യൂട്യൂബ് വിഡിയോ ഫോട്ടോ പോലെ സൂം ചെയ്യാം! പുതിയ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ?

youtube-zoom
Photo: Youtube
SHARE

കണ്ടുകൊണ്ടിരിക്കുന്ന വിഡിയോ എട്ടു മടങ്ങ് വരെ സൂം ചെയ്ത് ഒരു പ്രത്യേക സ്ഥലത്ത് നോക്കണമെന്നു തോന്നിയിട്ടുണ്ടോ? ലോകത്തെ ഏറ്റവും ജനപ്രിയ വിഡിയോ പങ്കുവയ്ക്കല്‍ പ്ലാറ്റ്‌ഫോമുകളിലൊന്നായ യൂട്യൂബ് ഒരു പുതിയ ഫീച്ചര്‍ പരീക്ഷണാര്‍ഥം അവതരിപ്പിച്ചു - പിഞ്ച് ടു സൂം. ഈ ഫീച്ചര്‍ ഉപയോഗിച്ചാല്‍ യൂട്യൂബ് വിഡിയോയിലെ ഒരു ഭാഗം എട്ടു മടങ്ങ് വരെ സൂം ചെയ്യാമെന്നാണ് 9ടു5 ഗൂഗിളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആപ്പിളിന്റെ ഐഒഎസിലും ഗൂഗിളിന്റെ ആന്‍ഡ്രോയിഡിലുമുള്ള യൂട്യൂബിന്റെ മൊബൈല്‍ ആപ്പിലാണ് ഈ ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷിക്കാനായി തുറന്നു നല്‍കിയിരിക്കുന്നത്.

∙ ഈ മാസം പ്രീമിയം വരിക്കാര്‍ക്ക് മാത്രം

പുതിയ ഫീച്ചര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത് യൂട്യൂബിന്റെ പ്രീമിയം വരിക്കാര്‍ക്ക് മാത്രമാണ്. സെപ്റ്റംബര്‍ 1 വരെയാണ് ഇത് പരീക്ഷണഘട്ടത്തില്‍ തുടരുക. തുടര്‍ന്ന് ഉപയോക്താക്കളുടെ പ്രതികരണങ്ങള്‍ വിലയിരുത്തിയ ശേഷം എന്തെങ്കിലും അധിക ക്രമീകരണങ്ങള്‍ വേണമെങ്കില്‍ അത് നടത്തി കൂടുതല്‍ പേർക്ക് നല്‍കിയേക്കാം. വരുന്ന ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പിഞ്ച് ടു സൂം ഫീച്ചര്‍ യൂട്യൂബ് വിഡിയോകളില്‍ എത്തിയേക്കുമെന്നു തന്നെയാണ് ഇപ്പോള്‍ വിശ്വസിക്കപ്പെടുന്നത്.

∙ പ്രീമിയം യൂസര്‍ ആണോ? എങ്കില്‍ ഇപ്പോള്‍ പരീക്ഷിക്കാം

യൂട്യൂബ് പ്രീമിയം സേവനം ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ പിഞ്ച് ടു സൂം ഫീച്ചര്‍ ഉപയോഗിച്ചു നോക്കാന്‍ സാധിച്ചേക്കും. യൂട്യൂബ് പ്രീമിയം ഒരു മാസത്തേക്ക് ഫ്രീയായി ലഭിച്ചേക്കുമെന്നതിനാല്‍ ഫീച്ചര്‍ ഉപയോഗിക്കാന്‍ തിടുക്കമുള്ളവര്‍ക്ക് ഇപ്പോള്‍ത്തന്നെ ഫ്രീ അക്കൗണ്ട് സൃഷ്ടിച്ച് അത് ഉപയോഗിക്കാനാവും.

∙ സെറ്റ് ചെയ്യുന്നത് ഇങ്ങനെ

പ്രീമിയം സബ്‌സ്‌ക്രൈബര്‍മാര്‍ യൂട്യൂബ് ആപ്പിന്റെ സെറ്റിങ്‌സ് മെനു തുറക്കുക. പ്രീമിയം സബ്‌സ്‌ക്രൈബര്‍ ആണെങ്കില്‍ 'ട്രൈ ന്യൂ ഫീച്ചേഴ്‌സ്' എന്നൊരു വിഭാഗം സെറ്റിങ്‌സ് പട്ടികയില്‍ കാണാനാകും. സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ഇപ്പോള്‍ പരീക്ഷണാര്‍ഥം നല്‍കിയിരിക്കുന്ന ഏക ഫീച്ചറും പിഞ്ച് ടു സൂം മാത്രമാണ്. അതേസമയം, പ്രീമിയം സബ്‌സ്‌ക്രൈബര്‍ ആയിട്ടു പോലും, ഫീച്ചര്‍ എനേബിൾ ചെയ്ത ശേഷവും തനിക്ക് യൂട്യൂബ് ആപ്പില്‍ വിഡിയോ സൂം ചെയ്യാനായില്ലെന്ന് ‘ദ് വെര്‍ജിനി’ൽ ലേഖനം എഴുതിയ ക്രിസ് വെല്‍ച് സാക്ഷ്യപ്പെടുത്തുന്നു. എനേബിൾ ചെയ്താല്‍ ഉടനെ അതു കിട്ടില്ലായിരിക്കുമെന്നും അല്‍പം കാത്തിരിക്കേണ്ടി വന്നേക്കാമെന്നും അദ്ദേഹം പറയുന്നു.

∙ ടെക്‌നോളജി വികസിപ്പിക്കാന്‍ അദാനി ഗ്രൂപ്പ് ഇസ്രയേലി കമ്പനിയുമായി ധാരണയായി

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനികളിലൊന്നായ അദാനി ഗ്രൂപ്പിന്റെ ഇന്‍ക്യുബേഷന്‍ വിഭാഗമായ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡും ഇസ്രയേല്‍ ഇന്നവേഷന്‍ അതോറിറ്റിയുമായി (ഐഐഎ) സാങ്കേതിക വിദ്യാ വികസനത്തിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഇസ്രയേലിന്റെ നൂതനത്വ നയം (innovation policy) നോക്കി നടത്തുന്ന സുപ്രധാന കമ്പനിയാണ് ഐഐഎ. ഇസ്രയേലിലെ കമ്പനികളും അദാനി ഗ്രൂപ്പുമായി ഐഐഎയുടെ മധ്യസ്ഥതയില്‍ ഇനി സാങ്കേതികവിദ്യാപരമായ കൊടുക്കല്‍ വാങ്ങലുകള്‍ നടന്നേക്കുമെന്നു കരുതപ്പെടുന്നു.

കഴിഞ്ഞ ആറു വര്‍ഷത്തിലേറെയായി അദാനി ഗ്രൂപ്പും ഇസ്രയേലുമായുള്ള ബന്ധത്തെ പുതിയ ധാരണാപത്രം കൂടുതല്‍ ദൃഢമാക്കുമെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇസ്രയേലി സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ കൊണ്ടുവരുന്ന നൂതന സാങ്കേതികവിദ്യകളെക്കുറിച്ച് അദാനി ഗ്രൂപ്പിന് അറിവു ലഭിക്കും. കാലാവസ്ഥാ വ്യതിയാനം, സൈബര്‍ മേഖല, എഐ, ഐഒടി, 5ജി, കൃഷി തുടങ്ങിയ മേഖലകളില്‍ ഇസ്രയേലി കമ്പനികള്‍ കൊണ്ടുവരുന്ന പുതിയ ടെക്‌നോളജി മുന്നേറ്റങ്ങളില്‍ ചിലതിനെ അദാനി ഗ്രൂപ്പ് പിന്തുണച്ചേക്കും.

∙ 232 ലെയറുള്ള മെമ്മറി ചിപ്പുകള്‍ പുറത്തിറക്കി ചൈനീസ് കമ്പനി

നിലവിലുള്ള മെമ്മറി ചിപ്പ് നിര്‍മാണ ഭീമന്മാരുമായി മൽസരത്തിന് ഒരുങ്ങുകയാണ് ചൈനീസ് കമ്പനിയായ യാങ്ഗ്റ്റ്‌സെ (Yangtze) മെമ്മറി ടെക്‌നോളജീസ് കമ്പനി ലിമിറ്റഡ്. നാലാം തലമുറയിലെ, 232 ലെയറുകളുള്ള അതിനൂതന 3ഡി നാന്‍ഡ് ചിപ്പ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. മുൻപ് ഒരു കമ്പനിക്കും സാധിക്കാത്ത നേട്ടമാണിതെന്നു പറയുന്നു. അതേസമയം, ചൈനീസ് കമ്പനികളുടെ ചിപ്പുകള്‍ സ്വീകരിക്കുന്നത് പരമാവധി ഒഴിവാക്കാന്‍ അമേരിക്ക ഒരുങ്ങുമ്പോഴാണ് യാങ്ഗ്റ്റ്‌സെയുടെ നീക്കം.

∙ ചിപ്പ് നിര്‍മാണത്തിന് ഇറ്റലിയും ഇന്റലും തമ്മില്‍ 500 കോടി ഡോളര്‍ കരാര്‍

രാജ്യത്ത് അതിനൂതന ചിപ്പ് നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഇന്റല്‍ കമ്പനിയുമായി ഇറ്റലി ധാരണാപത്രം ഒപ്പിടാന്‍ ഒരുങ്ങുകയാണെന്ന് റോയിട്ടേഴ്‌സ്. ചിപ്പ് നിര്‍മാണത്തിനായി വരും വര്‍ഷങ്ങളിൽ യൂറോപ്പിലൊട്ടാകെ 8800 കോടി ഡോളർ മുതല്‍മുടക്കു നടത്തുമെന്ന് ഇന്റല്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് ഇറ്റലിയും ഇന്റലുമായി ഒപ്പുവയ്ക്കാന്‍ പോകുന്ന ഉടമ്പടി. അമേരിക്കയും യൂറോപ്പും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിപ്പുകളെ ആശ്രയിക്കുന്നതു പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.

