ADVERTISEMENT

ആഗോള പ്രശസ്ത സിനിമാ സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് ഒരു മ്യൂസിക് വിഡിയോ പൂര്‍ണ്ണമായി ഐഫോണ്‍ മാത്രം ഉപയോഗിച്ച് ഷൂട്ടു ചെയ്തുവെന്ന് ക്രിയേറ്റീവ് ബ്ലോക് (Creative Bloq) റിപ്പോര്‍ട്ടു ചെയ്യുന്നു. ലോക സിനിമയിലെ സ്‌പെഷല്‍ എഫക്ടുകളുടെ രാജാക്കന്മാരില്‍ ഒരാളായ സ്പീല്‍ബര്‍ഗ് ആദ്യമായാണ് ഒരു സംഗീത വിഡിയോ ഷൂട്ടു ചെയ്യുന്നത്. അതില്‍ ഒരു സ്‌പെഷല്‍ എഫക്ട് പോലും ഇല്ലതാനും. ബ്രിട്ടിഷ് അമേരിക്കന്‍ സംഗീതകാരന്‍ മാര്‍കസ് മംഫെഡ് ആണ് ഗായകന്‍. പാട്ട് പകര്‍ത്താന്‍ സ്പീല്‍ബര്‍ഗിനെ സഹായിച്ചത് അദ്ദേഹത്തിന്റെ ഭാര്യ കെയ്റ്റ്ക്യാപ്‌ഷോ ആണ്. കെയ്റ്റ് തന്നെയാണ് പാട്ടിന്റെ പ്രൊഡ്യൂസറും ആര്‍ട്ട് ഡയറക്ടറും.

 

∙ ആര്‍ക്കും വിഡിയോ ഷൂട്ടു ചെയ്യാമെന്ന സന്ദേശം

 

പാട്ട് ഒറ്റ ടെയ്കില്‍ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന സവിശേഷതയും ഉണ്ട്. ചക്രങ്ങളുള്ള ഒരു കസേരയില്‍ ഇരുന്നാണ് സ്പീല്‍ബര്‍ഗ് ഗാനം ചിത്രീകരിക്കുന്നത്. ന്യൂയോര്‍ക്കിലെ ഒരു ഹൈസ്‌കൂള്‍ ജിംനേഷ്യം ആയിരുന്നു വേദി. ഐഫോണില്‍ ഒരു ബ്ലാക് ആന്‍ഡ് വൈറ്റ് ഫില്‍റ്റര്‍ ഉപയോഗിച്ചാണ് വിഡിയോ ഷൂട്ടു ചെയ്തിരിക്കുന്നത്. 'ക്യാനിബള്‍' എന്നാണ് പാട്ടിന് പേരിട്ടിരിക്കുന്നത്.

 

വിഡിയോയുടെ സവിശേഷത അതിന്റെ ലാളിത്യമാണ്. മിക്കവറും എല്ലാ ഫോണുകളും ഉപയോഗിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള വിഡിയോകള്‍ ചിത്രീകരിക്കാമെന്ന സന്ദേശം കൂടിയാണ് ഈ വിഡിയോ നല്‍കുന്നത്. തന്റെ പാട്ട് പകര്‍ത്താന്‍ സാക്ഷാല്‍ സ്പീല്‍ബര്‍ഗ് തന്നെ എത്തിയ കാര്യം ആഘോഷമാക്കാന്‍ മാര്‍ക്കസ് ട്വിറ്ററിലെത്തി. പിന്നാമ്പുറ ദൃശ്യങ്ങള്‍ അടക്കം അദ്ദേഹം പുറത്തുവിട്ടു: https://bit.ly/3S5gRRk

 

∙ ഏത് ഐഫോണ്‍?

 

അതേസമയം ഏത് ഐഫോണ്‍ മോഡലാണ് വിഡിയോ പകര്‍ത്താന്‍ ഉപയോഗിച്ചിരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഇതെഴുതുന്ന സമയത്ത് ലഭ്യമല്ല. എന്നാല്‍, നേരത്തെ സ്പീല്‍ബര്‍ഗ് ആപ്പിളുമായി അവരുടെ 'അമെയ്‌സിങ് സ്റ്റോറീസ്' വിഭാഗത്തിനായി സഹകരിച്ച ചരിത്രം ഉണ്ട്. പക്ഷേ, ഇവിടെ ആപ്പിള്‍ കമ്പനിയുമായി ബന്ധമില്ലാത്ത ഷൂട്ടാണ് നടന്നിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സ്പീല്‍ബര്‍ഗ് ആദ്യമായി ഒരു മ്യൂസിക് വിഡിയോ ഷൂട്ടു ചെയ്യുന്നത് ഇത് ആദ്യമായിട്ടായിരിക്കാം.

 

പക്ഷേ, ഫോണില്‍ മ്യൂസിക് വിഡിയോ പകര്‍ത്തുക എന്നത് മുൻപ് പലരും ചെയ്തിരിക്കുന്ന കാര്യമാണ്. ഗായിക സെലെന ഗോമസ് 2019ല്‍ ആപ്പിളുമായി സഹകരിച്ച് 'ലൂസ് യൂ ടു ലവ് മീ' എന്ന പാട്ട് ഫോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ചിട്ടുണ്ട്. ഈ മ്യൂസിക് വിഡിയോ ഐഫോണ്‍ 11 പ്രോ മോഡലിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ലേഡി ഗാഗയുടെ 'സ്റ്റിയുപ്പിഡ് ലവ്' ആണ് ഫോണില്‍ ചിത്രീകരിച്ച മറ്റൊരു വിഡിയോ. സ്പീല്‍ബര്‍ഗ് ചിത്രീകരിച്ച വിഡിയോ ഇവിടെ കാണാം: https://youtu.be/pOcfW0zv7cY

 

∙ ജൂണില്‍ ഇന്ത്യയ്ക്കു നേരെ 674,021 സൈബര്‍ ആക്രമണങ്ങള്‍

MOUNTAIN VIEW, CALIFORNIA - JANUARY 31: A sign is posted in front of a building on the Google campus on January 31, 2022 in Mountain View, California. Google parent company Alphabet will report fourth quarter earnings on Tuesday after the closing bell.   Justin Sullivan/Getty Images/AFP (Photo by JUSTIN SULLIVAN / GETTY IMAGES NORTH AMERICA / Getty Images via AFP)
MOUNTAIN VIEW, CALIFORNIA - JANUARY 31: A sign is posted in front of a building on the Google campus on January 31, 2022 in Mountain View, California. Google parent company Alphabet will report fourth quarter earnings on Tuesday after the closing bell. Justin Sullivan/Getty Images/AFP (Photo by JUSTIN SULLIVAN / GETTY IMAGES NORTH AMERICA / Getty Images via AFP)

 

ഈ വര്‍ഷം ജൂണില്‍ ഇന്ത്യയ്ക്കു നേരെ 674,021 സബര്‍ ആക്രമണങ്ങള്‍ ഉണ്ടായെന്ന് ലോക്‌സഭയില്‍ സമര്‍പ്പിച്ച കണക്കുകളില്‍ കാണാം. അതായത് ദിവസവും ഏകദേശം 3,700 ആക്രമണങ്ങളാണ് നടക്കുന്നതെന്നാണ് കണക്കുകള്‍. ഇക്കാര്യം രാജ്യത്തിന്റെ പ്രധാന സൈബര്‍ സുരക്ഷാ കോഓര്‍ഡിനേറ്റര്‍ ലെഫ്റ്റനന്റ് ജനറല്‍ ഡോ. രാജേഷ് പന്ത് ശരിവച്ചു. കോവിഡ് വാക്‌സീനെ കുറിച്ചു നടത്തുന്ന പഠനങ്ങള്‍, ഇന്ധന മേഖല തുടങ്ങിയവയ്ക്കു നേരെയും ആക്രമണങ്ങള്‍ നടക്കുന്നു.

 

∙ ആറു മാസത്തിനിടയില്‍ 1,122 പോസ്റ്റുകള്‍ നീക്കംചെയ്യാന്‍ സർക്കാർ ആവശ്യപ്പെട്ടെന്ന് ട്വിറ്റര്‍

 

പ്രമുഖ സമൂഹ മാധ്യമമായ ട്വിറ്ററിനോട് ഈ വര്‍ഷം ജൂണ്‍ വരെ 1,122 പോസ്റ്റുകള്‍ നീക്കംചെയ്യാന്‍ സര്‍ക്കാർ ആവശ്യപ്പെട്ടെന്ന് ഐടി മന്ത്രി രാജിവ് ചന്ദ്രശേഖര്‍ ലോക്‌സഭയെ അറിയിച്ചു. ഇത് 2019 വര്‍ഷം മുഴുവന്‍ ആവശ്യപ്പെട്ടതിനേക്കാള്‍ അധികമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, 2021ല്‍ 2,851 കണ്ടെന്റ് ബ്ലോക് ചെയ്യാന്‍ ഉത്തരവിട്ടെന്നും മന്ത്രി സഭയെ അറിയിച്ചു.

 

∙ സിലിക്കന്‍ വാലിക്ക് വീണ്ടും നേരിയ ശുഭപ്രതീക്ഷ പകര്‍ന്ന് മൈക്രോസോഫ്റ്റും ഗൂഗിളും

 

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുകയാണോ എന്ന തോന്നലുളവാക്കിയാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ കടന്നുപോയത്. എന്നാലിപ്പോള്‍, മൈക്രോസോഫ് കോര്‍പറേഷനും ആല്‍ഫബെറ്റും (ഗൂഗിള്‍) പുറത്തുവിട്ട സാമ്പത്തിക ഫലങ്ങള്‍ സിലിക്കന്‍ വാലി കമ്പനികള്‍ക്കും അവയില്‍ നിക്ഷേപിച്ചിരിക്കുന്നവര്‍ക്കും പുത്തന്‍ പ്രതീക്ഷകള്‍ നല്‍കിയിരിക്കുകയാണെന്ന് റോയിട്ടേഴ്‌സ്. വലിയ പരുക്കില്ലാതെ സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ സാധിച്ചേക്കുമെന്ന സൂചനകളാണ് നിക്ഷേപകര്‍ക്ക് ലഭിച്ചിരിക്കുന്നതെന്നു പറയുന്നു.

 

മൈക്രോസോഫ്റ്റിനെയും ഗൂഗിളിനെയും പോലെ ഹൈ-ഗ്രോത്, മെഗാക്യാപ് കമ്പനികളാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി അമേരിക്കന്‍ ഓഹരി വിപണിയെ ചുമലിലേറ്റി കൊണ്ടുപോന്നിട്ടുള്ളത്. അമേരിക്കയിലെ ഉയരുന്ന പലിശ നിരക്കും ഡോളറിനുണ്ടായ മൂല്യമാറ്റവും പണപ്പെരുപ്പത്തിലേക്കുള്ള പാതയാണ് തുറന്നിരിക്കുന്നതെന്ന് കരുതിവരികയായിരുന്നു. 

 

ഗൂഗിളിന്റെ പരസ്യ വില്‍പന പ്രതീക്ഷിച്ചതിലും മികച്ച ഫലം കൊണ്ടുവന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടതോടെ ആല്‍ഫബെറ്റിന്റെ ഓഹരി 4.5 ശതമാനം ഉയര്‍ന്നു. തങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം ഇരട്ടയക്ക വളര്‍ച്ചയ്ക്കായി പരിശ്രമിക്കുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചതോടെ കമ്പനിയുടെ ഓഹരി 3.1 ശതമാനം ഉയര്‍ന്നു. അതേസമയം, മൈക്രോസോഫ്റ്റിന്റെ കഴിഞ്ഞ വര്‍ഷം നാലാം പാദത്തിലെ ഫലം വാള്‍ സ്ട്രീറ്റിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. കമ്പനിക്ക് 5190 കോടി ഡോളറാണ് വരുമാനമാണ് നേടാനായത്. ഇതില്‍ 1670 കോടി ഡോളറാണ് ലാഭമെന്ന് കമ്പനി അറിയിച്ചു. ക്ലൗഡ് മേഖലയില്‍ മൈക്രോസോഫ്റ്റ് വളര്‍ച്ചയുടെ പാതയില്‍ തന്നെയാണെന്നത് കമ്പനിക്ക് പ്രതീക്ഷപകരുന്നു.

 

ഗൂഗിളിന്റെ കാര്യത്തില്‍ സേര്‍ച്ച് വിഭാഗമാണ് കമ്പനിക്ക് പിടിവള്ളിയായത്. വാള്‍സ്ട്രീറ്റിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും അതിനടുത്തു വരെ കമ്പനിക്ക് എത്താനായി. എന്നാല്‍, ഫലപ്രഖ്യാപന സമയത്ത് നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തണമെന്ന സന്ദേശം തന്നെയാണ് കമ്പനി നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫലം പുറത്തുവിട്ട ഗൂഗിള്‍ എക്‌സിക്യൂട്ടിവുമാര്‍ നിലനില്‍ക്കുന്ന 'അസ്ഥിരത'യെക്കുറിച്ച് കുറഞ്ഞത് 13 തവണ പരാമര്‍ശിച്ചുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അടുത്തതായി ഫെയ്‌സ്ബുക് (മെറ്റാ) കമ്പനിയുടെ പ്രഖ്യാപനത്തിനായാണ് ടെക്‌നോളജി ലോകം കാത്തിരിക്കുന്നത്.

 

∙ മസ്‌ക് പ്രതിസന്ധി: ട്വിറ്റര്‍ ഓഹരിയുടമകളുടെ മീറ്റിങ് സെപ്റ്റംബറില്‍

 

ടെസ്‌ലയുടെ മേധാവി 4400 കോടി ഡോളര്‍ നല്‍കി കമ്പനി ഏറ്റെടുക്കാമെന്നു പറഞ്ഞ് കരാറൊപ്പിട്ട ശേഷം പിന്‍വലിഞ്ഞതിനെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ ട്വിറ്റര്‍ തീരുമാനിച്ചു. ഇതിനായി കമ്പനിയുടെ ഓഹരിയുടമകളുടെ മീറ്റിങ് സെപ്റ്റംബര്‍ 13ന് നടത്തുമെന്ന് ട്വിറ്റര്‍ അറിയിച്ചു. ട്വിറ്ററും മസ്‌കും കോടതിയില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നതിന്റെ മുന്നോടിയായാണ് പുതിയ നീക്കം. ഈ മീറ്റിങ്ങില്‍ കമ്പനി തുക പുതുക്കി നിശ്ചയിച്ച് മസ്‌കിന് ഓഫര്‍ നല്‍കുമോ എന്നും സംശയിക്കപ്പെടുന്നു. അതേസമയം, പുതിയ ജോലിക്കാരെ എടുക്കുന്നത് ട്വിറ്റര്‍ തത്കാലത്തേക്ക് നിർത്തിവച്ചു.

 

English Summary: Steven Spielberg uses an iPhone to shoot his first music video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com