ADVERTISEMENT

ഓഗസ്റ്റ് അവസാനത്തോടെ ഇന്ത്യയിൽ പൊതുജനങ്ങൾക്കായി 5ജി നെറ്റ്‌വർക്ക് വിന്യസിക്കാൻ തുടങ്ങുമെന്ന് എയർടെൽ പ്രഖ്യാപിച്ചു. നീണ്ട കാത്തിരിപ്പിനു ശേഷം ജൂലൈയിലാണ് രാജ്യത്തെ 5ജി ലേലം നടന്നത്. എന്നാല്‍ 5ജി സേവനം ലഭിച്ചു തുടങ്ങാന്‍ അത്തരം കാത്തിരിപ്പുകള്‍ വേണ്ടിവരില്ലെന്നാണ് എയർടെല്‍ റിപ്പോർട്ട് സൂചന നൽകുന്നത്.‌ 

 

എയര്‍ടെല്ലിന്റെ 5ജി സേവനം ചില നഗരങ്ങളില്‍ ഓഗസ്റ്റില്‍ തുടങ്ങും. ഇതിനുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ എറിക്‌സണ്‍, നോക്കിയ, സാംസങ് തുടങ്ങി കമ്പനികളെയാണ് എയര്‍ടെല്‍ ഏര്‍പ്പാടാക്കിയിരിക്കുന്നത്. അതേസമയം, റിലയന്‍സ് ജിയോയും ചില നഗരങ്ങളിലെങ്കിലും ഈ മാസം തന്നെ 5ജി പ്രക്ഷേപണം തുടങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

ഇന്ത്യയിൽ 5ജി സേവനങ്ങൾ അവതരിപ്പിക്കുന്ന ആദ്യത്തെ ടെലികോം കമ്പനി എയർടെൽ ആയിരിക്കും. എറിക്‌സണും നോക്കിയയുമായി കമ്പനിക്ക് ദീർഘകാല ബന്ധമുണ്ടായിരുന്നെങ്കിലും സാംസങ്ങിനെ ഈയടുത്താണ് പട്ടികയിൽ ചേർത്തത്. ടെലികോം ഡിപ്പാർട്ട്‌മെന്റ് നടത്തിയ സ്പെക്‌ട്രം ലേലത്തിന്റെ ഭാഗമായിരുന്ന എയർടെൽ 900 മെഗാഹെട്സ്, 1800 മെഗാഹെട്സ്, 2100 മെഗാഹെട്സ്, 3300 മെഗാഹെട്സ്, 26  ജിഗാഹെട്സ് ഫ്രീക്വൻസികളിലായി 19867.8 മെഗാഹെട്സ് സ്പെക്‌ട്രം ലേലം ചെയ്തിട്ടുണ്ട്.

 

എയർടെൽ ഓഗസ്റ്റിൽ 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ നെറ്റ്‌വർക്ക് കരാറുകൾ പൂർത്തിയായിക്കഴിഞ്ഞു, ഉപഭോക്താക്കൾക്ക് 5ജി കണക്റ്റിവിറ്റിയുടെ പൂർണമായ നേട്ടങ്ങൾ എത്തിക്കുന്നതിന് ലോകമെമ്പാടുമുള്ള മികച്ച സാങ്കേതിക പങ്കാളികളുമായി എയർടെൽ പ്രവർത്തിക്കുമെന്നും എയർടെൽ എംഡിയും സിഇഒയുമായ ഗോപാൽ വിറ്റൽ പറഞ്ഞു.

 

ഒരു ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനം എയർടെലിന്റെ നേതൃത്വത്തിലായിരിക്കും, വ്യവസായങ്ങളുടെയും സംരംഭങ്ങളുടെയും ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന്റെയും വൻ മാറ്റങ്ങൾക്ക് 5ജി മികച്ച അവസരമാണ് നൽകുക എന്നും അദ്ദേഹം പറഞ്ഞു.

 

രാജ്യത്തെ മൂന്ന് ടെലികോം കമ്പനികളില്‍ ആദ്യമായി 5ജി നെറ്റ്‌വർക്ക് പരീക്ഷിച്ചതും എയർടെലായിരുന്നു. എയർടെൽ പല സ്ഥലങ്ങളിലും ഒന്നിലധികം പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ഹൈദരാബാദിൽ 4ജി സംവിധാനങ്ങളിലൂടെ ഇന്ത്യയിലെ ആദ്യത്തെ 5ജി നെറ്റ്‌വർക്കും പരീക്ഷിച്ചിരുന്നു. ഇതിനുശേഷം എയർടെൽ രാജ്യത്തെ ഗ്രാമീണ മേഖലകളിൽ 5ജി ട്രയൽ നടത്തുന്ന ആദ്യ കമ്പനിയായും അറിയപ്പെട്ടു.

 

English Summary: Airtel to start rolling out 5G network in India in August

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com