ADVERTISEMENT

പോസ്റ്റ് ചെയ്ത സന്ദേശം രണ്ടു ദിവസത്തിനു ശേഷവും ഡിലീറ്റു ചെയ്യാവുന്ന ഫീച്ചറുമായി വാട്സാപ്. ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്ന ഫീച്ചറിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. മുൻപ്, ഒരാൾ മറ്റൊരാൾക്ക് അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ കഴിയുമായിരുന്നില്ല. പിന്നീടാണ് ഡിലീറ്റ് സൗകര്യം അനുവദിച്ചത്.

ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ 2018 ല്‍ ആണ് അവതരിപ്പിക്കുന്നത്. തുടക്കത്തില്‍ 7 മിനിറ്റായിരുന്നു സമയപരിധി. ഒരാള്‍ ഇട്ട മെസേജ് അതു ലഭിച്ചയാളുടെ ഇന്‍ബോക്‌സില്‍നിന്നും സ്വന്തം ഇന്‍ബോക്‌സില്‍ നിന്നും ഡിലീറ്റു ചെയ്യാന്‍ ഉള്ള അനുമതി ആയിരുന്നു ഇത്. അറിയാതെയും മറ്റും പോസ്റ്റു ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഇതു സഹായകമായിരുന്നു.

പിന്നീട്, സന്ദേശം ഡിലീറ്റു ചെയ്യാനുള്ള സമയപരിധി 1 മണിക്കൂര്‍ 8 മിനിറ്റും 16 സെക്കന്‍ഡും ആയി നീട്ടി. അതാണ് ഇപ്പോൾ‌ വീണ്ടും നീട്ടിയത്. പുതിയ സമയപരിധി 2 ദിവസവും 12 മണിക്കൂറും ആണ്. ബീറ്റാ ഉപയോക്താക്കള്‍ക്കാണ് ഇത് ഇപ്പോൾ ലഭ്യമെന്നും എല്ലാവര്‍ക്കും നല്‍കിയതായി വാട്‌സാപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണമില്ല എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

∙ ഫീച്ചര്‍ ലഭ്യമല്ലെങ്കില്‍ എന്തു ചെയ്യണം?

ഈ ഫീച്ചര്‍ ഇന്ത്യയില്‍ ‌പ്രവര്‍ത്തിച്ചു തുടങ്ങിയെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇതു ലഭിക്കുന്നില്ലെന്നു തോന്നുന്നവര്‍ വാട്സാപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ആണോ ഉപയോഗിക്കുന്നതെന്ന് പരിശോധിക്കുക. അല്ലാത്തപക്ഷം ആപ് അപ്‌ഡേറ്റു ചെയ്യുക. 

∙ യാദൃച്ഛികമോ?

വാട്‌സാപിന്റെ എഫ്എക്യു (FAQ) വിഭാഗത്തില്‍ ഇപ്പോഴും ഡിലീറ്റ് ഫോര്‍ എവരിവണിന് സമയ പരിധി 1 മണിക്കൂര്‍ 8 മിനിറ്റും 16 സെക്കന്‍ഡും ആണെന്നാണ് പറയുന്നത്. പക്ഷേ 2 ദീവസം 12 മണിക്കൂര്‍ ഇന്ത്യയില്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലെങ്കിലും ഇപ്പോള്‍ ലഭിക്കുന്നുണ്ടെന്ന്  റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, തങ്ങളുടെ എന്തെങ്കിലും സാങ്കേതികപ്പിഴവു മൂലമാണ് ഈ ഫീച്ചർ എല്ലാവർക്കും ലഭ്യമായതെങ്കിൽ കമ്പനി അത് തത്കാലത്തേക്കെങ്കിലും തടഞ്ഞേക്കും. 

∙ അഡ്മിനുകള്‍ക്കും ഡിലീറ്റ് ചെയ്യാന്‍ അധികാരം വരുന്നു

വാട്‌സാപ്പിന്റെ 2.22.17.12 ബീറ്റാ വേര്‍ഷനില്‍ ഗ്രൂപ്പ് അഡ്മിനുകള്‍ക്കും ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ നല്‍കുമെന്ന് വാബിറ്റാഇന്‍ഫോ പറയുന്നു. ഗ്രൂപ്പില്‍നിന്ന് നീക്കിക്കളയണം എന്നു കരുതുന്ന സന്ദേശങ്ങളില്‍ വിരലമര്‍ത്തിയാല്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ സന്ദേശം പ്രത്യക്ഷപ്പെടുന്ന രീതിയിലാണ് ഇതു വരുന്നതെന്നാണ് റിപ്പോര്‍ട്ട്. 

∙ മൊബല്‍ ഫോണ്‍ ടവര്‍ സ്ഥാപിക്കാന്‍ എന്നു പറഞ്ഞ് തട്ടിപ്പുകാര്‍ വന്നേക്കാമെന്ന് ഡോട്

ഒരാളുടെ സ്ഥലത്ത് മൊബൈല്‍ ടവര്‍ സ്ഥാപിച്ചു തരാമെന്നും അതില്‍നിന്നു മികച്ച മാസവാടക കിട്ടുമെന്നും പറഞ്ഞുള്ള തട്ടിപ്പ് വ്യാപകമാകുന്നു എന്ന് ഇന്ത്യാ ഗവണ്‍മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് (ഡോട്) പറയുന്നു. ചില കമ്പനികളും ഏജന്‍സികളും വ്യക്തികളും ഇത്തരം തട്ടിപ്പുമായി ഇറങ്ങിയിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നാണ് ഡോട് പറയുന്നത്. അതിനാല്‍ പൊതുജനം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചും ഡോട് പറയുന്നു.

