ഇന്ത്യയുടെ ‘ടെക് മുഖം’ മാറുമെന്ന് മോദി, ആദ്യ ഉല്‍പന്നം 2500 രൂപയുള്ള ജിയോ 5ജി ഫോണോ?

jio-5g-phone-modi
Photo: PIB
SHARE

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം ടെക്‌നോളജി പ്രേമികള്‍ക്ക് ആവേശം പകരുന്നതാണ്. ഇന്ത്യന്‍ സമൂഹത്തിന്റെ താെഴത്തട്ടില്‍ പോലും ഡിജിറ്റല്‍ വിപ്ലവം വരാന്‍ പോകുന്നു എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പുതിയ ഇന്ത്യയില്‍ ഓരോ ഗ്രാമവും തമ്മില്‍ ബന്ധിതമായിരിക്കാനായി 5ജി സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനു പുറമെയാണ് രാജ്യം ടെക്‌നോളജി മേഖലയില്‍ കൈവരിക്കാന്‍ ഒരുങ്ങുന്ന മറ്റു നേട്ടങ്ങള്‍.

∙ ഇന്ത്യയുടെ ടെക്കേഡ് എത്തിയെന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രയോഗങ്ങളിലൊന്ന് ഇന്ത്യയുടെ ടെക്കേഡിനെക്കുറിച്ചാണ്. (ടെക്, ഡെക്കേഡ് (പതിറ്റാണ്ട്) എന്നീ വാക്കുകൾ ചേർത്തുണ്ടാക്കിയതാണ് ടെക്കേഡ്). ഇന്ത്യയുടെ ടെക്‌നോളജി പതിറ്റാണ്ടായ ടെക്കേഡ് സമാഗതമായിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തു തന്നെ 5ജി സെമികണ്ടക്ടർ നിര്‍മാണം തുടങ്ങി. ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ ഗ്രാമങ്ങളില്‍ പോലും എത്തി. ഇതോടെ സമൂഹത്തിന്റെ അടിത്തട്ടിലേക്കു പോലും ഡിജിറ്റല്‍ വിപ്ലവം എത്തും. ടെക്കേഡ് വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലും സാധാരണക്കാരന്റെ ജീവിതത്തിലും മാറ്റം കൊണ്ടുവരും. ഡിജിറ്റല്‍ സേവനങ്ങള്‍ വഴി ലഭ്യമാക്കാന്‍ പോകുന്ന മാറ്റങ്ങളും രാജ്യത്തെ ടെക്‌നോളജി മേഖലയെ മാറ്റിമറിക്കുമെന്നും അടുത്ത പതിറ്റാണ്ടിന്റെ, അല്ലെങ്കില്‍ ടെക്കേഡിന്റെ ജിഡിപി വളര്‍ച്ച ടെക്‌നോളജി കേന്ദ്രീകൃതമായിരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സ്മാര്‍ട് ഫോണ്‍ കമ്പനി ലാവയുടെ എംഡി ഹരി ഓം റായി, വിഹാന്‍ നെറ്റ്‌വര്‍ക്ക് ചെയര്‍മാന്‍ രാജീവ് മെഹ്‌റോത്ര, ഐഇസിഇഎ ചെയര്‍മാന്‍ പങ്കജ് മൊഹിന്‍ഡ്രൂ തുടങ്ങിയവരും എല്‍സിനാ (ELCINA), ജിഎക്‌സ് ഇന്ത്യ, ടെക് മഹീന്ദ്ര, കോംവിവ തുടങ്ങിയ കമ്പനികളും നാസ്‌കോമും പ്രധാനമന്ത്രിയുടെ വാക്കുകളെ സ്വാഗതം ചെയ്തിട്ടുണ്ട്.

∙ ടെക്കേഡ് പ്രഖ്യാപനത്തിനു ശേഷം വരുന്ന ജിയോ 5ജി ഫോണിന് വില 2500 രൂപ?

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ ഇന്ത്യ സുപ്രധാനമായ 5ജി കാലഘട്ടത്തിലേക്കു കടക്കുകയാണ്. രാജ്യത്തെ പ്രധാന ടെലികോം സേവനദാതാക്കള്‍ ഓഗസ്റ്റില്‍ത്തന്നെ ചില നഗരങ്ങളിലെങ്കിലും 5ജി പ്രക്ഷേപണം തുടങ്ങും. ഈ അതിവേഗ ഡേറ്റാ പ്രക്ഷേപണം സ്വീകരിക്കാന്‍ ശേഷിയുള്ളതായിരിക്കും റിലയന്‍സ് ജിയോ സമ്പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മിച്ച ഫോണ്‍ എന്നു പറയുന്നു. ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഫോണിനൊപ്പം ഡേറ്റാ പാക്കേജും ജിയോ പ്രഖ്യാപിക്കും. രണ്ടും ഒരുമിച്ചു വാങ്ങുകയാണെങ്കില്‍ ഫോണിന്റെ വില ഏകദേശം 2500 രൂപ മാത്രമായിരിക്കാമെന്ന് പറയുന്നു.

അതേസമയം, ഇതു പോലെ പ്രതീക്ഷ ഉയര്‍ത്തിയ ഉപകരണങ്ങളിലൊന്നായിരുന്നു ജിയോഫോണ്‍ നെക്‌സ്റ്റ്. അത് വില താഴ്ത്തി വില്‍ക്കാനുളള ശ്രമം വിജയിച്ചില്ലെന്നുള്ളതും ഓര്‍മിക്കണം. കൂടാതെ, 2500 രൂപയ്ക്ക് ഫോണ്‍ വാങ്ങാന്‍ സാധിച്ചാലും അത് ഉപയോഗിക്കുന്നതിന് നിരവധി നിബന്ധനകളും ഉണ്ടായേക്കുമെന്നും കരുതുന്നു. ( ഉദാഹരണത്തിന് ജിയോയുടെ സിം അല്ലാതെ മറ്റു സിമ്മുകള്‍ ഉപയോഗിക്കാനായേക്കില്ല. അല്ലെങ്കില്‍ മാറ്റാനാകാത്ത ഇസിം (eSIM) ആയിരിക്കാം.)

∙ ജിയോ ഫോണിന് വില 12,000 രൂപയോ?

അതേസമയം, ജിയോയുടെ 5ജി ഫോണിന്റെ വില 12,000 രൂപ വരെ വന്നേക്കാമെന്നും ശ്രുതിയുണ്ട്. രാജ്യത്ത് 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ നിരോധിക്കാന്‍ ഒരുങ്ങുകയാണ് സർക്കാർ എന്ന വാർത്തയുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു അഭ്യൂഹം.
നിലവില്‍ 12,000 രൂപയില്‍ താഴെ വില വരുന്ന 5ജി ഫോണുകള്‍ രാജ്യത്തു വില്‍ക്കപ്പെടുന്നില്ലെന്ന് ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജിയോയെ കൂടാതെ, ലാവ, മൈക്രോമാക്‌സ്, കാര്‍ബണ്‍ തുടങ്ങിയ ഇന്ത്യന്‍ കമ്പനികളും 12,000 രൂപയില്‍ താഴെയുള്ള 5ജി ഫോണുകള്‍ വിപണിയിലെത്തിച്ചേക്കുമെന്നും കരുതുന്നു.

സാംസങ് അടുത്തിടെ ഇറക്കിയ എം13 5ജിയാണ് ഇപ്പോള്‍ ഇന്ത്യയില്‍ ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ 5ജി ഫോണ്‍ എന്ന് ഗ്യാജറ്റ്‌സ് നൗ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ വില 13,999 രൂപയാണ്. അതേസമയം, പോകോ എം4 5ജിക്ക് ഇതെഴുതുന്ന സമയത്ത് ഫ്‌ളിപ്കാര്‍ട്ടില്‍ 12,999 രൂപയാണ് വില. ഇന്ത്യയില്‍ ഇപ്പോള്‍ ലഭിക്കുന്ന വില കുറഞ്ഞ 5ജി ഹാന്‍ഡ്‌സെറ്റുകളില്‍ ഒന്ന് ഇതാണ്. പക്ഷേ, ചൈനീസ് കമ്പനിയായ ഷഓമിയുടെ സബ് ബ്രാന്‍ഡാണ് പൊകോ.

