ഇന്ത്യയിൽ വിഎല്‍സി പ്ലെയർ നിരോധിച്ചത് എന്തിന്?

vlc
Photo: VLC
SHARE

വിഡിയോ കാണുന്നതിനടക്കം ഉപകരിക്കുന്ന പ്രശസ്ത ഓപ്പണ്‍ സോഴ്‌സ് മീഡിയ പ്ലെയറായ 'വിഎല്‍സി' ഇന്ത്യ നിരോധിച്ചെന്ന് കമ്പനി നേരിട്ട് സമ്മതിച്ചിരിക്കുകയാണ്. ഫ്രഞ്ച് കമ്പനിയായ വിഡിയോലാന്‍ ആണ് 2001 മുതല്‍ ലഭ്യമായ വിഎല്‍സിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. എന്താണ് വിഎല്‍സി ഇന്ത്യയില്‍ ലഭ്യമല്ലാത്തത് എന്ന ഉപയോക്താക്കളുടെ ചോദ്യത്തിനു മറുപടിയായി ആണ് തങ്ങളുടെ ആപ് ഇന്ത്യയിലെ സർക്കാർ നിരോധിച്ചെന്ന് കമ്പനി അറിയിച്ചത്. എന്നാല്‍, എന്തിനാണ് നിരോധിച്ചതെന്ന യൂസര്‍മാരുടെ ചോദ്യത്തിന് കമ്പനി കൈമലര്‍ത്തുകയായിരുന്നു. എന്നാല്‍, ചില ഇന്റര്‍നെറ്റ് പ്രൊവൈഡര്‍മാരുടെ കണക്ഷന്‍ വഴി വിഎല്‍സി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇതെഴുതുന്ന സമയത്തും ലഭ്യവുമാണ്. 

∙ എന്തിനാണ് നിരോധനം?

ഇന്ത്യയുടെ ഐടി മന്ത്രാലയത്തെ ടാഗ് ചെയ്ത് നടത്തിയ ട്വീറ്റിലാണ് എന്തിനാണ് നിരോധനം എന്ന കാര്യം തങ്ങള്‍ക്ക് അറിയില്ലെന്ന് കമ്പനി പറഞ്ഞത്. 'അതാണ് ഏറ്റവും വലിയ ചോദ്യം. വിഡിയോലാന്‍ സമ്പൂര്‍ണമായി അരാഷ്ട്രീയ സ്ഥാപനമാണ്. (ഡിആര്‍എം കണ്ടെന്റ്, ഫ്രീ സോഫ്റ്റ്‌വെയറിനെക്കുറിച്ചുള്ള നിലപാടുകള്‍ തുടങ്ങിയ കാര്യങ്ങളിലൊഴികെ.) കമ്പനിക്ക് കീഴിൽ ഒരു കണ്ടെന്റും നല്‍കുകയോ, വിതരണംചെയ്യുകയോ, സെന്‍സര്‍ ചെയ്യുകയോ ഇല്ല. ഒരു തരത്തിലുമുള്ള യൂസര്‍ ഡേറ്റയും ശേഖരിച്ചിട്ടും ഇല്ല. പിന്നെ എന്തിനാണ് വിഎല്‍സി നിരോധിച്ചിരിക്കുന്നത് എന്നാണ് കമ്പനി ഐടി മന്ത്രാലയത്തോട് അടക്കം ട്വീറ്റില്‍ ചോദിച്ചിരിക്കുന്നത്. https://bit.ly/3JT5ckX

∙ വിവരാവകാശ രേഖകള്‍ പറയുന്നതെന്ത്?

