ADVERTISEMENT

ഇന്ന് ലോക ടെക്‌നോളജി മേഖലയില്‍ ചൈനയുടെ പ്രസക്തി പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത വിധം പ്രാധാന്യമര്‍ഹിക്കുന്നതാണ്. വിപണികളില്‍ വില കുറച്ച് ഉപകരണങ്ങള്‍ എത്തുന്നതിന്റെ പ്രധാന കാര്യങ്ങളിലൊന്ന് ചൈനയുടെ സാന്നിധ്യമാണ്. ചൈനയിലല്ല നിര്‍മിക്കുന്നതെങ്കിൽ ഐഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ക്ക് പല മടങ്ങ് വില ഈടാക്കിയേക്കാം. (ഇന്ത്യയില്‍ പ്രധാനമായും നടക്കുന്നത് ഐഫോണ്‍ കൂട്ടിയോജിപ്പിക്കല്‍ ആണ്.) ഇത്തരത്തില്‍ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചൈനയെ ആശ്രയിക്കുന്നതു നിർത്തനായി 11 രാജ്യങ്ങളുടെ പുതിയൊരു സഖ്യം രൂപീകരിച്ചിരിക്കുകയാണ് അമേരിക്ക. ഇന്ത്യ ഈ സഖ്യത്തിന്റെ ഭാഗമാകാത്തതിനെക്കുറിച്ച് ധനവകുപ്പ് ആശങ്ക അറിയിച്ചു എന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

 

ഈ 11 രാജ്യങ്ങളുടെ കൂട്ടായ്മയുമായി ഇന്ത്യയ്ക്ക് സഹകരിക്കാനുള്ള സാധ്യത എത്രമാത്രമുണ്ടെന്ന് ആരായണമെന്നാണ് കേന്ദ്ര ധന വകുപ്പ്, വിദേശകാര്യ വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് ഇന്ത്യയുടെ വളര്‍ച്ചയ്ക്കും ഗുണകരമായിരിക്കാമെന്നാണ് വാദം. ശാസ്ത്രസാങ്കേതികവിദ്യാ മേഖലകളിലടക്കം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട നിര്‍ണായക ധാതുക്കളുടെ വിതരണ ശൃംഖല സൃഷ്ടിക്കുന്ന കാര്യത്തിനായിരിക്കും 11 രാജ്യങ്ങളുടെ കൂട്ടായ്മ നല്‍കുന്ന ഊന്നല്‍. ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടക്കം നിര്‍മിക്കാന്‍ മുന്നോട്ടിറങ്ങിയിരിക്കുന്ന ഇന്ത്യയ്ക്ക് ഈ ഗ്രൂപ്പില്‍നിന്നു മാറി നില്‍ക്കുന്നത് ഗുണത്തേക്കാളേറെ ദോഷം വരുത്തിവച്ചേക്കാം. അമേരിക്കയ്ക്കു പുറമെ ഓസ്‌ട്രേലിയ, കാനഡ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, ദക്ഷിണ കൊറിയ, സ്വീഡന്‍, ബ്രിട്ടൻ, യൂറോപ്യന്‍ കമ്മിഷന്‍ എന്നിവരാണ് 11 അംഗ കൂട്ടായ്മയിലെ അംഗങ്ങള്‍.

 

∙ ധാതുക്കള്‍ ലഭ്യമാക്കല്‍ നിര്‍ണായകം 

 

'മിനറല്‍സ് സെക്യൂരിറ്റി പാര്‍ട്ണര്‍ഷിപ്' (എംഎസ്പി) എന്നാണ് പുതിയ കൂട്ടായ്മയുടെ പേര്. ഇലക്ട്രിക് വാഹനങ്ങളുടെ അടക്കം ബാറ്ററി നിര്‍മാണത്തിന് ആവശ്യമുള്ള കോബാള്‍ട്ട്, നിക്കല്‍, ലിഥിയം തുടങ്ങിയ ധാതുക്കളുടെയും സെമികണ്‍ഡക്ടറുകളും മുന്തിയതരം ഇലക്ട്രോണിക് ഉപകരണങ്ങളും നിര്‍മിച്ചെടുക്കാന്‍ ആവശ്യമുള്ള 17 റെയര്‍ എര്‍ത് ധാതുക്കളുടെയും വിതരണത്തിനുള്ള ശൃംഖലയായിരിക്കും സജ്ജമാക്കുക എന്നാണ് വിശ്വസിക്കപ്പെടുന്നത്. ആഫ്രിക്കയിലും മറ്റും മൈനുകള്‍ തുറന്ന് അവിടെ നിന്നാണ് ചൈന കോബാള്‍ട്ടും മറ്റും സംഘടിപ്പിക്കുന്നത്. ചൈനയ്ക്ക് ശക്തമായ ബദലൊരുക്കാനുള്ള നീക്കമാണ് അമേരിക്ക നടത്തുന്നത്.

 

∙ ഇന്ത്യയ്ക്ക് എംഎസ്പിയില്‍ സ്ഥാനം വേണ്ടെ? 

 

ഡല്‍ഹിയും വാഷിങ്ടണും തമ്മിലുള്ള സഹകരണം വിവിധ മേഖലകളില്‍ വര്‍ധിച്ചുവരുന്ന സന്ദര്‍ഭത്തിലാണ് ഇന്ത്യയ്ക്ക് എംഎസ്പിയില്‍ ഇടം ലഭിക്കാത്ത കാര്യം കൂടുതല്‍ ശ്രദ്ധേയമാക്കിയിരിക്കുന്നത്. അനൗപചാരികമായി അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ ഒരു കൂട്ടായാമ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നു. ഇതിനെ 'ക്വാഡ്' കൂട്ടായ്മ എന്നാണ് വിളിച്ചിരുന്നത്. ക്വാഡ് വാക്‌സീന്‍ പാര്‍ട്ണര്‍ഷിപ് പ്രഖ്യാപിച്ചത് കഴിഞ്ഞ വര്‍ഷമായിരുന്നു.

business-5g-wave-auction

 

സാമ്പത്തിക സഹകരണത്തിനായി അമേരിക്ക നയിക്കുന്ന മറ്റൊരു കൂട്ടായ്മയിലും ഇന്ത്യ അംഗമാണ്. ഇരു രാജ്യങ്ങള്‍ക്കും പുറമെ ഇസ്രയേലും യുഎഇയുമാണ് ഐ2യു2 എന്നു പേരിട്ടിരിക്കുന്ന ഈ കൂട്ടായ്മയിലുള്ളത്. ആരോഗ്യപരിപാലനം, ഗതാഗതം, ഭക്ഷ്യ സുരക്ഷ, ബഹിരാകാശ മേഖല, ഊര്‍ജ്ജം തുടങ്ങിയ രംഗങ്ങളിലും ഇവര്‍ സഹകരിക്കുന്നു. അതേസമയം, പുതിയ എംഎസ്പി കൂട്ടായ്മയില്‍ സർക്കാരുകളും സ്വകാര്യ കമ്പനികളും ശാസ്ത്ര സാങ്കേതികവിദ്യ മേഖലകളിലടക്കം തന്ത്രപ്രധാനമായ സഹകരണത്തിനായി നിലകൊള്ളും. മലിനീകരണമില്ലാതെ ഊര്‍ജ്ജം സൃഷ്ടിച്ചെടുക്കുന്ന മേഖലയിലും, മറ്റു സാങ്കേതിക വിദ്യകളുടെ കാര്യത്തിലുമായിരിക്കും 11 രാജ്യങ്ങള്‍ സഹകരിക്കുക എന്ന് അമേരിക്ക പറയുന്നു.

 

∙ എന്തുകൊണ്ട് ഇന്ത്യയ്ക്ക് അവഗണന?

 

ഈ മേഖലയില്‍ അധികം വൈദഗ്ധ്യമില്ലാത്തതു തന്നെയായിരിക്കും ഇന്ത്യയെ ഒഴിച്ചു നിർത്താന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ഈ 11-അംഗ ഗ്രൂപ്പിലുള്ള ഓസ്‌ട്രേലിയയ്ക്കും കാനഡയ്ക്കും ധാതു ഖനനത്തിനുള്ള പ്രദേശങ്ങളും സാങ്കേതികവിദ്യയുമുണ്ട്. ജപ്പാന്‍ പോലെയുള്ള രാജ്യങ്ങള്‍ക്ക് സാങ്കേതികവിദ്യാ പ്രാവീണ്യമാണ് ഉള്ളത്. എന്നാല്‍, ചൈനയ്‌ക്കെതിരെ എല്ലാ ഭാഗത്തുനിന്നും അമേരിക്ക കുരുക്കു മുറുക്കുന്നതിനാല്‍ താരതമ്യേന കുറഞ്ഞ ചെലവില്‍ ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ കഴിവുള്ള ഇന്ത്യയുടെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയും ചെയ്യാം.

 

∙ എയര്‍ടെല്‍ 5ജി സേവനം ഈ മാസം മുതല്‍

 

നീണ്ട കാത്തിരിപ്പിനു ശേഷം ജൂലൈയിലാണ് രാജ്യത്തെ 5ജി ലേലം നടന്നത്. എന്നാല്‍ 5ജി സേവനം ലഭിച്ചു തുടങ്ങാന്‍ അത്തരം കാത്തിരിപ്പുകള്‍ വേണ്ടിവരില്ലെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. എയര്‍ടെല്ലിന്റെ 5ജി സേവനം ചില നഗരങ്ങളില്‍ ഓഗസ്റ്റില്‍ തുടങ്ങും. ഇതിനുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ എയര്‍ടെല്‍ എറിക്‌സണ്‍ കമ്പനിയെയാണ് ഏര്‍പ്പാടാക്കിയിരിക്കുന്നത്. അതേസമയം, റിലയന്‍സ് ജിയോയും ചില നഗരങ്ങളിലെങ്കിലും ഈ മാസം തന്നെ 5ജി പ്രക്ഷേപണം തുടങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

∙ അവാസ്റ്റ് ഏറ്റെടുക്കാന്‍ നോര്‍ട്ടണ്‍

 

സുപ്രശസ്ത സോഫ്റ്റ്‌വെയര്‍ സുരക്ഷാ കമ്പനിയായ അവാസ്റ്റിനെ ഇതേ മേഖലയിലുള്ള മറ്റൊരു ഭീമനായ നോര്‍ട്ടണ്‍ലൈഫ്‌ലോക്ക് (NortonLifeLock) 860 കോടി ഡോളറിന് വാങ്ങും. കംപ്യൂട്ടറുകള്‍ക്കും മറ്റും സുരക്ഷ ഒരുക്കുകയായിരിക്കും ഇരു കമ്പനികളുടെയും ലക്ഷ്യം. വിന്‍ഡോസ്ഒഎസിന്റെ ഉടമയായ മൈക്രോസോഫ്റ്റിന്റെ ഫ്രീ സോഫ്റ്റ്‌വെയര്‍, മാക്അഫി, തുടങ്ങിയ കമ്പനികളായിരിക്കും നോര്‍ട്ടന്റെ എതിരാളികള്‍.

 

∙ വോയിസ് അസിസ്റ്റന്റ് സൗണ്ട്ബാറുകളുമായി മിവി; വില കുറവ്

 

താരതമ്യേന വില കുറഞ്ഞ രണ്ടു സൗണ്ട്ബാറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് മിവി (Mivi) കമ്പനി. എസ്16, എസ്24 എന്നീ പേരുകളിലാണ് സൗണ്ട്ബാറുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഓഗസ്റ്റ് 4 മുതല്‍ ഇവ ഫ്‌ളിപ്കാര്‍ട്ടില്‍ വാങ്ങാന്‍ ലഭിക്കും. മിവി എസ്16, എസ്24 എന്നിവയ്ക്ക്യഥാക്രമം 1,499 രൂപ, 1,999 രൂപ എന്നിങ്ങനെയാണ് വില.

 

∙ ഫീച്ചറുകള്‍

 

ഇരു സ്പീക്കറുകള്‍ക്കും സ്റ്റുഡിയോ ഗുണനിലവാരത്തോടു കൂടിയുള്ള ബെയ്‌സ് വോയിസ് ഉണ്ടായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇരു മോഡലുകള്‍ക്കും ഓക്‌സ്, ബ്ലൂടൂത് 5.1, യുഎസ്ബി, മൈക്രോഎസ്ഡി കാര്‍ഡ് തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകളും ഉണ്ടായിരിക്കും. രണ്ടു പാസീവ് റേഡിയേറ്ററുകള്‍ ഉള്ളതിനാല്‍ മികച്ച ബെയ്‌സ് ലഭിക്കുമെന്ന് കമ്പനി പറയുന്നു. രണ്ടിലും വോയിസ് അസിസ്റ്റന്റുകളായി സിരിയും ഗൂഗിള്‍ അസിസ്റ്റന്റും ലഭ്യമാക്കിയിട്ടുണ്ട്. ഇരു മോഡലുകളും ഏകദേശം 70 ശതമാനം വരെ വോളിയത്തില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ 6 മണിക്കൂര്‍ വരെ ബാറ്ററി ലഭിക്കും.

 

∙ വ്യത്യാസം

 

ഇരു മോഡലുകളും തമ്മിലുള്ള ഒരു വ്യത്യാസം ബാറ്ററി കപ്പാസിറ്റിയിലാണ്. എസ്16 ന് 2000 എംഎഎച് ബാറ്ററിയാണ് ഉള്ളത്. എസ്24ന് 2500എംഎഎച്ചു. ശബ്ദത്തിന്റെ കാര്യത്തിലും എസ്24 വില കുറഞ്ഞ മോഡലിനേക്കാള്‍ മികവു പുലര്‍ത്തുമെന്ന് കമ്പനി പറയുന്നു. എസ്16ന് 16w ശബ്ദമാണ് ഉള്ളതെങ്കില്‍, എസ്24ന് 24w ശബ്ദമാണ് ലഭിക്കുക. 

 

∙ പ്രീമിയം സെഗ്‍മെന്റില്‍ പുതിയ ഫോണുമായി വണ്‍പ്ലസ്

 

വണ്‍പ്ലസ് 10ടി 5ജി എന്ന പേരില്‍ പുതിയ സ്മാര്‍ട് ഫോണ്‍ പുറത്തിറക്കി. രണ്ടു വര്‍ഷത്തിനു ശേഷമാണ് 'ടി' ശ്രേണിയില്‍ വണ്‍പ്ലസ് ഫോണ്‍ ഇറക്കുന്നത്. പ്രീമിയം ഫിച്ചറുകള്‍ ഉള്ള ഫോണിന് വില തുടങ്ങുന്നത് 49,999 രൂപ മുതലാണ്.

 

English Summary: China owns the Green revolution with falling prices of critical technology minerals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com