തന്ത്രപരമായി പല മേഖലകള്‍ക്കും ഉപകരിക്കുന്ന അതീവ പ്രാധാന്യമര്‍ഹിക്കുന്ന വിഭാഗമായ പ്രോസസര്‍ നിര്‍മാണം പരമാവധി തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ തന്നെ നടത്തുക എന്ന ലക്ഷ്യമാണ് പുതിയ നീക്കത്തിനു പിന്നിലെന്നു കരുതപ്പെടുന്നു. ഇന്റല്‍ ഇറ്റലിയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന മൊത്തം നിക്ഷേപത്തിന്റെ 40 ശതമാനം നല്‍കാന്‍ തയാറാണെന്ന് റോം അറിയിച്ചു എന്നും റോയിട്ടേഴ്‌സ് പറയുന്നു.

∙ ഇന്ത്യയിലെ ആദ്യത്തെ വെര്‍ച്വല്‍ ഇന്‍ഫ്‌ളുവന്‍സര്‍ കൈറയ്ക്ക് 20 ലക്ഷം ഫോളോവേഴ്സ്

രാജ്യത്തെ ആദ്യത്തെ വെര്‍ച്വല്‍ ഇന്‍ഫ്‌ളുവന്‍സര്‍ ആയ കൈറയ്ക്ക് (https://bit.ly/3SqR4TK) ഇന്‍സ്റ്റഗ്രാമില്‍ 20 ലക്ഷത്തിലേറെ ഫോളോവേഴ്സുണ്ടെന്ന് റിപ്പോര്‍ട്ട്. കൈറയ്ക്ക് യൂട്യൂബില്‍ 10 ലക്ഷത്തിലേറെയും ഫോളോവേഴ്സുണ്ട്.

∙ വില കുറഞ്ഞ നതിങ് ഫോൺ പ്രതീക്ഷിക്കേണ്ടെന്ന് കാള്‍ പെയ്

ഈ വര്‍ഷം ഇതുവരെ അവതരിപ്പിക്കപ്പെട്ട സ്മാര്‍ട് ഫോണുകളില്‍ ഏറ്റവുമധികം ശ്രദ്ധ ആകര്‍ഷിച്ച മോഡലുകളിലൊന്നാണ് നതിങ് ഫോണ്‍ (1). വണ്‍പ്ലസ് കമ്പനിയുടെ സ്ഥാപകരിലൊരാളായ കാള്‍പെയ് തുടങ്ങിയ പുതിയ കമ്പനിയായ നതിങ് കഴിഞ്ഞ മാസമാണ് പുതിയ ഫോണ്‍ അവതരിപ്പിച്ചത്. ഈ ഫോണിന്റെ വില കുറഞ്ഞ പതിപ്പ് ഉടനെ പുറത്തിറക്കുമെന്നു വാർത്ത പരന്നിരുന്നു. ആന്‍ഡ്രോയിഡ് പൊലീസ്, ദ് മൊബൈല്‍ ഇന്ത്യന്‍ തുടങ്ങിയ ചില വെബ്‌സൈറ്റുകളിലാണ് നതിങ് ഫോണ്‍ ലൈറ്റ് (1) എന്നൊരു ഫോണിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നത്.

nothing-phone-1-
Photo: nothing

എന്നാല്‍, വില കുറഞ്ഞ നതിങ് ഫോണ്‍ അവതരിപ്പിക്കുമെന്ന വാര്‍ത്തകള്‍ വ്യാജമാണെന്നു കള്‍ പെയ് തന്നെ വ്യക്തമാക്കി. നതിങ് ഫോണിനെ വേറിട്ടതാക്കുന്നത് അതിന്റെ പിന്നിലെ സുതാര്യമായ കെയ്‌സും അതിനൊപ്പമുള്ള എല്‍ഇഡി ലൈറ്റുകളുടെ വിന്യാസവുമാണ്. ഇതിനെ ഗ്ലിഫ് ഇന്റര്‍ഫെയ്‌സ് എന്നാണ് വിളിക്കുന്നത്. നതിങ് കമ്പനിയിലേക്ക് ശ്രദ്ധ ആകര്‍ഷിക്കാനായി കൊണ്ടുവന്ന ഫീച്ചറാണിത്. എന്നാല്‍, ഇപ്പോള്‍ കമ്പനിക്ക് ആവശ്യത്തിന് ശ്രദ്ധ ലഭിച്ചു കഴിഞ്ഞതിനാല്‍ ഗ്ലിഫ് ഇന്റര്‍ഫെയ്‌സും മറ്റും ഒഴിവാക്കി വില കുറഞ്ഞ ഫോണ്‍ അവതരിപ്പിക്കുമെന്ന വാദമാണ് കാള്‍ പെയ് തള്ളിക്കളഞ്ഞിരിക്കുന്നത്.

English Summary: YouTube's latest experimental feature lets you zoom in on videos

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}