ഐഫോണിലേക്ക് കൂടുതല്‍ പരസ്യങ്ങള്‍? ഇത് ആപ്പിളിന്റെ അത്യാര്‍ത്തിയോ?

apple-boss-tim-cook
Photo: Apple Inc/REX/Shutterstock
SHARE

ലക്ഷക്കണക്കിനു രൂപ മുടക്കി ഐഫോണ്‍ അടക്കമുള്ള ആപ്പിള്‍ ഉപകരണങ്ങള്‍ വാങ്ങിയാല്‍ മാത്രം പോര, ഇനി ആപ്പിള്‍ കാണിക്കാന്‍ പോകുന്ന പരസ്യങ്ങളും ഉപഭോക്താക്കൾക്കു കാണേണ്ടിവന്നേക്കാമെന്ന് റിപ്പോര്‍ട്ട്. ആപ് സ്റ്റോര്‍, സ്‌റ്റോക്‌സ്, ന്യൂസ് ആപ്പുകള്‍, ടിവി പ്ലസ് എന്നിവയില്‍ ഇപ്പോള്‍ത്തന്നെ ആപ്പിള്‍ പരസ്യങ്ങള്‍ കാണിക്കുന്നു. ഇനി മാപ്‌സ്, ബുക്‌സ്, പോഡ്കാസ്റ്റ്‌സ് തുടങ്ങിയ ആപ്പുകളിലും പരസ്യം കാണിക്കാന്‍ ഒരുങ്ങുകയാണ് കമ്പനിയെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടര്‍ മാര്‍ക് ഗുര്‍മന്‍ പറയുന്നു.

നിലവില്‍ പരസ്യത്തില്‍നിന്ന് പ്രതിവര്‍ഷം 400 കോടി ഡോളറാണ് ആപ്പിള്‍ ഉണ്ടാക്കുന്നത്. ഇത് ഇരട്ടിയിലേറെ വര്‍ധിപ്പിക്കാനാണ് കമ്പനി ആഗ്രഹിക്കുന്നതെന്ന് ഗുര്‍മന്‍ പറയുന്നു. ഇതിന്റെ ഭാഗമായാണ്, ഈ വര്‍ഷം ജനുവരിയില്‍ 3 ട്രില്യന്‍ ഡോളർ ആസ്തിയുള്ള ലോകത്തെ ആദ്യ കമ്പനിയായി മാറിയ ആപ്പിള്‍ കൂടുതല്‍ ആപ്പുകളില്‍ പരസ്യം കാണിക്കുക. ആപ്പിളിന്റെ പരസ്യ വിഭാഗം വൈസ് പ്രസിഡന്റ് ടോഡ് ടെര്‍സെയില്‍ നിന്നാണ് ഇക്കാര്യം മനസ്സിലായതെന്നാണ് റിപ്പോര്‍ട്ട്. ആപ് സ്റ്റോറില്‍ ഇപ്പോള്‍ ആപ്പുകള്‍ സേര്‍ച് ചെയ്താല്‍ പരസ്യങ്ങള്‍ കാണാമെന്നും അത്തരം പരസ്യങ്ങളായിരിക്കും മറ്റ് ആപ്പുകളിലും എത്തുകയെന്നും റിപ്പോർട്ടിൽ പറയുന്നു.