വിഎല്‍സി എന്തിന് നിരോധിച്ചു എന്നറിയാനായി വിവരാവകാശ നിയമം പ്രകാരം രേഖകള്‍ ആവശ്യപ്പെട്ടത് ഡിജിറ്റല്‍ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ എസ്എഫ്എല്‍സി.ഇന്‍ എന്ന എന്‍ജിഒ ആയിരുന്നു. 2022 ജൂണില്‍ ആയിരുന്നു അവര്‍ അപേക്ഷ നല്‍കിയത്. എന്നാല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം നല്‍കിയ മറുപടിയില്‍ പറയുന്നത് എന്തിനാണ് വിഡിയോലാന്‍.ഓര്‍ഗ് വെബ്‌സൈറ്റ് ബ്ലോക്കു ചെയ്തിരിക്കുന്നത് എന്ന് അറിയില്ലെന്നാണ്. വിഡിയോലാന്‍.ഓര്‍ഗ് വെബ്‌സൈറ്റ് വഴിയാണ് കംപ്യൂട്ടറുകളിലേക്ക് വിഎല്‍സി പ്ലെയര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത്. തങ്ങള്‍ക്കു കേന്ദ്രത്തില്‍ നിന്നു ലഭിച്ച മറുപടി അടക്കം എസ്എഫ്എല്‍സി.ഇന്‍ ട്വീറ്റു ചെയ്തിരുന്നു: https://bit.ly/3C3peas 

∙ ആദ്യം റിപ്പോര്‍ട്ടു ചെയ്തത് മീഡിയനാമ

വിഎല്‍സി രാജ്യത്ത് നിരോധിച്ചു എന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടത് മീഡിയനാമ (MediaNama) എന്ന വെബ്‌സൈറ്റാണ്. വിഡിയോലാന്‍.ഓര്‍ഗ് വെബ്‌സൈറ്റിലേക്ക് വിന്‍ഡോസ് കംപ്യൂട്ടറില്‍ നിന്ന് പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്ന് മീഡിയാനാമ ചൂണ്ടിക്കാട്ടി. 2022 ഫെബ്രുവരി മുതല്‍ വെബ്‌സൈറ്റില്‍ പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ലെന്ന് മറ്റു ചില റിപ്പോര്‍ട്ടുകളും പറയുന്നു. ഫെബ്രുവരിയില്‍ 54 ചൈനീസ് ആപ്പുകളെ നിരോധിച്ച കൂട്ടത്തില്‍ വിഎല്‍സിയും നിരോധിക്കപ്പെട്ടിട്ടുണ്ടാകാം എന്നാണ് അനുമാനം.

∙ വിഎല്‍സി ഹാക്കു ചെയ്യപ്പെട്ടോ?

അതേസമയം, സർക്കാർ ഇതുവരെ വിഎല്‍സി എന്തിനാണ് നിരോധിച്ചതെന്ന കാര്യം ഔദ്യോഗികമായി പറഞ്ഞിട്ടില്ല. വിഎല്‍സി ഒരു ചൈനീസ് ആപ്പല്ല. എന്നാല്‍, വിഎല്‍സിയില്‍ ചൈനീസ് ഹാക്കര്‍ ഗ്രൂപ്പായ സികാഡ കടന്നുകൂടി എന്ന സംശയം മൂലമായിരിക്കാം സർക്കാർ നിരോധിച്ചതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. സൈബര്‍ ആക്രമണത്തിനുതകുന്ന തരം കോഡുകള്‍ വിഎല്‍സിയില്‍ സികാഡ ഇന്‍സ്‌റ്റാള്‍ ചെയ്തതായി കണ്ടെത്തിയതായിരിക്കാം നിരോധനത്തിനു പിന്നില്‍ എന്നാണ് പൊതുവ അനുമാനിക്കപ്പെടുന്നത്.

∙ സികാഡ ചില്ലറക്കാരല്ല

ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ സർക്കാർ സ്ഥാപനങ്ങള്‍ക്കു നേരെയും മത, വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കു നേരെയും ഉണ്ടായിരിക്കാം. ടെലികോം കമ്പനികള്‍, നിയമ സംവിധാനങ്ങള്‍, മരുന്നു വിതരണ കമ്പനികള്‍ തുടങ്ങിയവയ്ക്കു നേരെയും ആക്രമണം നടന്നിരിക്കാമെന്ന് ബ്രോഡ്‌കോം സോഫ്റ്റ്‌വെയറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സികാഡയുടെ ആക്രമണത്തിന് ഇരയായവ കമ്പനികള്‍ അമേരിക്ക, കാനഡ, ഹോങ്കോങ്, തുര്‍ക്കി, ഇസ്രയേല്‍, ഇന്ത്യ, മൊണ്ടനെഗ്രോ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

∙ എന്നിട്ടും കണ്‍ഫ്യൂഷന്‍

ട്വിറ്റര്‍ യൂസര്‍ ആയ ഗഗന്‍ദീപ് സപ്ര നടത്തിയ ട്വീറ്റില്‍ സർക്കാർ വിഎല്‍സിയുടെ വെബ്‌സൈറ്റായ വിഡിയോലാന്‍.ഓര്‍ഗിലേക്കുള്ള ലിങ്ക് നിരോധിച്ചിരിക്കുന്നു എന്നുള്ള സന്ദേശം ലഭിക്കുന്നതായി പറയുന്നു. എന്തുകൊണ്ടാണ് അതെന്ന് ആര്‍ക്കെങ്കിലും അറിയാമോ എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം: https://bit.ly/3dsUkho

ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഐടി ആക്ട് 2000 പ്രകാരം ഈ വെബ്‌സൈറ്റ് ബ്ലോക് ചെയ്തിരിക്കുന്നു എന്ന് എഴുതി കാണിക്കുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, തുടര്‍ന്ന് നടത്തിയ ട്വീറ്റുകളില്‍, പല ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ കണക്ഷനിലും പലരീതിയിലാണ് ഇതെന്നും ഗഗന്‍ദീപ് ചൂണ്ടിക്കാണിക്കുന്നു. ചില സേവനദാതാക്കളുടെ കണക്ഷന്‍ വഴി വിഎല്‍സിയുടെ വെബ്‌സൈറ്റില്‍ ഇപ്പോഴും എത്താമെന്നും, അതേസമയം ടാറ്റാ സ്‌പെക്ട്രാനെറ്റ് തുടങ്ങിയവരില്‍ നിന്നാണ് ഇന്റര്‍നെറ്റ് സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നതെങ്കില്‍ 'നിരോധിച്ചിരിക്കുന്നു' എന്ന സന്ദേശമാണ് കാണാന്‍ സാധിക്കുന്നതെന്നും ഗഗന്‍ദീപ് പറയുന്നു. സികാഡയുടെ ഭീഷണി നീക്കംചെയ്യാന്‍ വിഎല്‍സിക്ക് സാധിച്ചിട്ടുണ്ടെങ്കില്‍ അതിനെ നിരോധിക്കേണ്ട കാര്യമില്ലെന്നു പറയുന്നവരും ഉണ്ട്. എന്നാല്‍, ഇക്കാര്യങ്ങളിലൊന്നും ഇപ്പോഴും വ്യക്തതതയില്ല.

∙ ഡൗണ്‍ലോഡ് ചെയ്യാം

പക്ഷേ, ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറിലും ഐഒഎസ് ആപ് സ്റ്റോറിലും ജിയോ വഴി ഒരു പ്രശ്‌നവുമില്ലാതെ വിഎല്‍സി പ്ലെയര്‍ ഇപ്പോഴും ഡൗണ്‍ലോഡ് ചെയ്യാനാകും. അതുപോലെ തന്നെ കംപ്യൂട്ടറുകളില്‍ ഇപ്പോള്‍ വിഎല്‍സി ഇന്‍സ്‌റ്റാള്‍ ചെയ്തിരിക്കുന്നവര്‍ക്ക് അത് പ്രവര്‍ത്തിപ്പിക്കുന്നതില്‍ പ്രശ്‌നമുണ്ടാകേണ്ട കാര്യമില്ലെന്നും പറയുന്നു.

English Summary: Why govt banned our app, asks VLC

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA