രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിന് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കാര്യം എല്ലാ പൗരന്മാരും അറിഞ്ഞിരിക്കും. ഹര്‍ ഖര്‍ തിരങ്ക (Har Ghar Tiranga) എന്നാണ് ഈ ക്യാംപെയ്‌ന്റെ പേര്. അതേസമയം, ദേശീയ പതാക എവിടെ വാങ്ങാന്‍ കിട്ടുമെന്ന കാര്യത്തില്‍ പലര്‍ക്കും ഉറപ്പില്ല. കൂടാതെ ദേശീയ പതാക ഓണ്‍ലൈനായി വാങ്ങാന്‍ തപാല്‍ വകുപ്പ് ഔദ്യോഗികമായി ലഭ്യമാക്കിയിരക്കുന്നു എന്ന കാര്യവും അധികമാര്‍ക്കും അറിയില്ല. ദേശീയ പതാകയ്ക്കുവേണ്ട മാനദണ്ഡങ്ങള്‍ ഇല്ലാത്ത പതാകയാണോ കടയില്‍ പോയി വാങ്ങുന്നതെന്ന സന്ദേഹം ഉള്ളവര്‍ക്കും വേണമെങ്കില്‍ ഓണ്‍ലൈനായി പോസ്റ്റല്‍ വകുപ്പില്‍ നിന്നു വാങ്ങാം. വില 25 രൂപയാണ്.
∙ പോസ്റ്റല്‍ വകുപ്പ്
ദേശീയ പതാക തപാല്‍ വകുപ്പിന്റെ ഓണ്‍ലൈന്‍ വില്‍പയിലൂടെ വാങ്ങണം എന്നുള്ളവര്‍ ഇപോസ്റ്റ്ഓഫിസ് (ePostoffice) പോര്‍ട്ടല്‍ സന്ദര്‍ശിക്കുകയാണ് വേണ്ടത്. അഡ്രസ് ഇതാണ്: www.indiapost.gov.in. അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്ലൈഡുകളില്‍ ഹര്‍ ഖര്‍ തിരങ്ക സ്ലൈഡില്‍ ക്ലിക്കു ചെയ്യുക. അപ്പോള്‍ പുറമെയുള്ള ഒരു വെബ്‌സൈറ്റിലേക്കാണ് പോകുന്നതെന്ന സന്ദേശം കാണാം. പ്രൊസീഡ് ചെയ്യാനായി 'ഒകെ' ക്ലിക്കു ചെയ്താല്‍ ദേശീയ പതാക വില്‍ക്കുന്ന പേജിലേക്ക് എത്താനാകും. നേരിട്ട് ആ പേജില്‍ എത്താന്‍ താത്പര്യമുളളവര്‍ക്ക് ഈ ലിങ്ക് പ്രയോജനപ്പെടുത്താം: https://bit.ly/3JyI5fk. ഈ കുറിപ്പ് തയാറാക്കുന്ന സമയത്ത് വെബ്‌സൈറ്റില്‍ ദേശീയ പതാക 'ഇന്‍ സ്റ്റോക്' എന്നാണ് കാണിച്ചിരിക്കുന്നത്.
∙ ദേശീയ പതാക കൈപ്പറ്റുന്നത് എളുപ്പം
ഓഗസ്റ്റ് 1 മുതല്‍ ഇപോസ്റ്റ്ഓഫിസ് പോര്‍ട്ടല്‍ വഴിയുള്ള ദേശീയ പതാക വില്‍പന തുടങ്ങിയിരുന്നു. അത് ഇപ്പോഴും തുടരുന്നു. വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അവിടെയെത്തി പണം ഓണ്‍ലൈനായി അടയ്ക്കുകയാണ് വേണ്ടത്. നിങ്ങളുടെ അടുത്തുള്ള ഏതു പോസ്റ്റ് ഓഫസിലാണോ പതാക ലഭ്യമായിട്ടുള്ളത് അവിടെ നിന്ന് ശേഖരിക്കാം. (വീട്ടിലെത്തിക്കുമോ എന്ന കാര്യം വ്യക്തമല്ല.)
