ADVERTISEMENT

ആപ്പിള്‍ കമ്പനിയുടെ ഉപകരണങ്ങളെ ഹീറോ ആക്കുക എന്നുള്ളത് ആരാധകർക്ക് ഹരമാണ്. ഐഫോണ്‍ ഒരു വര്‍ഷം മുഴുവന്‍ വെള്ളത്തില്‍ കിടന്നിട്ടും പ്രവര്‍ത്തിക്കുന്നു, ആപ്പിള്‍ വാച്ച് ജീവന്‍ രക്ഷിച്ചു അങ്ങനെ എത്ര കഥകള്‍ വേണമെങ്കിലും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഇവയില്‍ പലതിന്റെയും സത്യാവസ്ഥയെക്കുറിച്ച് വ്യക്തതയൊന്നും ഇല്ല. എന്തായാലും ഐഫോണിനെ ഹീറോ ആക്കുന്ന കഥകളില്‍ ഏറ്റവുമൊടുവില്‍ പുറത്തുവന്നിരിക്കുന്നത് റെഡിറ്റ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റു ചെയ്യപ്പെട്ട ഒരു വിഡിയോ വഴിയാണ്. റഷ്യന്‍ സേന ഉതിര്‍ത്ത വെടിയുണ്ട തടഞ്ഞ് യുക്രെയ്ന്‍ പട്ടാളക്കാരന്റെ ജീവന്‍ രക്ഷിച്ചാണ് പുതിയ കഥയില്‍ ഐഫോണ്‍ ഹീറോ ആയിരിക്കുന്നത്. അതെ, തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് സ്റ്റൈലില്‍ ഐഫോണ്‍ ഒരു പ്രകടനം നടത്തിയിരിക്കുന്നു എന്നാണ് വിലയിരുത്തല്‍!

 

∙ വിഡിയോയില്‍ നിന്ന് മനസിലാക്കാവന്നത് ഇതാണ്

 

യുക്രെയ്ന്‍ പട്ടാളക്കാന്റെ പ്ലെയ്റ്റ് കരിയര്‍ (plate carrier) ജാക്കറ്റിന്റെ പോക്കറ്റില്‍ ഒരു ഐഫോണ്‍ ഉണ്ടായിരുന്നു. റഷ്യന്‍ സേന ഉതിര്‍ത്ത വെടിയുണ്ട ഐഫോണില്‍ കൊണ്ടു എന്നാണ് വിഡിയോയില്‍ കാണാന്‍ സാധിക്കുക. യുദ്ധത്തില്‍ പോരാടുന്ന പടയാളികള്‍ ഇടുന്ന ജാക്കറ്റാണ് പ്ലെയ്റ്റ് കരിയര്‍ പ്രതിരോധ പടച്ചട്ട. ഈ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിലും ട്രോമ പ്ലെയ്റ്റുകള്‍ (trauma plates) പോലെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഉണ്ട്. എന്നാല്‍, അതിലേക്ക് എത്തുന്നതിനു മുൻപ് വെടി ഐഫോണില്‍ കൊള്ളുകയായിരുന്നു എന്നാണ് മനസിലാകുന്നത്. റെഡിറ്റ് വിഡിയോ ഇവിടെ കാണാം: https://bit.ly/3RRDecG ന്യൂസ് വീക്ക് പ്രസീദ്ധീകരിച്ച ട്വിറ്റര്‍ ലിങ്കിലുള്ള വിഡിയോ: https://bit.ly/3clRv11

 

രണ്ടാമത്തെ വിഡിയോയില്‍ യുക്രെയ്ന്‍ പടയാളി തന്റെ ജീവന്‍ രക്ഷിച്ചത് ഈ ഫോണാണ് എന്ന് വെളിപ്പെടുത്തുന്നതാണ് എന്ന് ന്യൂസ് വീക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

∙ ഹീറോ ഐഫോണ്‍ 11 പ്രോ

 

യുക്രെയ്ന്‍ സൈനികന്റെ പോക്കറ്റില്‍ കിടന്നിരുന്നത് ഐഫോണ്‍ 11 പ്രോ മോഡലായിരുന്നു. ഫോണിന് പരുക്കേറ്റിട്ടുണ്ട്. പക്ഷേ, വെടിയുണ്ട ഫോണ്‍ തുളച്ചു കടന്നില്ല എന്നതാണ് ഇപ്പോള്‍ ആഘോഷിക്കപ്പെടുന്ന കാര്യം. അതേസമയം, എത്ര അകലെ നിന്ന് എത്തിയ വെടിയുണ്ടയാണ് ഇതെന്നുള്ളതൊക്കെ പരിഗണിച്ചിട്ടാണോ ഐഫോണിന് ഹീറോ പരിവേഷം ചാര്‍ത്തി നല്‍കുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

 

∙ ഇപ്പോള്‍ ഇറങ്ങുന്ന ഫോണുകളുടെ ഡിഎന്‍എ

 

ഐഫോണ്‍ 11 പ്രോ മുതല്‍ പ്രീമിയം ഐഫോണുകള്‍ക്ക് ആപ്പിള്‍ പുതിയ ഡിസൈൻ രീതി കൊണ്ടുവന്നിരുന്നു. ആ ഡിസൈന്‍ ഭാഷ ഒടുവില്‍ ഇറങ്ങിയ ഐഫോണ്‍ 13 പ്രോ മോഡലുകളില്‍ പോലും വ്യക്തമായി വായിച്ചെടുക്കാം. ഐഫോണ്‍ 11 പ്രോ മോഡല്‍ 2019ല്‍ ആണ് ആപ്പിള്‍ ഇറക്കിയത്. അക്കാലത്തെ ഏറ്റവും മികച്ച ഹാന്‍ഡ്‌സെറ്റുകളില്‍ ഒന്നായാണ് അത് അറിയപ്പെടുന്നത്. കോണിങ് ഗൊറില ഗ്ലാസ് ഉപയോഗിച്ച് ശാക്തീകരിച്ച മുന്‍ പ്രതലവും വശങ്ങളില്‍ സ്റ്റെയ്ന്‍‌ലെസ് സ്റ്റീല്‍ സ്ട്രക്ചറല്‍ ബാന്‍ഡും ഉണ്ട്. അക്കാലത്ത് നടത്തിയ ഡ്രോപ് ടെസ്റ്റുകളിലും മറ്റും മികച്ച പ്രകടമാണ് നടത്തിയത്. എന്നാല്‍, അന്നൊന്നും അതിന് വെടിയുണ്ട തടയാനുള്ള കഴിവുണ്ടെന്ന് കരുതിയിരുന്നില്ലെന്ന് ഫോണ്‍ അരീന റിപ്പോര്‍ട്ടു ചെയ്യുന്നു. അതേസമയം, ഫോണ്‍ താഴെ വീണ് പൊട്ടിച്ചിതറിയില്ലെന്നു കരുതി, താഴെ വീണ ഫോണിന്റെ പ്രവര്‍ത്തനം മാസങ്ങള്‍ക്കുള്ളില്‍ പ്രശ്‌നത്തിലാകാനുള്ള സാധ്യതയുമുണ്ട്.

 

∙ ഐഫോണ്‍ വെടിയുണ്ട തടയുമോ എന്ന കാര്യം ഉറപ്പാക്കാനാവില്ല; പക്ഷേ...

 

ആപ്പിള്‍ ഇറക്കുന്ന ഐഫോണുകള്‍ക്ക് വെടിയുണ്ട തടയാനുള്ള കെല്‍പ്പുണ്ടോ എന്ന കാര്യത്തിലൊന്നും ഉറപ്പില്ല. പക്ഷേ, അതല്ല റഷ്യന്‍ ലക്ഷ്വറി ബ്രാന്‍ഡ് ആയ കാവിയര്‍ (Caviar) അണിയിച്ച കവചവുമായി എത്തുന്ന ഐഫോണുകളുടെ കാര്യം. ആപ്പിളിന്റെ ഐഫോണുകള്‍ വാങ്ങി അവയ്ക്ക് സ്വന്തംനിലയില്‍ സംരക്ഷണാവരണങ്ങള്‍ അണിയിച്ച് വന്‍ വിലയ്ക്കു വില്‍ക്കുകയാണ് കാവിയര്‍ ചെയ്യുന്നത്. ഇവ സ്‌റ്റെല്‍ത് എന്ന സീരീസീലാണ് വില്‍ക്കപ്പെടുന്നത്. ഇവയ്ക്ക് ശരിക്കും ബുള്ളറ്റ് പ്രൂഫ് ആവരണമാണ് ഉള്ളത്. അവ വെടിയുണ്ടകളെ തടഞ്ഞു നിർത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ( അതേസമയം, യുക്രെയ്ന്‍ പടയാളിയുടെ കൈയ്യില്‍ ഉണ്ടായിരുന്നത് അത്തരം ആവരണമിട്ട ഐഫോണ്‍ ആയിരുന്നില്ല.)

bitcoin
Photo: Shutterstock

 

തങ്ങളണിയിച്ച കവചമുള്ള ഫോണുകള്‍ക്കു നേരെ വിവിധതരം പിസ്റ്റലുകള്‍ കൊണ്ട് വെടിവയ്ക്കുന്ന വിഡിയോയും കാവിയര്‍ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍, ഇത് ഉപയോക്താക്കള്‍ പരീക്ഷിക്കരുതെന്ന് കമ്പനി പ്രത്യേകം പറയുന്നുമുണ്ട്. കാവിയര്‍ അണിയിച്ച ആവരണമുള്ള ഐഫോണുകള്‍ക്ക് തുടക്ക വില ഏകദേശം 6,370 ഡോളര്‍ (4,86,540 രൂപ) ആണ്. ഇത്തരം 99 ഫോണുകളെ കമ്പനി വില്‍പനയ്ക്ക് എത്തിച്ചിരുന്നുള്ളു. 

 

∙ ആപ്പിള്‍ ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും നിർമിക്കണോ എന്ന്  

 

ഏതാനും മാസങ്ങള്‍ക്കു മുൻപ് പുറത്തുവന്ന വിഡിയോയില്‍ ഒരു റഷ്യന്‍ പട്ടാളക്കാരന്‍ അയാള്‍ക്ക് ലഭിച്ച ബുള്ളറ്റ് പ്രൂഫ് കോട്ടില്‍ നിന്ന് അതിലെ പ്രതിരോധ കവചം എടുത്തുമാറ്റിയ ശേഷം വെടിയുണ്ട തടയാനായി ആപ്പിളിന്റെ ഒരു മാക്ബുക്ക് വച്ചു എന്ന് അവകാശപ്പെട്ടിരുന്നു. (വിഡിയോ ഇവിടെ കാണാം: https://bit.ly/3olzouZ.) ഇപ്പോള്‍ ആപ്പിളിന്റെ ആരാധകര്‍ ചോദിക്കുന്നത് കമ്പനി ഇനി പട്ടാളക്കാര്‍ക്കുള്ള പടച്ചട്ടകള്‍ നിര്‍മിച്ചിറക്കുന്നത് നന്നായിരിക്കില്ലെ എന്നാണ്.

 

∙ എഒഎസ് 15.6 പുറത്തിറക്കി

 

ഐഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പ് ആപ്പിള്‍ പുറത്തിറക്കി. എഒഎസ് 15.6 വേര്‍ഷന്‍ സ്വീകരിക്കാന്‍ സാധിക്കുന്ന ഉപകരണങ്ങളില്‍ ഇപ്പോള്‍ ഇന്‍സ്‌റ്റാള്‍ ചെയ്യാമെന്ന് ജിഎസ്എം അരീനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഐപാഡ് ഒഎസ് 15.6ഉം പുറത്തിറക്കി. ഐഒഎസ്/ഐപാഡ്ഒഎസ് 16 സെപ്റ്റംബറില്‍ ആയിരിക്കും പുറത്തിറക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

∙ ബിറ്റ്‌കോയിന്‍ വില ഉയരുന്നു

 

ഏറ്റവും പ്രശസ്തമായ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്റെ വില 24,000 ഡോളറായി ഉയര്‍ന്നു. ഒരു മാസത്തിനു മുൻപ് 20,000 ഡോളറിലും താഴേക്കു പോയ ശേഷമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത് എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു.

 

∙ ബിറ്റ്‌കോയിന്‍ വിറ്റ് ടെസ്‌ല

 

ടെസ്‌ലയുടെ മേധാവിയായ ഇലോണ്‍ മസ്‌ക് ക്രിപ്‌റ്റോകറന്‍സികളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഉത്സാഹം കാണിച്ചിരുന്നു. അദ്ദേഹത്തിന്റെ കമ്പനിക്ക് ബിറ്റ്‌കോയിന്‍ ആസ്തിയും ഉണ്ടായിരുന്നു. ടെസ്‌ല കൈവശംവച്ചിരുന്ന ബിറ്റ്‌കോയിന്റെ 75 ശതമാനവും ഇപ്പോള്‍ വിറ്റു എന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. അതേസമയം, മറ്റൊരു ക്രിപ്‌റ്റോകറന്‍സിയായ ഡോഷ്‌കോയിന്‍ തങ്ങള്‍ കൈവശംവച്ചിട്ടുണ്ടെന്ന് മസ്‌ക് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.

 

∙ മൈക്രോസോഫ്റ്റ് ടീംസ് പ്രവര്‍ത്തനരഹിതമായി

 

ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ക്കും മറ്റും ധാരാളമായി ഉപയോഗിക്കപ്പെടുന്ന മൈക്രോസോഫ്റ്റ് ടീംസ് 21-ാം തിയതി ചില ഉപയോക്താക്കള്‍ക്ക് കുറച്ചു സമയത്തേക്ക് പ്രവര്‍ത്തനരഹിതമായെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം കമ്പനിയും ശരിവച്ചിട്ടുണ്ട്. സേവനം പൂര്‍ണമായി നിലയ്ക്കുകയോ, ചില ഫീച്ചറുകള്‍ പ്രവര്‍ത്തിക്കാതിരിക്കുകയോ ആണ് ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

 

English Summary: iPhone does a 'Rajinikanth', stops a bullet: Here's what happened

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com