ADVERTISEMENT

ഗൂഗിള്‍, ഫെയ്‌സ്ബുക്, ആപ്പിള്‍ തുടങ്ങിയ കമ്പനികളെല്ലാം ലോകമെമ്പാടും പ്രശസ്തമാണ്. ലോക ടെക്‌നോളജി മേഖലയെ മുന്നില്‍നിന്നു നയിച്ചുകൊണ്ടിരിക്കുന്നത് ഇത്തരം സിലിക്കന്‍ വാലി കമ്പനികളാണ്. മിക്ക ടെക് കമ്പനികളെയും (ആപ്പിളും ആമസോണും പോലെ ചില കമ്പനികള്‍ ഒഴികെ) പോറ്റിവലുതാക്കായതാകട്ടെ ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനമായിരുന്നു. ആ വരുമാനത്തില്‍ പെട്ടെന്ന് ഇടിവു തട്ടിയതോടെ എല്ലാം താളംതെറ്റി. ഇക്കാര്യമാണ് കഴിഞ്ഞയാഴ്ച കമ്പനികള്‍ അവരുടെ വരുമാനക്കണക്കുകള്‍ പുറത്തുവിട്ടപ്പോള്‍ കാണാനായത്. അമേരിക്കയിലെ സാമ്പത്തിക സ്ഥിതി വഷളാകുമോ എന്ന ഭീതി, റഷ്യ യുക്രെയ്‌നില്‍ നടത്തുന്ന യുദ്ധം, ആപ്പിള്‍ കമ്പനി ഏകദേശം ഒരു വര്‍ഷം മുൻപ് കൈക്കൊണ്ട തീരുമാനം എന്നിവയടക്കം പുതിയ സാഹചര്യത്തിനു വഴിവച്ചുവെന്നു കരുതുന്നു.

∙ മാന്ദ്യം നീളുമോ എന്ന ഭയം

സാമ്പത്തിക മേഖലയുടെ അധഃപതനം ഡിജിറ്റല്‍ പരസ്യ ബിസിനസിനെ ബാധിച്ചേക്കാമെന്നാണ് മെറ്റാ (ഫെയ്‌സ്ബുക്) മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് കഴിഞ്ഞയാഴ്ച നല്‍കിയ മുന്നറിയിപ്പില്‍ പറഞ്ഞത്. സാമ്പത്തിക മാന്ദ്യം എത്ര ആഴത്തില്‍ ബാധിച്ചിട്ടുണ്ടെന്നോ എത്ര കാലം നീണ്ടുനില്‍ക്കുമെന്നോ പറയാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞതിന്റെ മുൻ പാദത്തെക്കാള്‍ മോശമായിരിക്കുകയാണ് സാമ്പത്തിക മേഖലയെന്നും സക്കർബർഗ് പറഞ്ഞു.

സാമ്പത്തിക അസ്ഥിരത പടര്‍ന്നതോടെ തങ്ങളുടെ വിറ്റുവരവില്‍ ഇടിവുണ്ടായെന്നാണ് മെറ്റാ, ട്വിറ്റര്‍, സ്‌നാപ്, ഗൂഗിള്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍ കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. കഴിഞ്ഞ പാദത്തിലെ വരുമാനം മുന്‍ പാദത്തിലേതിനെ അപേക്ഷിച്ച് മോശമായിരുന്നുവെന്നും വരുന്ന പാദങ്ങള്‍ അപ്രവചനീയമാണെന്നും കമ്പനികള്‍ കരുതുന്നു. ജൂണിലെ അവസാനത്തെ രണ്ടാഴ്ച മുതല്‍ തങ്ങളുടെ പരസ്യ ബിസിനസിനും ഉണര്‍വു നഷ്ടപ്പെട്ടുവെന്ന് സ്‌പോട്ടിഫൈയും അറിയിച്ചു.