∙ ഓര്‍ഡര്‍ നല്‍കിയാല്‍ ക്യാന്‍സല്‍ ചെയ്യാനാവില്ല
ശ്രദ്ധിക്കേണ്ട ഒരു കാര്യം, ദേശീയ പതാക പോസ്റ്റ് ഓഫിസ് വഴി ഓര്‍ഡര്‍ ചെയ്താല്‍ ക്യാന്‍സല്‍ ചെയ്യാനാവില്ല എന്നതാണ്. അതേസമയം, പോസ്റ്റ് ഓഫിസ് ഡെലിവറി ചാര്‍ജോ, ജിഎസ്ടിയോ അധികമായി ചാര്‍ജ് ചെയ്യാതെ ദേശീയ പതാക എത്തിച്ചു നല്‍കുമെന്നും അവര്‍ അറിയിക്കുന്നു. ഒരാള്‍ക്ക് പരമാവധി 5 ദേശീയ പതാക വരെയെ വാങ്ങാനാകുക. ഇതില്‍ മാറ്റം വരുത്തുമോ എന്ന് അറിയില്ല. ഏത് അഡ്രസിലാണ് പതാക ലഭിക്കേണ്ടത് എന്ന കാര്യവും അപേക്ഷകന്റെ മൊബൈല്‍ നമ്പറും നല്‍കണം. ഏറ്റവും പുതിയ ഫ്‌ളാഗ് കോഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്.
∙ ഫ്‌ളാഗ് കോഡ് മാര്‍ഗനിര്‍ദേശങ്ങള്‍
ദേശീയ പതാകയുടെ അളവ് 20 ഇഞ്ച് X 30 ഇഞ്ച് ആണ്. ദേശീയ പതാകയും അത് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങുന്ന ഗൗരവത്തോടെയെടുക്കേണ്ട നിയമാവലി പിഡിഎഫ് ആയി വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ലിങ്കുകള്‍ ഇതാ:
URL1 : https://www.mha.gov.in/sites/default/files/faq_23072022_0.pdf
URL2: https://www.mha.gov.in/sites/default/files/flag_E_23072022_1.pdf ദേശീയ പതാകയുമായി ബന്ധപ്പെട്ട ഗൗരവകരമായ നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ് ലിങ്കുകള്‍.
∙ വീട്ടില്‍ ദേശീയ പതാക ഉയര്‍ത്താമോ?
ദേശീയ പതാക വീടിന്റെ ഏറ്റവും മുകളില്‍, ചുമരില്‍, ജനാലയഴികളില്‍, ബാല്‍ക്കണിയില്‍, വീടിന്റെ മുന്നില്‍ ഒക്കെയായി ഉയര്‍ത്താം. പതാക ചരടില്‍ കെട്ടി ഉയര്‍ത്തുകയോ അല്ലെങ്കില്‍ ഒരു പ്രത്യേക ആംഗിളില്‍ തൂക്കുകയോ വേണം. കാവി നിറമായിരിക്കണം കൊടിയുടെ മുകളില്‍ വരേണ്ടത്. ദേശീയ പതാക തലതിരിച്ച് ഒരു കാരണവശാലും ഉയര്‍ത്തരുത്. കേടുപാടുകള്‍ സംഭവിച്ചതോ, അംഗീകാരിക്കപ്പെട്ട രീതിയിലല്ലാതെ ഉണ്ടാക്കിയ പതാകയൊ ഉയര്‍ത്തുന്നില്ലെന്ന് ഉറപ്പു വരുത്തണം.
∙ ദേശീയ പതാക പ്രിന്റ് ചെയ്യാമോ?
