'കണ്ടെത്തുക അല്ലെങ്കില്‍ മരിക്കുക': മുന്നിലുള്ളത് വൻ ദുരന്തമെന്ന് മുന്നറിയിപ്പ്

e-waste
Photo: ltummy/ Shutterstock
SHARE

നിങ്ങളുടെ വീട്ടിലെ ഏതെങ്കിലുമൊരു മേശവലിപ്പ് നിറയെ പഴയ ഇലക്ട്രോണിക് സാധനങ്ങളാണോ? ഉണ്ടെങ്കില്‍ ഈ ലോകം നേരിടുന്ന വലിയൊരു പ്രശ്‌നത്തിനുള്ള ‌സംഭാവനയാണത്. ഇലക്ട്രോണിക് മാലിന്യ മലയുടെ ഒരറ്റമാണ് നിങ്ങളുടെ കൈവശമുള്ളത്. ഏതാനും വര്‍ഷങ്ങള്‍കൊണ്ട് ലോകം നേരിടാന്‍ പോകുന്ന വലിയ വിപത്തിന്റെ തെളിവുകളാണത്. 

'കണ്ടെത്തുക അല്ലെങ്കില്‍ മരിക്കുക' എന്ന മുദ്രാവാക്യത്തില്‍ മുന്നോട്ടു പോവുന്ന ടെക് ലോകത്തെ വന്‍ കമ്പനികള്‍ക്കൊപ്പം അവരുടെ ഉത്പന്നങ്ങള്‍ പരമാവധി വേഗത്തില്‍ വാങ്ങുകയും ചെയ്ത ഉപഭോക്താക്കള്‍ക്കും ഈ പ്രശ്‌നത്തില്‍ അവരുടേതായ പങ്കുകളുണ്ട്. അറ്റകുറ്റപ്പണിയെന്ന സാധ്യത പോലും പരിഗണിക്കാതെയാണ് നമ്മള്‍ ഇപ്പോഴും ഇലക്ട്രോണിക് ഉപകരണങ്ങള്‍ മാറ്റുന്നത്. 

മൂന്നോ നാലോ കൊല്ലം കൂടുമ്പോള്‍ കംപ്യൂട്ടര്‍ മാറ്റുന്നതും രണ്ട് വര്‍ഷം കൂടുമ്പോള്‍ സ്മാര്‍ട് ഫോണ്‍ മാറ്റുന്നതും ഇപ്പോള്‍ സര്‍വസാധാരണമാണ്. മാറ്റുന്ന കംപ്യൂട്ടറുകളും സ്മാര്‍ട് ഫോണുകളും അറ്റകുറ്റപണി നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാമോ എന്ന സാധ്യത പോലും നമ്മള്‍ പരിഗണിക്കാറില്ല. യുഎന്‍ കണക്കുകള്‍ പ്രകാരം 2019ല്‍ 5.6 കോടി മെട്രിക്ക് ടണ്‍ ഇ–മാലിന്യമാണുണ്ടായിരുന്നത്. ഇതില്‍ പരമാവധി 17.4 ശതമാനം മാത്രമാണ് പുനരുപയോഗിക്കുന്നത്. മറ്റൊരു പ്രധാന കാര്യം ഇ–മാലിന്യങ്ങള്‍ ഒടുവില്‍ വികസ്വര രാജ്യങ്ങളുടെ ബാധ്യതയായി മാറുന്നുണ്ടെന്നതാണ്. അമേരിക്കയും മറ്റു വികസിത രാജ്യങ്ങളും പല പേരുകളിലും ഇ–മാലിന്യങ്ങള്‍ വികസ്വര രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. 

