ADVERTISEMENT

മനുഷ്യര്‍ക്ക് അന്യഗ്രഹങ്ങളില്‍ പാര്‍പ്പിടം ഒരുക്കണം എന്ന ആഗ്രഹക്കാരനാണ് ലോകത്തെ ഏറ്റവും വലിയ കാശുകാരനും ടെക്‌നോളജി സാമ്രാട്ടുമായ ഇലോണ്‍ മസ്‌ക്. അമേരിക്കയുടെ നാഷനല്‍ എയ്നോനോട്ടിക്‌സ് ആന്‍ഡ് സ്‌പെയ്‌സ് അഡ്മിനിസ്‌ട്രേഷനുമായി (നാസ) ചേർന്നാണ് മസ്ക് അതിനായി ശ്രമിക്കുന്നത്. ഇത്തരം പദ്ധതികൾ അപ്രായോഗികമാണെന്നു പറയുന്നവരെ തള്ളിക്കളയുന്ന മസ്കിന്റെ വാദം, ഒരു പതിറ്റാണ്ടിനുള്ളില്‍ തന്റെ സ്വപ്നം സത്യമായേക്കുമെന്നാണ്.

ഞെട്ടിച്ച് ജപ്പാന്‍!

പല പതിറ്റാണ്ടുകള്‍ക്കു മുമ്പ് ടെക്‌നോളജിയുടെ കേന്ദ്രമായിരുന്ന ജപ്പാന്‍ അടുത്തിടെയായി വളരെയധികം പിന്നോട്ടു പോയി. എന്നാലിപ്പോള്‍, മസ്‌കിന്റെയും നാസയുടെയും സാങ്കേതികവിദ്യയെ കടത്തിവെട്ടുന്ന ആശയവുമായി ആണ് ജപ്പാനിലെ ശാസ്ത്രജ്ഞര്‍ എത്തിയിരിക്കുന്നതെന്ന് ദ് വെതര്‍ചാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജപ്പാനിലെ കൊയോട്ടോ യൂണിവേഴ്‌സിറ്റിയുടെയും കജിമ കണ്‍സ്ട്രക്‌ഷന്റെയും എൻജിനീയര്‍മാര്‍ സംയുക്തമായാണ് പുതിയ പദ്ധികള്‍ തയാറാക്കുന്നത്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമൊക്കെ പോകാനുള്ള ബുള്ളറ്റ് ട്രെയിനാണ് അവരുടെ സ്വപ്നം. ഹെക്‌സഗണ്‍ സ്‌പെയ്‌സ് ട്രാക്ക് സിസ്റ്റം എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. ഒരു ഗ്രഹത്തില്‍നിന്ന് മറ്റൊന്നിലേക്കു പോകാവുന്ന ബുള്ളറ്റ് ട്രെയിന്‍ അടക്കമുള്ള സംവിധാനങ്ങളാണ് ശാസ്ത്രജ്ഞരുടെ സങ്കല്‍പത്തിലുള്ളത്. ഇത് മസ്‌കിന്റെയും നാസയുടെയും രീതികളില്‍നിന്ന് വ്യത്യസ്തമാണെന്നും കൂടുതല്‍ പ്രായോഗികമാണെന്നും വിലയിരുത്തലുണ്ട്. പുതിയ രീതി പ്രയോജനപ്പെടുത്തിയാല്‍, വിനോദ സഞ്ചാരത്തിനോ സ്ഥിര താമസത്തിനോ ഉള്ള ഗ്രഹാന്തര യാത്രകള്‍  കൂടുതല്‍ ചെലവു കുറഞ്ഞതാക്കുമെന്നും കരുതപ്പെടുന്നു. 

