5ജി: ഇന്നത്തെ ലേലത്തില്‍ പങ്കെടുക്കുന്ന അദാനി ഗ്രൂപ്പിന്റെ ലക്ഷ്യമെന്ത്?

5g-tower-
SHARE

4ജി വിപ്ലവത്തിനു ശേഷം അടുത്ത തലമുറയിലെ വയര്‍ലെസ് ഇന്റര്‍നെറ്റ് പ്രക്ഷേപണ സംവിധാനമായ 5 ജിയെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ടെലികോം കമ്പനികളുടെയും ഉപയോക്താക്കളുടെയും പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി 5ജി ലേലം ഇന്നു നടക്കും. നാലു കമ്പനികളാണ് ലേലത്തില്‍ പങ്കെടുക്കുക – റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, അദാനി ഡേറ്റാ നെറ്റ്‌വര്‍ക്‌സ്. കമ്പനികളെല്ലാം നിരതദ്രവ്യം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സിന് (ഡോട്ട്) കെട്ടിവച്ചു കഴിഞ്ഞു.

∙ ഓരോ കമ്പനിയും കെട്ടിവച്ച നിരതദ്രവ്യം ഇങ്ങനെ:
1. ജിയോ 14,000 കോടി രൂപ
2. എയര്‍ടെല്‍ 5,500 കോടി രൂപ
3. വോഡാഫോണ്‍ ഐഡിയ 2,200 കോടി രൂപ
4. അദാനി ഗ്രൂപ്പ് 100 കോടി രൂപ

∙ ഈ തുകയുടെ പ്രാധാന്യമെന്ത്?

ഓരോ കമ്പനിയും എത്രം സ്‌പെക്ട്രമാണ് വാങ്ങാൻ ആഗ്രഹിക്കുന്നത് എന്നതിന്റെയും ഉപഭോക്താക്കൾക്കു സേവനമെത്തിക്കാനുള്ള അവരുടെ ശേഷിയുടെയും സൂചനയാണ് ഈ തുക. ചില തിരഞ്ഞെടുത്ത സ്‌പെക്ട്രം ബാന്‍ഡുകളിലുള്ള, എയര്‍വേവ് ക്വാണ്ടത്തിനായി ലക്ഷ്യമിടാന്‍ കമ്പനികളെ ഇത് പ്രാപ്തരാക്കും. അദാനി ഗ്രൂപ്പിന്രെ നിരദദ്രവ്യം അനുസരിച്ച് അവര്‍ക്ക് 700 കോടി രൂപ വരെ വിലവരുന്ന സ്‌പെക്ട്രം സ്വന്തമാക്കാന്‍ സാധിക്കുമെന്ന് വിശകലന വിദഗ്ധര്‍ വിലയിരുത്തുന്നു.

∙ അംബാനി ഗ്രൂപ്പും അദാനി ഗ്രൂപ്പും സമര്‍പ്പിച്ച നിരതദ്രവ്യത്തില്‍ വന്‍ വ്യത്യാസമുണ്ടല്ലോ?

റിലയന്‍സുമായി നേരിട്ട് ഏറ്റുമുട്ടുന്നു എന്ന പ്രതീതി ഉളവാക്കാതിരിക്കാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നതെന്ന് ചില വിശകലന വിദഗ്ധര്‍ കരുതുന്നു. അവര്‍ കണ്‍സ്യൂമര്‍ 5ജി മേഖലയിലേക്ക് ഇപ്പോള്‍ കടക്കാനുള്ള സാധ്യതയും കുറവാണ്. നിലവില്‍ സ്വകാര്യ 5ജി നെറ്റ്‌വര്‍ക്കുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശ്യമുണ്ടെന്നാണ് അദാനി ഗ്രൂപ്പ് പറഞ്ഞിരിക്കുന്നത്. പക്ഷേ, ഭാവിയില്‍ അദാനി ഗ്രൂപ്പ് മറ്റു കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി കണ്‍സ്യൂമര്‍ മേഖലയിലേക്കും കടന്നേക്കാമെന്ന് കരുതുന്നവരും ഉണ്ട്. അതിനു വര്‍ഷങ്ങള്‍ എടുത്തേക്കാം.

∙ ഏതെല്ലാം ബാന്‍ഡുകളാണ് ലേലത്തില്‍ വച്ചിരിക്കുന്നത്?