∙ റിലയന്‍സ് ജിയോ 5ജി ഫോണിന് പ്രതീക്ഷിക്കുന്ന ഹാര്‍ഡ്‌വെയര്‍

ജിയോയുടെ ആദ്യ 5ജി ഫോണിന് 6.5-ഇഞ്ച് വലുപ്പമുള്ള എച്ഡിപ്ലസ് ഡിസ്‌പ്ലേയാണ് പ്രതീക്ഷിക്കുന്നത്. ഒന്നര വര്‍ഷം മുൻപ് ഇറക്കിയ സ്‌നാപ്ഡ്രാഗണ്‍ 480 5ജി ആയിരിക്കാം പ്രോസസര്‍. കൂടാതെ, 4 ജിബി വരെ റാമും 64 ജിബി വരെ സ്റ്റോറേജ് ശേഷിയുമുള്ള വേരിയന്റുകളും ഇറക്കിയേക്കും. പിന്നില്‍ ഇരട്ട ക്യാമറാ സെറ്റ്-അപ് പ്രതീക്ഷിക്കുന്നു. 12 എംപി പ്രധാന ക്യാമറയും 2 എംപി മാക്രോ സെന്‍സറും ആയിരിക്കാം. സെല്‍ഫിക്കായി 8 എംപി ക്യാമറയും പ്രതീക്ഷിക്കുന്നു.

∙ പ്രഗതി ഒഎസ്

ജിയോ ഫോണ്‍ 5ജി പ്രവര്‍ത്തിക്കുന്നത് പ്രഗതി ഒഎസിലായിരിക്കാമെന്നു പറയുന്നു. ജിയോഫോണ്‍ നെക്‌സ്റ്റിന്റെ പ്രവര്‍ത്തന നിയന്ത്രണം പ്രഗതി ഒഎസ് ആണ് നിര്‍വഹിക്കുന്നത്. ആന്‍ഡ്രോയിഡ് ഒഎസ് കരുത്തു കുറഞ്ഞ ഹാര്‍ഡ്‌വെയറില്‍ പ്രവര്‍ത്തിപ്പിക്കാനായി രൂപപ്പെടുത്തിയതാണ് പ്രഗതി ഒഎസ്. ആന്‍ഡ്രോയിഡിന്റെ ഉടമയായ ഗൂഗിളിന്റെ എൻജീനിയര്‍മാരും റിലയന്‍സിന്റെ എൻജിനീയര്‍മാരും സംയുക്തമായാണ് ഇതു വികസിപ്പിച്ചത്. ദീപാവലിക്കായിരിക്കാം ഫോണ്‍ പുറത്തിറക്കുക.

∙ ഇത്തരം ഒരു ഫോണിന് ചൈനീസ് കമ്പനികളോട് ഏറ്റുമുട്ടാനായേക്കില്ല

ഫുള്‍എച്ഡി പ്ലസ് സ്‌ക്രീനടക്കം മികച്ച ഫീച്ചറുകളുമായാണ് ഇപ്പോള്‍ ചൈനീസ് 5ജി ഫോണുകള്‍ വിപണിയിലെത്തുന്നത്. സ്‌പെസിഫിക്കേഷന്‍ കുറഞ്ഞ ഫോണുകള്‍ ഇറക്കാന്‍ ചൈനീസ് കമ്പനികള്‍ തീരുമാനിച്ചാല്‍ നിലവില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് പിടിച്ചു നില്‍ക്കാനായേക്കില്ല. ഇന്ത്യ 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ നിരോധിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയെക്കുറിച്ച് വന്ന സർക്കാരിന്റെ പ്രതികരണവും ശ്രദ്ധേയമാണ്. ‘ഇപ്പോള്‍’ അത്തരം നിരോധനം ഉദ്ദേശിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. അതേസമയം, അത്തരം ഒരു നിരോധനം ഇന്ത്യയിൽ ഫോണ്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കുകയും ചെയ്‌തേക്കാം.

English Summary: Independence Day 2022: PM Modi says India's 'techade' is here

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}