ഷഓമി, റിയൽമി, ഒപ്പോ, വിവോ തുടങ്ങിയ ചൈനീസ് ബ്രാന്‍ഡുകളുടെ, 12,000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട് ഫോണുകള്‍ ഇന്ത്യയിൽ വിൽക്കുന്നത് നിരോധിച്ചേക്കുമെന്ന് റിപ്പോർട്ട്. പ്രാദേശിക ഫോൺ നിർമാതാക്കൾക്കു ചൈനീസ് ഫോണുകൾ വെല്ലുവിളിയാകുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്ന് ബ്ലൂംബര്‍ഗ് റിപ്പോർട്ട് ചെയ്യുന്നു. വാർത്ത ശരിയാണെങ്കിൽ അതു ചൈനീസ് ഫോൺ കമ്പനികൾക്കു കനത്ത തിരിച്ചടിയാകും. മൈക്രോമാക്‌സ്, ലാവ തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ക്ക് സാന്നിധ്യമുണ്ടായിരുന്ന വിപണിയിൽ, കൂടുതൽ ഫീച്ചറുകളുമായെത്തിയ ചൈനീസ് കമ്പനികള്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. അതേസമയം, സർക്കാരോ ചൈനീസ് കമ്പനികളോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
∙ ഇത്തരം ഒരു നീക്കം ഇന്ത്യ നടത്തുമോ?
റിയല്‍മി, ട്രാന്‍സിയന്‍ (Transsion) തുടങ്ങിയ ചൈനീസ് കമ്പനികള്‍ 12,000 രൂപയില്‍ കുറവുള്ള ഫോണുകള്‍ ഇന്ത്യയില്‍ നിർമിക്കുന്നത് കുറയ്ക്കാന്‍ തീരുമാനിച്ചതാണ് പുതിയ ഊഹാപോഹത്തിന് വഴിവച്ചത്. കോവിഡ്-19 പടര്‍ന്നപ്പോള്‍ പോലും ഷഓമിയും മറ്റും പിടിച്ചുനിന്നത് ഇന്ത്യൻ വിപണിയുടെ ബലത്തിലാണ്. ഇന്ത്യയില്‍ വില്‍ക്കുന്ന സ്മാര്‍ട് ഫോണുകളുടെ മൂന്നിലൊന്നും 12,000 രൂപയില്‍ താഴെയുള്ളവയാണ്. ഇതില്‍ 80 ശതമാനവും ചൈനീസ് കമ്പനികളുടേതാണ് എന്ന് കൗണ്ടര്‍പോയിന്റിന്റെ കണക്കുകള്‍ പറയുന്നു. സാംസങ്ങും ഈ വിഭാഗത്തില്‍ ഫോണ്‍ വില്‍ക്കുന്നു. ഇന്ത്യന്‍ കമ്പനികള്‍ക്കു വില്‍പന കുറവാണ്.
വാര്‍ത്ത പ്രചരിച്ചതോടെ ഹോങ്കോങ് ഓഹരി വിപണിയില്‍ ഷഓമിുടെ ഓഹരി വില 3.6 ശമാനം ഇടിഞ്ഞു. ഇതോടെ കമ്പനിയുടെ ഓഹരി വില ഈ വര്‍ഷം ഇടിയുന്നത് 35 ശതമാനമായി.
∙ ഇന്ത്യ ഈ തീരുമാനം എങ്ങനെ നടപ്പാക്കും?
കേന്ദ്രം എങ്ങനെ പുതിയ തീരുമാനം നടപ്പിലാക്കും എന്നതിനെക്കുറിച്ചും ഊഹാപോഹങ്ങള്‍ മാത്രമേയുള്ളു. വിലക്ക് വന്നാല്‍ ഷഓമിയുടെ വില്‍പന പ്രതിവര്‍ഷം 11-14 ശതമാനം ഇടിഞ്ഞേക്കും. ഷഓമിക്കു മാത്രം ഏകദേശം 20-25 ദശലക്ഷം ഫോണുകളുടെ വില്‍പനയാണ് ഇല്ലാതാകാന്‍ പോകുന്നത് എന്നാണ് ബ്ലൂംബര്‍ഗ് കണക്കുകൂട്ടുന്നത്. ഈ വിഭാഗത്തില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഹാന്‍ഡ്‌സെറ്റുകളില്‍ 25 ശതമാനവും ഷഓമിയുടേതാണ്. ഇന്ത്യയാണ് ഷഓമിയുടെ ഏറ്റവും വലിയ വിദേശ വിപണി. കമ്പനി നിർമിക്കുന്ന 66 ശതമാനം ഫോണുകളും 150 ഡോളറില്‍ താഴെ വില വരുന്നതാണെന്നും ഐഡിസി പറയുന്നു. ഷഓമി, ഒപ്പോ, വിവോ തുടങ്ങിയ ചൈനീസ് കമ്പനികള്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം നടക്കുന്നുണ്ട്.