∙ ടുഡേ ടാബിലേക്കും പരസ്യം

ഐഫോണ്‍ പോലെയുള്ള ആപ്പിളിന്റെ കംപ്യൂട്ടിങ് ഉപകരണങ്ങളിലെ 'ടുഡേ ടാബി'ലും താമസിയാതെ പരസ്യം കാണേണ്ടിവരുമെന്നാണ് ഗുര്‍മനും മറ്റു ചിലരും വാദിക്കുന്നത്. ആപ്പിളിന്റെ ഓരോ ആപ്പിലേക്കും പരസ്യം എത്താനുള്ള സാധ്യതയും ഉണ്ട്. അത് ഉപയോക്താക്കള്‍ക്കുള്ള റെക്കമെന്‍ഡേഷന്‍ ആയോ പരസ്യമായോ വന്നേക്കും. ‘യൂ മൈറ്റ് ഓള്‍സോ ലൈക്’ സെക്‌ഷനിലും ആപ്പിള്‍ ടിവി ആപ്പിലും പരസ്യം വരുമെന്നാണ് വാദം. നിലവില്‍ ഫ്രൈഡേ നൈറ്റ് ബെയ്‌സ്‌ബോള്‍ ലൈവ് സ്ട്രീമിങ്ങിനിടയില്‍ മാത്രമാണ് പരസ്യം ഉള്ളത്. ഐപാഡിലും ഐഫോണിലും മാക്കിലുമുള്ള ന്യൂസ്, സ്റ്റോക്‌സ് ആപ്പുകളിലും പരസ്യം വരുമെന്നാണ് പ്രവചനം.

∙ നിങ്ങള്‍ ചെയ്യുന്നതെല്ലാം ആപ്പിള്‍ അറിയുന്നു

പരസ്യ വരുമാനം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകളുടേതിനു സമാനമായിരിക്കാം ആപ്പിള്‍ ഉപകരണങ്ങളുടെ അവസ്ഥ. ഫ്രീ വെബ്‌സൈറ്റുകളില്‍ പരസ്യം കാണിക്കുന്നത് മനസ്സിലാക്കാം, എന്നാല്‍ ആപ്പിള്‍ ന്യൂസ് പോലെ മാസവരി നല്‍കി ഉപയോഗിക്കുന്ന ആപ്പിലേക്കും പരസ്യം എത്തുന്നതിന്റെ ലോജിക് മനസ്സിലാകുന്നില്ലെന്നും ഗുര്‍മന്‍ പറയുന്നു. ഉപയോക്താവ് മറ്റ് ആപ്പുകളില്‍ ചെയ്യുന്ന കാര്യങ്ങള്‍ പോലും മനസ്സിലാക്കിയായിരിക്കും ആപ്പിള്‍ പരസ്യങ്ങള്‍ കാണിക്കുക.

ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് വ്യക്തിപരമായ പരസ്യങ്ങള്‍ വേണ്ടെന്നു പറയാനുള്ള അവകാശം ആപ്പിള്‍ നല്‍കുന്നതായി കമ്പനി ഭാവിക്കുന്നു. എന്നാല്‍, ആപ്പിളിന്റെ അതിശക്തമായ സിസ്റ്റങ്ങള്‍ നിങ്ങള്‍ ഏത് സേവനദാതാവിന്റെ സബ്‌സ്‌ക്രൈബര്‍ ആണ്, ഏത് ഉപകരണമാണ് ഉപയോഗിക്കുന്നത്, എന്തു കണ്ടന്റാണ് വായിക്കുന്നത് എന്നൊക്കെ തിരിച്ചറിയുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

∙ ഇതെല്ലാം തുടങ്ങിയിട്ട് അരപ്പതിറ്റാണ്ട്?

കുറച്ചു വര്‍ഷം മുൻപ് വരെ ആപ്പിള്‍ ഹാര്‍ഡ്‌വെയര്‍ വിറ്റു കാശുണ്ടാക്കുന്നു എന്നും ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയ ഇന്റര്‍നെറ്റ് ഭീമന്മാര്‍ ഡിജിറ്റല്‍ പരസ്യങ്ങള്‍ വിറ്റു പണമുണ്ടാക്കുന്നു എന്നുമായിരുന്നു പൊതുവെയുള്ള വിശ്വാസം. ഒരു ഐഫോണോ ഐപാഡോ മാക്കോ വാങ്ങിയാല്‍ പരസ്യങ്ങളുടെ ശല്യമുണ്ടാവില്ലെന്നും ആപ്പിള്‍ ഉപകരണങ്ങളില്‍ നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ സ്വകാര്യമായിരിക്കും എന്നുമുള്ള ധാരണയുമുണ്ടായിരുന്നു. എന്നാല്‍, ആപ്പിള്‍ ഉപകരണങ്ങളില്‍ സൂക്ഷിക്കുന്ന ചിത്രങ്ങളും മറ്റും അടക്കം തിരിച്ചറിയാനുള്ള അതിവിപുലമായ സന്നാഹമാണ് ഐഒഎസ് 10 മുതല്‍ ആപ്പിള്‍ ഒരുക്കിയത്.

∙ ഏതു തരം അടിവസ്ത്രമാണെന്നു പോലും തിരിച്ചറിയാം

ഗാലറികളില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങളിലെ മുഖഭാവം പോലും തിരിച്ചറിയാന്‍ കമ്പനിക്കു സാധിക്കും. ഐഒഎസിനെക്കുറിച്ച് 2017ല്‍ എല്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന ഉപയോക്താവ് നടത്തിയ ട്വീറ്റ് വൈറല്‍ ആയിരുന്നു. ചിത്രങ്ങളിലെ സ്ത്രീകളുടെ ബ്രേസിയർ ഏതു ടൈപ് ആണെന്നുപോലും അറിയാനുള്ള ശേഷി ഐഒഎസ് അക്കാലത്തു തന്നെ ആര്‍ജ്ജിച്ചിരുന്നു എന്ന് അതില്‍ നിന്നു മനസ്സിലാക്കാം: https://bit.ly/3PuV5nF

ഹാര്‍ഡ്‌വെയര്‍ നിര്‍മാണ കമ്പനി എന്ന നിലയില്‍നിന്ന് സോഫ്റ്റ്‌വെയര്‍ വഴിയും വരുമാനം ആര്‍ജ്ജിക്കാനുള്ള ആപ്പിളിന്റെ ശ്രമത്തെ അത്യാര്‍ത്തിയായി ഉപയോക്താക്കള്‍ കാണുമോ എന്ന് വരും വര്‍ഷങ്ങളില്‍ അറിയാം.

∙ 1,900 സിഗ്നല്‍ ഉപയോക്താക്കളുടെ ഡേറ്റ ചോര്‍ന്നു

തങ്ങളുടെ സേവനം ഉപയോഗിക്കുന്ന ഏകദേശം 1,900 പേരുടെ ഫോണ്‍ നമ്പറുകള്‍ ചോര്‍ന്നിരിക്കാമെന്ന് വാട്‌സാപിന്റെ എതിരാളിയായ സിഗ്നല്‍ വെളിപ്പെടുത്തി. കമ്പനി ഉപയോഗിക്കുന്ന വേരിഫിക്കേഷന്‍ സേവനമായ ട്വിലിയോയ്ക്കു (Twilio) നേരെ നടന്ന ഫിഷിങ് ആക്രമണത്തിലാണ് ഈ നമ്പറുകള്‍ പുറത്തായതെന്ന് കമ്പനി പറയുന്നു. എന്നാല്‍ ഇവര്‍ പങ്കുവച്ച മെസേജുകളോ പ്രൊഫൈല്‍ വിവരങ്ങളോ കോണ്ടാക്ട്‌സോ പുറത്തായിട്ടില്ലെന്നും ഹാക്കർ ഈ നമ്പറുകള്‍ ദുരുപയോഗം ചെയ്‌തേക്കാമെന്നും കമ്പനി മുന്നറിയിപ്പു നല്‍കുന്നു. വാട്‌സാപിനെക്കാള്‍ ഏറെ സുരക്ഷിതമെന്നു കരുതപ്പെടുന്ന സിഗ്നല്‍ ആപ് ഫോഡ് മോട്ടോഴ്‌സ്, മെര്‍കാഡോ ലിബ്രെ, എച്എസ്ബിസി തുടങ്ങിയ ബിസിനസ് സ്ഥാപനങ്ങളും ഉപയോഗിക്കുന്ന സേവനമാണ്.

