ADVERTISEMENT

5ജി സ്പെക്ട്രം (റേഡിയോ തരംഗം) ലേലത്തിന്റെ 37 റൗണ്ട് പിന്നിട്ടപ്പോൾ 4 കമ്പനികളിൽ നിന്നായി കേന്ദ്രത്തിനു ലഭിച്ചത് 1.50 ലക്ഷം കോടി രൂപയുടെ ബിഡുകൾ. 2015ൽ ലഭിച്ച റെക്കോർഡ് ബിഡ് തുകയായ 1.09 ലക്ഷം കോടി രൂപയെ ഇത് മറികടന്നു. ഓഗസ്റ്റ് 15നു മുൻപായി കമ്പനികൾക്ക് സ്പെക്ട്രം അലോട്ട് ചെയ്യുമെന്നും, ഒക്ടോബറിൽ 5ജി ഇന്ത്യയിൽ യാഥാർഥ്യമായി തുടങ്ങുമെന്നുമാണ് സർ‌ക്കാർ വാദം.

 

ലേലത്തിന്റെ ആറാം ദിവസം (ഞായറാഴ്ച), 37 റൗണ്ടുകൾക്ക് ശേഷം 80,100 കോടി രൂപയാണ് റിലയൻസ് ജിയോ ചെലവിട്ടത്. 50,000 കോടി രൂപയുമായി ഭാരതി എയർടെൽ രണ്ടാമതും ഉണ്ട്. ലേലം തിങ്കളാഴ്ചയും തുടർന്നു. വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയ ഏകദേശം 15,000 കോടി രൂപയ്ക്കാണ് ലേലം വിളിച്ചത്. നാലമത്തെ കമ്പനിയായ അദാനി എന്റർപ്രൈസസ് ഏകദേശം 5,000 കോടി രൂപയ്ക്കും ലേലം ചെയ്തു.

 

ജിയോയും എയർടെല്ലും നിലവിൽ 1800MHz ബാൻഡിനായി ഉത്തർപ്രദേശ് ഈസ്റ്റ് സർക്കിളിൽ വലിയ മൽസരമാണ് നടന്നത്. അതേസമയം, ലേലം വിളിച്ചെടുത്ത ടെലികോം കമ്പനികൾ മുൻകൂർ പണമടയ്‌ക്കേണ്ടതില്ലെന്നും 20 വർഷത്തിനുള്ളിൽ പണം നൽകിയാൽ മതിയെന്നും കേന്ദ്ര മന്ത്രി വൈഷ്ണവ് പറഞ്ഞിരുന്നു.

 

മൊത്തം 5ജി സ്‌പെക്‌ട്രത്തിന്റെ 71 ശതമാനവും വിറ്റുകഴിഞ്ഞു. ഈ വർഷം ഒക്ടോബറോടെ 5ജി പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്നാണ് ഐടി മന്ത്രി വൈഷ്ണവ് പറഞ്ഞത്. 4ജിയെക്കാൾ 10 മടങ്ങ് വേഗത്തിൽ ഡേറ്റാ വേഗം നൽകാൻ കഴിയുന്ന 5ജി സംവിധാനത്തിന് മികച്ച ഇ-ഹെൽത്ത്, കണക്റ്റഡ് വാഹനങ്ങൾ, എആർ, മെറ്റാവേഴ്സ്, മൊബൈൽ ഗെയിമിങ്/സ്ട്രീമിങ് എന്നിവ മികച്ച രീതിയിൽ ലഭ്യമാക്കാൻ സാധിക്കും. 5ജി പുരോഗതിയിൽ രാജ്യത്തെ ടെലികോം വ്യവസായം ഒരുപാട് മുന്നേറിയെന്നാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന 5ജി സ്പെക്ട്രം ലേലം സൂചിപ്പിക്കുന്നതെന്ന് വൈഷ്ണവ് പറഞ്ഞു.

 

യുപി-ഈസ്റ്റ്, ഒഡീഷ സർക്കിളുകളിലേക്ക് 1800 മെഗാഹെർട്‌സ് ബാൻഡിൽ ലേലം വിളിക്കാൻ ജിയോയും എയർടെല്ലും തമ്മിൽ കാര്യമായ മൽസരം നടന്നു. പ്രത്യേകിച്ച് യുപി-ഈസ്റ്റിലേക്ക് 5ജി സ്പെക്ട്രം വിളിക്കാൻ രണ്ട് കമ്പനികളും സജീവമായി രംഗത്തുണ്ടായിരുന്നു. ലഖ്‌നൗ, പ്രയാഗ്‌രാജ്, വാരണാസി, ഗോരഖ്പൂർ തുടങ്ങിയ നഗരങ്ങൾ ഉൾപ്പെടുന്നതാണ് യുപി–ഈസ്റ്റ്.

 

കൂടാതെ രണ്ട് ടെലികോം കമ്പനികളും ജെ ആൻഡ് കെ, നോർത്ത് ഈസ്റ്റ്, കർണാടക, കേരളം, യുപി-വെസ്റ്റ്, രാജസ്ഥാൻ, എംപി, ഹിമാചൽ പ്രദേശ് എന്നിവയുൾപ്പെടെ എട്ട് സർക്കിളുകളിൽ മിഡ്-ബാൻഡ് എയർവേവുകളിൽ ലേലം വിളിക്കാൻ മൽസരിച്ചു. കേരളത്തിലേക്കായി 26 ജിഗാഹെർട്സ് സ്‌പെക്‌ട്രം ബാൻഡിനായി ഇരു കമ്പനികളും സജീവമായി രംഗത്തിറങ്ങിയിരുന്നു.

 

ഈ സ്ഥലങ്ങളിലെല്ലാം കവറേജ് വളരെ പ്രധാനമാണ്. നല്ല കവറേജ് ലഭിക്കാൻ ഒരു താഴ്ന്ന ബാൻഡ് ആവശ്യമാണ്. ഇത് നമ്മുടെ രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലേക്ക് വളരെ ഉയർന്ന നിലവാരത്തിലുള്ള സേവനം നൽകുമെന്ന് ഉറപ്പുണ്ടെന്ന് മന്ത്രി പറഞ്ഞു. 700 ജിഗാഹെർട്സ് ബാൻഡിന് നിരക്ക് 40 ശതമാനം കുറച്ചിരുന്നു. എന്നാൽ, ടെലികോം കമ്പനികൾ ഈ ബാൻഡ് ചെലവേറിയതാണെന്ന് ആരോപിച്ചിരുന്നു. ഇതിനാൽ ടെലികോം കമ്പനികൾ 700 മെഗാഹെർട്സ് ബാൻഡ് മുൻപത്തെ രണ്ട് ലേലങ്ങളിലും കാര്യമായി വിളിച്ചിരുന്നില്ല.

 

English Summary: After 37 rounds, 5G spectrum auction sees bids worth Rs 1,50,130 cr

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com