∙ നീക്കത്തിന് ശക്തി വര്‍ധിച്ചത് ഇന്ത്യന്‍ സൈനികര്‍ക്കെതിരെ ആക്രമണം ഉണ്ടായതിനു ശേഷം
ചൈനീസ് കമ്പനികള്‍ക്കെതിരെ കടുത്ത നീക്കങ്ങള്‍ തുടങ്ങുന്നത് 2020ല്‍ ചൈനീസ് ആക്രമണത്തില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ മരിച്ചതോടെയാണ്. ടിക്‌ടോക് അടക്കമുള്ള പല പ്രമുഖ ആപ്പുകളെയും ഇന്ത്യ അന്ന് നിരോധിച്ചിരുന്നു.
∙ ചൈനീസ് കമ്പനികളെ ഇന്ത്യ തള്ളിക്കളഞ്ഞേക്കില്ല
അതേസമയം, ചൈനീസ് കമ്പനികളെ ഇന്ത്യയില്‍നിന്നു തുടച്ചുനീക്കനൊന്നുമായിരിക്കില്ല പുതിയ നീക്കമെന്നും ബ്ലൂംബര്‍ഗ് പറയുന്നു. സ്വകാര്യമായി സർക്കാർ ഉദ്യോഗസ്ഥര്‍ ചൈനീസ് കമ്പനികളോട് പറയുന്നത് രാജ്യത്തു തന്നെ ഘടകഭാഗങ്ങള്‍ അടക്കം നിര്‍മിച്ചു തുടങ്ങാനും അവ കയറ്റി അയയ്ക്കാനുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
∙ നീക്കം ഗുണകരമായിരിക്കുമോ?
ചൈനീസ് കമ്പനികള്‍ മികവാര്‍ന്ന ഹാന്‍ഡ്‌സെറ്റുകളാണ് വില കുറച്ച് വില്‍ക്കുന്നതെന്ന് ഐഡിസി ചൂണ്ടിക്കാണിക്കുന്നു. പുതിയ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ച് നല്ല ഫോണുകള്‍ തന്നെയാണ് അവര്‍ വില്‍ക്കുന്നത്. അവരെ വിലക്കിയാല്‍ രാജ്യത്തെ നാലില്‍ മൂന്ന് ഉപയോക്താവിനും മികച്ച ഫോണ്‍ തിരഞ്ഞെടുക്കാന്‍ സാധിക്കണമെന്നില്ല. അടുത്ത കാലത്തൊന്നും ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇത്ര മികവുറ്റ ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയില്‍ എത്തിക്കാൻ കഴിഞ്ഞേക്കില്ലെന്നും ഐഡിസി വക്താവ് നിരീക്ഷിക്കുന്നു.
∙ ലാവ, മൈക്രോമാക്‌സ്, കാര്‍ബണ്‍ കമ്പനികള്‍ രക്ഷപ്പെടുമോ?
ചൈനീസ് കമ്പനികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നുണ്ടെങ്കില്‍ ലാവ, കാര്‍ബണ്‍, മൈക്രോമാക്സ് തുടങ്ങിയ കമ്പനികള്‍ക്ക് കോളടിക്കുമെന്നാണ് കരുതപ്പെടുന്നത്. വില കുറച്ച് ഇന്ത്യയില്‍ ഫോണിറക്കി ഞെട്ടിക്കുമെന്നു പറഞ്ഞ് ജിയോയും ഗൂഗിളും ചേര്‍ന്ന് നിര്‍മിച്ച ഫോണും കാര്യമായി ശ്രദ്ധ പിടിക്കാതെ പോയതും ഓര്‍ക്കേണ്ട കാര്യമാണ്. ജിയോ അടക്കമുള്ള കമ്പനികള്‍ 12,000 രൂപയില്‍ താഴെയുള്ള ഫോണുകളിറക്കി ആളുകളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചേക്കും. ചൈനീസ് കമ്പനികള്‍ക്ക് നിരോധനം വരുന്നുണ്ടെങ്കില്‍ പുതിയ ഇന്ത്യന്‍ കമ്പനികള്‍ക്ക് പണമിറക്കാന്‍ ഏറ്റവും മികച്ച മേഖലകളില്‍ ഒന്നുമായിരിക്കും ഇത്.
English Summary: India likely to ban Chinese companies from selling smartphones under Rs 12,000