Bullet-Train
Representative Image Photo by: kawamura_lucy - Shutterstock

സാങ്കല്‍പിക ട്രെയിനിന് 6 കോച്ചുകള്‍

നിലവിലുള്ള റെയില്‍വെയ്ക്കു സമാനമായ സംവിധാനമായിരിക്കും ഗോളാന്തര ട്രെയിനിനെന്ന് സ്ലാഷ്ഗിയര്‍.കോം റിപ്പോര്‍ട്ടു ചെയ്യുന്നു. ബിസിനസ് ട്രിപ്പുകളും ടൂറിസം യാത്രകളും നടത്താം. ഗുരുത്വാകര്‍ഷണം ഇല്ലായ്മ അനുഭവിക്കാൻ സ്‌പെയ്‌സ്എക്‌സിന്റെയും വെര്‍ജിന്‍ അറ്റ്‌ലാന്‍ിക്കിന്റെയും ആമസോണിന്റെയും (ബ്ലൂ ഒറിജിന്‍) സ്‌പെയ്‌സ് ടൂറുകളില്‍ പങ്കെടുക്കാന്‍ കോടീശ്വരര്‍ എത്തുന്ന ഈ കാലത്ത് ജപ്പാന്റെ ആശയവും അസാധ്യമെന്നു കരുതേണ്ടതില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആറു കോച്ചുകളുള്ള സ്‌പെയ്‌സ്എക്‌സ്പ്രസ് ട്രെയിനിനെ ഭൂമിയുമായി ബന്ധിപ്പിക്കുന്ന കേന്ദ്രത്തിനെ ടെറാ സ്റ്റേഷന്‍ എന്നാണ് ഗവേഷകര്‍ വിളിക്കുന്നത്. 

മുന്നിലും പിന്നിലും റോക്കറ്റ് ബുസ്റ്ററുകള്‍

ട്രെയിനിന്റെ ആറു 'ബോഗി'കളില്‍ മുന്നിലും പിന്നിലുമുള്ളതിൽ റോക്കറ്റ്ബൂസ്റ്ററുകള്‍ ഘടിപ്പിക്കും എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഓരോ 'ബോഗിയും' (ക്യാപ്സ്യൂള്‍) അഷ്ടഭുജ ആകൃതിയില്‍ (hexagonal) ആയിരിക്കും നിര്‍മിക്കുക. ഒരോന്നിനും ഏകദേശം 50 അല്ലെങ്കില്‍ 100 അടി വൃത്തപരിധിയായിരിക്കും ഉണ്ടാകുക. ഈ ക്യാപ്‌സ്യൂളുകള്‍ ഒരു കേന്ദ്ര റേഡിയല്‍ ആക്‌സിസ് വഴിയായിരിക്കും ചലിക്കുക. ഭൂമിയിലേതിനു തുല്യമായ ഗുരുത്വാകര്‍ഷണവും സൃഷ്ടിക്കും. ഇത്തരത്തിലുള്ള പ്ലാന്‍ മറ്റൊരു രാജ്യത്തിനും ഇല്ലെന്ന് കൊയോട്ടോ യൂണിവേഴ്‌സിറ്റിയിലെ സ്‌പെയ്‌സോളൊജി സെന്ററിന്റെ ഡയറക്ടറായ യൊസുകെ യമാഷികി (Yosuke Yamashiki) പറയുന്നു. തങ്ങളുടെ പദ്ധതികള്‍ മനുഷ്യരാശിയുടെ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്ക് നിര്‍ണ്ണായകമാകുമെന്ന് അദ്ദേഹം പറയുന്നു.

ചന്ദ്രനും മറ്റും വാസയോഗ്യമാക്കാമെന്നും ഗവേഷകര്‍

അന്യഗ്രഹങ്ങളില്‍ ഗുരുത്വാകര്‍ഷണം ഇല്ലാത്തത്, അവിടെ താമസിക്കാന്‍ പോയാല്‍ മനുഷ്യരുടെ എല്ലുകളുടെ സാന്ദ്രത കുറച്ചേക്കാമെന്ന ഉത്കണ്ഠ ശാസ്ത്രലോകത്തിന് ഉണ്ട്. ഇത് അന്യഗ്രഹ വാസം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകപോലും ചെയ്യാം. ഇതിനും പരിഹാരവുമായിട്ടാണ് ജാപ്പനീസ് ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിരിക്കുന്നതെന്നു പറയുന്നു. വാസയോഗ്യമായ, സൂച്യാകാരത്തിലുള്ള (conical) ചട്ടക്കൂടാണ് അവര്‍ വിഭാവനം ചെയ്യുന്നത്. ചന്ദ്രന്റെ പ്രതലത്തിലും മറ്റ് സ്ഥാപിക്കുന്ന ഇവ നിരന്തരം കറങ്ങിക്കൊണ്ടിരിക്കും. ഇവ ഭൂമിയില്‍ ലഭ്യമായ അനുപാതത്തിലുള്ള ഗുരുത്വാകര്‍ഷണ ശക്തി ഉത്പാദിപ്പിച്ചുകൊണ്ടിരിക്കും. ഇത്തരത്തില്‍ ചന്ദ്രനില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സംവിധാനത്തെ ലൂണാര്‍ ഗ്ലാസ് എന്നാണ് ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. 