വികസ്വര രാജ്യങ്ങളിലെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട് ഇ–മാലിന്യങ്ങളെന്ന് ലോകാരോഗ്യ സംഘടന തന്നെ കഴിഞ്ഞ വര്‍ഷം മുന്നറിയിപ്പു നല്‍കിയിരുന്നു. ശ്വാസകോശസംബന്ധിയായ പ്രശ്‌നങ്ങളും ഡിഎന്‍എയിലുണ്ടാകുന്ന തകരാറുകളും അര്‍ബുദവും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം ഇ–മാലിന്യങ്ങളിലൂടെ കുഞ്ഞുങ്ങളിലേക്ക് എത്തുന്നുവെന്നാണ് മുന്നറിയിപ്പ്. ഇ–മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്ന ജോലിയുമായി ബന്ധപ്പെട്ട് ലോകത്ത് 1.80 കോടി കുഞ്ഞുങ്ങളും പ്രായപൂര്‍ത്തിയാവാത്തവരും പണിയെടുക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഒരു തലമുറയുടെ ആഡംബര വസ്തുക്കള്‍ മറ്റൊരു തലമുറയുടെ ആരോഗ്യപ്രശ്‌നമായി മാറുന്നുവെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടന നല്‍ക്കുന്നത്. 

ഈ പ്രശ്‌നങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് ആപ്പിളും സാംസങ്ങും അടക്കമുള്ള വന്‍ കമ്പനികള്‍ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തങ്ങളുടെ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കു തന്നെ അറ്റകുറ്റപണികള്‍ ചെയ്യാവുന്ന സെല്‍ഫ് സര്‍വീസ് റിപ്പയര്‍ സ്‌റ്റോറുകളാണ് ഇവര്‍ ആരംഭിച്ചിരിക്കുന്നത്. സമാനമായ സ്‌റ്റോറുകള്‍ പിക്‌സല്‍ ഫോണുകളുടെ കാര്യത്തില്‍ ആരംഭിക്കാന്‍ ഗൂഗിളും തീരുമാനിച്ചിട്ടുണ്ട്. 

സസ്റ്റെയ്‌നബിള്‍ ഇലക്ട്രോണിക്‌സ് റീസൈക്ലിങ് ഇന്റര്‍നാഷണല്‍ (SERI) പോലുള്ള ലാഭരഹിത സംഘങ്ങളും ഇ–മാലിന്യങ്ങള്‍ കുറയ്ക്കാന്‍ പരിശ്രമിക്കുന്നവരാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയും സ്വകാര്യ മേഖലയിലേയും കാലഹരണപ്പെട്ട കംപ്യൂട്ടറുകളും മറ്റും അറ്റകുറ്റപണികളിലൂടെ ഉപയോഗ യോഗ്യമാക്കുകയാണ് ഇവരുടെ ലക്ഷ്യം. നിങ്ങള്‍ക്കടുത്തുള്ള സെര്‍ട്ടിഫൈയ്ഡ് റീ സൈക്ലിങ് കേന്ദ്രങ്ങള്‍ കണ്ടെത്താനും എസ്ഇആർഐ സഹായിക്കും. 

10 ലക്ഷം ലാപ്‌ടോപുകള്‍ ഈ രീതിയില്‍ ഭാഗങ്ങള്‍ മാറ്റി റീ സൈക്കിള്‍ ചെയ്‌തെടുത്താല്‍ ലാഭിക്കുന്ന ഊര്‍ജം അമേരിക്കയിലെ 3500 വീടുകളുടെ ഒരു വര്‍ഷത്തെ വൈദ്യുതോര്‍ജ്ജത്തിന് സമാനമാണ്. 10 ലക്ഷം സ്മാര്‍ട് ഫോണുകള്‍ റീ സൈക്കിള്‍ ചെയ്‌തെന്നാല്‍ അതിനര്‍ഥം 15,875 കിലോഗ്രാം ചെമ്പും 350 കിലോഗ്രാം വെള്ളിയും 34 കിലോഗ്രാം സ്വര്‍ണവും ലാഭിച്ചുവെന്നാണ്. ഏതാനും വര്‍ഷങ്ങള്‍ക്കം ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്തായി ഇ–മാലിന്യങ്ങളെ മാറ്റാതിരിക്കാന്‍ ഇനിയെങ്കിലും നമ്മള്‍ കരുതലോടെ നീങ്ങിയേ മതിയാവൂ.

English Summary: 'A mountain that just keeps growing.' What to know about the e-waste left behind by your gadgets

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA