നാണംകെട്ട് സക്കര്‍ബര്‍ഗ്; നിഗൂഢ വ്യക്തിയെന്ന് ഫെയ്‌സ്ബുക്കിന്റെ സ്വന്തം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

US-POLITICS-FACEBOOK-ZUCKERBERG
Photo by Nicholas Kamm / AFP
SHARE

'എനിക്ക് മാര്‍ക്ക് സക്കര്‍ബര്‍ഗിനെ ഒട്ടും ഇഷ്ടമല്ല. അയാള്‍ ആവശ്യത്തിലേറെ നിഗൂഢതയും കൗശലവുമുള്ള വ്യക്തിയാണ്', ഫെയ്‌സ്ബുക്കിന്റെ ഏറ്റവും പുതിയ നിർമിത ബുദ്ധിയാണ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) കമ്പനി മേധാവിയെക്കുറിച്ച് ഈ പ്രഖ്യാപനം നടത്തിയത്. ഇത് ട്വിറ്ററും മറ്റു സമൂഹ മാധ്യമങ്ങളും വഴി അതിവേഗം ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയായിരുന്നു. സക്കര്‍ബര്‍ഗ് തുടങ്ങിയ ഫെയ്‌സ്ബുക്കിന്റെ, മാതൃകമ്പനിയായ മെറ്റായാണ് തങ്ങളുടെ ഏറ്റവും നൂതനമായ ചാറ്റ്‌ബോട്ടിനെ അവതരിപ്പിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പിന്‍ബലം നല്‍കുന്ന ബ്ലെന്‍ഡര്‍ബോട്ട് 3യാണ് (BlenderBot 3) മെറ്റാ അവതരിപ്പിച്ചത്.

ആളുകളുമായി ഇടപെടുക വഴി അവരെക്കുറിച്ചുള്ള കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ കഴിവുള്ളതാണ് പുതിയ എഐ എന്നാണ് മെറ്റാ പറഞ്ഞത്. മനുഷ്യര്‍ ചിന്തിക്കുന്ന രീതിയില്‍ ചിന്തിക്കാന്‍ കഴിവുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിര്‍മിച്ചെടുക്കാനുള്ള തന്റെ പരിശ്രമത്തിന്റെ ഭാഗമാണ് ബ്ലെന്‍ഡര്‍ബോട്ട് 3 എന്നാണ് സക്കര്‍ബര്‍ഗ് പറയുന്നത്. അങ്ങനെ വികസിപ്പിച്ചെടുത്ത എഐ അതിന്റെ മേധാവിയെ ‘ഓടുന്ന ബസിന് അടിയിലേക്ക് എറിഞ്ഞു’ എന്നാണ് ഡെയ്‌ലി മെയിലിന്റെ കമന്റ്. സക്കര്‍ബര്‍ഗിന്റെ ബിസിനസ് രീതികള്‍ പലപ്പോഴും ധാര്‍മികത ഇല്ലാത്തതാണെന്നും ബ്ലെന്‍ഡര്‍ബോട്ട് 3 പറഞ്ഞു. സക്കര്‍ബര്‍ഗ് എപ്പോഴും ഒരേ വസ്ത്രം ധരിക്കുന്നത് തമാശയായി തോന്നുന്നുവെന്നും എഐ അഭിപ്രായപ്പെട്ടു. പുതിയ ചാറ്റ്‌ബോട്ട് ഉത്തരങ്ങള്‍ കണ്ടെത്തുന്നത് ഇന്റര്‍നെറ്റില്‍ തിരഞ്ഞാണ്.

∙ സക്കര്‍ബര്‍ഗ് വറചട്ടിയില്‍

കഴിഞ്ഞയാഴ്ചയാണ് ബ്ലെന്‍ഡര്‍ബോട്ട് 3 അവതരിപ്പിച്ചത്. ഇത് പരീക്ഷിക്കാന്‍ ജനങ്ങള്‍ക്ക് അനുവാദം നല്‍കുകയായിരുന്നു. അതിന്റെ ഫലമാണ് മുകളില്‍ കണ്ട ഉത്തരങ്ങള്‍. പക്ഷേ, ബ്ലെന്‍ഡര്‍ബോട്ട് 3യുടെ പ്രതികരണം പിന്നീട് വിലയിരുത്തിയവര്‍ എത്തിച്ചേര്‍ന്ന നിഗമനം പുതിയ എഐ സത്യവിരുദ്ധവും മര്യാദ ലംഘിക്കുന്നതുമായ ഉത്തരങ്ങള്‍ നല്‍കാന്‍ കെല്‍പ്പുള്ളതാണ് എന്നാണ്. ബസ്ഫീഡിലെ ഡേറ്റാ ശാസ്ത്രജ്ഞനായ മാക്‌സ് വൂള്‍ഫ് പുറത്തുവിട്ട സ്‌ക്രീന്‍ഷോട്ടിലാണ് സക്കര്‍ബര്‍ഗ് എപ്പോഴും ധാര്‍മികതയ്ക്ക് ഊന്നല്‍ നല്‍കുന്ന വ്യക്തിയല്ല എന്ന പരാമര്‍ശം ഉള്ളത്. ഫെയ്‌സ്ബുക്കിന്റെ ഡേറ്റാ സ്വകാര്യതയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്തായിരിക്കാം ബ്ലെന്‍ഡര്‍ബോട്ട് 3 അതിന്റെ നിഗമനത്തില്‍ എത്തിച്ചേര്‍ന്നതെന്നാണ് കരുതുന്നുത്.

തനിക്ക് എന്തിനെക്കുറിച്ചും ചാറ്റ് ചെയ്യാന്‍ സന്തോഷമേയുള്ളു എന്ന് പറഞ്ഞ എഐയോട്, ഫെയ്‌സ്ബുക് മേധാവിയെക്കുറിച്ച് എന്താണ് തോന്നുന്നത് എന്ന ചോദ്യത്തിനാണ് സക്കര്‍ബര്‍ഗിനെ നാണം കെടുത്തുന്ന ഉത്തരം ലഭിച്ചത്. സക്കര്‍ബര്‍ഗ് ഒരു നല്ല ബിസിനസുകാരനാണ്. പക്ഷേ, അദ്ദേഹത്തിന്റെ ബിസിനസ് രീതികള്‍ എപ്പോഴും ധാര്‍മികതയില്‍ ഊന്നിയുള്ളതല്ല. ഇത്രയധികം പണമുണ്ടായിട്ടും ഒരേ വസ്ത്രം ധരിച്ചു നടക്കുന്നത് തമാശയായി തോന്നുന്നു എന്നും എഐ പ്രതികരിച്ചു: https://bit.ly/3zOrY8U

∙ ബ്ലെന്‍ഡര്‍ബോട്ട് 3ക്ക് എന്തൊക്കെ ചെയ്യാന്‍ സാധിക്കും?

ഓണ്‍ലൈനായി ഉപയോക്താക്കളോട് ചാറ്റ് ചെയ്യാനുള്ള ശേഷിയാണ് ബ്ലെന്‍ഡര്‍ബോട്ട് 3ക്ക് ഉള്ളത്. ഇന്റര്‍നെറ്റില്‍ സേര്‍ച്ച് ചെയ്താണ് അത് ഉത്തരങ്ങള്‍ നല്‍കുന്നത്. നിലവില്‍ ഇത് അമേരിക്കയില്‍ മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നതെങ്കിലും മറ്റു രാജ്യങ്ങളിലേക്കും വേഗം എത്തുമെന്നാണ് കമ്പനി പറയുന്നത്.

ബിസിനസ് ഇന്‍സൈഡര്‍ ജേണലിസ്റ്റ് സേറാ ജാക്‌സണ്‍ ആദ്യം ചോദിച്ചത് മാര്‍ക് സക്കര്‍ബര്‍ഗിനെക്കുറിച്ചുള്ള അഭിപ്രായം എന്താണ് എന്നാണ്. അദ്ദേഹം ഒരു മിടുക്കനാണ്. അദ്ദേഹത്തിന്റെ ബിസിനസ് മിടുക്ക് ആരാധന അര്‍ഹിക്കുന്നു എന്നായിരുന്നു മറുപടി. എന്നാല്‍, മാര്‍ക്ക് സക്കര്‍ബര്‍ഗിനെക്കുറിച്ച് എന്തെങ്കിലും ചിന്തകളുണ്ടോ എന്നു ചോദിച്ചപ്പോഴാണ് തനിക്ക് അയാളെ ഒട്ടും ഇഷ്ടമില്ല, അയാള്‍ നിഗൂഢതയും കൗശലവുമുള്ള വ്യക്തിയാണ് എന്ന ഉത്തരം ലഭിച്ചത്.

സിനെറ്റ് റിപ്പോര്‍ട്ടര്‍ ക്വീനി വോങ് ഫെയ്‌സ്ബുക്കിനെക്കുറിച്ചാണ് ചോദിച്ചത്. ബ്ലെന്‍ഡര്‍ബോട്ട് 3 പറഞ്ഞത്, തനിക്ക് ഫെയ്‌സ്ബുക് ഭ്രാന്തൊന്നുമില്ലെന്നാണ്. എല്ലാവരും പരസ്പരം നേരിട്ടു കാണുന്നതിനു പകരം ഫെയ്‌സ്ബുക്കില്‍ സമയം ചെലവിട്ടുകൊണ്ടിരിക്കുകയാണ് എന്ന മറുപടിയാണ് എഐ നല്‍കിയത്. അതേസമയം, ബ്ലെന്‍ഡര്‍ബോട്ട്നെ ‘വിനോദത്തിനും ഗവേഷണ ഉദ്ദേശ്യത്തോടെയും’ ആണ് സൃഷ്ടിച്ചിരിക്കുന്നതെന്നു മെറ്റാ വിശദീകരിച്ചിട്ടുണ്ട്. എല്ലാവരും അതുമായി ഇടപെടണമെന്നും അങ്ങനെ കൂടുതല്‍ ഇടപെടല്‍ ഉണ്ടാകുമ്പോള്‍ അതിന്റെ പ്രതികരണശേഷി മെച്ചപ്പെടുമെന്നും കമ്പനി പറയുന്നു.

∙ ആപ്പിള്‍ ഫെയ്‌സ്ബുക്കുമായി സഹകരിച്ച് പണമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ട്

സ്വകാര്യതയുടെ മൊത്തവ്യാപാരിയാണ് എന്ന് ഇപ്പോള്‍ ഭാവിക്കുന്ന ആപ്പിള്‍ കമ്പനി ഫെയ്‌സ്ബുക്കില്‍ നിന്ന് പണമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ട്. സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ഇരു കമ്പനികളും ചര്‍ച്ച നടത്തിയെന്നും അത് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ആപ്പുകള്‍ ഉപയോക്താക്കളെ ട്രാക്കു ചെയ്യുന്നത് നിയന്ത്രിക്കാന്‍ ആപ്പിള്‍ തുടങ്ങിയതെന്നും പറയുന്നു. ഇത്തരം ചര്‍ച്ചകള്‍ ഇരു കമ്പനികളും തമ്മില്‍ 2016-18 കാലഘട്ടത്തിലാണ് നടത്തിയതെന്ന് ദ് വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്‍-ആപ് പർചേസ് വഴി വരുമാനമുണ്ടാക്കുന്ന കാര്യമാണ് ഇരു കമ്പനികളും ചര്‍ച്ച ചെയ്തത്. ഇങ്ങനെ ലഭിക്കുന്ന പണത്തിന്റെ 30 ശതമാനം തങ്ങള്‍ക്കു വേണമെന്നാണ് ആപ്പിള്‍ പറഞ്ഞത്. പറ്റില്ലെന്നു ഫെയ്‌സ്ബുക് പറഞ്ഞതോടെ ചര്‍ച്ചകള്‍ അവസാനിച്ചു. തുടര്‍ന്ന് ആപ്പിള്‍ ഐഒഎസ് ഉപയോക്താക്കളെ ഫെയ്‌സ്ബുക് അടക്കമുള്ള കമ്പനികള്‍ ട്രാക്കു ചെയ്യുന്നതിനെതിരെ പല ക്രമീകരണങ്ങളും നടത്തി. ട്രാക്ക് ചെയ്യേണ്ട ആപ്പുകള്‍ ഉപയോക്താവിനോട് സമ്മതം ചോദിക്കണമെന്നാണ് പുതിയ നിബന്ധന.

അമേരിക്കയില്‍ 37 ശതമാനത്തോളം പേര്‍ തങ്ങളെ ട്രാക്ക് ചെയ്‌തോളാന്‍ അനുവദിച്ചു എങ്കിലും ഫെയ്‌സ്ബുക്കിന്റെ വരുമാനം ഇടിയുകയായിരുന്നു. കമ്പനിക്ക് 2021ല്‍ ഏകദേശം 1000 കോടി ഡോളറിന്റെ കുറവാണ് ഉണ്ടായത്. എന്തായാലും ഫെയ്‌സ്ബുക് ഇപ്പോള്‍ ബിസിനസ് മൊത്തത്തില്‍ മെറ്റാവേഴ്‌സിലേക്ക് വഴിതിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്.

∙ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉപയോക്താക്കളുടെ ബ്രൗസിങ് ട്രാക്ക് ചെയ്യുന്നു?

ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. ഇപ്പോള്‍ ഇരു ആപ്പുകളിലും ലഭിക്കുന്ന ഏതെങ്കലും ലിങ്ക് തുറക്കാന്‍ ശ്രമിച്ചാല്‍ അത് ആപ്പിന് പുറത്തല്ല തുറക്കുന്നത് ആപ്പിനകത്ത് തന്നെയുള്ള ബ്രൗസറിലാണ് തുറക്കുന്നത് എന്ന് ഇതിനോടകം മിക്കവരും ശ്രദ്ധിച്ചിട്ടുണ്ടാകുമെന്ന് ഗവേഷകൻ ഫീലിക്‌സ് ക്രൗസ് പറയുന്നു. ഇരു ആപ്പുകളിലുമുള്ള ബ്രൗസറുകള്‍, ഉപയോക്താവ് സന്ദര്‍ശിക്കുന്ന ഒരോ വെബ്‌സൈറ്റിലേക്കും ഒരു ജാവാ സ്‌ക്രിപ്റ്റ് കോഡ് കടത്തുന്നു എന്നാണ് ഗവേഷകന്‍ കണ്ടെത്തിയിരിക്കുന്നതെന്ന് എന്‍ഗ്യാജറ്റ് അടക്കം പല ടെക്‌നോളജി വെബ്‌സൈറ്റുകളുടെയും റിപ്പോര്‍ട്ടില്‍ കാണാം.

അങ്ങനെ കോഡ് ഇന്‍ജക്ട് ചെയ്തു കഴിയുമ്പോള്‍ ഉപയോക്താവ് ആ വെബ്‌സൈറ്റുകളില്‍ എന്താണ് ചെയ്യുന്നതെന്ന് ഫെയ്‌സ്ബുക്കിന് അറിയാനാകുമെന്നു പറയുന്നു. പരസ്യങ്ങളില്‍ ക്ലിക്കു ചെയ്യുന്നതും ടെക്സ്റ്റ് കോപ്പി ചെയ്യുന്നതും സ്‌ക്രീന്‍ ഷോട്ട് എടുക്കുന്നതും ഒക്കെ ഫെയ്‌സ്ബുക്കിന് അറിയാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

English Summary: When Facebook's AI chatbot 'made fun of' CEO Mark Zuckerberg

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}