മസ്‌ക് സ്വന്തം സമൂഹ മാധ്യമം തുടങ്ങുമോ? എന്താണ് എക്‌സ്.കോം സൂചിപ്പിക്കുന്നത്?

elon-musk-
Photo: AFP
SHARE

ട്വിറ്റര്‍ വാങ്ങാനായി കരാറെഴുതിയ ശേഷം ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് എന്തിനു പിന്മാറി എന്ന കാര്യത്തെക്കുറിച്ച് പല സംശയങ്ങളുമുണ്ടായിരുന്നു. ടെക്‌നോളജി സൂപ്പര്‍സ്റ്റാര്‍ എന്നതിനു പുറമെ തന്ത്രശാലിയായ ഒരു ബിസിനസുകാരന്‍ മസ്‌കിലുണ്ടെന്നുള്ളതിന് തെളിവാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അതിവിപുലമായ ബിസിനസ് സാമ്രാജ്യം. ഇപ്പോള്‍ പുറത്തുവരുന്ന സൂചനകളില്‍ നിന്ന് എന്തെങ്കിലും വായിച്ചെടുക്കാമെങ്കില്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുതിനു പകരം പുതിയ ഒരു സമൂഹ മാധ്യമം തന്നെ തുടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നു പറയാം. കാര്യമായി പ്രചാരം വര്‍ധിപ്പിക്കാന്‍ സാധിക്കാത്ത ട്വിറ്റര്‍ പോലെയൊരു വെബ്‌സൈറ്റിനായി 4400 കോടി ഡോളര്‍ മുടക്കുന്നതിനു പകരം സ്വന്തമായി ഒരു വെബ്‌സൈറ്റ് തുടങ്ങാനായിരിക്കാം അദ്ദേഹം ആഗ്രഹിക്കുന്നത്.

∙ എന്താണ് എക്‌സ്.കോം?

ട്വിറ്റര്‍ വാങ്ങാമെന്നു പറഞ്ഞ് മസ്‌ക് കരാര്‍ ഒപ്പിട്ട ശേഷം പിന്മാറിയ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. മസ്‌ക് കേസു പരാജയപ്പെടുകയും ട്വിറ്റര്‍ വാങ്ങാന്‍ നിര്‍ബന്ധിതനാകുകയും ചെയ്തില്ലെങ്കില്‍ അദ്ദേഹം എക്‌സ്.കോം എന്ന പുതിയ സമൂഹ മാധ്യമം തുടങ്ങിയേക്കുമെന്നാണ് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. കേസില്‍ വിജയിച്ചാല്‍ പുതിയ സമൂഹ മാധ്യമം തുടങ്ങുമോ എന്ന് മസ്‌കിനോട് ട്വിറ്ററിലൂടെ ഒരാള്‍ ചോദിച്ചതിന് മറുപടിയായി അദ്ദേഹം കുറിച്ചത് 'എക്‌സ്.കോം' എന്നു മാത്രമായിരുന്നു. ഇതോടെ ഈ വര്‍ത്ത ഇന്റര്‍നെറ്റില്‍ ആളിക്കത്തുകയായിരുന്നു. അതേസമയം, മസ്‌ക് കേസ് പരാജയപ്പടാനുള്ള സാധ്യതയാണ് കൂടുതലെന്നാണ് പറയപ്പെടുന്നത്.

‍എന്നാല്‍, ഇതാദ്യമായല്ല താന്‍ ഒരു പുതിയ സമൂഹ മാധ്യമം അവതരിപ്പിച്ചേക്കുമെന്ന സൂചന മസ്‌ക് നല്‍കുന്നത്. ട്വിറ്ററിനൊരു എതിരാളിയെ സൃഷ്ടിക്കുന്ന കാര്യം ആലോചിക്കുന്നതായി മസ്‌ക് ട്വിറ്റര്‍ മേധാവി പരാഗ് അഗ്രവാളിനോട് പറഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടാതെ, ട്വിറ്റര്‍ മസ്‌കിനെതിരെ നല്‍കിയിരിക്കുന്ന കേസില്‍ മസ്‌ക് പുതിയൊരു സമൂഹ മാധ്യമം തുടങ്ങിയാല്‍ അത് ട്വിറ്ററിന് ഗുണമായിരിക്കില്ലെന്ന് പരാമര്‍ശിച്ചിട്ടും ഉണ്ട്. 

∙ എക്‌സ്.കോമും മസ്‌കും - അല്‍പം ചരിത്രം

മസ്‌ക്, ഹാരിസ് ഫ്രികര്‍, ക്രിസ്റ്റഫര്‍ പെയ്ന്‍, എഡ് ഹോ എന്നിവര്‍ ചേര്‍ന്ന് 1999ല്‍ തുടങ്ങിയ വെബ്‌സൈറ്റാണ് എക്‌സ്.കോം. ഈ കമ്പനിയെ മസ്‌ക് പിന്നീടു തുടങ്ങിയ പേപാലിനോട് ചേര്‍ക്കുകയായിരുന്നു. ഇത് 2022ല്‍ ഇബേ (eBay) 1.5 ബില്ല്യന്‍ ഡോളര്‍ നില്‍കി ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍, 2017ല്‍ മസ്‌ക് എക്‌സ്.കോം എന്ന ഡൊമെയിൻ പേര് തിരിച്ചു വാങ്ങി. ആ പേരിനോട് തനിക്ക് വല്ലാത്തൊരു വൈകാരികമായ അടുപ്പമുണ്ടെന്നു പറഞ്ഞായിരുന്നു വാങ്ങിച്ചതും തിരിച്ച് ലോഞ്ച് ചെയ്തതും. എന്നാല്‍, ഇതുവഴി പുതിയതായി എന്തെങ്കിലും അവതരിപ്പിക്കാനുള്ള ഒരു പദ്ധതിയും ഇപ്പോഴില്ല എന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. എക്‌സ്.കോം ഇപ്പോള്‍ സന്ദര്‍ശിച്ചാല്‍ ഒന്നുമില്ലാത്ത ഒരു പേജ് മാത്രമാണ് ലഭിക്കുക. ഇടതു വശത്ത് മുകളിലായി തീരെ ചെറിയ ഫോണ്ടില്‍ 'എക്‌സ'് എന്നു മാത്രം എഴുതിയിട്ടുണ്ട്.

∙ സമൂഹ മാധ്യമത്തെക്കുറിച്ച് വ്യക്തമായ പ്ലാനുള്ള വ്യക്തി

താന്‍ നടത്തിവരുന്ന വൈവിധ്യമാര്‍ന്ന മറ്റു ബിസിനസുകളെ പോലെ തന്നെ സമൂഹ മാധ്യമം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചും വ്യക്തമായ ആശയങ്ങളുള്ള വ്യക്തിയാണ് മസ്‌ക്. നാള്‍ക്കുനാള്‍ തളരുന്ന ട്വിറ്റിറിനു പകരം പുതിയ ആശയങ്ങള്‍ ചാലിച്ചു ചേര്‍ത്ത് വേറിട്ടൊരു വെബാസൈറ്റ് തുടങ്ങാന്‍ മസ്‌ക് ആഗ്രഹിക്കുന്നുണ്ടെന്നു തെളിഞ്ഞാല്‍ അതില്‍ അദ്ഭുതപ്പെടനൊന്നുമില്ല. ട്വിറ്ററിലെ വ്യാജ (bot) അക്കൗണ്ടുകളെക്കുറിച്ച് നിശിതമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയാണ് മസ്‌ക് കരാറില്‍ നിന്നു പിന്നോട്ടുപോകാന്‍ തീരുമാനിച്ചത്. അതേസമയം, ട്വിറ്റര്‍ പോലെയൊരു സമൂഹമാധ്യമം കൂടുതല്‍ അഭിപ്രായ സ്വാതന്ത്ര്യം നല്‍കണമെന്നും അദ്ദേഹം പറയുന്നു.

∙ എക്‌സ്.കോം വരാതിരിക്കാന്‍ ഒരു കാരണം മാത്രം

മസ്‌കിനെതിരെ ട്വിറ്റര്‍ നല്‍കിയിരിക്കുന്ന കേസ് അമേരിക്കയിലെ ഡെലവെയര്‍ കോടതിയിലാണ്. ഈ കേസില്‍ അതിവേഗം തീര്‍പ്പു കല്‍പ്പിക്കണമെന്ന ട്വിറ്ററിന്റെ വാദം ചാന്‍സറി കോടതി ജഡ്ജിയായ കാതലീന്‍ സെന്റ്. ജെ മകോര്‍മിക് അംഗീകരിച്ചത് കേസില്‍ മസ്‌ക് പരാജയപ്പെട്ടേക്കുമെന്നതിന്റെ സൂചനയാണെന്നു വിദഗ്ധര്‍ പറയുന്നു. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കേണ്ടി വരുന്നില്ലെങ്കില്‍ എക്‌സ്.കോം എന്ന പുതിയ സമൂഹ മാധ്യമം വരിക തന്നെ ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

∙ 14 ദിവസം നീണ്ടു നില്‍ക്കുന്ന ബാറ്ററിയുമായി ഷഓമി വാച്ച് എസ്1 പ്രോ

ഷഓമി വാച്ച് എസ്1 പ്രോ 1.47-ഇഞ്ച് ഓലെഡ് സ്‌ക്രീനുമായി ചൈനയില്‍ പുറത്തിറക്കി. എപ്പോഴും ഓണായിരിക്കുന്ന ഡിസ്‌പ്ലേയാണ് വാച്ചിന്. സ്‌ക്രീനിന്റെ ഉപരിതലത്തില്‍ സാഫയര്‍ ഗ്ലാസ് പ്രതിരോധവുമുണ്ട്. ഹൃദയമിടിപ്പ് നിരീക്ഷണം, രക്തത്തിലെ ഓക്‌സിജന്റെ അളവ് നിരീക്ഷണം തുടങ്ങിയവ അടക്കം നിരവധി ഫിറ്റ്‌നസ് ഫീച്ചറുകളുമായാണ് വാച്ച് പുറത്തിറക്കിയിരിക്കുന്നത്. വാച്ചിന് 500 എംഎഎച് ബാറ്ററിയാണ് ഉള്ളത്. ഇതിന് 14 ദിവസം വരെ ഒരു ചാര്‍ജില്‍ പ്രവര്‍ത്തിക്കാനാകുമെന്ന് കമ്പനി പറയുന്നു. വില പുറത്തുവിട്ടിട്ടില്ല.

∙ പുതിയ സാംസങ് ഗ്യാലക്‌സി വാച്ചുകളുടെയും ബഡ്‌സിന്റെയും ഇന്ത്യയിലെ വില പുറത്തുവിട്ടു

ദക്ഷിണ കൊറിയന്‍ ടെക്‌നോളജി ഭീമന്‍ സാംസങ് കഴിഞ്ഞയാഴ്ച പുറത്തിറക്കിയ സാംസങ് ഗ്യാലക്‌സി വാച്ച് 5, വാച്ച് 5 പ്രോ, ബഡ്‌സ് എന്നിവയുടെ ഇന്ത്യയിലെ വില പുറത്തുവിട്ടു. ഗ്യാലക്‌സി വാച്ച് 5ന്റെ തുടക്ക വേരിയന്റിന് 27,999 രൂപയാണ് വില. ഇത് പ്രീ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് 3,000 രൂപ ഡിസ്‌കൗണ്ട് ഉണ്ട്. (പരിമിത കാലത്തേക്കായിരിക്കും പ്രീ ഓര്‍ഡര്‍ ഡസ്‌കൗണ്ട്.) 

ഗ്യാലക്‌സി വാച്ച 5 പ്രോയ്ക്ക് 44,999 രൂപ മുതലാണ് വില തുടങ്ങുന്നത്. ഇതിന് 5,000 രൂപയാണ് പ്രീ ഓര്‍ഡര്‍ ഡിസ്‌കൗണ്ട്. മുകളില്‍ പറഞ്ഞ ഏതെങ്കിലും വാച്ചിനൊപ്പം വാങ്ങിയാല്‍ ബഡ്‌സ് 2 2,999 രൂപയ്ക്ക് ലഭിക്കും. പഴയ ഉപകരണങ്ങള്‍ എക്‌സചേഞ്ചു ചെയ്യുക വഴി 5,000 രൂപ കിഴിവും നേടാം. ഗ്യാലക്‌സി ബഡ്‌സ് 2 പ്രോയുടെ എംആര്‍പി 17,999 രൂപയാണ്. ഇതിന് 3000 രൂപയുടെ ഡിസ്‌കൗണ്ടാണ് പ്രീ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് നല്‍കുന്നത്.

∙ സാംസങ് ഗ്യാലക്‌സി സെഡ് ഫോള്‍ഡിന്റെ പ്രീ-ബുക്കിങ് അടുത്തയാഴ്ച മുതല്‍

സാംസങ് പുതിയതായി പുറത്തിറക്കിയ മടക്കാവുന്ന ഫോണുകള്‍ അടുത്തയാഴ്ച മുതല്‍ ഇന്ത്യയില്‍ പ്രീ-ബുക് ചെയ്യാന്‍ സാധിക്കും.

∙ ഗാര്‍മിന്‍ ഫോര്‍റണര്‍ വാച്ച് മോഡലുകള്‍ക്ക് 9,000 രൂപ വരെ കിഴിവ്

ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട് വാച്ച് നിര്‍മാതാക്കളില്‍ ഒന്നായ ഗാര്‍മിന്‍ തങ്ങളുടെ ചില മോഡലുകള്‍ക്ക് 9,000 രൂപ വരെ കിഴിവു പ്രഖ്യാപിച്ചു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചാണ് കിഴിവ്. ഫോര്‍റണര്‍ 245, ഫോര്‍റണര്‍ 745, ഫോര്‍റണര്‍ 45 എന്നീ മോഡലുകള്‍ക്കാണ് 9000 രൂപ വരെ കിഴിവ്. ആമസോണ്‍, ഫ്‌ളിക്പാര്‍ട്ട് ടാറ്റാ ക്ലിക് തുടങ്ങിയ വെബ്‌സൈറ്റുകളില്‍ പുതിയ വില പ്രതിഫലിച്ചിട്ടുണ്ട്.

∙ വിവോ വി25 പ്രോ ഓഗസ്റ്റ് 17ന് അവതരിപ്പിക്കും

വി25 പ്രോ മോഡല്‍ സ്മാര്‍ട് ഫോണ്‍ വിവോ ഓഗസ്റ്റ് 17ന് പുറത്തിറക്കുമെന്ന് അറിയിച്ചു. ഫോണിനെക്കുറിച്ച് മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. മറ്റ് ഉപകരണങ്ങളെക്കുറിച്ച് അനൗദ്യോഗികമായി പുറത്തുവരുന്ന വിവരങ്ങള്‍ പോലെ വിവോ വി25നെക്കുറിച്ചും ചില കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. ഫോണിന് ചില സുപ്രധാന ഫീച്ചറുകള്‍ ഉണ്ടായിരിക്കുമെന്നാണ് വാദം. 

വി25ന് സൂപ്പര്‍ നൈറ്റ് ഷൂട്ടിങ് മോഡ് ഉണ്ടായിരിക്കുമെന്നു പറയുന്നു. രാത്രിയില്‍ ഫോട്ടോ എടുക്കുന്നതിനായി പല ഫോണുകളിലും നൈറ്റ് മോഡുകള്‍ ഉണ്ട്. ഇവയെക്കാള്‍ മികച്ചതായിരിക്കാം സൂപ്പര്‍ നൈറ്റ് മോഡ്. ഫോണിന്റെ പ്രധാന ക്യാമറയ്‌ക്കെങ്കിലും ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനും ഉണ്ട്. പ്രധാന ക്യമാറയ്ക്ക് 64 എംപി റെസലൂഷന്‍ ഉണ്ടായിരിക്കുമെന്നു കരുതുന്നു. മൂന്നു മൊഡ്യൂളുകള്‍ അടങ്ങുന്ന പിന്‍ ക്യാമറാ സിസ്റ്റമാണ് പ്രതീക്ഷിക്കുന്നത്. മറ്റൊരു സവിശേഷത വ്ലോഗ് ഷൂട്ടിങ് മോഡ് ആയിരിക്കും. മീഡിയടെക് ഡിമെന്‍സിറ്റി 1300 ആയിരിക്കാം പ്രോസസര്‍.

English Summary: Elon Musk teases his own new social media site X.com

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}