ADVERTISEMENT

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളുടെ മുഖഭാവവും തലച്ചോറിലെ തരംഗപ്രവാഹവും (ബ്രെയിൻ വേവ്) വിശകലനം ചെയ്ത് അവര്‍ക്ക് പാർട്ടിയോടുള്ള കൂറ് അടക്കം കണ്ടെത്താനാവുന്ന നിർമിതബുദ്ധി സംവിധാനം (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – എഐ) ചൈനയിലെ ഗവേഷകര്‍ വികസിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. ഹെഫെയ് (Hefei) കോംപ്രിഹെന്‍സിവ് നാഷനല്‍ സയന്‍സ് സെന്ററിലെ ഗവേഷകരാണ് ഇതു വികസിപ്പിച്ചതെന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

∙ പുതിയ എഐ സിസ്റ്റത്തിന് എന്തു ചെയ്യാനാകും?

പുതിയ സാങ്കേതികവിദ്യയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ലേഖനം ജൂലൈ ഒന്നിന് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തെന്നും താമസിയാതെ അത് ഡിലീറ്റ് ചെയ്തെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. പുതിയ സംവിധാനത്തിന്, പാര്‍ട്ടിയോട് അംഗങ്ങൾക്കുള്ള കൂറ് പരിശോധിക്കാനാകും. ഹെഫെയ് സെന്ററിലെ ഗവേഷകര്‍ ഇതിന്റെ പ്രവര്‍ത്തനമികവ് പരിശോധിച്ചറിഞ്ഞു കഴിഞ്ഞു. പാര്‍ട്ടി അംഗങ്ങള്‍ എങ്ങനെയാണ് പുതിയ ചിന്തകളെയും രാഷ്ട്രീയ വിദ്യാഭ്യാസത്തെയും ഉൾക്കൊള്ളുന്നതെന്ന് എഐ ഉപയോഗിച്ച് അറിയാനാകുമെന്നാണ് ഒരു അവകാശവാദം. പാര്‍ട്ടി അംഗങ്ങള്‍ക്കു നല്‍കുന്ന രാഷ്ട്രീയ വിദ്യാഭ്യാസം എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ഡേറ്റയും നല്‍കും.

∙ മറ്റു ഗുണങ്ങള്‍

പാര്‍ട്ടി അംഗങ്ങളുടെ ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും ഇതു വര്‍ധിപ്പിക്കുമെന്നും അവര്‍ പാര്‍ട്ടിയോട് കൂടുതല്‍ നന്ദിയുള്ളവരായിരിക്കുമെന്നും പാര്‍ട്ടിയെ അനുസരിക്കുമെന്നും അവകാശപ്പെടുന്നുണ്ട്. ലേഖനത്തോടൊപ്പം ഒരു വിഡിയോയും അപ്‌ലോഡ് ചെയ്തിരുന്നു. ഇതും ഡിലീറ്റു ചെയ്തു. അതില്‍ ഗവേഷകന്‍ ഒരു ബൂത്തിലേക്ക് (കിയോസ്‌ക്) കടന്നുവരുന്നതും ഒരു കംപ്യൂട്ടര്‍സ്‌ക്രീനിനു മുന്നില്‍ ഇരിക്കുന്നതും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയങ്ങളെയും നേട്ടങ്ങളേയും പ്രകീര്‍ത്തിക്കുന്ന ലേഖനങ്ങള്‍ വായിക്കുന്നതും കാണാം. കിയോസ്‌കിലുള്ള നിരീക്ഷണ ക്യാമറകള്‍ ലേഖനങ്ങള്‍ വായിക്കുന്ന ആളുടെ മുഖഭാവങ്ങള്‍ ഒപ്പിയെടുക്കുന്നു.

∙ ചൈനയില്‍ ഇതൊന്നും പുതിയതല്ല

കിയോസ്‌കിനുളളിലാണോ ബ്രെയ്ന്‍ വേവ് വായിക്കാനുള്ള സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ലെന്നു ലേഖനത്തില്‍ പറയുന്നു. ഈ പുതിയ സംവിധാനം എങ്ങനെ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നോ മുഴുവന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളെയും ഇതിലൂടെ കടത്തിവിടുമോ എന്നോ വ്യക്തമല്ല.