∙ ഗൂഗിളിനും ഫെയ്‌സ്ബുക്കിനും പോലും ആഘാതം

ലോകത്തെ പരസ്യ ബിസിനസില്‍ സിംഹഭാഗവും വീതിച്ചെടുക്കുന്ന കമ്പനികള്‍ എന്ന ആരോപണം നേരിടുന്ന ഗൂഗിളിനും ഫെയ്ബുക്കിനും പോലും ആഘാതമുണ്ടായി എന്ന കാര്യം ഗൗരവത്തിലെടുക്കണം. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് കേവലം 11.6 ശതമാനം വളര്‍ച്ചയാണ് ഗൂഗിളിന്റെ പരസ്യ ബിസിനസിന് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അതിന്റെ മുൻപത്തെ വര്‍ഷത്തെ അപേക്ഷിച്ച് ഗൂഗിളിന്റെ വളര്‍ച്ച 69 ശതമാനം ആയിരുന്നു എന്നു മനസ്സിലാക്കുമ്പോഴാണ് ഇപ്പോഴത്തെ ആഘാതത്തിന്റെ വ്യാപ്തി മനസ്സിലാകുക. ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റാ മുന്‍ വര്‍ഷത്തേതിനെ അപേക്ഷിച്ച് വരുമാനത്തില്‍ കുറവാണ് രേഖപ്പെടുത്തിയത്. ഇതാകട്ടെ ഒരു പബ്ലിക് കമ്പനി ആയതിനു ശേഷം ഫെയ്ബുക്കിന്റെ ചരിത്രത്തിലൊരിക്കലും ഉണ്ടാകാത്ത കാര്യവുമാണ്.

∙ പരസ്യത്തെ അത്രയ്ക്ക് ആശ്രയിക്കാത്ത കമ്പനികള്‍ക്കും ആഘാതം

ഗൂഗിളിനെയും ഫെയ്‌സ്ബുക്കിനെയും പോലെ പരസ്യത്തെ അത്ര ആശ്രയിക്കാത്ത കമ്പനികളാണ് മൈക്രോസോഫ്റ്റും ആപ്പിളും. ഡിജിറ്റല്‍ പരസ്യങ്ങള്‍ കുറഞ്ഞതോടെ തങ്ങളുടെ വരുമാനത്തില്‍ ഈ വര്‍ഷം രണ്ടാം പാദത്തില്‍ 10 കോടി ഡോളറിന്റെ ഇടിവുണ്ടായെന്നാണ് മൈക്രോസോഫ്റ്റ് അറിയിച്ചത്. ഡിജിറ്റല്‍ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം മാക്രോഇക്കണോമിക് പരിസ്ഥിതിയെ ജൂണ്‍ പാദത്തില്‍ ബാധിച്ചു എന്നാണ് ആപ്പിള്‍ കമ്പനി മേധാവി ടിം കുക്ക് വിശകലന വിദഗ്ധരോട് പറഞ്ഞത്. കഴിഞ്ഞയാഴ്ച അവസാനം മെറ്റാ കമ്പനിയുടെ ഓഹരി ഇടിഞ്ഞത് 7 ശതമാനമാണ്. സ്‌നാപിന്റെ ഓഹരി 25 ശതമാനവും ഇടിഞ്ഞു.

വെല്ലുവിളി നിറഞ്ഞ പുതിയ ബിസിനസ് പരിസ്ഥിതി ഓരോ കമ്പനിയെയും എങ്ങനെയാണ് ബാധിച്ചിരിക്കുന്നതെന്ന് പ്രതിഫലിപ്പിക്കുന്നതാണ് കമ്പനികള്‍ പുറത്തുവിട്ട വരുമാന കണക്കുകളെന്ന് ഇന്‍വെസ്റ്റിങ് ഡോട്ട് കോമിലെ മുതിര്‍ന്ന വിശകലന വിദഗ്ധനായ ഹാരിസ് അന്‍വര്‍ പറഞ്ഞു. ഓണ്‍ലൈന്‍ പരസ്യബിസിനസില്‍ ഉണ്ടായ ഒരു തകിടംമറിച്ചിലാണ് ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് വഴി വച്ചത് എന്നു വിലയിരുത്തപ്പെടുന്നു. മഹാമാരി തുടങ്ങിയ കാലത്ത് കുറച്ചു കാലത്തേക്ക് ചെറിയൊരു മാന്ദ്യം ബാധിച്ചിരുന്നു എങ്കിലും തുടര്‍ന്ന് ആളുകള്‍ സ്‌ക്രീനുകളില്‍ മുഴുകിയപ്പോള്‍ പരസ്യക്കാരും ആ വഴിയില്‍ പണം ഒഴുക്കുന്ന കാഴ്ചയാണ് കാണാനായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലഘട്ടത്തില്‍ മെറ്റായും സ്‌നാപും, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി വരുമാനമാണ് റിപ്പോര്‍ട്ടു ചെയ്തത്. അതേസമയം, ഗൂഗിള്‍ ആകട്ടെ 62 ശതമാനം പരസ്യ വരുമാന വര്‍ധനവും റിപ്പോര്‍ട്ടു ചെയ്തു.

∙ റഷ്യയുടെ യുക്രെയ്‌നിലെ കടന്നുകയറ്റമടക്കം പ്രശ്‌നങ്ങള്‍

എന്നാല്‍, ആഗോള തലത്തില്‍ വലിയ മാറ്റങ്ങള്‍ വന്നുവെന്നും അതാണ് ഇപ്പോള്‍ സാമ്പത്തിക മേഖലയില്‍ പ്രതിഫലിച്ചു കാണുന്നതെന്നും കരുതുന്നു. യുക്രെയ്‌നില്‍ റഷ്യ മാസങ്ങളായി നടത്തിവരുന്ന യുദ്ധം പരസ്യ ദാതാക്കളുടെ മനസ്സില്‍ അനിശ്ചിത്വത്തിന്റെ വിത്തു പാകി. പല ടെക്‌നോളജി കമ്പനികളും റഷ്യന്‍ കമ്പനികള്‍ക്ക് തങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ വഴി പരസ്യം നല്‍കാനുള്ള അനുമതി നിഷേധിച്ചു. ഇതു കൂടാതെ, ഇക്കഴിഞ്ഞ മാസങ്ങളില്‍ സ്ഥിതി വീണ്ടും വഷളായി.

അമേരിക്കയില്‍ പണപ്പെരുപ്പം സാരമായി ബാധിക്കുമോ, സാമ്പത്തിക മാന്ദ്യം ആഘാതമുണ്ടാക്കുമോ തുടങ്ങിയ കാര്യങ്ങള്‍ പല കമ്പനികളെയും പരസ്യങ്ങള്‍ക്ക് പണം മുടക്കുന്നതില്‍നിന്ന് പിൻതിരിപ്പിച്ചുവെന്ന് കഴിഞ്ഞയാഴ്ച തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട സമയത്ത് ടെക്‌നോളജി ഭീമന്മാര്‍ നിരീക്ഷിച്ചു. സാമ്പത്തിക അസ്ഥിരത പരന്നതോടെ പല കമ്പനികളും പുതിയ ആളുകളെ ജോലിക്കെടുക്കുന്നതും പുതിയ മേഖലകളിലുള്ള നിക്ഷേപവും തത്കാലത്തേക്ക് കുറയ്ക്കുകയോ നിർത്തിവയ്ക്കുകയോ ചെയ്തു.

