ഒപ്ടിമസ് ഞെട്ടിക്കുമെന്ന് മസ്‌ക്; സെപ്റ്റംബര്‍ 30 റോബോട്ടിക്‌സിലെ ഐഫോണ്‍ നിമിഷമാകുമോ?

tesla-robot-
Photo: Tesla
SHARE

ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ലയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ദിനമായ സെപ്റ്റംബര്‍ 30ന് പരിചയപ്പെടുത്താന്‍ ഒരുങ്ങുന്ന മനുഷ്യസദൃശമായ (humanoid) റോബോട്ട് ആണ് ഒപ്ടിമസ്. ലോകത്തെ ഏറ്റവും വലിയ കോടീശ്വരനും ടെസ്‌ല, സ്‌പെയ്‌സ്എക്‌സ് തുടങ്ങിയ കമ്പനികളുടെ ഉടമയുമായ ഇലോണ്‍ മസ്‌കിന്റെ മറ്റൊരു സങ്കല്‍പമാണ് ടെസ്‌ല ബോട്ട് എന്നും പേരുള്ള ഒപ്ടിമസിനു പിന്നില്‍. വീടു വൃത്തിയാക്കല്‍, ഷോപ്പിങ് അടക്കമുള്ള പണികള്‍ എടുപ്പിക്കാവുന്ന, സമൂഹത്തിലേക്ക് ഇറങ്ങിവന്നേക്കാവുന്ന ഒന്നായിരിക്കും ഇതെന്നാണ് മസ്‌ക് നേരത്തേ പറഞ്ഞിട്ടുള്ളത്. സെപ്റ്റംബര്‍ 30ന് ഇതിന്റെ പ്രവര്‍ത്തന ശേഷി കണ്ട് ആളുകള്‍ ഞെട്ടിപ്പോകുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത് എന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 

∙ വരുന്നത് റോബോട്ടിക്‌സിലെ ഐഫോണ്‍ നിമിഷമോ?

വിവിധ കമ്പനികള്‍ ഫോണുകള്‍ അവതരിപ്പിച്ചു എങ്കിലും ആപ്പിള്‍ കമ്പനി ഐഫോണ്‍ അവതരിപ്പിച്ചതോടെയാണ് സ്മാര്‍ട്ട്‌ഫോണ്‍ എന്ന ഉപകരണം മനുഷ്യർക്ക് ഒഴിവാക്കാനാകാത്ത വസ്തുവായത്. അതുപോലെ, യന്ത്ര മനുഷ്യര്‍ കഥകളിലും സിനിമകളിലും ഫാക്ടറികളിലും ഒക്കെയായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. ഒപ്ടിമസിന്റെ കടന്നുവരവോടെ മനുഷ്യരും റോബട്ടുമായുള്ള സഹവാസം തുടങ്ങുമോ, റോബോട്ടിക്‌സിലെ ഐഫോണ്‍ നിമിഷമായി മാറുമോ, അതോ മസ്കിന്റെ ആവേശം മാത്രമായിരിക്കുമോ എന്നറിയാനാണ് ടെക്‌നോളജി ലോകം ഇപ്പോള്‍ കാത്തിരിക്കുന്നത്. പുതിയ ഐഫോണുകള്‍ അവതരിപ്പിക്കുന്നത് മിക്കവാറും സെപ്റ്റംബറിലാണ്. ഒപ്ടിമസിന്റെ പിറവിക്കു സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്ന അടുത്ത സെപ്റ്റംബര്‍ മനുഷ്യരാശിക്ക് ആനന്ദം പകരുമോ?

∙ പുതിയ ചിത്രം പുറത്തുവിട്ടു

സെപ്റ്റംബര്‍ 30ന് പുറത്തിറക്കാനൊരുങ്ങുന്ന ഒപ്ടിമസിന്റെ പുതിയ ചിത്രവും മസ്‌ക് പുറത്തുവിട്ടു. ടെസ്‌ല കമ്പനിയുടെ ഓഹരിയുടമകള്‍ക്കായി ഓസ്റ്റിനില്‍ സംഘടിപ്പിച്ച മീറ്റിങ്ങിലാണ് ഇത് പുറത്തുവിട്ടത്. അതേസമയം, ഒപ്ടിമസിനെക്കുറിച്ച് അധികം വിവരങ്ങളൊന്നും ഇപ്പോള്‍ ലഭ്യമല്ലെന്നും ഡെയ്‌ലി മെയിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യന് ചെയ്യാന്‍ താത്പര്യമില്ലാത്ത പല മുഷിപ്പന്‍ വീട്ടുജോലികളും ചെയ്യിക്കാമെന്നതു കൂടാതെ മനുഷ്യര്‍ക്ക് ഒരു ചങ്ങാതിയായും ഒപ്ടിമസിനെ ഒപ്പം കൂട്ടാനാകുമെന്നും മസ്‌ക് പറയുന്നു.