മൊത്തം 72,097.85 മെഗാഹെട്‌സ് (72 ഗിഗാഹെട്‌സ്) സ്‌പെക്ട്രം സ്വന്തമാക്കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. ഇതിന്റെ കാലാവധി 2022 ജൂണ്‍ 26 മുതല്‍ 20 വര്‍ഷത്തേക്കായിരിക്കും. ഇനി പറയുന്ന സ്‌പെക്ട്രം ഫ്രീക്വന്‍സി ബാന്‍ഡുകളാണ് ലേലത്തില്‍ വച്ചിരിക്കുന്നത് - 600 മെഗാഹെട്‌സ്, 700 മെഗാഹെട്‌സ്, 800 മെഗാഹെട്‌സ്, 900 മെഗാഹെട്‌സ്, 1,800 മെഗാഹെട്‌സ്, 2,100 മെഗാഹെട്‌സ്, 2,300 മെഗാഹെട്‌സ്, 3,300 മെഗാഹെട്‌സ്, 26 മെഗാഹെട്‌സ്.

∙ 4ജിയെക്കാള്‍ 10 മടങ്ങ് സ്പീഡ്

ഇന്ത്യയില്‍ 5ജി നല്‍കാന്‍ ആഗ്രഹിക്കുന്ന ടെലികോം സേവനദാതാക്കള്‍ മിഡ്, ഹൈ ബാന്‍ഡ് സ്‌പെക്ട്രം വാങ്ങാനായിരിക്കും ശ്രമിക്കുക. ഇവര്‍ 5ജി കേന്ദ്രീകൃത സേവനങ്ങള്‍ നല്‍കാനാണ് ആഗ്രഹിക്കുന്നത്. നിലവിലുള്ള 4ജി സേവനങ്ങളെക്കാള്‍ പത്തു മടങ്ങ് വേഗം നല്‍കാന്‍ 5ജിക്ക് സാധ്യമാകുമെന്നാണ് കേന്ദ്രം കഴിഞ്ഞ മാസം പുറത്തിറക്കിയ പ്രസ്താവനയിലുളളത്.

∙ ജിയോയ്ക്ക് വാങ്ങാവുന്ന സ്‌പെക്ട്രം

ജിയോയ്ക്ക് 1,30,000 കോടി രൂപയ്ക്കു വരെ സ്‌പെക്ട്രം വാങ്ങാന്‍ സാധിക്കും. ഇതില്‍ 700 മെഗാഹെട്‌സ് ബാന്‍ഡും ഉള്‍പ്പെടും. ഇതാണ് ഏറ്റവും പ്രീമിയം ബാന്‍ഡ്. കണ്‍സ്യൂമര്‍മാര്‍ക്കുള്ള വിവിധ സേവനങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ ഏറ്റവും അനുയോജ്യമായ ബാന്‍ഡാണിത്.

∙ അദാനി ഗ്രൂപ്പ്

കണ്‍സ്യൂമര്‍ 5ജി മേഖലയിലേക്ക് ഇല്ലെന്ന് പറഞ്ഞിരിക്കുന്ന അദാനി ഗ്രൂപ്പ് ക്യാപ്റ്റീവ് പ്രൈവറ്റ് നെറ്റ്‌വര്‍ക്കുകള്‍ സ്ഥാപിക്കാനുളള ശ്രമമായിരിക്കും നടത്തുക. ഇതിനായി 26 ഗിഗാഹെട്‌സ് മില്ലിമീറ്റര്‍ ബാന്‍ഡ് ആയിരിക്കും കമ്പനി സ്വന്തമാക്കാന്‍ ശ്രമിക്കുക എന്നും പറയുന്നു. ഇത് കുറഞ്ഞ ലേറ്റന്‍സിയുള്ള, അതിവേഗ ബാന്‍ഡ് ആണ്. ഇതിനാല്‍ത്തന്നെ ഇത് സ്വകാര്യ നെറ്റ്‌വര്‍ക്കുകള്‍ സ്ഥാപിക്കാന്‍ മികച്ചതായിരിക്കുമെന്നും കരുതപ്പെടുന്നു. അദാനി ഗ്രൂപ്പ് ഈ ബാന്‍ഡില്‍ മാത്രമായി ലേലം പരിമിതപ്പെടുത്തിയേക്കുമെന്നും പ്രവചിക്കപ്പെടുന്നു.

∙ അദാനി മറ്റു കമ്പനികളുമായി 5ജിയില്‍ ഏറ്റുമുട്ടുന്നില്ല എന്നാണോ?

അദാനി കണ്‍സ്യൂമര്‍ 5ജി സേവനം നല്‍കാന്‍ ഇറങ്ങില്ലെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. അതു ശരിവയ്ക്കുന്നതാണ് മോര്‍ഗന്‍ സ്റ്റാന്‍ലി അടക്കമുള്ള വിശകലന കമ്പനികളുടെ വിലയിരുത്തലും. അതേസമയം, സ്വന്തം ബിസിനസ് സ്ഥാപനങ്ങള്‍ക്ക് മറ്റാരില്‍ നിന്നും ഇന്റര്‍നെറ്റ് വാങ്ങാതരിക്കാനുള്ള ശ്രമമായിരിക്കാം ഇതെന്നും കരുതപ്പെടുന്നു. എന്നാല്‍, തങ്ങളുടെ സ്ഥാപനങ്ങള്‍ക്കു മാത്രമേ 5ജി സേവനം നല്‍കൂ എന്ന് അദാനി ഗ്രൂപ്പ് ഒരിടത്തും പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഡോട്ട് പുറത്തിറക്കിയ 5ജി പ്രക്ഷേപണ നിയമങ്ങള്‍ പ്രകാരം ലേലത്തില്‍ പിടിക്കുന്ന സ്‌പെക്ട്രം മറ്റു കമ്പനികള്‍ക്ക് വാടകയ്ക്കു നല്‍കാനും സാധിക്കും. അദാനി ഗ്രൂപ്പ് ഈ മേഖലയില്‍ മറ്റു മൂന്നു കമ്പനികളുമായി മത്സരിച്ചേക്കും. ഇതു കൂടാതെ, ബിസിനസ് സ്ഥാപനങ്ങള്‍ക്ക് പ്രത്യേക 5ജി നല്‍കുന്ന ബിസിനസിലാണ് ലാഭമിരിക്കുന്നത് എന്ന വിലയിരുത്തലുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, അദാനി ഗ്രൂപ്പ് ശ്രദ്ധിക്കുന്നത് കമ്പനിക്ക് കൂടുതല്‍ ലാഭമുണ്ടാക്കുന്ന കാര്യത്തിലായിരിക്കും.

ഒപ്പം ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായ ഗൗതം അംബാനിയുടെ സ്വന്തം സ്ഥാപനങ്ങളിലെ ഡേറ്റ മറ്റു സേവനദാതാക്കളുടെ കയ്യില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യാം. നിലവിലെ സാഹചര്യത്തില്‍ കണ്‍സ്യൂമര്‍ 4ജിയില്‍ നിന്ന് കാര്യമായ വരുമാനമില്ല. അത് 5ജിയുടെ കാര്യത്തിലും തുടര്‍ന്നേക്കും. എന്നാല്‍, ഒരിക്കല്‍ കണ്‍സ്യൂമര്‍ 5ജി ലാഭത്തിലായി എന്നുവന്നാല്‍ പാപ്പരായേക്കാമെന്നു കരുതുന്ന വോഡഫോണ്‍ ഐഡിയയെ ഏറ്റെടുത്ത് അദാനി രംഗത്തെത്താനുള്ള സാധ്യതയും ആരും തള്ളിക്കളയുന്നില്ല.

∙ ഇന്ത്യയില്‍ ഏറ്റവുമധികം വേതനം വാങ്ങുന്ന ടെക്‌നോളജി കമ്പനി മേധാവിയായി സി. വിജയകുമാര്‍

എച്‌സിഎല്‍ ടെക്‌നോളജീസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സി. വിജയകുമാറാണ് ഇന്ത്യയില്‍ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന ടെക്‌നോളജി കമ്പനി മേധാവി. അദ്ദേഹത്തിന്റെ ശമ്പളം 1.65 കോടി ഡോളര്‍ അല്ലെങ്കില്‍ 130 കോടി രൂപയാണ് എന്ന് കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

∙ ബിറ്റ്‌കോയിന്‍ വാങ്ങിയതില്‍ ടെസ്‌ലയ്ക്ക് നഷ്ടം 17 കോടി ഡോളര്‍

പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാവയ ടെസ്‌ലയ്ക്ക് ബിറ്റ്‌കോയിന്‍ വാങ്ങിയ ഇനത്തില്‍ 170 ദശലക്ഷം ഡോളര്‍ നഷ്ടം വന്നെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ കൈവശമുള്ള ബിറ്റ്‌കോയിന്റെ 75 ശതമാനവും വിറ്റൊഴിവായിരുന്നു. കമ്പനി 150 കോടി ഡോളര്‍ മൂല്യത്തിനുള്ള ബിറ്റ്‌കോയിനാണ് വാങ്ങിയിരുന്നത്.

English Summary: Mukesh Ambani, Gautam Adani In Race For $14 Billion 5G Auction Today

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA