ADVERTISEMENT

ചൈന-തയ്‌വാന്‍ യുദ്ധം വന്നാല്‍ വിജയികളുണ്ടാവില്ലെന്നും എല്ലാവരും പരാജിതരായിരിക്കുമെന്നും ആപ്പിളിനായി പ്രോസസറുകള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനിയായ ടിഎസ്എംസി (തയ്‌വാന്‍ സെമികണ്‍ഡക്ടര്‍ മാനുഫാക്ചറിങ് കമ്പനി ലിമിറ്റഡ്) യുടെ മേധാവി മാര്‍ക് ലിയു. സിഎന്‍എന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ലിയുവിന്റെ മുന്നറിയിപ്പ്. 

∙ തയ്‌വാന് സമ്പൂര്‍ണ സ്വാതന്ത്ര്യം എന്ന ആശയം ഉറപ്പിക്കാനുള്ള ശ്രമമെന്ന് ചൈന

തയ്‌വാനും ചൈനയുമായി തുറന്ന യുദ്ധത്തിലെത്താനുള്ള സാധ്യതയാണ് ലിയുവിനെ ഭയപ്പെടുത്തുന്നത്. അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തയ്‌വാന്‍ സന്ദര്‍ശനമാണ് വാഷിങ്ടനും ബെയ്ജിങ്ങുമായി നിലനിന്നിരുന്ന സംഘര്‍ഷം വഷളാക്കിയത്. ഏറെ കാലമായി ചൈനയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന പെലോസിയെ തയ്‌വാന്‍ സന്ദര്‍ശിക്കാന്‍ വിടുകവഴി, തയ്‌വാന് ചൈനയില്‍നിന്ന് സമ്പൂര്‍ണ സ്വാതന്ത്ര്യമെന്ന ആശയം ഊട്ടിയുറപ്പിക്കാനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നതെന്നാണ് ചൈന കരുതുന്നത്. ഈ ആശയമുള്ള തയ്‌വാന്‍കാര്‍ക്ക് പ്രോത്സാഹനം നല്‍കാനാണ് പെലോസി എത്തിയിരിക്കുന്നതെന്നും ചൈന വിശ്വസിക്കുന്നു.

∙ ചൈന അതിക്രമിച്ചു കയറിയാല്‍ കമ്പനി പൂട്ടേണ്ടി വരുമെന്ന് ടിഎസ്എംസി

ചൈന തയ്‌വാനിലേക്ക് അതിക്രമിച്ചു കയറിയാല്‍ ചിപ്പ് നിര്‍മാണശാല പൂട്ടേണ്ടി വന്നേക്കാമെന്ന് ലിയു പറഞ്ഞു. കാരണം തങ്ങള്‍ ആഗോള സപ്ലൈ ശൃംഖലയെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം, ബലമായി ടിഎസ്എംസി ഏറ്റെടുക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഫാക്ടറിക്കു നേരെ സൈനിക ആക്രമണം ഉണ്ടായാല്‍ ടിഎസ്എംസി പ്രവര്‍ത്തിപ്പിക്കാനാകാത്ത രീതിയിലായി പോകുമെന്ന് അദ്ദേഹം പറഞ്ഞു. കാരണം തങ്ങളുടേത് അത്യാധുനിക ഫാക്ടറിയാണ്. പുറം ലോകവുമായി തത്സമയ ബന്ധം നിലനിര്‍ത്തിയാണ് അത് പ്രവര്‍ത്തിപ്പിക്കുന്നത്. യൂറോപ്പും ജപ്പാനും അമേരിക്കയും അടക്കമുള്ള മേഖലകളുമായി ഇത്തരത്തില്‍ നിരന്തരം ബന്ധപ്പെടുന്നു. വിവിധ ഘടകഭാഗങ്ങളും രാസവസ്തുക്കളും എത്തിക്കലും സോഫ്റ്റ്‌വെയർ കേടുപാടു തീര്‍ക്കലും തത്സമയം നടത്തിവരുന്നു.

∙ ലോകത്തിനു വേണ്ട 50 ശതമാനത്തോളം പ്രോസസറുകള്‍ നിര്‍മിച്ചു നല്‍കുന്ന ഫാക്ടറി

ആപ്പിള്‍ അടക്കമുളള കമ്പനികള്‍ ആശ്രയിക്കുന്ന, ലോകത്തെ ഏറ്റവും ആധുനിക സംവിധാനങ്ങളുള്ള ചിപ്പ് നിര്‍മാണ ഫാക്ടറിയാണ് ടിഎസ്എംസി എന്ന് റോയിട്ടേഴ്‌സ് പറയുന്നു. ക്വാല്‍കം കമ്പനിക്കും അവര്‍ ചിപ്പുകള്‍ നിർമിച്ചു നല്‍കുന്നു. ആപ്പിളിന്റെ എ, എം സീരീസ് പ്രോസസറുകള്‍ (ഐഫോണിന്റെയും മാക്കിന്റെയും ചിപ്പുകള്‍) നിര്‍മിച്ചു നല്‍കുന്നത് ടിഎസ്എംസിയാണ്. വളരെയധികം ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഉപയോഗിക്കുന്ന ക്വാല്‍കം ചിപ്പുകളും കമ്പനി നിർമിച്ചു നല്‍കുന്നു. തയ്‌വാനില്‍ നിന്നാണ് ഏറ്റവുമധികം പ്രോസസറുകള്‍ ലോകത്തിനു ലഭിക്കുന്നത്. ടിഎസ്എംസിയെ കൂടാതെ യുണൈറ്റഡ് മൈക്രോ ഇലക്ട്രോണിക്‌സ് കോര്‍പറേഷനും തയ്‌വാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ചിപ്പ് നിര്‍മാതാവണ്.

∙ ടിഎസ്എംസിയുടെ ഓഹരി വില ഇടിഞ്ഞു

അതേസമയം, യുഎസ്– ചൈന ബന്ധം കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ടിഎസ്എംസിയുടെ ഓഹരി വില ഇടിഞ്ഞുവെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. അമേരിക്കന്‍ ചിപ്പ് നിര്‍മാണ കമ്പനികളായ എന്‍വിഡിയ, ക്വാല്‍കം, മൈക്രോള്‍ ടെക്‌നോളജി തുടങ്ങിയ കമ്പനികളുടെ ഓഹരിക്കും നേരിയ ഇടിവ് നേരിട്ടു. സ്ഥിതിഗതികള്‍ വഷളായാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമോ എന്ന ഭീതിയിലാണ് കമ്പനികള്‍.

∙ ടെലികോം കമ്പനികളുടെ കടം വര്‍ധിച്ചു

ഇന്ത്യയിലെ 5ജി സ്‌പെക്ട്രം ലേലത്തിനായി കൈയയച്ചു പണമെ‍റിഞ്ഞതോടെ ടെലികോം കമ്പനികളുടെ കടം വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. റിലയന്‍സ് ജിയോയും ഭാര്‍തി എയര്‍ടെലും പ്രതീക്ഷിച്ചതിലേറെ പണം സ്‌പെക്ട്രത്തിനായി മുടക്കിയെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഈ രണ്ടു കമ്പനികള്‍ക്കും സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായേക്കില്ലെന്നും കടത്തില്‍ മുങ്ങിയ വോഡഫോണ്‍-ഐഡിയ പ്രതീക്ഷിച്ചതിലേറെ പണം മുടക്കിയത് അവര്‍ക്ക് തിരിച്ചടിയായേക്കാമെന്നും വിലയിരുത്തപ്പെടുന്നു.

∙ സ്റ്റുഡിയോ ഡിസ്‌പ്ലേക്ക് കുഴപ്പമുണ്ടെന്ന് സമ്മതിച്ച് ആപ്പിള്‍

ആപ്പിള്‍ കമ്പനിയുടെ പ്രീമിയം മോണിട്ടറായ സ്റ്റുഡിയോ ഡിസ്പ്ലേക്ക് കുഴപ്പമുണ്ടെന്ന് സമ്മതിച്ചിരിക്കുകയാണ് ആപ്പിള്‍ കമ്പനി. ഓഡിയോ പ്ലേബാക്കിലാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അംഗീകൃത സര്‍വീസ് സെന്ററുകള്‍ക്ക് കമ്പനി കൈമാറിയ മെമ്മോയിലാണ് ഇക്കാര്യം സമ്മതിച്ചിരിക്കുന്നതെന്ന് മാക്‌റൂമേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു.

∙ പ്രശ്‌നമുളളവര്‍ക്ക് താത്കാലിക പരിഹാരം ഇതാ

അതേസമയം, പ്രശ്‌നങ്ങള്‍ ഹാര്‍ഡ്‌വെയര്‍ മൂലമല്ലെന്നും സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് വഴി ഇവ പരിഹരിക്കാമെന്നും കമ്പനി വക്താവ് പറഞ്ഞു. ഈ പ്രശ്‌നം നേരിടുന്ന ഉപയോക്താക്കള്‍ക്ക് ഒരു താത്കാലിക പരിഹാരമാര്‍ഗവും ആപ്പിള്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്റ്റുഡിയോ ഡിസ്‌പ്ലേയിലേക്കെത്തുന്ന വൈദ്യുതി ബന്ധം വിച്ഛേദിക്കുക. അതിനു ശേഷം അതുമായി കണക്ട് ചെയ്തിരിക്കുന്ന എല്ലാ കോഡുകളും വിച്ഛേദിക്കുക. പത്തു സെക്കന്‍ഡ് കാത്തിരുന്ന ശേഷം എല്ലാം തിരിച്ചു പിടിപ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ തത്കാലത്തേക്ക് പരിഹരിക്കാമെന്നു കമ്പനി പറയുന്നു. ശാശ്വത പരിഹാരം താമസിയാതെ കമ്പനി നല്‍കും.

∙ ജോലിക്കാര്‍ മാസ്‌ക് ധരിച്ചു വരണമെന്ന നിബന്ധന വേണ്ടന്നുവച്ച് ആപ്പിള്‍

കോര്‍പറേറ്റ് ഓഫിസുകളില്‍ ജോലിക്കെത്തുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് പിന്‍വലിച്ചിരിക്കുകയാണ് ആപ്പിള്‍ എന്ന് റോയിട്ടേഴ്‌സ്. അമേരിക്കയില്‍ കോവിഡിന്റെ ബിഎ.5 എന്ന വേരിയന്റ് വ്യാപിക്കുന്ന സന്ദര്‍ഭമായിട്ടു കൂടി ജോലിക്കാര്‍ക്ക് വേണമെങ്കില്‍ മാസ്‌ക് ധരിച്ചാല്‍ മതിയെന്ന് പുതിയ ഉത്തരവിറക്കിയിരിക്കുകയാണ് ആപ്പിള്‍.

∙ ക്രിപ്‌റ്റോ കമ്പനി നോമാഡില്‍നിന്ന് 19 കോടി ഡോളര്‍ മോഷണം പോയെന്ന്

അമേരിക്കന്‍ ക്രിപ്‌റ്റോ കമ്പനിയായ നോമാഡില്‍നിന്ന് 19 കോടി ഡോളര്‍ മോഷണം പോയെന്ന് ബ്ലോക്‌ചെയ്ന്‍ ഗവേഷകര്‍ കണ്ടെത്തിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. തങ്ങള്‍ക്ക് ഇക്കാര്യത്തെക്കുറിച്ച് അറിയാമെന്നും അതെങ്ങനെയാണ് നടന്നതെന്ന് അന്വേഷിക്കുകയാണെന്നും നോമാഡ് പ്രതികരിച്ചു. എതര്‍, സ്റ്റേബ്ള്‍കോയിനായ യുഎസ്ഡിസി എന്നിവയാണ് കവര്‍ന്നിരിക്കുന്നത്. കവര്‍ച്ച നടന്ന കാര്യം തങ്ങള്‍ നിയമപാലകരെ അറിയിച്ചുവെന്നും നോമാഡ് പറഞ്ഞു.

∙ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ് മെറ്റാ കമ്പനിയില്‍നിന്ന് പുറത്തേക്ക്

ഫെയ്‌സ്ബുക് കമ്പനിയെ വിജയത്തിലെത്തിക്കാന്‍ സുപ്രധാന പങ്കുവഹിച്ച ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ് കമ്പനിക്കു പുറത്തേക്കു പോയി. ഇപ്പോള്‍ മെറ്റാ എന്ന് അറിയപ്പെടുന്ന കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ സ്ഥാനത്തുനിന്നാണ് ഷെറില്‍ പുറത്തുപോകുന്നത്. ഹാവിയെ ഒളിവന്‍ ആയിരിക്കും മെറ്റയുടെ പുതിയ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍. സെപ്റ്റംബര്‍ 30 വരെ ഷെറില്‍ കമ്പനിയില്‍ ഉണ്ടായിരിക്കും.

English Summary: Apple chipmaker TSMC warns Taiwan-China war would make everybody losers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com