ഓണ്‍ലൈന്‍ പരസ്യ വരുമാനത്തെ കേന്ദ്രീകരിച്ചു ബിസിനസ് നടത്തിയതാണ് കമ്പനികള്‍ക്കുണ്ടായ ആഘാതത്തില്‍ മുഖ്യ പങ്ക് വഹിച്ചിരിക്കുന്നത്. ഇത്തരം മാക്രോഇക്കണോമിക് വെല്ലുവിളികള്‍ ഈ വര്‍ഷം തീരുന്നതു വരെ നിലനിന്നേക്കുമെന്ന് കരുതപ്പെടുന്നു. നടപ്പു പാദത്തില്‍ ഏകദേശം 2600-2850 കോടി ഡോളർ വരുമാനം മാത്രമാണ് പ്രതീക്ഷിച്ചിരുന്നതെന്നും മെറ്റാ മേധാവി സക്കര്‍ബര്‍ഗ് പറഞ്ഞു. സ്‌നാപ് ഇത്തരം പ്രവചനം നടത്തിയില്ലെങ്കിലും നടപ്പു പാദത്തില്‍ മികച്ച പ്രകടനം നടത്തിയേക്കില്ലെന്ന് അറിയിച്ചു.

∙ ആപ്പിളിന്റെ നീക്കം കൂപ്പുകുത്തലിനു തുടക്കമിട്ടു

ആപ്പ് സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്ന ആപ്പുകൾ ഉപയോക്താക്കളെ ട്രാക്ക് ചെയ്യുന്നുണ്ടോ എന്ന കാര്യം വ്യക്തമാക്കണമെന്ന നിയമം ആപ്പിള്‍ ഏകദേശം ഒരു വര്‍ഷം മുൻപാണ് നടപ്പിലാക്കിയത്. ഇതു കൂടാതെ ആപ്പ് ആദ്യം ഉപയോഗിക്കുമ്പോള്‍ ഉപയോക്താവിനോട് താങ്കളെ ട്രാക്ക് ചെയ്യുന്നതില്‍ വിരോധമുണ്ടോ എന്നു നേരിട്ടു ചോദിക്കണമെന്നും ആപ്പിള്‍ നിഷ്‌കര്‍ഷിച്ചു. തങ്ങളുടെ ഇന്റര്‍നെറ്റിലെ ഇടപെടലുകള്‍ ഫെയ്‌സ്ബുക്കും ഗൂഗിളും പോലെയുള്ള കമ്പനികള്‍ കാണേണ്ടതില്ല എന്ന് നല്ലൊരു ശതമാനം ആളുകള്‍ തീരുമാനിച്ചതോടെ, ഒരാളെ ലക്ഷ്യംവച്ചുള്ള പരസ്യങ്ങള്‍ വരുന്നത് കുറഞ്ഞു.

ഇങ്ങനെ ശേഖരിക്കുന്ന ഡേറ്റ പല സമൂഹ മാധ്യമങ്ങളുടെയും പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായിരുന്നു. മെറ്റാ, ട്വിറ്റര്‍, സ്‌നാപ് തുടങ്ങിയ കമ്പനികള്‍ക്ക് ഇത് വന്‍ തിരിച്ചടിയാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം മെറ്റയുടെ വരുമാനം 1000 കോടി ഡോളറാണ് ആപ്പിളിന്റെ നീക്കത്തെ തുടര്‍ന്ന് ഇടിഞ്ഞത്. ഒരു പതിറ്റാണ്ടിലേറെയായി സുഖകരമായി നടത്തിവന്ന ട്രാക്കിങ്ങിനാണ് ആപ്പിള്‍ വേലികെട്ടിയത്. എന്നാല്‍, ഗൂഗിളിന് തേഡ് പാര്‍ട്ടികള്‍ വഴി സംഭരിക്കുന്ന ഡേറ്റ ഗുണം ചെയ്യുന്നുണ്ട്. പക്ഷേ, യൂട്യൂബിന് ആപ്പിളിന്റെ നീക്കം ഒട്ടും നഷ്ടമുണ്ടാക്കിയിട്ടില്ലെന്ന് പറയാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English Summary: The online ad market is in decline and it's dragging down tech giants with it

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com