ADVERTISEMENT

ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാവായ വിവോയുടെ (Vivo India) ഡയറക്ടര്‍മാര്‍ ഇന്ത്യയില്‍നിന്നു കടന്നെന്ന് വാർത്താ ഏജൻസിയായ എഎന്‍ഐ. കമ്പനിക്കെതിരെ ഇന്ത്യയുടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കിയതിനു പിന്നാലെയാണ് വിവോയുടെ ഇന്ത്യയിലെ ഡയറക്ടര്‍മാരായിരുന്ന സെങ്‌ഷെന്‍ ഓവു, സാങ് ജിയ് എന്നിവര്‍ രാജ്യം വിട്ടത്. കേസുമായി ബന്ധപ്പെട്ട് 44 ഇടങ്ങളില്‍ നിന്ന് കമ്പനിക്കെതിരെ ഇഡി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും‌ം ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുമായിരുന്നു അന്വേഷണം.

∙ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നോ?

വിവോ മൊബൈല്‍ കമ്യൂണിക്കേഷന്‍സ്, മറ്റു ചില ചൈനീസ് കമ്പനികളുടെ ഓഫിസുകള്‍ എന്നിവിടങ്ങളിലായിരുന്നു തിരച്ചിലും തെളിവു ശേഖരണവും. ഈ കേസ് സിബിഐയും അന്വേഷിക്കുന്നുണ്ട്. ഐടി ഡിപ്പാര്‍ട്ട്‌മെന്റ്, കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം തുടങ്ങിയവയും ഈ കേസിന്റെ അന്വേഷണത്തില്‍ സജീവമായി ഇടപെടുന്നുണ്ട്. രാജ്യത്ത് ചൈനീസ് കമ്പനികള്‍ക്കെതിരെ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗം തന്നെയാണ് വിവോയ്‌ക്കെതിരെ ഇഡിയുടെ തിരച്ചിലും. കള്ളപ്പണം വെളുപ്പിക്കൽനിരോധന നിയമത്തിന്റെ (പിഎംഎല്‍എ) ലംഘനം നടന്നിട്ടുണ്ടോ എന്നാണ് ഇഡിയും മറ്റ് ഏജന്‍സികളും അന്വേഷിക്കുന്നത്.‌

മറ്റ് ചൈനാ കേന്ദ്രീകൃത കമ്പനികള്‍ക്കെതിരെയും അന്വേഷണം നടക്കുന്നു. വിവോ മൊബൈല്‍ കമ്യൂണിക്കേഷന്‍സിന് എതിരെയുള്ള അന്വേഷണത്തില്‍ എന്തെങ്കിലും കണ്ടെത്തിയോ എന്നു വ്യക്തമല്ല. നിയമ ലംഘനവും തട്ടിപ്പുകളും നടന്നോ എന്ന അന്വേഷണത്തില്‍ കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം അതീവ താത്പര്യത്തോടെയാണ് ഇടപെടുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവോയ്‌ക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യം ഏപ്രിലിലാണ് ഉണ്ടായത്.

∙ ഷഓമിക്കെതിരെ അന്വേഷണം

ഇന്ത്യയില്‍ ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന കമ്പനിയായ ഷഓമിക്കെതിരെ (Xiaomi) ഇഡി അടക്കമുള്ള ഏജന്‍സികള്‍ നേരത്തേ അന്വേഷണം നടത്തിയിരുന്നു. ഷഓമിയുടെ വിവിധ അക്കൗണ്ടുകളില്‍ നിന്നായി 72.5 കോടി ഡോളര്‍ പിടിച്ചെടുക്കുകയും ചെയ്തു. ഷഓമിയിലെ ജോലിക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണി മുഴക്കിയിരുന്നു എന്നും ആന്‍ഡ്രോയിഡ് പൊലിസ്.കോമിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണിയെ അടക്കി വാഴുന്നത് ചൈനീസ് സ്മാര്‍ട് ഫോണ്‍ കമ്പനികളും അവയുടെ സബ് ബ്രാന്‍ഡുകളുമാണ്. ഇവരെ കൂടാതെ ഇന്ത്യന്‍ വിപണിയില്‍ കാര്യമായ സ്വാധീനമുള്ളത് ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങിനു മാത്രമാണ്.

∙ അഞ്ഞൂറിലേറെ കമ്പനികള്‍ക്കെതിരെ അന്വേഷണം

മേയ് ഒടുവില്‍ ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് വിവോ, സെഡ്ടിഇ കമ്പനികള്‍ നടത്തിയേക്കാവുന്ന തട്ടിപ്പുകളെക്കുറിച്ച് പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ആരോ കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിനു പരാതി നല്‍കിയിരുന്നു എന്നാണ്. കമ്പനികളുടെ ഉടമസ്ഥാവകാശം, സാമ്പത്തിക റിപ്പോര്‍ട്ടിങ് എന്നിവയിലാണ് പ്രശ്‌നമെന്നും സെഡ്ടിഇയുടെ സാമ്പത്തിക രേഖകള്‍ അടിയന്തരമായി പരിശോധിക്കാൻ ഉത്തവുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കേന്ദ്ര സർക്കാർ അഞ്ഞൂറിലേറെ ചൈനീസ് കമ്പനികളുടെ അക്കൗണ്ടുകള്‍ പരിശോധിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഷഓമി, ഒപ്പോ, വാവെയ്, ആലിബാബ തുടങ്ങിയ കമ്പനികള്‍ക്കെതിരെയാണ് അന്വേഷണം.

∙ ആദ്യമായല്ല അന്വേഷണം

ചൈനീസ് കമ്പനികള്‍ക്കെതിരെയുള്ള അന്വേഷണവും നടപടി സ്വീകരിക്കലും ഇന്ത്യയില്‍ ആദ്യമായല്ല . 2020 ല്‍ ടിക്‌ടോക്, ക്യാംസ്‌കാനര്‍ തുടങ്ങി 56 ചൈനീസ് ആപ്പുകള്‍ക്കെതിരെ അന്വേഷണം നടത്തുകയും നിരോധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഷഓമി, ബായിഡു തുടങ്ങിയ കമ്പനികളുടേത് അടക്കം 108 ചൈനീസ് ആപ്പുകളും അവയുടെ ഡവലപ്പര്‍മാരെയും നിരോധിച്ചിരുന്നു. ഗാൽവാന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യം നടത്തിയ കടന്നുകയറ്റത്തെ തുടർന്നായിരുന്നു ഇത്.

∙ വില കുറഞ്ഞ പ്രീമിയം ഫോണ്‍ വീണ്ടും അവതരിപ്പിക്കാന്‍ ഷഓമി

മൂന്നു വര്‍ഷത്തിനു ശേഷം, വില കുറഞ്ഞ പ്രീമിയം ഫോണ്‍ ശ്രേണിയായ റെഡ്മി കെ സീരീസ് തിരിച്ചുകൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ഷഓമി. റെഡ്മി കെ20, കെ20 പ്രോ മോഡലുകള്‍ക്കു ശേഷം ഇന്ത്യയില്‍ കെ സീരീസ് ഫോണുകള്‍ അവതരിപ്പിച്ചിട്ടില്ല. അടുത്തതായി കെ50ഐ എന്നൊരു മോഡല്‍ പുറത്തിറക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം, ഇത് റെഡ്മി നോട്ട് 11ടി പ്രോ പ്ലസ് പേരുമാറ്റി ഇറക്കുന്നതാണെന്നും ശ്രുതിയുണ്ട്. 5എന്‍എം ചിപ്പായ ഡിമെന്‍സിറ്റി 8100 ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഫോണായിരിക്കാം ഇത്. കെ50ഐക്ക് 12 ജിബി വരെ റാമുള്ള വേര്‍ഷനുകള്‍ ഇറക്കിയേക്കും. മികച്ച സ്‌ക്രീന്‍ ടെക്‌നോളജി, പിന്‍ക്യാമറാ സിസ്റ്റം തുടങ്ങിയവയും പ്രതീക്ഷിക്കുന്നു. ഏകദേശം 25,000 രൂപ വിലയിട്ടേക്കാമെന്ന് കരുതുന്നു.

∙ അമേരിക്ക സാങ്കേതിക വിദ്യാ ഭീകരപ്രവര്‍ത്തനം നടത്തുന്നുവെന്ന് ചൈന

നിക്കോണ്‍ കോര്‍പറേഷന്‍, എഎസ്എംഎല്‍ ഹോള്‍ഡിങ് എന്‍വി എന്നീ കമ്പനികള്‍ നിര്‍ണായകമായ ചിപ്പ് നിര്‍മാണ സാങ്കേതികവിദ്യ ചൈനീസ് കമ്പനികള്‍ക്കു വില്‍ക്കുന്നതിനെതിരെ അമേരിക്ക രംഗത്തുവന്നു. ഇതിനെ സാങ്കേതിക വിദ്യാ ഭീകരവാദമായി ചിത്രീകരിച്ച് ചൈന പ്രതികരിച്ചുവെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. വാഷിങ്ടനിനെതിരെ ചൈന ഇന്നേവരെ നടത്തിയതില്‍ വച്ച് ഏറ്റവും കടുത്ത വിമര്‍ശനമാണിത്. ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് സാവോ ലിജിയന്‍ ആണ് അമേരിക്കയ്ക്കെതിരെ രംഗത്തെത്തിയത്.

അതേസമയം, ചൈന തിരിച്ചടിക്കുമോ എന്ന കാര്യം വക്താവ് വെളിപ്പെടുത്തിയില്ല. തങ്ങളുടെ സാങ്കേതികവിദ്യാ മേധാവിത്വം നിലനിര്‍ത്താനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നതെന്നാണ് ചൈന പറയുന്നത്. എല്ലാ രാജ്യങ്ങളും സാങ്കേതികവിദ്യയ്ക്കായി അവർക്കു മുന്നില്‍ കാത്തുകിടക്കുന്നതു കാണാനാണ് അമേരിക്കയുടെ ആഗ്രഹം. മറ്റു രാജ്യങ്ങള്‍ സാങ്കേതികവിദ്യയില്‍ സ്വയംപര്യാപ്തത നേടുന്നതിനെതിരെയാണ് അമേരിക്ക രംഗത്തുവന്നിരിക്കുന്നതെന്നാണ് വിമര്‍ശനം.

ചൈനയ്ക്കു പകരം നെതര്‍ലൻഡ്സില്‍ ചിപ്പ് നിര്‍മിച്ചെടുക്കാനുള്ള ശ്രമത്തെയാണ് അമേരിക്ക പ്രോത്സാഹിപ്പിക്കുന്നത്. കാറുകള്‍, ഫോണുകള്‍, കംപ്യൂട്ടറുകള്‍, റോബട്ടുകള്‍ തുടങ്ങിയവ അടക്കം നിര്‍മിച്ചെടുക്കാനുള്ള സാങ്കേതികവിദ്യയാണ് ചൈനീസ് ചിപ്പ് നിര്‍മാണ കമ്പനികളുടെ കൈയ്യില്‍ ചെന്നെത്താതിരിക്കാന്‍ അമേരിക്ക ഇടപെട്ടിരിക്കുന്നത്.

facebook-instagram

∙ ഇന്‍സ്റ്റഗ്രാമും ഫെയ്‌സ്ബുക് മെസഞ്ചറും കുറച്ചു സമയത്തേക്ക് നിലച്ചു

ലോകമെമ്പാടുമുള്ള ചില ഉപയോക്താക്കള്‍ക്ക് ഫെയ്‌സ്ബുക് മെസഞ്ചറിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും (Facebook, Instagram) പ്രവര്‍ത്തനം കുറച്ചു സമയത്തേക്ക് നിലച്ചുവെന്ന് ഡൗണ്‍ഡിറ്റക്ടര്‍. ചിലര്‍ക്ക് 12 മണിക്കൂര്‍ വരെ നിലച്ചു. പ്രശ്‌നം നേരിട്ട ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളില്‍ 40 ശതമാനം പേര്‍ക്കും അക്കൗണ്ടിലേക്ക് ലോഗ്-ഇന്‍ ചെയ്യാന്‍ സാധിച്ചില്ലെന്നു പറയുന്നു.

English Summary: Vivo India directors Zhengshen Ou and Zhang Jie leave country as ED intensifies money laundering probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com