ADVERTISEMENT

അമേരിക്കയും ചൈനയും മറ്റു ലോക രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ വീഴ്ത്തിയേക്കാവുന്ന ഒരു വാര്‍ത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സൈനിക ബഹിരാകാശ പദ്ധതിക്കായി ചന്ദ്രനെ മൊത്തത്തില്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ചൈന ചിന്തിക്കുന്നുണ്ടാകാമെന്നുള്ള ഭീതി പങ്കുവച്ചിരിക്കുകയാണ് നാസയുടെ (NASA) അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍. ബില്‍ഡ് പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് അമേരിക്ക ഇപ്പോള്‍ പുതിയൊരു ബഹിരാകാശ മത്സരത്തില്‍ (Space War) ഏര്‍പ്പെട്ടിരിക്കുകയാണ് എന്നാണ്. ഈ മത്സരം ചൈനയുമായാണ് എന്നും അദ്ദേഹം പറഞ്ഞു.

 

∙ ചന്ദ്രനില്‍ ചൈനയുടെ സ്വന്തം സങ്കേതം 2035ല്‍ ? 

 

ചൈന 2035 ല്‍ സ്വന്തം ചാന്ദ്ര സങ്കേതം (ചന്ദ്രനിലുള്ള സ്‌പേസ് സ്റ്റേഷൻ) പണി പൂര്‍ത്തിയാക്കിയേക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. അതു കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം അവിടെ പരീക്ഷണങ്ങളും തുടങ്ങിയേക്കാമെന്ന് ബില്‍ ഭയപ്പെടുന്നു. ചൈന ചന്ദ്രനില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ബഹിരാകാശ പദ്ധതി സൈനിക തലത്തിലുള്ളതായിരിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ആധിപത്യം സ്ഥാപിക്കാനുള്ള വളരെ കടുത്ത മത്സരം നടക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ ഭാഗത്ത് കാണുമെന്നു പ്രതീക്ഷിക്കുന്ന വെള്ളത്തിന്റെ നിക്ഷേപം റോക്കറ്റ് ഇന്ധന നിര്‍മാണത്തിന് പ്രയോജനപ്പെടുത്താമെന്നതാണ് ഇതിനു കാരണമെന്നും അദ്ദേഹം വെളിപ്പെടുത്തി.

 

∙ ചന്ദ്രന്‍ ഞങ്ങളുടേത് മാത്രമെന്ന് ചൈന പ്രഖ്യാപിക്കുമോ?

 

ചൈന ചന്ദ്രനില്‍ കാലുകുത്തുകയും തുടര്‍ന്ന് ചന്ദ്രന്‍ പീപ്പിൾസ് റിപ്പബ്ലിക്കിന്റേതു മാത്രമാണ്, മറ്റാരും ഇങ്ങോട്ടു വരേണ്ട എന്നു പ്രഖ്യാപിക്കുകയും ചെയ്യുമൊ എന്ന കാര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമുണ്ടെന്നും ബില്‍ പറഞ്ഞു. ചന്ദ്രന്റെ കാര്യത്തില്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ അമേരിക്കയുമായി സഹകരിക്കുന്നില്ലെന്നുള്ള ആരോപണം അദ്ദേഹം ഈ വര്‍ഷം ഏപ്രിലില്‍ ഉയര്‍ത്തിയിരുന്നു. സുപ്രധാനമായ പല ഡേറ്റയും ചൈനീസ് ഗവേഷകര്‍ അമേരിക്കയ്ക്കു നല്‍കുന്നില്ലെന്നാണ് അദ്ദേഹം അന്നു പറഞ്ഞത്.

 

∙ ചൈനയുടെ ലക്ഷ്യം ഭയപ്പെടുത്തുന്നതെന്ന് ബില്‍

internet

 

ചൈന ചന്ദ്രനില്‍ എന്തു ബഹിരാകാശ ദൗത്യം നേടാനാണ് ശ്രമിക്കുന്നതെന്ന ചോദ്യത്തിനും ബില്‍ ഉത്തരം നൽകുന്നുണ്ട്. മറ്റു രാജ്യങ്ങളുടെ സാറ്റലൈറ്റുകളെ എങ്ങനെ നശിപ്പിച്ചു കളയാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അതിവേഗം ആര്‍ജിക്കുകയാണ് ചൈനീസ് ശാസ്ത്രജഞര്‍ എന്നാണ് ബില്ലിന്റെ അവകാശവാദം. അതേസമയം, തങ്ങളുടെ ബഹിരാകാശ ദൗത്യം സമാധാനപരമായിരിക്കുമെന്നൊക്കെ തട്ടിവിട്ടതിനു ശേഷമാണ് ചൈന ഇതു ചെയ്യുന്നതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ചൈന തങ്ങളുമായി സഹകരിക്കുന്നില്ലെന്ന് പറഞ്ഞു എങ്കിലും അത്തരം ഒരു സഹകരണം നടത്തുന്നുണ്ടെങ്കില്‍ പോലും നാസ അതിന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതി വാങ്ങുമെന്നും ചൈനയുടെ കടുത്ത വിമര്‍ശകനായി അറിയപ്പെടുന്ന ബില്‍ പറഞ്ഞു.

 

∙ വൂള്‍ഫ് അമന്‍ഡ്‌മെന്റ്

 

അമേരിക്ക 2011ല്‍ പാസാക്കിയ ബില്‍ പ്രകാരം ചൈനയുമായി നേരിട്ടുള്ള എന്ത് ഇടപാടിനും കോണ്‍ഗ്രസിന്റെയും ഫെഡറല്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് അധികാരികളുടെയും അനുമതി സമ്പാദിക്കണം. നാസയും ചൈനീസ് ബഹിരാകാശ മേഖലയും തമ്മില്‍ നേരിട്ട് ഒരു ഇടപാടും പറ്റില്ലെന്ന് പറഞ്ഞ് വൂള്‍ഫ് അമന്‍ഡ്‌മെന്റ് എന്ന പേരില്‍ നിയമം കൊണ്ടുവന്നത് നിര്‍ഭാഗ്യകരമാണ് എന്നാണ് ചൈന പ്രതികരിച്ചത്.

 

∙ ഇന്ത്യയിലെ ഇന്റര്‍നെറ്റ് പ്രസരണം നിർത്തിവയ്ക്കലിന്റെ കണക്കു പുറത്തുവിട്ട് എസ്എഫ്എല്‍സി

Hacking

 

സോഫ്റ്റ്‌വെയര്‍ ഫ്രീഡം ലോ സെന്റര്‍ (എസ്എഫ്എല്‍സി) ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഷട്‌ഡൗണിന്റെ കണക്കുകള്‍ പുറത്തുവിട്ടു. ഇന്ത്യയില്‍ 2021ല്‍ ജൂണ്‍ വരെ 59 തവണയാണ് ഇന്റര്‍നെറ്റ് പ്രസരണം നിർത്തിയതെന്നാണ് അവര്‍ പറയുന്നത്. അതേസമയം, 2021ല്‍ മൊത്തത്തില്‍ 100 തവണ നിർത്തി. എന്നാല്‍, 2020ല്‍ 129 തവണയും നിർത്തി. അതേസമയം, 2012-13 കാലഘട്ടത്തില്‍ ആകെ എട്ടു തവണയായിരുന്നു ഇന്റര്‍നെറ്റ് ഷട്‌ഡൗണ്‍ നടത്തിയതെന്ന് എസ്എഫ്എല്‍സി പറയുന്നു. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു നിയമ സര്‍വീസ് ആണ് എസ്എഫ്എല്‍സി. ഏറ്റവും അധികം തവണ ഇന്റര്‍നെറ്റ് നിർത്തിയത് ജമ്മു കശ്മിരിലാണ്-411 തവണ. രണ്ടാം സ്ഥാനം രാജസ്ഥാനാണ്-88. അതേസമയം, 30 തവണ നിർത്തിയ ഉത്തര്‍ പ്രദേശാണ് മൂന്നാം സ്ഥാനത്ത് എന്ന് എസ്എഫ്എല്‍സി പറയുന്നു.

 

∙ ആപ്പിളിന്റെ സ്വന്തം 5ജി മോഡം നിർമിക്കാന്‍ സാധിക്കാത്തതിന്റെ കാരണം ഇതായിരിക്കാം

 

ആപ്പിള്‍ കമ്പനി 2023ല്‍ ഇറക്കാനിരുന്ന ഐഫോണ്‍ സീരീസില്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത 5ജി മോഡം പിടിപ്പിക്കാന്‍ സാധിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ ആയിരുന്നു അത്തരം ഒരു പ്രവചനം നടത്തിയത്. ആപ്പിളിന് ക്വാല്‍കം കമ്പനിയുടെ ചിപ്പുകള്‍ തന്നെ ഉപയോഗിക്കേണ്ടി വന്നേക്കുമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. എന്നാല്‍, ആപ്പിളിന് സ്വന്തം 5ജി ചിപ്പ് വികസിപ്പിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ ഇല്ലാത്തതല്ല ഇതിനു കാരണം എന്നാണ് പുതിയ റിപ്പോര്‍ട്ട് പറയുന്നത്.

 

∙ പേറ്റന്റ് നിയമ യുദ്ധം

 

ഇപ്പോള്‍ 9ടു5മാക് പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ക്വാല്‍കവും ആപ്പിളും തമ്മില്‍ നടക്കുന്ന പേറ്റന്റ് നിയമ യുദ്ധം കാരണമാണ് ആപ്പിളിന്റെ സ്വന്തം ചിപ്പ് ഉപയോഗിക്കാന്‍ സാധിക്കാത്തത്. ക്വാല്‍കമിന്റെ രണ്ട് പേറ്റന്റുകളുടെ സാധുത ഇല്ലാതാക്കാന്‍ സാധച്ചാല്‍ മാത്രമാണ് സ്വന്തം 5ജി മോഡം നിർമിച്ചെടുക്കാന്‍ ആപ്പിളിനു സാധിക്കുക എന്നാണ് 9ടു5മാക് പറയുന്നത്.