Supper Moon/Shutterstock

എന്താണ് ഉദ്ദേശിക്കുന്നത് എന്നത് വിശദമാക്കി

തങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്നതിന്റെ വിശദമായ പ്രദര്‍ശനവും വിശദീകരണവും കൊയോട്ടോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നല്‍കിയിരുന്നു. ലൂണാര്‍ ഗ്ലാസിന് 1,300 അടി പൊക്കവും, 328 അടി വൃത്ത പരിധിയും ഉണ്ടായിരിക്കും. ഇതിന്റെ ലളിതമായൊരു മാതൃക 2050 ഓടെ പുറത്തിറക്കാമെന്നാണ് അവര്‍ കരുതുന്നത്. അതേസമയം, പല തലമുറയിലുള്ളവര്‍ക്ക് താമസിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഇത്തരം ലൂണാര്‍ ഗ്ലാസ് ഉണ്ടാക്കിയെടുക്കണമെങ്കില്‍ ഒരു നൂറ്റാണ്ടു വേണ്ടിവരുമെന്നും അവര്‍ പറയുന്നു. ഇത്തരത്തില്‍ ചൊവ്വാ ഗ്രഹത്തിന് അനുയോജ്യമായ ഗ്ലാസിനെ വിളിക്കുന്നത് മാര്‍സ്ഗ്ലാസ് എന്നാണ്. അതേസമയം, ഇത്തരം സങ്കല്‍പ്പങ്ങളെയെല്ലാം അന്യഗ്രഹ വാസം സാധ്യമാക്കാനുള്ള പദ്ധതികളുടെ തുടക്കമായി  കണ്ടാല്‍ മതിയെന്ന അഭിപ്രായവും ഉണ്ട്. 

പിക്‌സല്‍ 6എ മോഡലുകള്‍ വില്‍പനയ്ക്ക്

ഗൂഗിള്‍ പിക്‌സല്‍ 6എ ഫോണുകള്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തി. ഗൂഗിളിന്റെ സ്വന്തം ടെന്‍സര്‍ പ്രൊസസര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സ്‌ക്രീനിന് 6.1-ഇഞ്ചാണ് വലുപ്പം. ഇതിന് 60ഹെട്‌സ് റിഫ്രെഷ് റെയ്റ്റുള്ള ഓലെഡ് ഡിസ്‌പ്ലെയാണ് നല്‍കിയിരിക്കുന്നത്. ഒരു വേരിയന്റേ ഉള്ളൂ – 6ജിബി+128ജിബി. 43,999 രൂപയാണ് വില. എന്നാല്‍, വിവിധ ഓഫറുകള്‍ പ്രയോജനപ്പെടുത്തിയാല്‍ വില കുറച്ചു വാങ്ങാം. ഏതു പഴയ പിക്‌സല്‍ മോഡലും എക്‌സ്‌ചേഞ്ച് ചെയ്താല്‍ 6,000 രൂപ കിഴിവു നേടാം.

നതിങ് ഫോണിന് വെല്ലുവിളി; റെഡ്മി കെ50ഐ അവതരിപ്പിച്ചു

nothing-phone-1-2

കാല്‍ ലക്ഷം രൂപയിലേറെ നൽഡകി ഫോൺ വാങ്ങാൻ തയാറുള്ളവർക്ക് ഇപ്പോള്‍ത്തന്നെ പല മികച്ച ഹാന്‍ഡ്‌സെറ്റുകളുണ്ട്. അവയുടെ കൂട്ടത്തിലേക്ക് പരിഗണിക്കാന്‍ മറ്റൊരു സ്മാര്‍ട്ഫോണ്‍ കൂടി എത്തിയിരിക്കുകയാണ്-റെഡ്മി കെ50ഐ. നതിങ് ഫോണ്‍ (1) തുടങ്ങിയ മോഡലുകള്‍ക്ക് പ്രകടനത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്താന്‍ ശേഷിയുള്ളതാണ് പുതിയ മോഡല്‍ എന്നു കരുതപ്പെടുന്നു. എട്ടു കേന്ദ്രങ്ങള്‍ ഉള്ള മീഡിയടെക് ഡിമെന്‍സിറ്റി 8100 ആണ് പ്രൊസസര്‍. 