∙ ഒപ്റ്റിമസിനെക്കുറിച്ച് നമുക്ക് ഇപ്പോള്‍ അറിയാവുന്ന കാര്യങ്ങള്‍

ടെസ്‌ല ബോട്ടിന് 5 അടി 8 ഇഞ്ച് പൊക്കവും 125 പൗണ്ട് ഭാരവും ഉണ്ടായിരിക്കും. കമ്പനിയുടെ കാറുകള്‍ക്ക് ഉള്ളതു പോലെ സ്വയംപ്രവര്‍ത്തനശേഷിക്കായി ഓട്ടോപൈലറ്റ് കംപ്യൂട്ടറും ഉണ്ടായിരിക്കും. ഇത് ഉപയോഗിച്ചായിരിക്കും ഒപ്ടിമസ് തനിക്കു ചുറ്റുമുള്ള വസ്തുക്കളെ തിരിച്ചറിയുക. അതിനു പുറമെ, ഇത്തരം ഒരു റോബോട്ടിന് അനുയോജ്യമായ രീതിയില്‍ കസ്റ്റമൈസ് ചെയ്ത സെന്‍സറുകളും ആക്ചുവേറ്ററുകളും ഒപ്ടിമസിനു നല്‍കും. റോബോട്ടിന് 150 പൗണ്ട് ഭാരം ഉയര്‍ത്താനും 45 കിലോ ഭാരം ചുമന്നുകൊണ്ട് പോകാനും മണിക്കൂറില്‍ 5 മൈല്‍ നടക്കാനും സാധിക്കും. അതിന് മനുഷ്യര്‍ക്കുള്ളതു പോലെ കൈകളും 'കാണാനുള്ള' സെന്‍സറുകളും ഉണ്ടായിരിക്കും. 

∙ കടയില്‍ വിട്ട് സാധനങ്ങള്‍ വാങ്ങിപ്പിക്കാം

ഐ, റോബോട്ട് (I, Robot) എന്ന സിനിമയിലെ എന്‍എസ്5 എന്ന റോബോട്ടുകളോട് സദൃശ്യമായിരിക്കും ഒപ്ടിമസിന്റെ രൂപമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, ടെര്‍മിനേറ്റര്‍ സിനിമകളില്‍ കണ്ടതിനു സമാനമായ സാഹചര്യം ലോകത്ത് ഉരുത്തിരിയുമോ എന്ന പേടി വേണ്ടെന്നും മസ്‌ക് പറഞ്ഞിട്ടുണ്ട്. മനുഷ്യരുടെ ആജ്ഞകള്‍ അനുസരിക്കുന്ന, സൗഹൃദ ഭാവമുള്ള ഒരു റോബോട്ട് ആയി ആണ് ഒപ്ടിമസിനെ അവതരിപ്പിക്കുക. കാറിന്റെ ബോള്‍ട്ട് മുറുക്കാനും കടയില്‍ പോയി വരാനും ഒക്കെ ആവശ്യപ്പെടാവുന്ന ഒന്നായിരിക്കാം ഒപ്ടിമസ്. എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ ശരാശരി ആരോഗ്യമുള്ള ഒരാള്‍ക്ക് ഓപ്ടിമസിനെ കീഴടക്കുകയും ചെയ്യാം. 

∙ ഒപ്ടിമസിനെ ഉടനെ വാങ്ങാന്‍ സാധിക്കുമോ?

