്രോസോഫ്റ്റ് വിന്‍ഡോസിനാണ് ചൈനയിലും ആധിപത്യം. ഏകദേശം 85 ശതമാനം കംപ്യൂട്ടറുകളും വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍, അടുത്ത കാലത്തായി ആപ്പിളിന്റെ മാക്ഒഎസും ശക്തമായ സാന്നിധ്യമായിത്തുടങ്ങിയിരിക്കുന്നു. ഏകദേശം 15 ശതമാനമാണിത്. ഇരു കമ്പനികളെയും പടിക്കു പുറത്തു നിർത്താനാകുമോ എന്ന കാര്യം ഗൗരവമായി ചിന്തിക്കുകയാണ് ചൈന എന്ന് സൗത്ത് മോണിങ് ചൈനാ പോസ്റ്റിന്റെ റിപ്പോര്‍ട്ടിലും പറയുന്നു.

∙ ചൈനയില്‍ കിലിന്‍

രണ്ടു പതിറ്റാണ്ടെങ്കിലുമായി സ്വന്തം കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ചൈന. ഇതിനായി 2001ല്‍ ചൈന ഫ്രീബിഎസ്ഡി കേണലിനെ (FreeBSD kernel) കേന്ദ്രീകരിച്ച് കിലിന്‍ (Kylin) എന്നൊരു ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ചിരുന്നു. പല സർക്കാർ, സൈനിക ഓഫിസുകളിലും ഇതാണ് ഉപയോഗിച്ചു വന്നതും. തുടര്‍ന്ന്, 2010 ല്‍ ലിനക്‌സ് കേണലിലേക്ക് മാറാനും പിന്നീട് 2014ല്‍ ഉബുണ്‍ടു കേന്ദ്രീകരിച്ചുള്ള ഒഎസിലേക്കു മാറാനും ചൈന ശ്രദ്ധിച്ചു. കാനൊനിക്കലുമായി (Canonical) ചേര്‍ന്നാണ് ചൈനീസ് അധികാരികള്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കാന്‍ തയാറായത്. ഇതിന്റെ ഫലമാണ് ഓപണ്‍കിലിന്‍ (openKylin). ഇതിന് ചില ചൈനീസ് കമ്പനികളുടെ പിന്തുണയും ലഭിച്ചിരുന്നു. ഇതിനെ മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമമാണ് ചൈന ഇപ്പോള്‍ നടത്തുന്നത്. മൈക്രോസോഫ്റ്റിനോടും ആപ്പിളിനോടുമുള്ള യുദ്ധ പ്രഖ്യാപനമാണ് ചൈന നടത്തിയിരിക്കുന്നതെന്ന് ദ് റജിസ്റ്റര്‍ പറയുന്നു.

∙ പുതിയ സിസ്റ്റത്തിന് കോഡുകള്‍ എഴുതിക്കാന്‍ ചൈന

ചൈനീസ് സർക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചൈനാ ഇലക്ട്രോണിക് കോര്‍പറേഷന്‍ നിയന്ത്രിക്കുന്ന കിലിന്‍സോഫ്റ്റ് എന്ന കമ്പനിയാണ് കിലിന്റെ പുതിയ ഓപണ്‍-സോഴ്‌സ് വേര്‍ഷന്‍ സൃഷ്ടിച്ചിരിക്കുന്നത്. പുതിയ ഒഎസ് ഓപ്പണ്‍-സോഴ്‌സ് ആയി നിലനിര്‍ത്തി പ്രോഗ്രാമര്‍മാരെയും ഡവലപ്പര്‍മാരെയും ആകര്‍ഷിച്ച് കിലിന്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള കോഡുകള്‍ എഴുതിച്ചെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് വിജയിച്ചു എന്നും അധികം താമസിയാതെ ഇതിനെ മുഖ്യധാരയില്‍ കാണാമെന്നും പറയുന്നവർ ഉണ്ട്.