 

∙ 2017 മുതല്‍ ഇരു കമ്പനികളും നിയമ യുദ്ധം നടത്തുന്നു

 

തങ്ങള്‍ക്ക് പേറ്റന്റ് ലഭിച്ച സാങ്കേതികവിദ്യകളിലേക്ക് ആപ്പിള്‍ കടന്നുകയറി എന്നു പറഞ്ഞ് 2017 ല്‍ ക്വാല്‍കം കോടതിയെ സമീപിച്ചിരുന്നു. ഐഫോണ്‍, ഐപാഡ്, ആപ്പിള്‍ വാച്ച് തുടങ്ങിയ ഉപകരണങ്ങളില്‍ തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു എന്നായിരുന്നു ക്വാല്‍കമിന്റെ ആരോപണം. ഇരു കമ്പനികളും രണ്ടു വര്‍ഷത്തോളം നിയമ യുദ്ധത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് 2019ല്‍ ഒട്ടു മുക്കാൽ പ്രശ്‌നങ്ങളും ഇരു കമ്പനികളും ചര്‍ച്ച ചെയ്ത് പരിഹരിച്ചിരുന്നു.

 

∙ സുപ്രീം കോടതിയും ആപ്പിളിനെ കൈവിട്ടു

 

ചര്‍ച്ചകളില്‍ രണ്ടു പേറ്റന്റുകളുടെ കാര്യത്തില്‍ തീരുമാനമായിരുന്നില്ല. ഈ കേസ് അമേരിക്കയിലെ പേറ്റന്റ് ട്രയല്‍ ആന്‍ഡ് അപലേറ്റ് ബോര്‍ഡിന്റെ മുന്നിലെത്തി. ബോര്‍ഡ് ക്വാല്‍കമിന്റെ ഭാഗത്താണ് ന്യായമെന്നു വിധിക്കുകയായിരുന്നു. തുടര്‍ന്ന് അമേരിക്കയിലെ കോര്‍ട്ട്ഓഫ് അപ്പീല്‍സില്‍ എത്തിയപ്പോഴും ആപ്പിള്‍ പരാജയപ്പെട്ടു. തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ആപ്പിള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതി ആപ്പിളിന്റെ അപ്പീല്‍ കേള്‍ക്കാന്‍ വിസമ്മതിച്ചു. ഇതോടെ ക്വാല്‍കം കമ്പനിയുമായി എന്തെങ്കിലും ധാരണയിലെത്തിയാല്‍ മാത്രമായിരിക്കാം ഇനി ആപ്പിളിന് സ്വന്തം 5ജി മോഡം പുറത്തിറക്കാനാകുക എന്നാണ് വാദം.

 

∙ 100 കോടി ചൈനക്കാരുടെ ഡേറ്റ പൊലിസില്‍ നിന്ന് കവര്‍ന്നെന്ന് ഹാക്കര്‍

 

ഷാങ്ഹായ് പൊലിസ് ശേഖരിച്ചു വച്ചിരുന്ന ഏകദേശം 100 കോടി ചൈനക്കാരുടെ ഡേറ്റ കവര്‍ന്നതായി ഹാക്കര്‍ അവകാശപ്പെട്ടു. 'ചൈനാഡാന്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഹാക്കറാണ് 23 ടിബി ഡേറ്റ കവര്‍ന്നതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നത്. 'ബ്രീച് ഫോറംസ്' വെബ്‌സൈറ്റില്‍ ഈ ഡേറ്റ 10 ബിറ്റ്‌കോയിന് (200,000 ഡോളര്‍) വില്‍ക്കാന്‍ വച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

 

ചൈനക്കാരെക്കുറിച്ചുള്ള നിരവധി വിവരങ്ങളാണ് ഇവിടെ വില്‍ക്കാന്‍ വച്ചിരിക്കുന്നത്. ഓരോരുത്തരുടെയും പേര്, അഡ്രസ്, ജനനസ്ഥലം, ദേശീയ ഐഡി നമ്പര്‍, മൊബൈല്‍ നമ്പര്‍, കുറ്റകൃത്യം ചെയ്തിട്ടുണ്ടോ എന്നുള്ളതിനെക്കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവയൊക്കെയാണ് ഹാക്കര്‍ വില്‍പനയ്ക്കു വച്ചിരിക്കുന്ന ഡേറ്റ. ഷാങ്ഹായ് നാഷണല്‍ പൊലിസിന്റെ കൈയ്യില്‍ നിന്നാണ് രേഖകള്‍ ചോര്‍ന്നത്.

 

English Summary: China might be contemplating a 'takeover' of the Moon, says NASA administrator

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com