∙ മൊബൈല്‍ ടവര്‍ സ്ഥാപിക്കല്‍ ഇടപാടുകളുമായി ഡോടോ ട്രായിയോ നേരിട്ടോ അല്ലാതെയോ മുന്നോട്ടിറങ്ങിയിട്ടില്ല. 

∙ ഇക്കാര്യത്തില്‍ ഡോടും ട്രായിയും ആര്‍ക്കും നിരാക്ഷേപസാക്ഷ്യപത്രം (No Objection Certificate) നല്‍കുന്നില്ല. 

∙ഏതൊക്കെ ടെലകോം സേവനദാതാക്കള്‍ക്കാണ് മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ അധികാരം നല്‍കിയിരിക്കുന്നത് എന്ന ലിസ്റ്റ് ഡോടിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ ലിങ്കുകള്‍ ഉപയോഗിച്ച് അവ കാണാം: https://dot.gov.in അല്ലെങ്കില്‍ https://dot.gov.in/infrastructure-provider).

മൊബൈല്‍ ടവര്‍ സ്ഥാപിക്കാം എന്നു പറഞ്ഞ് ആരെങ്കിലും എത്തിയാല്‍ പൊതുജനങ്ങള്‍ കമ്പനിയെക്കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിച്ചു നോക്കി ഉറപ്പുവരുത്താതെ ഒരു ഇടപാടിലും ചെന്നു ചാടരുതെന്ന് ഡോട് മുന്നറിയിപ്പു നല്‍കുന്നു. ഇത്തരം ഓഫറുകളുമായി ആരെങ്കിലും എത്തിയാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും ഡോട് പറയുന്നു. 

 

∙ മാക് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

 

ആപ്പിളിന്റെ മാക് കംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നൽകുകയാണ് കേന്ദ്ര ഗവണ്‍മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്-ഇന്‍). മാക്ഒഎസിന്റെ ചില വേര്‍ഷനുകളില്‍ തങ്ങള്‍ പഴുതുകൾ‌ കണ്ടെത്തിയെന്നാണ് സേര്‍ട്ട്-ഇന്‍ പറയുന്നത്. മാക് ഓസ് കാറ്റലീന 2022-005, മാക്ഓഎസ് ബിഗ് സേര്‍ 11.6.8, മാക്ഓഎസ് മോണ്ടറേയ് 12.5 എന്നിവയ്ക്ക് മുമ്പുള്ള വേര്‍ഷനുകളാണ് ആപ്പിളിന്റെ ലാപ്‌ടോപ്പുകളിലും ഡെസ്‌ക്ടോപ്പുകളിലും ഉള്ളതെങ്കില്‍ അവ എത്രയം വേഗം അപ്‌ഡേറ്റ് ചെയ്യണമെന്നാണ് സേര്‍ട്ട്-ഇന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

 

∙ ആപ്പിളിന്റെ സ്റ്റുഡിയോ ഡിസ്‌പ്ലെ ഓഡിയോ പ്രശ്‌നങ്ങള്‍ക്കുളള പരിഹാരം എത്തി

 

ആപ്പിളിന്റെ പ്രീമിയം മോണിട്ടറായ സ്റ്റുഡിയോ ഡിസ്‌പ്ലെ ഉപയോഗിക്കുന്നവര്‍ക്ക് ഓഡിയോ പ്രശ്‌നം നേരിടുന്ന കാര്യം നേരത്തേ മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിനുള്ള പരിഹാരമായി പുതിയ ഫേംവെയര്‍ ഇറക്കിയിരിക്കുകയാണ് ആപ്പിള്‍. ഈ മോണിട്ടര്‍ ഉപയോഗിക്കുന്നവർ‌ സ്റ്റുഡിയോ ഡിസ്‌പ്ലെ ഫേംവയെര്‍ അപ്‌ഡേറ്റ് 15.5 (19എഫ്80) ഇന്‍സ്റ്റോള്‍ ചെയ്യണമെന്ന് കമ്പനി ആവശ്യപ്പെടുന്നു. ഇത്തരം ഒരു പ്രശ്‌നം തങ്ങളുടെ മോണിട്ടര്‍ ഉപയോഗിക്കുന്ന കാര്യം കമ്പനി സമ്മതിച്ചിരുന്നു. 

 

∙ ഐറോബോട് കമ്പനിയെ ആമസോണ്‍ വാങ്ങി

 

പ്രമുഖ വാക്വം ക്ലീനര്‍ നിര്‍മ്മാണ കമ്പനിയായ ഐറോബോട് (iRobot), ഓണ്‍ലൈന്‍ വില്‍പന ഭീമന്‍ ആമസോണ്‍ വാങ്ങി. ഇതിനായി 1.7 ബില്യന്‍ ഡോളറാണ് ആമസോണ്‍ നല്‍കിയത്. കഴിഞ്ഞ ആഴ്ച ആമസോണ്‍ നടത്തിയ രണ്ടാമത്തെ വലിയ ഇടപാടാണിത്. നേരത്തെ വണ്‍ മെഡിക്കൽ എന്ന മരുന്നു കച്ചവട സ്ഥാപനവും ആമസോണ്‍ വാങ്ങിയിരുന്നു. ഇതിനായി 3.49 ബില്യന്‍ ഡോളറാണ് മുടക്കിയത്. 

 

∙ ക്വാല്‍കം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആഗോള പാര്‍ട്ണര്‍

 

ബ്രിട്ടിഷ് ഫുട്‌ബോള്‍ ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആഗോള പാര്‍ട്ണറായിരിക്കും അമേരിക്കന്‍ പ്രൊസസര്‍ നിര്‍മ്മാണ ഭീമന്‍ ക്വാല്‍കം. ഇക്കാര്യം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആണ് പുറത്തവിട്ടതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു.

 

English Summary: WhatsApp new feature: Now delete 2-day old sent messages

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com