ADVERTISEMENT

ഇന്ത്യയില്‍ 1 ജിബി ഡേറ്റയ്ക്ക് 249 രൂപ നല്‍കിയിരുന്ന കാലമുണ്ടായിരുന്നു എന്നോര്‍ത്ത് രോഷം കൊള്ളുന്നവരാണ് മിക്കവരും. എന്നാൽ, ലോകത്ത് ഇപ്പോള്‍ ഡേറ്റയ്ക്ക് ഏറ്റവുമധികം വില നല്‍കേണ്ട രാജ്യങ്ങളെക്കുറിച്ചു കേട്ടാല്‍ ആ പരിഭവമൊക്കെ മാറിയേക്കും. ഇപ്പോള്‍ കേവലം 1 ജിബി ഡേറ്റയ്ക്ക് വില 41.06 ഡോളര്‍ (ഏകദേശം 3276.40 രൂപ) നല്‍കേണ്ട രാജ്യമാണ് സെയ്ന്റ് ഹെലെനാ! അത് ഒറ്റപ്പെട്ട കാര്യമാണെന്നു കരുതേണ്ട. രണ്ടാം സ്ഥാനത്തുള്ള ഫോക്‌ലൻഡ് ഐലൻഡ്സിലും നല്‍കണം 1 ജിബി ഡേറ്റയ്ക്ക് 38.45 ഡോളര്‍ വില. മൂന്നാം സ്ഥാനത്ത് സാവോ ടോമെ ആന്‍ഡ്പ്രിന്‍സിപെ (Sao Tome and Principe) ആണ് - വില 29.49 ഡോളര്‍. ടൊകെലാവുവില്‍ (Tokelau) വില 17.88 ഡോളറാണ്. ആ രാജ്യത്തെക്കാള്‍ മോശമല്ല യെമനും - അവിടെ 1 ജിബി ഡേറ്റയ്ക്ക് 16.58 ഡോളര്‍ നല്‍കണം.

 

∙ ലോകത്തെ ഏറ്റവും കുറഞ്ഞ മൊബൈല്‍ ഡേറ്റാ നിരക്കിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനം

 

ഇന്ത്യയില്‍ 5ജി സ്പെക്ട്രം ലേലം തകൃതിയായി നടക്കുന്നതിനിടയിലാണ് ലോകത്തെ മൊബൈല്‍ ഡേറ്റാ വിലയെക്കുറിച്ചുള്ള വിവരങ്ങള്‍ വന്നത്. കുറഞ്ഞ ഡേറ്റാ നിരക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനമാണ്. വേള്‍ഡ് വൈഡ് മൊബൈല്‍ ഡേറ്റാ വിലവിവര പട്ടിക പ്രകാരം ഏറ്റവും കുറഞ്ഞ നിരക്കിൽ ഇന്റര്‍നെറ്റ് ലഭിക്കുന്ന രാജ്യം ഇസ്രയേല്‍ ആണ്. അവിടെ 1 ജിബി ഡേറ്റയ്ക്ക് വില 0.04 ഡോളര്‍ ( ഏകദേശം 3.19 രൂപ) ആണ്. രണ്ടാം സ്ഥാനത്ത് ഇറ്റലിയാണ് - വില 0.12 ഡോളര്‍ (ഏകദേശം 9.58 രൂപ). മൂന്നാം സ്ഥാനത്തുള്ളത് സാന്‍ മരിനോയാണ്. ഇവിടെ 0.14 ഡോളര്‍ ( ഏകദേശം 11.17 രൂപ) വില നല്‍കണം. ഫിജിക്കാണ് നാലാം സ്ഥാനം - ഡേറ്റാ വില 0.15 ഡോളര്‍ (ഏകദേശം 11.97 രൂപ). അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 1 ജിബി മൊബൈല്‍ ഡേറ്റയ്ക്ക് നല്‍കേണ്ടത് 0.17 ഡോളറാണെന്നും (ഏകദേശം 13.57 രൂപ) പറയുന്നു.

 

ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ളതോ, ഇല്ലാത്തതോ, കുറച്ച് ഡേറ്റയെ ഉപയോഗിക്കപ്പെടുന്നുള്ളോ തുടങ്ങിയ കാര്യങ്ങളാണ് ഇന്റര്‍നെറ്റ് വില കൂട്ടിയും കുറച്ചും നിർത്തുന്നത്. ലോകത്ത് ഏറ്റവുമധികം ഡേറ്റാ വില കുറവുള്ള 20 രാജ്യങ്ങളില്‍ മൂന്നിലൊന്നും ഏഷ്യയിലാണ്. അവയില്‍തന്നെ ആദ്യ പത്തിലാണ് ഇന്ത്യയും നേപ്പാളും (0.27 ഡോളര്‍) ഇടം പിടിച്ചിരിക്കുന്നതെന്നതും ആശ്വാസം പകരുന്ന കാര്യങ്ങളാണ്.

 

ഏഷ്യന്‍ രാജ്യങ്ങളില്‍ ഒരു പരിധിയിലേറെ ഡേറ്റാ വില നല്‍കേണ്ടി വരുന്നത് മൂന്നു രാജ്യങ്ങളിലാണ്. ജപ്പാന്‍– 3.85 ഡോളര്‍, ബ്രിട്ടിഷ് ഇന്ത്യന്‍ ഓഷ്യന്‍ ടെറിറ്ററി - 5.00 ഡോളര്‍, ദക്ഷിണ കൊറിയ - 12.55 ഡോളര്‍ എന്നിവയാണ് മൂന്ന് രാജ്യങ്ങൾ. ഏഷ്യന്‍ രാജ്യങ്ങളില്‍ ദക്ഷിണ കൊറിയയിലാണ് ഡേറ്റയ്ക്ക് ഏറ്റവുമധികം വില നല്‍കേണ്ടി വരുന്നത്. അതേസമയം ഡേറ്റാ വിലയുടെ ആഗോള ശരാശരി 3.12 ഡോളറാണ്.

 

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ മൊബൈല്‍ പ്രീ പെയ്ഡ് പ്ലാന്‍ റിലയന്‍സ് ജിയോ അവതരിപ്പിച്ചിരുന്നു. 1 രൂപയ്ക്ക് 30 ദിവസം കാലാവധിയായിരുന്നു ഓഫര്‍. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഡേറ്റാ റീചാര്‍ജ് പ്ലാനില്‍ 100 എംബി ഡേറ്റ 30 ദിവസത്തെ കാലാവധിയിലാണ് ലഭിച്ചിരുന്നത്. മികച്ച മൊബൈല്‍ റീചാര്‍ജ് പ്ലാനുകളില്‍ മറ്റൊന്ന് അവതരിപ്പിച്ചിരിക്കുന്നത് എംടിഎന്‍എല്‍ ആണ്. ഇവർ 47 രൂപയ്ക്ക് 90 ദിവസത്തെ വാലിഡിറ്റിയാണ് നൽകിയിരുന്നത്.

 

English Summary: These countries offer cheapest mobile data, India in top 5

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com