ADVERTISEMENT

ഇന്ത്യയിൽ നിരോധിച്ച ചൈനീസ് മൊബൈൽ ആപ്പുകൾ നിസ്സാര മാറ്റങ്ങൾ മാത്രം വരുത്തി പുതിയ രൂപത്തിൽ തിരിച്ചുവരുന്നതായി സ്ഥിരീകരിച്ച് കേന്ദ്രം. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച എല്ലാ പരാതികളും ആഭ്യന്തര മന്ത്രാലയത്തിനു കൈമാറിയതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ദിവസം പാർലമെന്റിൽ അറിയിച്ചു.

 

പബ്ജി ഗെയിം ഇന്ത്യയിൽ നിരോധിച്ച ശേഷവും ഗെയിം കളിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കുട്ടി അമ്മയെ കൊലപ്പെടുത്തിയ സംഭവം മാധ്യമങ്ങളിലൂടെ അറിഞ്ഞതായും കേന്ദ്രം വ്യക്തമാക്കി. നിരോധിച്ചിട്ടും ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് അന്വേഷിക്കേണ്ടതാണെന്നും മറുപടിയിൽ പറയുന്നു. 2020ലാണ് കേന്ദ്ര ഐടി മന്ത്രാലയം പബ്ജി അടക്കമുള്ള ആപുകൾ നിരോധിച്ചത്. ഇത്തരം ആപ്പുകളുടെ തിരിച്ചുവരവ് തടയണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുടെ ദേശീയ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) ഇന്നലെ കേന്ദ്രമന്ത്രി പീയുഷ് ഗോയലിനു കത്ത് നൽകി.

 

∙ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

 

ഫയലുകൾ പങ്കുവയ്ക്കാനുള്ള ഷെയർ ഇറ്റ് എന്ന ആപ് നിരോധിച്ചെങ്കിലും നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിലടക്കം ഇതിന്റെ 'ക്ലോൺ' അഥവ മാറ്റം വരുത്തിയ പതിപ്പായ 'ഷെയർ കരോ' എന്ന ആപ് ലഭ്യമാണെന്ന് സിഎഐടി ചൂണ്ടിക്കാട്ടി. ലോഗോ പോലും സമാനമാണ്. പുതിയ പതിപ്പിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഉപയോക്താവ് എത്തുന്നത്, നിരോധനമുള്ള ഷെയർ ഇറ്റിന്റെ തന്നെ വെബ്സൈറ്റിലാണ്. ആപ്പുകൾ ലോക് ചെയ്യുന്ന ആപ്‍ലോക് എന്ന നിരോധിത ആപ്പിന്റെ അതേ പേരിൽ തന്നെ ക്ലോൺ ലഭ്യമാണ്. 

 

ഡോക്യുമെന്റ് സ്കാനിങ്ങിനായി ഉപയോഗിക്കുന്ന കാംസ്കാനർ നിരോധിച്ചപ്പോൾ 'ടാപ്സ്കാനർ', 'ഒകെൻ' എന്ന പേരിലാണ് ക്ലോൺ പതിപ്പുകൾ വന്നത്. സാങ്കേതികപരിശോധനയിൽ ഇവയെല്ലാം കാംസ്കാനറിന്റെ സംവിധാനം തന്നെയാണ് ഉപയോഗിക്കുന്നതെന്ന് തെളിഞ്ഞതായും സിഎഐടി നടത്തിയ പരിശോധനയിൽ വ്യക്തമായി.

 

English Summary: Govt Probing Cases Of Banned Apps Making A Comeback

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com