ADVERTISEMENT

രണ്ടു വര്‍ഷത്തോളമായി പുറത്തുകാണാതിരുന്ന ചൈനീസ് കോടീശ്വരനും ആലിബാബാ ഗ്രൂപ്പ് സ്ഥാപകനുമായ ജാക് മായെ വീണ്ടും കണ്ട ആഹ്ലാദത്തിലാണ് ടെക്‌നോളജി ലോകം. വര്‍ഷങ്ങളോളം 'അപ്രത്യക്ഷനായിരുന്ന' മാ ഇപ്പോള്‍ ആഴ്ചകള്‍ നീളുന്ന യൂറോപ്യന്‍ ടൂര്‍ തുടങ്ങിയിരിക്കുകയാണ് എന്നതാണ് സന്തോഷ വാര്‍ത്ത. മായെ കണ്ട എല്ലാവരുടെയും മനസ്സില്‍ രണ്ടു ചോദ്യങ്ങളാണിവ: അദ്ദേഹം ചൈനയുടെ പടിയില്‍ നിന്നു രക്ഷപെട്ടതാണോ? അതോ അവസാനം ചൈന പിടി അയച്ചതാണോ?

 

∙ മായെ ചൈന വര്‍ഷങ്ങളോളം 'അപ്രത്യക്ഷനാക്കി'

 

രാജ്യത്തെ ടെക്‌നോളജി മേഖലയില്‍ മുന്നേറ്റത്തിന് സ്വകാര്യ മേഖലയുടെ സംഭാവനയും അനിവാര്യമാണെന്ന തിരിച്ചറിവിലാണ് ചൈന മായെപ്പോലെയുള്ള ബിസിനസുകാരെ പ്രോത്സാഹിപ്പിച്ചത്. അത് രാജ്യത്തിനു ഗുണം ചെയ്യുകയുമുണ്ടായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വികസിപ്പിക്കലിലടക്കം ടെക്‌നോളജി മേഖലയിലെ വ്യത്യസ്ത സമീപനമുള്ള മാ സ്ഥാപിച്ച ആലിബാബ ഗ്രൂപ്പ് വന്‍ വിജയമായിരുന്നു. മാ പ്രവര്‍ത്തിപ്പിച്ചു വന്ന സാമ്പത്തിക സ്ഥാപനമായ ആന്റ് ഗ്രൂപ്പിന്റെ ഐപിഒ പുറത്തിറക്കുന്നതിനു മുന്നോടിയായി നടത്തിയ ഒരു മീറ്റങ്ങിലാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്ന ഒരു പരാമര്‍ശം മായുടെ വായില്‍ നിന്ന് പുറത്തുപോയത്. അതോടെ മായെ ചൈന 'അപ്രത്യക്ഷ'നാക്കുകയായിരുന്നു എന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട്ടു ചെയ്തത്. ഏതാനും തവണ അദ്ദേഹത്തിന്റെ വിഡിയോകള്‍ പുറത്തുവന്നെങ്കിലും ടെക്‌നോളജി ഉത്സാഹിയായ മാ എന്ന ബിസിനസുകാരന്റെ നിഴല്‍ മാത്രമായിരുന്നു അപ്പോഴെല്ലാം കണ്ടത്.

 

∙ ഓസ്ട്രിയയിലെ റെസ്‌റ്റോറന്റുകളില്‍ മാ 'പ്രത്യക്ഷപ്പെട്ടു'

 

മാ (57)യെ ഇപ്പോള്‍ ഓസ്ട്രിയയിലെ ചില റെസ്‌ട്രോന്റുകളില്‍ 'പെട്ടെന്നു പ്രത്യക്ഷപ്പെട്ടതായി' ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. നെതര്‍ലൻഡ്സിലെ ഒരു യൂണിവേഴ്‌സിറ്റിയിലും അദ്ദേഹം സന്ദർശനം നടത്തി. അവിടെ കൂടുതല്‍ മികവുറ്റ കൃഷിയുടെ സാധ്യതകളെക്കുറിച്ചാണ് അദ്ദേഹം അന്വേഷിച്ചത്. സ്പാനിഷ് ദ്വീപായ മല്ലൊര്‍ക്കയിലും മാ തന്റെ നൗക അടുപ്പിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ഇത് 2020നു ശേഷം അദ്ദേഹം ചൈനയ്ക്കു പുറത്തുവരുന്ന ആദ്യത്തെ അവസരമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആ വര്‍ഷമാണ് അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിച്ചത്.

jinping-jack-ma
Photo: AFP

 

∙ കിംവദന്തി പരന്നപ്പോള്‍ നഷ്ടം 2600 കോടി ഡോളർ

 

എന്തായാലും രാജ്യം വിടാതിരിക്കുകയാണ് മായ്ക്ക് നല്ലതെന്ന ചൈന ഉപദേശം നല്‍കിയിരുന്ന നാളുകളില്‍ യാദൃശ്ചികമായി കണ്ട മായല്ല ഇപ്പോള്‍ യൂറോപ്പിലെത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാനും മാസം മുൻപ് മാ എന്ന പേരുള്ള ഒരാള്‍ക്ക് ചൈന ചില വിക്കുകളേര്‍പ്പെടുത്തി എന്ന വാര്‍ത്ത വന്നപ്പോള്‍ മായുടെ ആലിബാബ ഗ്രൂപ്പിന്റെ ആസ്തി 2600 കോടി ഡോളറാണ് ഇടിഞ്ഞത്. ആ മാ, ജാക് മാ അല്ലെന്നു പിന്നീട് സ്ഥിരീകരിച്ചതോടെയാണ് ഓഹരി വില തിരിച്ചു കയറിയത്. പാര്‍ട്ടിക്കെതിരെയുള്ള മായുടെ പ്രസ്താവന കൂടാതെ ആന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ചൈനീസ് സർക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളുടെ പ്രസക്തി കുറച്ചേക്കാമെന്ന ഭയവും മായെ അപ്രത്യക്ഷമാക്കിയതില്‍ ഉണ്ടായിരുന്നു.

 

∙ മാ ഇപ്പോള്‍ പ്രത്യക്ഷപ്പെടാനുളള കാരണങ്ങള്‍ എന്തൊക്കെ?

 

ആന്റ് ഗ്രൂപ്പിലുള്ള തന്റെ പിടി വിടാന്‍ മാ തയാറായതാണ് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രത്യക്ഷത്തില്‍ മായ്ക്ക് ആന്റ് ഗ്രൂപ്പിലുണ്ടായിരുന്ന ഓഹരിക്കു പുറമെ അദ്ദേഹവുമായി നേരിട്ടു ബന്ധമുള്ള പലരുമാണ് കമ്പനിയുടെ വലിയൊരു ശതമാനം ഓഹരിയും കൈവശം വച്ചിരുന്നതെന്നും കണ്ടെത്തിയിരുന്നു. ഇത്തരത്തിലെല്ലാം ആന്റ് ഗ്രൂപ്പിലുണ്ടായിരുന്ന തന്റെ ആധിപത്യം മാ കൈവെടിയാന്‍ തയാറാകുകയാണെന്ന് ആന്റ് ഗ്രൂപ്പ് വാക്കാല്‍ അറിയിച്ചു. അതോടെ ചൈന മായുടെ വിലക്കില്‍ ഇളവ് അനുവദിച്ചതാണ് മായെ ഇപ്പോള്‍ പുറംലോകം കണ്ടു തുടങ്ങിയെതെന്നാണ് സൂചന. 

 

∙ ആന്റ് ഗ്രൂപ്പിലെ ഓഹരി മാ കൈമാറിയേക്കും

 

മായുടെ കൈവശമുള്ള ആന്റ് ഗ്രൂപ്പിന്റെ ഓഹരിയും മറ്റു ഡയറക്ടര്‍മാര്‍ക്ക് കൈമാറിയേക്കാമെന്നാണ് മുന്നോട്ടുവച്ചിരിക്കുന്ന ഒരു നിര്‍ദേശമെന്നു പറയുന്നു. ആന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം നടത്താനായി ഒരു കമ്മറ്റിയെ കൊണ്ടുവന്നേക്കും. നിലവില്‍ ആന്റ് ഗ്രൂപ്പില്‍ മായുടെ അവകാശം 50.52 ശതമാനമാണ്. ഇത് ഘട്ടംഘട്ടമായി കുറച്ച് 8.8 ശതമാനത്തില്‍ അധികമാകാത്ത തരത്തില്‍ എത്തിക്കാമെന്നാണ് നല്‍കിയിരിക്കുന്ന വാഗ്ദാനമെന്ന് ആലിബാബയുടെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. പുതിയ സംഭവവികാസങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ മാ ഫൗണ്ടേഷന്‍ വിസമ്മതിച്ചു. ആന്റ് ഗ്രൂപ്പിലുള്ള തന്റെ ആധിപത്യം മാ കുറയ്ക്കാന്‍ ഒരുങ്ങുകയാണെന്ന് ദി വാള്‍ സ്ട്രീറ്റ് ജേണലും നേരത്തേ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

 

∙ മാ പോയാല്‍ ആന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമോ?

 

ആന്റ് ഗ്രൂപ്പിന്റെ ദൈനംദിന പ്രവര്‍ത്തനത്തെ മാ ഒഴിവാകുന്നത് ബാധിച്ചേക്കില്ല. ഇപ്പോള്‍ വര്‍ഷങ്ങളായി മാ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നില്ല. അതേസമയം, ചില സങ്കീര്‍ണമായ സാമ്പത്തിക ഇടപാടുകള്‍ ആലിബാബയും ആന്റുമായി ബന്ധപ്പെട്ട് മാ നടത്തിയെന്നും സർക്കാർ വിലയിരുത്തുന്നു. അങ്ങനെയാണ് ഇരു കമ്പനികളും തമ്മില്‍ വേര്‍പെടുത്തിയത്. 

 

∙ തന്റെ സാമ്രാജ്യങ്ങള്‍ക്കു പുറത്തുവരാന്‍ മാ

 

ആന്റ് ഗ്രൂപ്പിലെ പ്രശ്‌നങ്ങള്‍ തുടങ്ങുന്നതിനു മുൻപ് തന്നെ മാ തന്റെ ഇരട്ട സാമ്രാജ്യങ്ങള്‍ക്കു പുറത്തുവരാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ആലിബാബയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ സ്ഥാനം അദ്ദേഹം 2013ല്‍ ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് 2019ല്‍ ചെയര്‍മാന്‍ സ്ഥാനവും രാജിവച്ചു. ആന്റ് ഗ്രൂപ്പിലുള്ള അവകാശം 8.8 ശതമാനമായി കുറയ്ക്കുമെന്നും തന്റെ കൈവശമുള്ള 61.1 കോടി ഓഹരികള്‍ ധര്‍മസ്ഥാപനങ്ങള്‍ക്കു നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരിക്കല്‍ 30000 കോടി ഡോളര്‍ വിലമതിച്ചിരുന്ന ആന്റ് ഗ്രൂപ്പിന് ഇപ്പോള്‍ ഏകദേശം 6400 കോടി ഡോളറാണ് ആസ്തി എന്നാണ് വിലയിരുത്തല്‍. എന്തായാലും, ആഗോള ടെക്‌നോളജി മേഖലയിലെ ചുരുക്കം ചില ശുഭാപ്തിവിശ്വാസക്കാരില്‍ ഒരാളായ മായെ ഇനി കൂടുതല്‍ വേദികളില്‍ കാണാനായേക്കുമെന്നാണ് ടെക് പ്രേമികള്‍ കരുതുന്നത്. 

 

∙ വിദ്വേഷ പ്രചാരണം തടഞ്ഞില്ലെങ്കില്‍ ഫെയ്‌സ്ബുക് നിരോധിക്കുമെന്ന് കെനിയ

 

അടുത്ത ഏഴു ദിവസത്തിനുള്ളില്‍ ഫെയ്‌സ്ബുക് വഴിയുള്ള വിദ്വേഷ പ്രചാരണം തടഞ്ഞില്ലെങ്കില്‍ രാജ്യത്ത് നിരോധിക്കുമെന്ന് കെനിയ മുന്നറിയിപ്പു നല്‍കിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. 

 

∙ ആന്‍ഡ്രോയിഡ് ടാബുകളുടെ വില്‍പന 50 ശതമാനം ഇടിഞ്ഞു

 

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ടാബ്‌ലറ്റുകളുടെ വില്‍പനയില്‍ ആന്‍ഡ്രോയിഡ് ടാബുകള്‍ക്ക് 50 ശതമാനം ഇടിവു നേരിട്ടതായി സ്ട്രാറ്റജി അനലിറിക്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. 

 

∙ റെഡ്മി 10 ഉടന്‍ അവതരിപ്പിച്ചേക്കും

 

താരതമ്യേന വില കുറഞ്ഞ സ്മാര്‍ട് ഫോണുകളായ റെഡ്മി 10, 10എ 2022 മോഡലുകള്‍ താമസിയാതെ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും. റെഡ്മി 10സി എന്നൊരു മോഡലും കമ്പനി ഈ വര്‍ഷം പുറത്തിറക്കിയേക്കുമെങ്കിലും അത് ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്തിച്ചേക്കില്ലെന്നും പറയുന്നു.

 

∙ ഈ വര്‍ഷത്തെ വാക്ക് 'അനിശ്ചിതത്വം'

 

കോവിഡ് വ്യാപിച്ച കഴിഞ്ഞ വര്‍ഷങ്ങള്‍ ടെക്‌നോളജിയുമായി മനുഷ്യരാശിയെ കൂടുതല്‍ അടുപ്പിച്ചു. എന്നാല്‍, മനുഷ്യര്‍ക്ക് സാങ്കേതികവിദ്യയിലുള്ള വിശ്വാസം വര്‍ധിച്ചോ? കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ടെക്‌നോളജി മേഖലയ്ക്കും കമ്പനികള്‍ക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കണക്കിലെടുത്താല്‍ അങ്ങനെ കരുതാനാവില്ലെന്നാണ് ന്യൂയോര്‍ക് ടൈംസ് പറയുന്നത്.

 

കഴിഞ്ഞ പാദത്തിലെ കണക്കുകള്‍ അവതരിപ്പിക്കവെ ഗൂഗിളിന്റെ പ്രതിനിധികള്‍ കുറഞ്ഞത് 13 തവണ ഉപയോഗിച്ച വാക്കാണ് 'അനിശ്ചിതത്വം'. അമേരിക്കയില്‍ വ്യാപിക്കുന്നുവെന്നു കരുതുന്ന സാമ്പത്തിക മാന്ദ്യവും ടെക്‌നോളജി കമ്പനികളെ സംശയത്തോടെ കാണുന്ന രീതിയും കണക്കിലെടുത്താല്‍ ഈ വര്‍ഷത്തെ വിവരിക്കാന്‍ ഏറ്റവും നല്ല വാക്ക് അനിചിതത്വം എന്നതു തന്നെയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

 

English Summary: Jack Ma Goes On Euro Trip After Stepping Back From Business Empire: Has China Eased Pressure On Him?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com