ADVERTISEMENT

ഒരുപക്ഷേ ഇപ്പോള്‍ വാങ്ങാവുന്ന ഏറ്റവും നൂതനമായ ഫോൾഡിങ് ഫോണ്‍ അവതരിപ്പിച്ചിരിക്കുകയാണ് സാംസങ്. ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 4 എന്നാണ് പേര്. മുന്‍ തലമുറയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ കരുത്തുറ്റ പ്രോസസറും മികവാര്‍ന്ന സ്‌ക്രീനും നൈറ്റ് ഫൊട്ടോഗ്രഫി ശേഷിയും മറ്റുമായാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്. അതിനൊപ്പം, മറ്റൊരു ഫോൾ‌ഡിങ് ഫോണായ ഗ്യാലക്‌സി ഫ്‌ളിപ് 4, ഗ്യാലക്‌സി വാച്ച് 5, വാച്ച് 5 പ്രോ, സാംസങ്ങിന്റെ വയര്‍ലെസ് ഇയര്‍ബഡ്‌സ് ആയ ബഡ്‌സ് 2 പ്രോ എന്നിവയും കമ്പനി ദക്ഷിണ കൊറിയയില്‍ നടത്തിയ ചടങ്ങിൽ അനാവരണം ചെയ്തു. 

കരുത്ത്

ഗ്യാലക്‌സി ഫോള്‍ഡ് 4ന് ശക്തി പകരുന്നത് സ്‌നാപ്ഡ്രാഗണ്‍ 8പ്ലസ് ജെന്‍ 1 പ്രോസസറാണ്. ഒപ്പം 16 ജിബി വരെ റാം ലഭിക്കും. ഫോണിന്റെ പ്രധാന ക്യാമറയ്ക്ക് 50എംപി റെസലൂഷനാണ് ഉള്ളത്. ഒപ്പമുള്ള ഒപ്ടിക്കല്‍ ടെലിലെന്‍സിന് 3 മടങ്ങാണ് സൂം. ഈ ഫോണിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ 7.6-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനാണ്. അതിന്റെ അഡാപ്റ്റീവ് റിഫ്രെഷ് റേറ്റ് വളരെ മികച്ചതാണ്- 1 ഹെട്‌സ് മുതല്‍ 120 ഹെട്സ് വരെ. സ്‌ക്രീന്‍ റെസലൂഷന്‍ 2കെ ആണ്. ഒപ്പമുള്ള രണ്ടാം ഡിസ്‌പ്ലെയ്ക്ക് 6.2 ഇഞ്ച് ആണ് വലുപ്പം. എച്ഡി പ്ലസ് ആണ് റെസലൂഷന്‍. ഫോണിന്റെ ദൃഢതയും വർധിപ്പിച്ചു എന്ന് കമ്പനി പറയുന്നു. ഫോണിന്റെ  ഹിഞ്ചിനും ഫ്രെയിമിനും ആര്‍മര്‍ അലുമിനം അലോയ് ആണ് ഉപയോഗിച്ചിരിക്കുന്നത്. 

ഒന്നിലേറെ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആശ്വാസം

Galaxy-z4

മുകളിലും താഴെയുമുള്ള പാനലുകള്‍ക്ക് ഗൊറില ഗ്ലാസ് വിക്ടസ്പ്ലസും ഉപയോഗിച്ചിരിക്കുന്നു. വെള്ളത്തില്‍ അഞ്ചടി താഴ്ചയില്‍ 30 മിനിറ്റ് കിടന്നാലും പ്രശ്‌നമുണ്ടാകാത്ത ഐപിഎക്‌സ്8 വാട്ടര്‍ റെസിസ്റ്റന്‍സും ഉണ്ട്. അതേസമയം, ഫോൾ‌ഡിങ് ഫോണുകള്‍ ഉപയോഗിക്കാത്തവര്‍ക്ക് ഇതൊരു വലിയ ഉപകരണമായി തോന്നും. സെഡ് ഫോള്‍ഡ് 4ല്‍ ഉപയോഗിച്ചിരിക്കുന്ന ആന്‍ഡ്രോയിഡ് 12എല്‍ സോഫ്റ്റ്‌വെയര്‍ മള്‍ട്ടിടാസ്‌കിങ്ങിന് വളരെ ഉചിതമായിരിക്കും. പുതിയ ടാസ്‌ക്ബാറും മറ്റും ഒന്നിലേറെ ആപ്പുകള്‍ ഒരേ സമയത്ത് ഉപയോഗിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് വളരെയധികം ഗുണപ്രദമായിരിക്കും. ഇത്തരമൊരു ഫോണ്‍ വാങ്ങുന്നവര്‍ വലിയ സ്‌ക്രീന്‍ ഫലപ്രദമായി ഉപയോഗിക്കാൻ ആഗ്രഹമുള്ളവരായിരിക്കുമല്ലോ. സാംസങ്ങിന്റെ സ്‌റ്റൈലസായ എസ്-പെന്‍ ഉപയോഗിക്കാമെന്നതും ഇതിന്റെ ഗുണമാണ്.

ആപ്പുകള്‍, ക്യാമറ

ഗൂഗിളും മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് പല ആപ്പുകളെയും ഫ്ലെക്‌സ് മോഡില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമവും സാംസങ് നടത്തിയിട്ടുണ്ട്. ഫോണ്‍ പകുതി തുറന്നു പിടിക്കുമ്പോള്‍ പോലും ചില ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനാകും. ഗൂഗിള്‍ ക്രോമില്‍നിന്നും ജിമെയിലില്‍നിന്നും ലിങ്കുകളും മറ്റും ഡ്രാഗ് ആന്‍ഡ് ഡ്രോപ് ചെയ്യാം. ഫയലുകളും ലിങ്കുകളും മറ്റും ഷെയർ ചെയ്യുന്നവര്‍ക്ക് ഇത് ഉപകാരപ്പെടും. മൈക്രോസോഫ്റ്റിന്റെ ഔട്‌ലുക്കും ഫോണിന്റെ അധിക സ്‌ക്രീന്‍ വിസ്തീര്‍ണം ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ സജ്ജമാണ്. ഈ പ്രീമിയം മോഡലിന് 1ടിബി വരെ സംഭരണശേഷിയുമുണ്ട്. 

Galaxy-z-fold4-new

മൂന്നു പിന്‍ ക്യാമറകളാണ് ഉള്ളത്. ഇതില്‍ പ്രധാന സെന്‍സറിന് 50 എംപിയാണ് റെസലൂഷന്‍. ആള്‍ട്രാ വൈഡ് 12 എംപിയും ടെലി ലെന്‍സിന് 10 എംപിയുമാണ് റെസലൂഷന്‍. സെല്‍ഫിക്കും മറ്റുമായി സ്‌ക്രീനിന് ഉള്ളില്‍ പിടിപ്പിച്ചിരിക്കുന്നത് 4 എംപി ക്യാമറയാണ്. മികവുറ്റപ്രകടനം ഇതിന് ലഭിക്കുമെന്ന് സാംസങ് പറയുന്നു. പുറമെ 10എംപി ക്യാമറയും ഉണ്ട്. ബാറ്ററി 4400 എംഎഎച് ആണ്. ഇതിന് 25w വയേഡ് ചാര്‍ജിങ് സാധ്യമാണ്.