രാജ്യത്തിന്റെ പതാക നിയമാവലിയില്‍ ചില കാര്യങ്ങള്‍ വളരെ വ്യക്തമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. ദേശീയ പതാക ഒരു വേഷത്തിന്റെയോ യൂണിഫോമിന്റെയോ ഭാഗമായി ധരിക്കുന്നതിന് വിലക്കുണ്ട്. കൂടാതെ, ദേശീയ പതാകയുടെ പടം പെട്ടികളിലും തൂവാലകളിലും കുഷനുകളിലും ടേബിള്‍ ക്ലോതുകളിലും മറ്റും എംബ്രോയിഡറി നടത്തിയോ പ്രിന്റു ചെയ്‌തോ പിടിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
∙ ആലിബാബ 10,000 പേരെ പിരിച്ചുവിട്ടു
ചൈനീസ് ബിസിനസ് ഭീമന്‍ ആലിബാബ ഏകദേശം 10,000 പേരെ പിരിച്ചുവിട്ടതായി സൗത് ചൈനാ മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഹാങ്‌സൗ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ ഇനി ഏകദേശം 245,700 പേരാണ് ജോലിക്കാരായി ഉള്ളത്. ഈ വര്‍ഷം ജൂണ്‍ വരെയുളള ആറു മാസത്തിനുള്ളില്‍ 13,616 പേരെ പിരിച്ചുവിട്ടതിനു ശേഷമുള്ള കണക്കാണിത്. ആലിബാബയുടെ വാര്‍ഷിക വരുമാനം 50 ശതമാനമാണ് ഇടിഞ്ഞിരിക്കുന്നത്.
∙ ആപ്പിള്‍ എം പ്രോസസര്‍ ഉള്ള കംപ്യൂട്ടറുകള്‍ക്കും ഇനി മൈക്രോസോഫ്റ്റ് ടീംസ്
സഹകരിച്ചു ജോലി ചെയ്യാനും ചര്‍ച്ചകള്‍ നടത്താനും ഒക്കെയായി വിവിധ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന ആപ്പായ മൈക്രോസോഫ്റ്റ് ടീംസ് ആപ്പിളിന്റെ സ്വന്തം പ്രോസസര്‍ ഉള്‍ക്കൊള്ളുന്ന കംപ്യൂട്ടറുകളില്‍ വളഞ്ഞ വഴിയിലാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ആപ്പിളിന്റെ എം1, എ2 കംപ്യൂട്ടറുകള്‍ ഉള്ളവര്‍ ഇപ്പോള്‍ ടീംസ് ഉപയോഗിക്കുന്നത് ആപ്പിളിന്റെ റോസെറ്റാ 2 എമ്യൂലേഷന്‍ ഉപയോഗിച്ചാണ്. ഇങ്ങനെ വളഞ്ഞ വഴിയില്‍ ടീംസ് ഉപയോഗിക്കുന്നതു വഴി എം പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകളുടെ പ്രകടനം കുറയുന്നതു കാണാമായിരുന്നു.
പല മാക് ഉപയോക്താക്കളും എം ചിപ്പുകള്‍ക്ക് അനുയോജ്യമായ ടീംസ് ആപ് ഇറക്കണമെന്ന് മൈക്രോസോഫ്റ്റിനോട് ആവശ്യപ്പെട്ടു വരികയായിരുന്നു. അവരുടെ ആവശ്യമാണ് കമ്പനിയിപ്പോള്‍ നിറവേറ്റാന്‍ പോകുന്നതായി ഒരു ബ്ലോഗ് പോസ്റ്റ് വഴി അറിയിച്ചിരിക്കുന്നത്. ടീംസിന്റെ ഒരു 'പ്രോഡന്‍ ഗ്രേഡ് യൂണിവേഴ്‌സല്‍ ബൈനറി വേര്‍ഷന്‍' നല്‍കുന്നു എന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്. ഇത് എം1, എം2 ചിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകളുടെ പ്രകടനം കാര്യമായി മെച്ചപ്പെടുത്തുമെന്നു പറയുന്നു.
∙ ഐപാഡ് ഒഎസ് 16ല്‍ അധിക മികവ്? താമസിച്ചേ എത്തൂ?
മൊബൈല്‍ കംപ്യൂട്ടിങ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളായ ഐഒഎസും ഐപാഡ്ഒഎസും ഒരേസമയത്ത് അപ്‌ഡേറ്റു ചെയ്യുന്ന രീതിയാണ് അടുത്തിടെ വരെ ആപ്പള്‍ സ്വീകരിച്ചുവന്നത്. എന്നാല്‍, പുതിയ ചില കേട്ടുകേള്‍വികള്‍ പ്രകാരം തങ്ങളുടെ ഏറ്റവും പുതിയ ഐഒഎസ് 16ന് ഒപ്പം ഐപാഡ് ഒഎസ് 16 പുറത്തിറക്കിയേക്കില്ലെന്ന് പറയുന്നു. ഐഒഎസ് 16 സെപ്റ്റംബറില്‍ പുറത്തുവിടുമെങ്കിലും ഐപാഡ് ഒഎസ് 16 ലഭിക്കണമെങ്കില്‍ ഒക്ടോബര്‍ വരെയെങ്കിലും കാത്തിരിക്കേണ്ടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
∙ കാത്തിരിപ്പ് ഐപാഡ് ഉപയോക്താക്കള്‍ക്ക് ഗുണകരമായേക്കാം
പുതിയ ഐപാഡ്ഒഎസിനായി അല്‍പകാലം അധികം കാത്തിരിക്കേണ്ടി വന്നാലും വളരെ മികവുറ്റ ഒരു അപ്ഡേറ്റായിരിക്കാം ഇതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഐഒഎസില്‍ നിന്നു വേര്‍പെടുത്തി സൃഷ്ടിച്ചതാണ് ഐപാഡ്ഒഎസ്. ഐഫോണും ഐപാഡും ഉപയോഗിക്കുന്നത് കൂടുതല്‍ വ്യത്യസ്തമാക്കുന്നതിന്റെ ഭാഗമായാണ് പുതുമകള്‍ എത്തുന്നത്. മള്‍ട്ടിടാസ്‌കിങ് മേഖലയിലായിരിക്കും കൂടുതല്‍ മികവുകള്‍.
സ്റ്റേജ് മാനേജര്‍
പുതിയ ഐപാഡ് അപ്‌ഡേറ്റിലെ ശ്രദ്ധേയമയാ ഫീച്ചര്‍ സ്റ്റേജ് മാനേജര്‍ ആണ്. ഐപാഡിന്റെ മള്‍ട്ടിടാസ്‌കിങ് ശേഷി പല മടങ്ങായിരിക്കും ഇത് വര്‍ധിപ്പിക്കുക. ഒന്നിലേറെ കാര്യങ്ങള്‍ ഒരേ സമയം സുഗമമായി ചെയ്യാന്‍ സാധ്യമാക്കുന്നതായിരിക്കും ഇത്. ഇതിന്റെബീറ്റാ ടെസ്റ്റിങ് ഇപ്പോള്‍ നടക്കുകയാണ്. പല ഉപയോക്താക്കളും ഇതില്‍ പല ഗൗരവമുള്ള പിഴവുകളും കണ്ടെത്തി പിഴവുകള്‍ ഉന്നയിച്ചതോടെയാണ് ഐപാഡ്ഒഎസ് 16 ഔദ്യോഗികമായി പുറത്തിറക്കുന്നത് മാറ്റിവച്ചിരിക്കുന്നത് എന്നാണ് കേള്‍വി.
English Summary: Har Ghar Tiranga: Now You Can Buy Indian Flag From Post Office at Just Rs 25, Know How?