ADVERTISEMENT

ഒരേസമയം യന്ത്രപ്പക്ഷിയും വിമാനവും തിമിംഗലവുമായി തോന്നിക്കുന്ന ബെലൂഗാ വിമാനം ആവേശം പകരുന്ന ഒരു കാഴ്ചയാണ്. ഒരു കൂറ്റന്‍ ബെലൂഗ കാര്‍ഗോ വിമാനം ചെന്നൈയില്‍ ഇന്ധനം നിറയ്ക്കാനായി താഴ്ന്നിറങ്ങിയത് നേരിട്ടു കണ്ടതിന്റെ ആവേശത്തിലാണ് നഗരത്തിലെ വിമാന പ്രേമികള്‍. ഈ നഗരത്തില്‍ ആദ്യമായാണ് ബെലൂഗാ ഇറങ്ങുന്നത് എന്നതും ഈ സന്ദര്‍ഭത്തെ വ്യത്യസ്തമാക്കുന്നു. എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ ട്വീറ്റിലും അതിന്റെ പ്രസക്തി വ്യക്തമാണ്. ഈ കാര്‍ഗോ വിമാനം ഒരു അദ്ഭുതം തന്നെയാണെന്ന് ട്വീറ്റില്‍ പറയുന്നു.

അബുദാബിയില്‍നിന്ന് അഹമ്മദാബാദിലെത്തിയ ശേഷം തായ്‌ലൻഡിലേക്കുള്ള യാത്രയ്ക്കിടയിലായാണ് വിമാനം ചെന്നൈയില്‍ ഇറങ്ങിയത്. ജോലക്കാര്‍ക്ക് അല്‍പനേരം വിശ്രമിക്കാനും ഇന്ധനം നിറയ്ക്കാനുമായാണ് ചെന്നൈയില്‍ ഇറങ്ങിയതെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി പറയുന്നു. സൂപ്പര്‍ ട്രാന്‍സ്‌പോര്‍ട്ടര്‍ എന്ന പേരിലാണ് വിമാനം അറിയപ്പെടുന്നത്. ബെലൂഗ വിമാനം എ300-600 എയര്‍ബസ് വിമാനത്തിന്റെ ഒരു വകഭേദമാണ്. വലിയ മെഷീന്‍ ഭാഗങ്ങള്‍, ഹെലികോപ്റ്ററുകള്‍ തുടങ്ങിയവ ഒരിടത്തുനിന്ന് മറ്റൊരിടത്ത് എത്തിക്കാനാണ് ഇവ പൊതുവെ ഉപയോഗിക്കുന്നത്. സാധാരണ വിമാനങ്ങളില്‍ കയറ്റാന്‍ സാധിക്കാത്ത തരത്തിലുള്ള സാധനങ്ങളാണ് ഇതില്‍ കൊണ്ടുപോകുക.

ടേക്ക് ഓഫ് ഭാരം 1,55,000 കിലോ

ചെന്നൈയില്‍ ലാന്‍ഡ് ചെയ്ത ബെലൂഗയ്ക്ക് 56.15 മീറ്റര്‍ നീളവും, 44.84 മീറ്റര്‍ ചിറകു നീളവും ഉണ്ട്. വിമാനത്തിന്റെ ടേക്ക് ഓഫ് ഭാരം 1,55,000 കിലോ ആണ് എന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനപ്രീതിയുള്ള വിമാനമായ ബി747 വിമാനത്തെക്കാള്‍ വലിപ്പക്കുറവാണ് ബെലൂഗയ്ക്ക്. ബി747ന്റെ നീളം 70.6 മീറ്ററും വിങ് സ്പാന്‍ 64.4 മീറ്ററുമാണ്. എന്നാല്‍, വലിയ വിമാന ഭാഗങ്ങളും മറ്റും കൊണ്ടുപോകാനായി നടത്തിയിരിക്കുന്ന രൂപകല്‍പ്പനയാണ് ബെലൂഗയെ വ്യത്യസ്തമാക്കുന്നത്. ബെലൂഗ ഒരു തരം തിമിംഗലത്തിന്റെ പേരാണ്.

അഞ്ചേ അഞ്ചു ബെലൂഗകള്‍

എയര്‍ബസ് ആകെ അഞ്ച് ബെലൂഗകളേ ഉണ്ടാക്കിയിട്ടുള്ളു. ചെന്നൈയില്‍ ലാന്‍ഡ് ചെയ്ത ബെലൂഗ ഇത്തരത്തില്‍ രണ്ടാമത്തെ വിമാനമാണ്. ഇക്കഴിഞ്ഞ മേയിൽ മാസത്തില്‍ ഈ വിമാനം കൊല്‍ക്കത്തയിലും ലാന്‍ഡ് ചെയ്തിരുന്നു. മെട്രോ റെയിലില്‍ യാത്ര ചെയ്തിരുന്നവരും ഈ വിമാനത്തിന്റെ ചിത്രങ്ങളും വിഡിയോയും ഫോട്ടോയും പകര്‍ത്താന്‍ ശ്രമിക്കുന്നതും കാണാമായിരുന്നു.

വലിയ വിമാനങ്ങളെ സ്വീകരിക്കാന്‍ ചെന്നൈ സജ്ജം

ചെന്നൈ എയര്‍പോര്‍ട്ടില്‍ വലിയ വിമാനങ്ങള്‍ക്കും കാര്‍ഗോ വിമാനങ്ങള്‍ക്കും ലാന്‍ഡ് ചെയ്യാന്‍ സാധിക്കും. ബി747-400, എ330-200, ആന്റണോവ് എഎന്‍-124 തുടങ്ങിയവയൊക്കെ വലിയ വിങ് സ്പാന്‍ ആണ് ഉള്ളവയാണ്. എ380 വിമാനത്തിനും ഇറങ്ങാം. എന്നാല്‍, തിരക്കുള്ള സമയങ്ങളില്‍ മറ്റു വിമാനങ്ങളുടെ ഷെഡ്യൂള്‍ തെറ്റിക്കാതെ ഇറങ്ങാനാവില്ല. അതേസമയം, തങ്ങള്‍ക്ക് എ380 പോലും കിടക്കാവുന്ന പാര്‍ക്കിങ് ബേകള്‍ ഉണ്ടെന്ന് ചെന്നൈ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശരത് കുമാര്‍ പറഞ്ഞു. കൂടാതെ, വലിയ വിമാനങ്ങള്‍ ഇറങ്ങേണ്ട സന്ദര്‍ഭമുണ്ടായാല്‍ അതിന് അനുസരിച്ചുള്ള ക്രമീകരണങ്ങള്‍ നടത്തി അവയെ സ്വീകരിക്കാന്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

ജെറ്റ് എയര്‍വെയ്‌സ് മേധാവിയും ബെലൂഗയെ പുകഴ്ത്തി

വേറൊരു സന്ദര്‍ഭത്തില്‍ ബെലൂഗ വിമാനത്തിന്റെ പടം ജെറ്റ് എയര്‍വെയ്‌സ് മേധാവി സഞ്ജീവ് കപൂര്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.  ബെലൂഗ (Beluga) തിമിംഗലത്തെ അനുസ്മരിപ്പിക്കുന്ന രൂപകല്‍പനയുള്ള വിമാനത്തിന് ഇരട്ട എൻജിനാണുള്ളത്.

English Summary: Airbus Beluga cargo plane lands at Chennai Airport for the first time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com