∙ ആന്‍ഡ്രോയിഡ് 13 എത്തിത്തുടങ്ങി

ഗൂഗിള്‍ പിക്‌സല്‍ ഉപകരണങ്ങളിലേക്കും മറ്റ് ആന്‍ഡ്രോയിഡ് നിര്‍മാതാക്കളുടെ തിരഞ്ഞെടുത്ത ഫോണുകളിലേക്കും ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ എത്തിത്തുടങ്ങി. പിക്‌സല്‍ 4 മുതലുള്ള ഗൂഗിള്‍ ഉപകരണങ്ങള്‍ ആന്‍ഡ്രോയിഡ് 13 സ്വീകരിക്കാന്‍ സജ്ജമാണ്. ഈ പിക്‌സല്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ സെറ്റിങ്‌സ് ആപ് തുറന്ന് സിസ്റ്റം അപ്‌ഡേറ്റ് പരിശോധിച്ചാല്‍ പുതിയ അപ്‌ഡേറ്റ് ലഭിക്കേണ്ടതാണ്.

∙ ചില പിക്‌സല്‍ ഫോണ്‍ ഉടമകള്‍ക്ക് ആന്‍ഡ്രോയിഡ് 12 തന്നെ ലഭിക്കുന്നു – റിപ്പോര്‍ട്ട്

ആന്‍ഡ്രോയിഡ് 13 ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ച ചില പിക്‌സല്‍ ഉപയോക്താക്കള്‍ക്ക് ആന്‍ഡ്രോയിഡ് 12 തന്നെ ലഭിച്ചു എന്ന് റെഡിറ്റില്‍ വന്ന പോസ്റ്റുകള്‍ പറയുന്നു. വെറുതെ തങ്ങളുടെ 2.03 ജിബി ഡേറ്റയും സമയവും പോയിക്കിട്ടി എന്നാണ് ചിലര്‍ കുറിച്ചിരിക്കുന്നത്. എന്നാല്‍, ഈ അപ്‌ഡേറ്റ് കഴിഞ്ഞതോടെ ആന്‍ഡ്രോയിഡ് 13 ഡൗണ്‍ലോഡ് ചെയ്യാനുള്ള നോട്ടിഫിക്കേഷന്‍ ചിലര്‍ക്ക് ലഭിച്ചു എന്നും പറയപ്പെടുന്നു. ഇത് ഒരു ബഗ് ആയിരിക്കാമെന്നാണ് അനുമാനം. പിക്‌സല്‍ 6 സീരീസിലെ ഫോണുകള്‍, പികസല്‍ 4എ, 5എ എന്നിവ ഉപയോഗിക്കുന്നവര്‍ക്കാണ് ഈ പ്രശ്‌നം നേരിട്ടത്.

∙ ആമസോണിനോട് സ്ട്രീമിങ്ങില്‍ ഏറ്റുമുട്ടാന്‍ വാള്‍മാര്‍ട്ടും

ഫ്ലിപ്കാര്‍ട്ടിന്റെ ഉടമയായ വാള്‍മാര്‍ട്ട് ആമസോണിന്റെ പ്രൈം വിഡിയോ സേവനങ്ങളോട് ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നുവെന്ന് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. പാരമൗണ്ട് ഗ്ലോബലുമായി ചേര്‍ന്ന് പാരമൗണ്ട് പ്ലസ് എന്നൊരു സേവനമായിരിക്കും നല്‍കുക. വാള്‍മാര്‍ട്ട് പ്ലസ് സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് പാരമൗണ്ടിന്റെ എസന്‍ഷ്യല്‍ പ്ലാന്‍ ആയിരിക്കും നല്‍കുക. സേവനം ഫ്ലിപ്കാര്‍ട്ടിലേക്കും എത്തുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല.

English Summary: Apple’s Bold New Strategy To Bring Ads To Your iPhone

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}