അടുത്ത സെപ്റ്റംബര്‍ 30ന് ഒപ്ടിമസിന്റെ ആദിമ രൂപം മാത്രമായിരിക്കും പ്രദര്‍ശിപ്പിക്കുക എന്നാണ് കരുതുന്നത്. മാസങ്ങളോ വര്‍ഷങ്ങളോ കഴിഞ്ഞാവും ഒപ്ടിമസ് വില്‍പനയ്‌ക്കെത്തുക എന്നാണ് കൂടുതല്‍ പേരും വിശ്വസിക്കുന്നത്. എന്തായാലും, ഒപ്ടിമസിനെ എങ്ങനെയാണ് നിര്‍മിക്കുന്നത്, അതുകൊണ്ട് എന്തു പ്രയോജനം ലഭിക്കും എന്നെല്ലാമുള്ള ചോദ്യങ്ങള്‍ക്ക് കൂടുതല്‍ കൃത്യമായ ഉത്തരങ്ങള്‍ ലഭിക്കുന്ന ദിവസമായിരിക്കും സെപ്റ്റംബര്‍ 30. 

∙ ഒപ്ടിമസിലെ എഐയെ ഭയക്കേണ്ടെന്ന് മസ്‌ക്

നമ്മള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഭയക്കണം. പക്ഷെ, ഒപ്ടിമസിലെ എഐയെ ഭയക്കേണ്ടെന്ന് മസ്‌ക് പറയുന്നു. ഇത് ഗുണം മാത്രം ചെയ്യുന്നതായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. 

∙ ട്വിറ്റര്‍ വാങ്ങലുമായി മുന്നോട്ടു പോകാമെന്ന് മസ്‌ക്

സമൂഹ മാധ്യമമായ ട്വിറ്റര്‍ 44 ബില്ല്യന്‍ ഡോളര്‍ മുടക്കി വാങ്ങാന്‍ കരാറൊപ്പിട്ട ശേഷം പിന്‍വലിഞ്ഞതിന്റെ പേരില്‍ കോടതി കയറാന്‍ പോകുകയാണ് മസ്‌ക്. എന്നാല്‍, ട്വിറ്ററിലെ വ്യാജ പ്രൊഫൈലുകളെക്കുറിച്ചുള്ള ശരിയായ വിവരം തനിക്കു തന്നാല്‍ ഏറ്റെടുക്കലുമായി മുന്നോട്ടുപോകാമെന്ന് മസ്‌ക് പറഞ്ഞു. അതേസമയം, വ്യാജ അക്കൗണ്ടുകളെക്കുറിച്ച് ട്വിറ്റര്‍ തനിക്കു നേരത്തേ തന്ന വിവരങ്ങള്‍ തെറ്റാണെങ്കില്‍ വാങ്ങലില്‍നിന്ന് പിന്നോട്ടു പോയേക്കാമെന്നും മസ്‌ക് പറയുന്നു. കൂടാതെ, ട്വിറ്റര്‍ മേധാവി പരാഗ് അഗർവാളിനെ പരസ്യ സംവാദത്തിനു മസ്‌ക് വെല്ലുവിളിക്കുകയും ചെയ്തു.

∙ എന്തുകൊണ്ട് എസ്ഇസി താന്‍ ഉയര്‍ത്തിയ വിഷയം പരിശോധിക്കുന്നില്ല?

ട്വിറ്ററില്‍ ഉള്ള വ്യാജ അക്കൗണ്ട് എന്ന വിഷയം എന്തുകൊണ്ട് അമേരിക്കയുടെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍ പരിശോധിച്ചു തീര്‍പ്പു കല്‍പ്പിക്കുന്നില്ലെന്നും മസ്‌ക് ചോദിച്ചു എന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. 

∙ അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടു പോയാലും പേടിക്കേണ്ട

മസ്‌കിന് ട്വിറ്റര്‍ വാങ്ങേണ്ടി വന്നാല്‍ ടെസ്‌ല മേധാവി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നേക്കാമെന്ന് ഇലക്ട്രിക് കമ്പനിയുടെ നിക്ഷേപകര്‍ ഭയക്കുന്നു. എന്നാല്‍, അത്തരംപേടിയൊന്നും വേണ്ട, തന്റെ കഴിവുറ്റ എൻജിനീയര്‍മാര്‍ മികച്ച രീതിയില്‍ തന്നെ കമ്പനിയെ മുന്നോട്ടു കൊണ്ടുപോകുമെന്നും, തന്നെ അന്യഗ്രഹജീവികള്‍ തട്ടിക്കൊണ്ടു പോയാല്‍ പോലും ഭയക്കേണ്ടന്നും അദ്ദേഹം പറയുന്നു.

English Summary: Elon Musk Says People Will Be 'blown Away' By Tesla Optimus Robot Set To Unveil On Sept 30

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}