അതേസമയം, ബ്രെയ്ന്‍ വേവ് വായിക്കുക എന്നത് ചൈനയില്‍ പുതിയ കാര്യമൊന്നുമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ല്‍ ഹാങ്‌സോ പട്ടണത്തില്‍ തലച്ചോര്‍ സ്‌കാന്‍ ചെയ്യുന്ന സാങ്കേതികവിദ്യ ഫാക്ടറി ജോലിക്കാരെ പരിശോധിക്കാനായി ഉപയോഗിച്ചിരുന്നതായി സൗത്ത് ചൈനാ മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനായി തലച്ചോറിലെ കാര്യങ്ങള്‍ വായിച്ചെടുക്കാനുള്ള ഹെല്‍മെറ്റുകള്‍ ആണ് ധരിപ്പിച്ചതെന്നു പറയുന്നു. ജോലിക്കാരന്റെ വികാരങ്ങള്‍ പിടിച്ചെടുത്ത ശേഷം, എഐ അയാളുടെ ഉന്മാദത്തിന്റെയും വിഷാദത്തിന്റെയും ആശങ്കയുടെയും ഒക്കെ പരിധിയാണ് അന്ന് കണ്ടെത്താന്‍ ശ്രമിച്ചത്.

∙ ആപ് നേരത്തെ മുതല്‍ പ്രവര്‍ത്തിക്കുന്നു

ചിന്തയും രാഷ്ട്രീയ വിദ്യാഭ്യാസവും കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള കൂറു നിലനിര്‍ത്താന്‍ അത്യാവശ്യമാണെന്നു വിശ്വസിക്കുന്ന ആളാണ് പ്രസിഡന്റ് ഷി ചിന്‍പിങ് എന്ന് ആരോപണമുണ്ട്. സൈദ്ധാന്തിക മാർഗനിർേദശത്തിനായി ഒരു ആപ് മുൻപുതന്നെയുണ്ട്. സുവെക്‌സിക്വിയന്‍ഗുവോ (Xuexi Qiangguo) അല്ലെങ്കില്‍ 'ചൈനയെ ശാക്തീകരിക്കാനുള്ള പഠനം' എന്നാണ് അതിന്റെ പേര്. 96.77 ദശലക്ഷം പാര്‍ട്ടി അംഗങ്ങളാണ് ഉള്ളത്. ഇവര്‍ക്കായി ലേഖനങ്ങളും വിഡിയോകളും ചോദ്യോത്തര പംക്തിയും ഒക്കെ ആപ്പിലുണ്ട്. ഇതിലൂടെ, മികച്ച പാർട്ടി പ്രവർത്തകൻ എന്ന നിലയിലുള്ള വളർച്ചയ്ക്ക് അനുസരിച്ചു പോയിന്റുകള്‍ നേടാനുള്ള സൗകര്യവും ഉണ്ട്.

ഓരോ അംഗവും എത്ര സമയം ആപ്പില്‍ ചെലവിടുന്നു എന്നത് ആപ് രേഖപ്പെടുത്തിവയ്ക്കുന്നു. പ്രസിഡന്റിന്റെ ലേഖനങ്ങളും മറ്റും വായിക്കുന്നുണ്ടോ എന്നും അദ്ദേഹത്തിന്റെ വിഡിയോകളും പ്രസംഗങ്ങളും കാണുന്നുണ്ടോ എന്നും ഒക്കെ ആപ്പിന് അറിയാനാകും. അതേസമയം, ചൈന സ്ഥാപിക്കുന്ന ഇത്തരം നിരീക്ഷണ സംവിധാനത്തെ പടിഞ്ഞാറന്‍ ലോകം നിശിതമായി വിമര്‍ശിക്കുന്നുമുണ്ട്.

School children place their hands on the Communist Party flag during a class about the history of the Communist Party at a school in Lianyungang, in China's eastern Jiangsu province on June 28, 2020. - Schools in Jiangsu are holding classes to teach students about the history of the party and its flag and emblem ahead of the Communist Party's 99th anniversary on July 1. (Photo by AFP) / China OUT
School children place their hands on the Communist Party flag during a class about the history of the Communist Party at a school in Lianyungang, in China's eastern Jiangsu province on June 28, 2020. - Schools in Jiangsu are holding classes to teach students about the history of the party and its flag and emblem ahead of the Communist Party's 99th anniversary on July 1. (Photo by AFP) / China OUT

∙ ഫെയ്‌സ്ബുക്കിന്റെ മെറ്റാവേഴ്‌സ് അവതരിപ്പിക്കുന്ന രീതി ഇഷ്ടപ്പെടാതെ മുന്‍ ഗൂഗിള്‍ മേധാവി

ഇന്റര്‍നെറ്റിന്റെ അടുത്ത ഘട്ടമായേക്കാമെന്നു കരുതുന്ന മെറ്റാവേഴ്‌സിനോട് ഗൂഗിള്‍ മുന്‍ മേധാവി എറിക് സ്മിഡ്റ്റ് താത്പര്യം കാണിക്കുന്നില്ല. അമേരിക്കയിലെ കൊളറാഡോയില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം തന്റെ അനിഷ്ടം മറച്ചുവയ്ക്കാതെ സംസാരിച്ചതെന്ന് റോയിട്ടേഴ്‌സ് പറയുന്നു. മെറ്റാവേഴ്‌സ് എന്നു പറഞ്ഞാല്‍ എന്താണ് എന്നതിനെക്കുറിച്ച് അംഗീകരിക്കപ്പെട്ട ഒരു നിര്‍വചനം പോലും ഇതുവരെ ഉണ്ടാക്കിയെടുക്കാനായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

ഒരു കമ്പനി അതിന്റെ പേരു പോലും മെറ്റാവേഴ്‌സിന്റെ വരവിന് അനുസരിച്ച് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിന്റെ പേരെടുത്തു പറയാതെയായിരുന്നു വിമർശനം. മെറ്റാവേഴ്‌സിലെ സാങ്കല്‍പിക പ്രദേശങ്ങള്‍ പണം നല്‍കി വാങ്ങാവുന്ന സാധ്യതയും ഉണ്ടായിരിക്കും. ഇത് തനിക്ക് താത്പര്യമുള്ള കാര്യമയിരിക്കില്ലെന്നും സ്മിഡ്റ്റ് പറഞ്ഞു. എന്നാല്‍, ഇത് ആദ്യമായല്ല അദ്ദേഹം ഫെയ്‌സ്ബുക്കിനെതിരെ രംഗത്തുവരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിഎന്‍ബിസിയോട് സംസാരിക്കവെ 2021ല്‍ സ്മിഡ്റ്റ് പറഞ്ഞത് താന്‍ കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി മെറ്റാവേഴ്‌സിനായി കാത്തിരിക്കുന്നയാളാണ് എന്നാണ്. ഫെയ്സ്ബുക് അത് നടപ്പിലാക്കാന്‍ പോകുന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സ്മിഡ്റ്റ് 2001-2011 വരെ ഗൂഗിളിന്റെ മേധാവിയായിരുന്നു. തുടര്‍ന്ന് 2015-2017 ൽ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റിന്റെ എക്‌സിക്യൂട്ടിവ് ചെയര്‍മാനായും 2017-2020 കാലത്ത് ടെക്‌നിക്കല്‍ അഡ്വൈസറായും പ്രവര്‍ത്തിച്ച സ്മിഡ്റ്റ് ടെക്‌നോളജിയെക്കുറിച്ച് ഏറ്റവുമധികം ധാരണയുള്ള ആളുകളില്‍ ഒരാളാണ്.

∙ വണ്‍പ്ലസ് 10ടി സീരീസ് ഉടനെ പുറത്തിറക്കിയേക്കും

അടുത്ത മാസങ്ങളില്‍ പുറത്തിറക്കുമെന്നു കരുതപ്പെടുന്ന ഒരു സ്മാര്‍ട് ഫോണ്‍ മോഡലാണ് വണ്‍പ്ലസ് 10ടി. ഇതിന് 6.7-ഇഞ്ച് വലുപ്പമുളള ഫുള്‍ എച്ഡി പ്ലസ് അമോലെഡ് സ്‌ക്രീനായിരിക്കും ഉള്ളത്. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 8പ്ലസ് ജെന്‍ 1 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 12 ജിബി റാമും 256 ജിബി സ്റ്റോറേജ് ശേഷിയും പ്രതീക്ഷിക്കുന്നു.

ഈ മോഡലിന് മൂന്നു പിന്‍ ക്യാമറാ സിസ്റ്റമാണ് പ്രതീക്ഷിക്കുന്നത് - 50എംപി പ്രധാന ക്യാമറ, 8എംപി അള്‍ട്രാ വൈഡ്, 2എംപി മാക്രോ. കൂടാതെ, 16 എംപി സെല്‍ഫി ക്യാമറയും ഉണ്ടായിരിക്കും. ഫോണിന്റെ വില ആമസോണ്‍ യുകെയില്‍ അബദ്ധത്തിൽ പുറത്തായി. ലഭ്യമായ റിപ്പോർട്ട് പ്രകാരം വില 799 പൗണ്ടാണ് (ഏകദേശം 76,300 രൂപ). ഇന്ത്യയില്‍ ഏറെ ആരാധകരുള്ള കമ്പനിയാണ് വണ്‍പ്ലസ്.

English Summary: China's AI system 'can check loyalty of party members'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com