∙ മൈക്രോസോഫ്റ്റുമായുള്ള അടിക്ക് പതിറ്റാണ്ടുകള്‍ പഴക്കം

ചൈനയും അമേരിക്കന്‍ സോഫ്റ്റ്‌വെയര്‍ കമ്പനികളുമായി, പ്രത്യേകിച്ച് മൈക്രോസോഫ്റ്റുമായി ഇടയ്ക്കിടയ്ക്ക് അടി വീഴാറുണ്ടൈന്നും ദ് വേര്‍ജിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മൈക്രോസോഫ്റ്റ് വിന്‍ഡോസ് എക്‌സ്പി വേര്‍ഷനുള്ള സപ്പോര്‍ട്ട് നിർത്തിയപ്പോള്‍ 2013ല്‍ ചൈന അതിനെതിരെ രംഗത്തു വന്നിരുന്നു. കൂടാതെ, തുടര്‍ന്നു പുറത്തിറക്കിയ വിന്‍ഡോസ് 8നെ പൊതുമേഖലയില്‍ പലയിടത്തും നിരോധിക്കുകയും ചെയ്തു. എന്നാല്‍, മൈക്രോസോഫ്റ്റ് ചൈനയെ പ്രീണിപ്പിക്കാനായി 2017ല്‍ വിന്‍ഡോസ് 10 ചൈനാ ഗവണ്‍മെന്റ് എഡിഷന്‍ അവതരിപ്പിച്ചു. ഇത് ചൈനാ ഇലക്ട്രോണിക് ടെക്‌നോളജി ഗ്രൂപ്പുമായി സഹകരിച്ചായിരുന്നു. എന്നാല്‍, ഇത് മൈക്രോസോഫ്റ്റിന് അമേരിക്കയില്‍ ചീത്തപ്പേരുണ്ടാക്കുകയും ചെയ്തു. എന്തായാലും, ഈ വര്‍ഷം അവസാനത്തോടെ വിദേശ സോഫ്റ്റ്‌വെയര്‍ എല്ലാ സർക്കാർ ഓഫിസുകളില്‍നിന്നും പുറത്താക്കിയിരിക്കണം എന്നാണ് ചൈന ആവശ്യപ്പെട്ടിരിക്കുന്നത്.

∙ വിജയിക്കുമോ?

സർക്കാർ സ്ഥാപനങ്ങളില്‍ പുതിയ സോഫ്റ്റ്‌വെയര്‍ എത്തിക്കാന്‍ സാധിക്കുമെങ്കിലും സ്വകാര്യ മേഖലയില്‍ ഇതു വിജയിക്കുമോ എന്നു കണ്ടറിയണമെന്നും അങ്ങനെ സംഭവിക്കണമെങ്കില്‍ എത്രകാലമെടുക്കുമെന്നു പ്രവചിക്കാനാവില്ലെന്നും വാദമുണ്ട്. കിലിന്‍ സിസ്റ്റത്തിന് ഇതുവരെ സ്വകാര്യ മേഖലയില്‍ അത്രയൊന്നും പ്രചരിക്കാനായിട്ടില്ലെന്ന് ചില ഗവേഷകര്‍ പറയുന്നു. വിന്‍ഡോസ് തന്നെയാണ് ചൈനയില്‍ ആധിപത്യം പുലര്‍ത്തുന്നതെന്നും അടുത്തിടെ ആപ്പിള്‍ മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്നും ഗവേഷകര്‍ പറയുന്നു. ഇത് ചൈനയ്ക്ക് അസ്വസ്ഥതയുണ്ടാക്കുന്നത്രേ. സർക്കാർ സ്ഥാപനങ്ങള്‍ക്കു പുറത്ത് പുതിയ ഒഎസിന് സ്വീകാര്യത ഉണ്ടാക്കാന്‍ ചൈനയ്ക്ക് സാധിക്കുമോ എന്ന കാര്യം വരും വര്‍ഷങ്ങളില്‍ അറിയാനായേക്കും.

∙ ഇന്ത്യയില്‍ ബോസ്

ചൈനയെപ്പോലെ തന്നെ സോഫ്റ്റ്‌വെയര്‍ മേഖലയില്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്താന്‍ ആഗ്രഹിക്കുന്നുണ്ട് ഇന്ത്യയും. ഭാരത് ഓപ്പറേറ്റിങ് സിസ്റ്റം സൊലൂഷന്‍സ് (ബോസ് ജിഎന്‍യു/ലിനക്‌സ്) എന്ന ലിനക്‌സ് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റമാണ് ഇന്ത്യ വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇത് ഡെബിയന്‍ (Debian) കേന്ദ്രീകൃതമായിരിക്കും. ബോസിന്റെ നാല് എഡിഷനുകളാണ് ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. വ്യക്തികളുടെയും ഓഫിസുകളുടെയും ഉപയോഗത്തിനായി ബോസ് ഡെസ്‌ക്‌ടോപ്പ്, വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായി എജ്യുബോസ്, ബോസ് അഡ്വാന്‍സ്ഡ് സെര്‍വര്‍, ബോസ് മൂള്‍ (BOSSMOOL) എന്നിവയാണ് അവ. ഏറ്റവും പുതിയ സ്റ്റേബിള്‍ പതിപ്പിന്റെ പേര് ഉജ്ര (Urja) എന്നാണ്. ഇത് വേര്‍ഷന്‍ 9.0 ആണ്.

∙ വികസിപ്പിക്കുന്നത് സി-ഡാക്

ബോസ് ഒഎസ് വികസിപ്പിക്കുന്നതിന്റെ ചുമതല സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്ങിന് (സി-ഡാക്) ആണ്. ഇന്ത്യയില്‍ മൊത്തം പുതിയ ഒഎസ് പ്രചരിപ്പിക്കാനായിരിക്കും സി-ഡാക് ശ്രമിക്കുക. വിവിധ ഇന്ത്യന്‍ ഭാഷകളെയും ബോസ് പിന്തുണയ്ക്കും. ഇതിന്റെ പ്രചാരണത്തിന് കേന്ദ്ര സർക്കാരിന്റെ പിന്തുണയും ഉണ്ട്. ഇതിന് ലിനക്‌സ് ഫൗണ്ടേഷന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞു. ഇന്റലിന്റെയും എഎംഡിയുടെയും പ്രോസസറുകളെ ബോസ് സപ്പോര്‍ട്ടു ചെയ്യുന്നു. അതേസമയം, സ്വന്തം ഒഎസ് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാകണമെങ്കില്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്.

indian-os

∙ ഗിറ്റ്ഹബ് ഉപയോഗിക്കുന്നത് നിർത്തണമെന്ന്

സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റിന് ഉപയോഗിച്ചു വന്ന ഗിറ്റ്ഹബ് ഇനി ഉപയോഗിക്കരുതെന്ന് സോഫ്റ്റ്‌വെയര്‍ ഫ്രീഡം കണ്‍സേര്‍വന്‍സി (എസ്എഫ്‌സി) ആവശ്യപ്പെട്ടു. അമേരിക്ക കേന്ദ്രമായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എസ്എഫ്‌സി. സ്ഥാപനത്തിന് ഗൂഗിള്‍, റെഡ് ഹാറ്റ്, മോസില തുടങ്ങിയ കമ്പനികളുടെ പിന്തുണയും ഉണ്ട്. ഗിറ്റ്ഹബ് ഇപ്പോള്‍ മൈക്രോസോഫ്റ്റിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

മൈക്രോസോഫ്റ്റ് ഇപ്പോള്‍ കോപൈലറ്റ് (Copilot) എന്ന പ്രോഡക്ട് അവതരിപ്പിച്ച് ഗിറ്റ്ഹബില്‍നിന്ന് ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നതാണ് എസ്എഫ്‌സിയുടെ അപ്രീതിക്കു കാരണം. ഡവലപ്പര്‍മാരെ ഗിറ്റ്ഹബില്‍നിന്ന് മൈഗ്രേറ്റ് ചെയ്യാന്‍ സഹായിക്കാമെന്നും എസ്എഫ്‌സി പറഞ്ഞിട്ടുണ്ട്. ഗിറ്റ്ഹബില്‍ 83 ദശലക്ഷം ഡവലപ്പര്‍മാരാണ് ഉളളത്. ഇന്ത്യയില്‍നിന്നു മാത്രമായി 72 ലക്ഷം ഡവലപ്പര്‍മാരുണ്ട്.

∙ അസൂസ് റോഗ് ഫോണ്‍ 6 ഇന്ത്യയിലും ജൂലൈ 5ന് അവതരിപ്പിക്കും

ഏറ്റവും പുതിയ ഗെയിമിങ് സ്മാര്‍ട് ഫോണായ റോഗ് ഫോണ്‍ 6 ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് അസൂസ്. ജൂലൈ 5നായിരിക്കും അവതരണം. യൂട്യൂബ് ചാനലില്‍ വൈകിട്ട് ഇന്ത്യന്‍ സമയം 5.30 മുതല്‍ ഇത് വീക്ഷിക്കാം. ഫോണ്‍ ആഗോള വിപണിയില്‍ ആദ്യം ലഭ്യമാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉണ്ട്.

English Summary: China rallies support for Kylin Linux in war on Windows

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS