ലൈംഗിക വിവാദങ്ങളിൽ കുടുങ്ങി മസ്ക്, ഏറെക്കാലമായി ലൈംഗികതയില്ലെന്ന് പ്രതികരണം

Elon-musk
Photo: AFP
SHARE

വെറുമൊരു ശതകോടീശ്വരനല്ല ഇലോൺ മസ്ക്. ശതകോടീശ്വരൻമാരിലെ ടോപ് സെലിബ്രിറ്റി. ലോകമെമ്പാടും അനേകം ആരാധകരും ഫോളോവേഴ്സുമുള്ള ക്രൗഡ്പുള്ളർ. ലോകം ഇലോൺ മസ്കിനെ ആരാധനയോടെയും അദ്ഭുതത്തോടെയും നോക്കി നിന്നു. അയൺമാൻ, മാർവൽചിത്രങ്ങളിലെ ശതകോടീശ്വരനും സാങ്കേതിക വിദഗ്ധനുമായ കഥാപാത്രമായ ടോണി സ്റ്റാർക്കിനോട് മസ്ക് ഉപമിക്കപ്പെട്ടു. അതിനാൽ തന്നെ മസ്കിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളും വൈറൽ ആകുന്നത് സ്വാഭാവികം.

ബഹിരാകാശത്തേക്ക് ഫാൽക്കൺ റോക്കറ്റിനുള്ളിൽ ടെസ്‌ല റോഡ്സ്റ്ററിനെ വിട്ടും ചൊവ്വയിൽ കോളനി ഉറപ്പിക്കാൻ റോക്കറ്റ് നിർമിച്ചുമൊക്കെ വാർത്തകളിൽ നിറഞ്ഞുനിന്ന മസ്ക് അടുത്തകാലത്തായി എപ്പോഴും എയറിലാണ്. പലപ്പോഴും വിവാദങ്ങളിൽ പെടുകയാണ് അദ്ദേഹം. ടെസ്‌ല മേധാവി ഇലോൺ മസ്‌ക് അടുത്തിടെ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. ഇതിലൊന്ന് ട്വിറ്റർ വാങ്ങുന്നത് സംബന്ധിച്ചുള്ള അനിശ്ചിതത്വമാണ്. രണ്ടാമത്തേത് അദ്ദേഹത്തിന്റെ വ്യക്തിജീവിതമാണ്. സുഹൃത്തും ഗൂഗിൾ സഹസ്ഥാപകനുമായ സെർജി ബ്രിന്നിന്റെ ഭാര്യ നിക്കോൾ ഷാനഹാനുമായി മസ്‌കിന് അവിഹിത ബന്ധമുണ്ടായിരുന്നു എന്ന വാർത്തയാണ് മസ്കിന്റെ പുതിയ തലവേദന. മസ്ക് അതു നിഷേധിക്കുകയും ചെയ്തു.

വിവാദത്തിനെതിരെ തിങ്കളാഴ്ച രാവിലെ തന്നെ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. ‘‘ഞാനും സെർജിയും സുഹൃത്തുക്കളാണ്, ഇന്നലെ രാത്രി ഒരു പാർട്ടിയിൽ ഒരുമിച്ച് ഉണ്ടായിരുന്നു! മൂന്ന് വർഷത്തിനിടെ ഞാൻ നിക്കോളിനെ രണ്ടു തവണ മാത്രമേ കണ്ടിട്ടുള്ളൂ, രണ്ട് തവണയും ചുറ്റും നിരവധി ആളുകളുണ്ടായിരുന്നു. റൊമാന്റിക് ആയി ഒന്നുമില്ലായിരുന്നു’’– ഇതായിരുന്നു ട്വീറ്റിലെ ഉള്ളടക്കം.

2021 സെപ്റ്റംബറിൽ, പങ്കാളിയും ഗായികയുമായ ഗ്രിംസുമായുള്ള ബന്ധം വേർപെടുത്തിയതിന് ശേഷമാണ് മസ്ക് നിക്കോളുമായി ബന്ധം തുടങ്ങിയതെന്ന് റിപ്പോർട്ട് ആരോപിക്കുന്നു. ആരോപണങ്ങൾ നിരസിച്ച മസ്ക്, താൻ വളരെക്കാലമായി ആരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും പറഞ്ഞു. ബ്രിന്നും നിക്കോളും ഈ വർഷം ആദ്യം വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു.

പക്ഷേ മസ്കിനെതിരെ ലൈംഗികാരോപണങ്ങൾ ഉയരുന്നത് ആദ്യമല്ല. 2021 നവംബറിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ന്യൂറലിങ്കിന്റെ ഒരു ഉന്നത എക്‌സിക്യൂട്ടീവ് ഷിവോൺ സിലിസിൽ മസ്കിന് ഇരട്ടക്കുട്ടികളുണ്ടെന്ന വാർത്ത പുറത്തുവന്നിരുന്നു. ഒരു ഫ്ലൈറ്റ് അറ്റൻഡന്റിനെ മസ്ക് ലൈംഗികമായി പീഡിപ്പിക്കുകയും കേസ് ഒതുക്കാൻ 2,50,000 ഡോളർ നൽകിയതായും വാർത്തകളുണ്ടായിരുന്നു.

∙ അജ്‍ഞാത ഇരട്ടക്കുട്ടികൾ

ന്യൂറലിങ്കിന്റെ പ്രോജക്ട് ഡയറക്ടർ ഷിവോൺ സിലിസിൽ മസ്കിന് ഇരട്ടക്കുട്ടികളുണ്ടായെന്ന് ആഴ്ചകൾക്ക് മുൻപാണ് വാർത്ത വന്നത്. മസ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ന്യൂറലിങ്ക്. ഷിവോൺ സിലിസ്, തന്റെ ഇരട്ടക്കുട്ടികളുടെ പേരിനൊപ്പം ഇലോൺ മസ്കിന്റെ പേരു കൂടി ചേർക്കാൻ ട‌െക്സസ് കോടതിയിൽ അപേക്ഷ നൽകി. ഇതിനു കോടതി അനുമതി നൽകിയതോടെയാണ് മസ്ക് ഇരട്ടക്കുട്ടികളുടെ അച്ഛനായ വിവരം ലോകമറിയുന്നത്.

∙ 18 വയസ്സുകാരിയായ മസ്കിന്റെ മകൾ പേരു മാറ്റി

ഇതിനു മുൻപ് ആംബർ ഹെഡ്– ജോണി ഡെപ്പ് കേസിലും ഇലോൺ മസ്കിന്റെ പേര് ഉയർന്നിരുന്നു. ഇലോൺ മസ്കിനൊപ്പം തന്നെ ആംബർ ഹെഡ് വഞ്ചിച്ചെന്ന് ഡെപ്പ് അഭിപ്രായപ്പെട്ടതും വലിയ വിവാദത്തിനിടയാക്കിയിരുന്നു. 18 വയസ്സുകാരിയായ മസ്കിന്റെ മകൾ പേരു മാറ്റിക്കൊണ്ട് പിതാവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ കോടതിയിൽ അപേക്ഷ നൽകിയത് കഴിഞ്ഞ മാസമാണ്. ഡോഗ്കോയിൻ, ബിറ്റ്കോയിൻ, യുഎസ് രാഷ്ട്രീയത്തിൽ മലക്കം മറിഞ്ഞ് പക്ഷം പിടിക്കുന്ന പ്രവണത, തോക്ക് വാങ്ങാനുള്ള അവകാശങ്ങൾക്കുള്ള പിന്തുണ തുടങ്ങിയവ മൂലം ഒട്ടേറെ വിവാദങ്ങളിൽ ഇതിനിടെ മസ്ക് ചെന്നുപെട്ടു.

∙ ആരാണ് ഷിവോൺ സിലിസ്?

കാനഡയിലെ ഒന്റാരിയോയിൽ ജനിച്ച് യുഎസിലെ പ്രശസ്തമായ യേൽ സർവകലാശാലയിൽ നിന്നു ബിരുദം നേടിയിട്ടുള്ള ഷിവോൺ സിലിസ് ടെസ്‌ലയുടെ പ്രോജക്ട് ഡയറക്ടറായിരുന്നു. ചെറുപ്പത്തിൽ ഒന്റാരിയോയിൽ ഐസ് ഹോക്കി ടീമിൽ അംഗമായിരുന്നു ഷിവോൺ. സാൻ ഫ്രാൻസിസ്കോയിൽ വച്ചാണ് മസ്ക്കും ഷിവോണും തമ്മിൽ പരിചയപ്പെടുന്നത്.

പിന്നീട് മസ്കിന്റെ വിവിധ സ്ഥാപനങ്ങളിൽ വിവിധ ഉയർന്ന തസ്തികകളിലേക്ക് അവർ നിയമിതയായി. ട്വിറ്ററിനെ ഏറ്റെടുക്കാൻ മസ്ക് ശ്രമിച്ച വേളയിൽ, ആ ഏറ്റെടുക്കൽ നടന്നാൽ 36 വയസ്സുകാരിയായ ഷിവോൺ ട്വിറ്ററിന്റെ തലപ്പത്തേക്ക് എത്തുമെന്ന് കരുതപ്പെട്ടിരുന്നു.

ഇരട്ടക്കുട്ടികളുടെ ജനനം സ്ഥിരീകരിച്ചതോടെ നിലവിൽ 9 കുട്ടികളുടെ പിതാവാണ് ഇലോൺ മസ്ക്. ആദ്യഭാര്യയായ ജസ്റ്റിൻ വിൽസണിൽ പിറന്നതാണ് 5 കുട്ടികൾ. പിന്നീട് തലൂല റൈലി എന്ന എഴുത്തുകാരിയെ വിവാഹം ചെയ്തെങ്കിലും കുട്ടികളുണ്ടായില്ല. അടുത്തിടെ വേർപിരിഞ്ഞ പങ്കാളിയും പാട്ടുകാരിയുമായ ഗ്രൈംസിലാണ് 2 കുട്ടികൾ മസ്കിനു പിറന്നത്.

∙ മസ്ക് ലൈംഗികമായി പീഡിപ്പിച്ചെന്ന് എയർ ഹോസ്റ്റസ്, കേസ് ഒതുക്കാൻ 250,000 ഡോളർ നൽകി?

ടെസ്‌ല മേധാവി ഇലോൺ മസ്കിനെതിരെ ലൈംഗിക പീഡന ആരോപണവുമായി എയർ ഹോസ്റ്റസും രംഗത്തുവന്നിരുന്നു. എന്നാൽ, 44 ബില്യൻ ഡോളറിന് ട്വിറ്റർ ഏറ്റെടുക്കലിന് തടസ്സമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഇപ്പോഴത്തെ ആരോപണമെന്നാണ് മസ്ക് പ്രതികരിച്ചത്. പീഡനത്തിനിരയായ എയർ ഹോസ്റ്റസിന് പണം കൊടുത്ത് ആരോപണം ഒതുക്കിയെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

സ്‌പേസ് എക്‌സിന്റെ കോർപ്പറേറ്റ് ഫ്‌ളൈറ്റിൽ ക്രൂ അംഗമായി ജോലി ചെയ്തിരുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. മസ്‌ക് തന്നെ അനുചിതമായി സ്പർശിച്ചതായും ലൈംഗികമായി മസാജ് ചെയ്യാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. വിമാനത്തിലെ സ്വകാര്യ റൂമിലേക്ക് മസ്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. വഴങ്ങിയാൽ കുതിരയെ വാങ്ങി നൽകാമെന്ന് മസ്ക് വാഗ്ദാനം നൽകിയതായും റിപ്പോർട്ടിലുണ്ട്.

മസ്കിന്റെ ഗൾഫ്സ്ര്ടീം ജി650ഇആർ വിമാനത്തിന്റെ സ്വകാര്യ റൂമിലാണ് സംഭവം നടന്നത്. എന്നാൽ, ഇക്കാര്യത്തിൽ പ്രതികരിക്കാൻ തനിക്ക് കൂടുതൽ സമയം ആവശ്യമാണെന്നാണ് അന്ന് മസ്‌ക് പറഞ്ഞത്.. ഈ കഥയ്ക്ക് പിന്നിൽ ഒരുപാട് കാര്യങ്ങൾ ഉണ്ടെന്നും മസ്ക് പറഞ്ഞിരുന്നു.

English Summary: Elon Musk says he hasn’t had sex in ages while scandal talks surface, not even on vacations

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}