വില

ആപ്പിള്‍ അടക്കമുള്ള പല സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളും ഈ വിഭാഗത്തിലേക്കു കടക്കണോ വേണ്ടയോ എന്നറിയാതെ നില്‍ക്കുമ്പോള്‍ സാംസങ് നാലാം തലമുറ ഫോണുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിന്റെ വ്യത്യാസം ഹാര്‍ഡ്‌വെയറിലും സോഫ്റ്റ്‌വെയറിലും വ്യക്തമാണ്. പുതിയ ഫോള്‍ഡിങ് ഫോണുകള്‍ ഈ വിഭാഗത്തില്‍ സാംസങ്ങിന്റെ ആധിപത്യം കൂടുതല്‍ ഉറപ്പിക്കുമെന്നാണ് കരുതുന്നത്. മടക്കാവുന്ന ഫോണുകള്‍ക്ക് പൊതുവേ വില കൂടുതലാണ്. ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 4ന്റെ കാര്യത്തിലും അതിന് മാറ്റമില്ല. അമേരിക്കയില്‍ തുടക്ക വേരിയന്റിന്റെ വില 1,799 ഡോളറാണ്. ഇന്ത്യയില്‍ 1,49,999 രൂപ ആയിരിക്കാം വില എന്നു കരുതുന്നു. 

Galaxy-z4

ഗ്യാലക്‌സി ഫ്‌ളിപ് 4

മടക്കാവുന്ന ഫോണാണ് ഇതെങ്കിലും ക്ലാംഷെല്‍ രൂപകല്‍പനയാണ് ഇതിന്. ഇതിന്റെ പ്രധാന സ്‌ക്രീനിന് 6.7-ഇഞ്ച് വലുപ്പമാണ് ഉള്ളത്. ഫുള്‍ എച്ഡി റെസലൂഷനും 1.9-ഇഞ്ച് സ്‌ക്രീനും ഉണ്ട്. പ്രോസസര്‍ 4ന്റേതു തന്നെയാണ്. ബാറ്ററി 3,700 എംഎഎച് ആണ്. ഫ്ലെക്‌സിന് 8 ജിബിയാണ്റാം, സംഭരണ ശേഷി 512 ജിബിയും. തുടക്ക വേരിയന്റിന് 128 ജിബിയാണ് സംഭരണശേഷി. ഫോണിന് 12 എംപി പ്രധാന ക്യാമറയും അള്‍ട്രാവൈഡ് ക്യാമറയുമാണ് ഉള്ളത്. രാത്രി ഫോട്ടോഗ്രാഫി മികവുറ്റതാക്കാന്‍ സാംസങ്ങിന് സാധിച്ചിരിക്കുന്നു എന്നു പറയുന്നു. വില 1000 ഡോളറാണ്.  

ഗ്യാലക്‌സി വാച് 5 പ്രോ, വാച് 5

തങ്ങളുടെ സ്മാര്‍ട്ട് വാച്ച് ശ്രേണിയിലേക്കും പുതിയ രണ്ട് അംഗങ്ങളെക്കൂടി എത്തിച്ചിരിക്കുകയാണ് സാംസങ്- ഗ്യാലക്‌സി വാച്ച് 5 പ്രോ, വാച്ച് 5. പ്രോ മോഡലിന് കൂടുതല്‍ മികച്ച ഹാർട്ട്ബീറ്റ് ട്രാക്കിങ്, സ്ലീപ് ട്രാക്കിങ് തുടങ്ങിയവ ഉണ്ട്. ടൈറ്റാനിയം ബോഡിയാണ് ഇതിനെ വേറിട്ടതാക്കുന്നത്. വാച്ച് 5 പ്രോയ്ക്ക് 44എംഎം ഡിസ്‌പ്ലെയാണ് ഉള്ളത്. വാച്ച് 5ന് 44 എംഎം, 40 എംഎം  വേരിയന്റുകള്‍ ഉണ്ട്. ഇവ അലുമിനം ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്നു. പ്രോ മോഡലിന് 590 എംഎഎച് ബാറ്ററിയുണ്ട്. ഒറ്റ ചാര്‍ജില്‍ വാച്ച് ഏതാനും ദിവസത്തേക്ക് പ്രവര്‍ത്തിപ്പിക്കാമെന്ന് സാംസങ് പറയുന്നു. പ്രോ മോഡലിന്റെ എല്‍ടിഇ വേര്‍ഷന് 500 ഡോളറാണ് വില. ബ്ലൂടൂത് മാത്രമുള്ള വേര്‍ഷന് 450 ഡോളറും. വാച്ച് 5ന്റെ തുടക്ക വില 280 ഡോളറാണ്. 

ഗ്യാലക്‌സി ബഡ്‌സ് 2 പ്രോ

മികവാര്‍ന്ന നിര്‍മിതിയാണ് സാംസങിന്റെ ഏറ്റവും പുതിയ ഇയര്‍ബഡ്‌സ് ആയ ഗ്യാലക്‌സി ബഡ്‌സ് 2 പ്രോയ്ക്ക്. ചെവിയില്‍ കൂടുതല്‍ സുരക്ഷിതമായി ഇരിക്കും എന്നതാണ് മറ്റൊരു സവിശേഷത. ഇതിന് ഹൈ-ഫൈ 24-ബിറ്റ് ഓഡിയോ സപ്പോര്‍ട്ട് ഉണ്ട്. സാംസങ് ഫോണാണ് ഉപയോഗിക്കുന്നതെങ്കിൽ അതില്‍നിന്ന് 24-ബിറ്റ് ഓഡിയോ ബ്ലൂടൂത് വഴി പുതിയ ഇയര്‍ബഡ്‌സില്‍ കേള്‍ക്കാം. പെയറിന് വിലയിട്ടിരിക്കുന്നത് 229.99 ഡോളറാണ്. കൂടുതല്‍ നേരം ചെവിയില്‍ വച്ചിരുന്നാല്‍ ഉണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കാനും സാംസങ് ശ്രമിച്ചിട്ടുണ്ടെന്നു പറയുന്നു. ഇവയ്ക്ക് മള്‍ട്ടിപോയിന്റ് സപ്പോര്‍ട്ട് ഇല്ല എന്നത് ഒരു കുറവായി പറയപ്പെടുന്നു. ഒരേ സമയം രണ്ട് ഓഡിയോ സോഴ്‌സുകളില്‍നിന്ന് സ്വരം ലഭിക്കാനുള്ള കഴിവിനെയാണ് മള്‍ട്ടിപോയിന്റ് സപ്പോര്‍ട്ട് എന്നു വിളിക്കുന്നത്.

കൂടുതല്‍ മികവാര്‍ന്ന ഓഡിയോ തങ്ങളുടെ അടുത്ത തലമുറയിലെ എയര്‍പോഡ്‌സ് പ്രോ വഴി എത്തിക്കാന്‍ ആപ്പിളും ശ്രമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സോണിയാണ് ഇതില്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്. സോണി ലിങ്ക്ബഡ്‌സ് എസ്, ഡബ്ല്യുഎഫ്-1000എക്‌സ്എം5 തുടങ്ങിയ സോണി ഉപകരണങ്ങളില്‍ എല്‍ഡിഎസി കോഡെക് ഉപയോഗിച്ച് മികവുറ്റ ശ്രവണസുഖം സോണി വിജയിച്ചിരിക്കുന്നു എന്നു പറയുന്നു. 

ബഡ്‌സ് 2 പ്രോയില്‍ 360 ഡിഗ്രി ഓഡിയോ കൂടുതല്‍ മികവ് ആര്‍ജ്ജിച്ചിരിക്കുന്നു എന്ന് സാംസങ് പറയുന്നു. ബ്ലൂടൂത് 5.3, എല്‍ഇ ഓഡിയോ-റെഡി തുടങ്ങിയ ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആക്ടീവ് നോയിസ് ക്യാൻസലേഷന്‍ പ്രവര്‍ത്തിപ്പിച്ചാല്‍, ഫുൾ ചാർജിങ്ങിനു ശേഷം 5 മണിക്കൂര്‍ വരെ ഗ്യാലക്‌സി ബഡ്‌സ് 2 പ്രോ പ്രവര്‍ത്തിപ്പിക്കാം.

English Summary: Check all specifications of Samsung's newest foldable phones here.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com