ഫോണിന് 6ജിബി+128ജിബി, 8ജിബി+256ജിബി വേരിയന്റുകളാണ് ഇറക്കിയിരിക്കുന്നത്. ഇവയ്ക്ക് യഥാക്രമം 25,999 രൂപ, 29,999 രൂപ എന്നിങ്ങനെയാണ് വിലയിട്ടിരിക്കുന്നത്. ഫോണിന് 6.6-ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനാണ് ഉള്ളത്. ഡോള്‍ബി വിഷന്‍ സപ്പോര്‍ട്ടുള്ള സ്‌ക്രീനിന് 120ഹെട്‌സ്റിഫ്രെഷ് റെയ്റ്റും ഉണ്ട്. പിന്നില്‍ ട്രിപ്പിള്‍ ക്യാമറാ സെറ്റ്-അപ് ആണ് ഉള്ളത്. പ്രധാന ക്യാമറയ്ക്ക് 64എംപിയാണ് റെസലൂഷന്‍. ഒപ്പം 8എംപി അള്‍ട്രാ വൈഡ്, 2എംപി മാക്രോ ലെന്‍സുകളും ഉണ്ട്. സെല്‍ഫി ക്യാമറയ്ക്ക് 16എംപി റെസലൂഷനാണ് ഉള്ളത്. ബാറ്ററി 5080എംഎഎച് ആണ്. ഫോണിന് 67w ഫാസ്റ്റ് ചാര്‍ജിങും ഉണ്ട്. 

50എംപി ക്യാമറയുള്ള വിവോ ടി1എക്‌സ് 11,999 രൂപയ്ക്ക്

വിവോ കമ്പനി തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണി വിപുലപ്പെടുത്തി. ടി1എക്‌സ് മോഡലാണ് കമ്പനി ഏറ്റവും പുതിയതായി ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്തിച്ചിരിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 680 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് ഇരട്ട പിന്‍ക്യാമറാ സിസ്റ്റം ആണ് ഉള്ളത്. പ്രധാന ക്യാമറയ്ക്ക് 50എംപിയാണ് റെസലൂഷന്‍. രണ്ടാമത്തെ ക്യാമറയ്ക്ക് 2എംപി റെസലൂഷനും, സെല്‍ഫി ക്യാമറയ്ക്ക് 8എംപി റെസലൂഷനും ആണ് ഉള്ളത്. ഫോണിന് 6.58-ഇഞ്ച് വലുപ്പമുള്ള ഫുള്‍ എച്ഡി പ്ലസ് റെസലൂഷനുള്ള സ്‌ക്രീന്‍ ഉണ്ട്. വിവിധ വേരിയന്റുകളുടെ വില: 4ജിബി+64ജിബി-11,999 രൂപ, 4ജിബി+128ജിബി-12,999 രൂപ, and 6ജിബി+128ജിബി- 14,999 രൂപ.

ആന്‍ഡ്രോയിഡ് 11 ടിവി ഒഎസില്‍ പ്രവര്‍ത്തിക്കുന്ന എയ്‌സര്‍ ടിവി എത്തി; വില 19,990 രൂപ മുതല്‍

പ്രമുഖ കംപ്യൂട്ടര്‍, മോണിട്ടര്‍ നിര്‍മ്മാണ കമ്പനിയായ എയ്‌സര്‍ തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ടിവി ശ്രേണി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഐ-സീരിസ് എന്നാണ് പേര്. ഇത് 32-ഇഞ്ച് മോഡല്‍ ഹൈ-ഡെഫനിഷന്‍ സ്‌ക്രീനുള്ളതാണ്. അതേസമയം, 43-ഇഞ്ച്, 50-ഇഞ്ച്, 55-ഇഞ്ച് മോഡലുകള്‍ക്ക് അള്‍ട്രാ ഹൈ ഡെഫനിഷന്‍ റെസലൂഷനാണ് ഉള്ളത്. ഇവയ്ക്ക് യഥാക്രമം 34,990 രൂപ, 40,990 രൂപ, 47,990 രൂപ എന്നിങ്ങനെയാണ് വില. ആന്‍ഡ്രോയിഡ് 11ല്‍ പ്രവര്‍ത്തിക്കുന്ന ഇവയ്ക്ക് മികച്ച ഫീച്ചറുകളാണ് ഉള്ളത്. വൈഡ് കളര്‍ ഗമട്ട് പ്ലസ്, എച്ഡിആര്‍10പ്ലസ്, സൂപ്പര്‍ ബ്രൈറ്റ്‌നസ്, ബ്ലാക് ലെവല്‍ ഓഗ്മെന്റേഷന്‍, 4കെ അപ്‌സ്‌കെയ്‌ലിങ്, 30w സ്പീക്കര്‍ തുടങ്ങി പല ഫീച്ചറുകളും ഉണ്ട്.

English Summary: Japan's Bullet Train Will Take You to the Moon And Mars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com