ADVERTISEMENT

യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന, ആര്‍ത്തവ മുറ ട്രാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ആപ്പുകളിൽ അഞ്ചിൽ നാലെണ്ണവും ഉപയോക്താക്കളുടെ അതീവ സ്വകാര്യ വിവരങ്ങള്‍ മറ്റു കമ്പനികളുമായി പങ്കുവയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പീരിയഡ് ട്രാക്ക് ചെയ്യുന്ന 25 ആപ്പുകളെ ഓര്‍ഗനൈസേഷന്‍ ഫോര്‍ ദ് റിവ്യു ഓഫ് കെയര്‍ ആന്‍ഡ് ഹെല്‍ത് ആപ്‌സ് (ഒര്‍ച ORCHA) ആണ് പഠനവിധേയമാക്കിയത്. ഇവയില്‍ 21 എണ്ണവും സ്വകാര്യ ഡേറ്റ പങ്കുവയ്ക്കുന്നതായി കണ്ടെത്തിയെന്ന് ദ് ഡെയിലി മെയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇത്രയധികം സ്വകാര്യ വിവരങ്ങള്‍ മറ്റു കമ്പനികളുമായി പങ്കിടുന്നതിനെതിരെ കടുത്ത വിമര്‍ശനമാണ് വിദഗ്ധര്‍ നടത്തുന്നത്. .

∙ ഒന്നും സ്വകാര്യമല്ല 

ഒര്‍ചയുടെ പഠനം പറയുന്നത് 21 ആപ്പുകളും ഉപയോക്താക്കളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ തേഡ് പാര്‍ട്ടി കമ്പനികള്‍ക്ക് വില്‍ക്കുന്നുണ്ടെന്നാണ്. കൂടാതെ, 25 ല്‍ 24 ആപ്പുകളും ഉപയോക്താവിന്റെ ആരോഗ്യ ഡേറ്റ ആപ് ഡവലപ്പര്‍ക്കു നല്‍കുന്നുവെന്നും കണ്ടെത്തി. ഈ കണ്ടെത്തലുകളെ ആപ്പുകള്‍ നിഷേധിച്ചിട്ടില്ല. തങ്ങൾ ഇത്തരം ഡേറ്റ ഉപയോഗിക്കുന്നത് മാര്‍ക്കറ്റിങ് ആവശ്യങ്ങള്‍ക്കും ഗവേഷണ കാര്യങ്ങള്‍ക്കും ആപ്പിന്റെ സേവനങ്ങള്‍ മെച്ചപ്പെടുത്താനുമൊക്കെയാണെന്നാണ് കമ്പനികളുടെ വാദം. ഉപഭോക്താക്കൾ ലൈംഗികതയില്‍ ഏര്‍പ്പെടുന്നതിനെക്കുറിച്ചും ഗര്‍ഭനിരോധന രീതികള്‍ ഉപയോഗിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും ഉപയോക്താവിന്റെ മാസമുറ എന്നു തുടങ്ങിയെന്നും എന്ന് അവസാനിച്ചു എന്നും അടക്കമുള്ള വിവരങ്ങളാണ് ശേഖരിക്കുന്നതെന്നാണ് കണ്ടെത്തല്‍.

∙ സ്ത്രീകള്‍ അറിയാന്‍

‘അതിനും ഒരു ആപ്പുണ്ട്’ എന്ന സായിപ്പിന്റെ ചൊല്ലിന് ഒരു പതിറ്റാണ്ടോളം പഴക്കമുണ്ട്. എന്തിനും ആപ്പുകള്‍ ഉപയോഗിക്കുന്ന ശീലം അനുദിനമെന്നോണം വര്‍ധിക്കുകയാണ്. പക്ഷേ, ഇതൊക്കെ വ്യക്തിയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പല കേന്ദ്രങ്ങളിലും എത്താന്‍ സഹായിക്കുന്നു. പല ആപ്പുകളുടെയും ആകെയുള്ള ലക്ഷ്യം പോലും ഡേറ്റാ ചോര്‍ത്തലും വില്‍പനയുമായിരിക്കും. മാസമുറ ട്രാക്ക് ചെയ്യാനായി ആപ്പുകള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് തങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കപ്പെടരുതെന്നുണ്ടെങ്കില്‍ ചെയ്യാവുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, എന്‍ക്രിപ്റ്റഡ് ആപ് ആണ് താന്‍ ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുക. രണ്ട്, സൈന്‍-ഇന്‍ ചെയ്യാനായി പ്രധാന ഇമെയില്‍ അഡ്രസ് നല്‍കാതെ പകരം ഒരെണ്ണം ഉപയോഗിക്കുക.

∙ ലൈംഗിക വിവരങ്ങള്‍ ധാരാളമായി ശേഖരിക്കുന്നു

കൗണ്ട് എന്ന ഗവേഷണ സ്ഥാപനത്തിലെ ഡേറ്റാ വിശകലന വിദഗ്ധ മികോ യക് പറയുന്നത് പീരിയഡ് ട്രാക്കിങ് ആപ്പുകൾ ഉപയോക്താക്കളുടെ ആവശ്യത്തിലേറെ ഡേറ്റ ശേഖരിക്കുന്നു എന്നാണ്. സ്ത്രീകള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെക്കുറിച്ചും അവര്‍ക്ക് ഗര്‍ഭിണിയാകാന്‍ താത്പര്യമുണ്ടോ എന്നതിനെക്കുറിച്ചുമൊക്കെയുള്ള കാര്യങ്ങള്‍, ഇത്തരം ഡേറ്റാ വിശകലനം ചെയ്താല്‍ കണ്ടെത്താനാകുമെന്നണ് മികോ പറയുന്നത്. പീരിയഡ് പ്ലസ് (Period Plus), നാച്വറല്‍ സൈക്കിൾസ് (Natural Cycles) തുടങ്ങിയ ആപ്പുകള്‍ എന്‍ക്രിപ്റ്റഡാണ് എന്നും മികോ പറയുന്നു.

ഉപയോക്താക്കളുടെ ഡേറ്റ ശേഖരിക്കില്ലെന്നു വ്യക്തമായി പറയുന്ന ആപ്പുകള്‍ മാത്രമേ ഉപയോഗിക്കൂ എന്ന് തീരുമാനിക്കുന്നത് ഉചിതമായിരിക്കുമെന്നും മികോ പറയുന്നു. ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനു മുൻപ് അവയുടെ പ്രൈവസി പോളിസി എന്തെന്ന് അറിയണമെന്നു ചുരുക്കം. ആപ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഫോണിന്റെ സെറ്റിങ്‌സിലും ആപ് എന്‍ക്രിപ്റ്റഡ് ആണോ എന്ന് പരിശോധിക്കണമെന്നും അവര്‍ നിര്‍ദേശിക്കുന്നു. ഇതുകൂടാതെ, ആപ് വഴി എന്തെങ്കിലും സംശയം ദുരീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ പ്രധാന ഇമെയില്‍ ഉപയോഗിക്കാതിരിക്കണമെന്നും മികോ നിര്‍ദേശിക്കുന്നു.

∙ പീരിയഡ് ട്രാക്കിങ് ആപ്പുകള്‍ക്ക് വന്‍ പ്രചാരം

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയ്ക്ക് പീരിയഡ് ട്രാക്കിങ് ആപ്പുകള്‍ക്ക് വന്‍ പ്രചാരമാണ് കിട്ടിയിരിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഫ്‌ളോ (Flo) ആപ്പിനു മാത്രം 20 കോടി ഉപയോക്താക്കളെ ആഗോള തലത്തില്‍ ലഭിച്ചു കഴിഞ്ഞു. സ്ത്രീകള്‍ക്ക് പ്രയോജനപ്രദമാകുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവരുന്ന സാങ്കേതികവിദ്യയ്ക്ക് മൊത്തത്തില്‍ ഒരു പേരുണ്ട് - ഫെംടെക് (femtech). ഫെംടെക് മേഖലയുടെ വളര്‍ച്ച അതിവേഗമാണെന്നു കാണാം. ഈ മേഖലയുടെ മൂല്യം 2020 ല്‍ 2200 കോടി ഡോളർ ആയിരുന്നത് അഞ്ചു വര്‍ഷത്തിനുള്ളില്‍ 6000 കോടി ഡോളറാകുമെന്ന് കണക്കുകൂട്ടുന്നു. ഇതിന്റെ ഭാഗമാണ് പീരിയഡ് ട്രാക്കിങ് ആപ്പുകളും മറ്റും.

∙ ഡേറ്റ വാങ്ങുന്നത് തത്പരകക്ഷികള്‍

ഇങ്ങനെ വില്‍ക്കുന്ന ഡേറ്റ, ആരാണ് ഗര്‍ഭിണിയെന്നും ആരൊക്കെ ഗര്‍ഭിണിയായിട്ടില്ലെന്നും അറിയാന്‍ താത്പര്യമുള്ള കമ്പനികള്‍ക്ക് വളരെ പ്രയോജനപ്രദമാണെന്ന് വിശകലന വിദഗ്ധന്‍ ഡോ. മാര്‍ക്കസ് ബോ പറയുന്നു. ഇങ്ങനെ ലഭിക്കുന്ന ഡേറ്റ പ്രയോജനപ്പെടുത്തി, ആളുകളെ ലക്ഷ്യംവച്ച് പരസ്യങ്ങളും മറ്റും അയയ്ക്കാനിടയുണ്ട്.

ശേഖരിക്കുന്ന വിവരങ്ങള്‍ എന്തിന് ഉപയോഗിക്കുന്നു എന്ന കാര്യം ഉപയോക്താക്കളെ അറിയിക്കാനുള്ള ബാധ്യത ആപ്പുകള്‍ക്കുണ്ട്. നിബന്ധനകളിൽ അതിനെപ്പറ്റി പറയാറുണ്ടെങ്കിലും സുദീര്‍ഘമായ മുഷിപ്പന്‍ വിവരണത്തിനുള്ളില്‍ എവിടെയെങ്കിലും ആയിരിക്കും നല്‍കിയിരിക്കുക എന്നതിനാല്‍ ആരും അതു കണ്ടെത്താന്‍ വഴിയില്ല.

∙ സ്ത്രീകള്‍ നിരീക്ഷിക്കപ്പെട്ടേക്കാമെന്ന ഭീതിയും വര്‍ധിക്കുന്നു

കമ്പനികള്‍ ശേഖരിക്കുന്ന വിവരങ്ങളെക്കുറിച്ച് ആരായാന്‍ ഉപയോക്താവിന് അവകാശമുണ്ടെങ്കിലും ചില കാര്യങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ കമ്പനികള്‍ക്കും അനുവാദമുണ്ട്. അതിനാല്‍ ആപ്പുകള്‍ എന്തു വിവരമാണ് ശേഖരിച്ചിരിക്കുന്നതെന്ന് കൃത്യമായി അറിയാനാകില്ല. സ്ത്രീകളുടെ അതീവ സ്വകാര്യമായ കാര്യങ്ങള്‍ പോലും സൂക്ഷ്മമായി രേഖപ്പെടുത്തിയെടുക്കുന്ന ആപ്പുകള്‍ അവ മറ്റു കമ്പനികളുമായി പങ്കുവയ്ക്കുമ്പോള്‍ ഈ ഡേറ്റ ഉപയോഗിച്ച് സ്ത്രീകളെ നിരീക്ഷിച്ചേക്കില്ലേ എന്ന ആശങ്കയും ഉയരുന്നു. ഇത്തരം ആപ്പുകള്‍ ഉപയോഗിക്കാന്‍ താത്പര്യമുള്ളവര്‍ നല്ല റേറ്റിങ് ഉള്ള ആപ്പുകള്‍ മാത്രം ഉപയോഗിക്കുക. ഫിറ്റ്ബിറ്റ്, നാച്വറല്‍ സൈക്കിള്‍സ്, ഈവ്, മൂഡി മന്ത്, ഫ്‌ളോ തുടങ്ങിയ ആപ്പുകള്‍ക്ക് താരതമ്യേന നല്ല വിലയിരുത്തലാണ് ലഭിച്ചിരിക്കുന്നത്.

∙ ജിഡിപിആര്‍ ഫലപ്രദമല്ലേ?

ലോകത്തെ ഏറ്റവും മികച്ച ഡേറ്റാ പരിപാലന നിയമം ആയാണ് യൂറോപ്യന്‍ യൂണിയന്റെ ജിഡിപിആര്‍ അറിയപ്പെടുന്നത്. എന്നാല്‍ ഇതുപോലും ഡേറ്റാ ചോര്‍ത്തല്‍ ലക്ഷ്യവുമായി ഇറക്കിയിരിക്കുന്ന ആപ്പുകളില്‍നിന്ന് സ്ത്രീകളെ സംരക്ഷിക്കാന്‍ മതിയാവില്ലെന്നു പറയുന്നു. ആപ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് നല്‍കുന്ന സമ്മതപത്രം പിന്നീടു പിന്‍വലിക്കുന്നത് എളുപ്പമല്ല എന്ന് ഗവേഷകര്‍ പറയുന്നു.

ഗവേഷകര്‍ പരിശോധിച്ച 25 ആപ്പുകളില്‍ പകുതിയും ജിഡിപിആര്‍ ലംഘിക്കുന്നവയാണ്. അഞ്ച് ആപ്പുകള്‍ അവ ഇറക്കിയിരിക്കുന്നവരുമായി എന്തെങ്കിലും ചോദിക്കാനോ പറയാനുോ മെയില്‍ ഐഡിയോ ഫോണ്‍ നമ്പറോ പോലും നല്‍കിയിട്ടുമില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഇതെല്ലാം വേണമെന്നാണ് നിയമം അനുശാസിക്കുന്നതെങ്കിലും അതുപോലും ഇല്ലാതെ ആപ്പുകള്‍ ഇറക്കിയിരിക്കുന്നു എന്നതും എന്തുകൊണ്ട് ഉപയോക്താക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു.

English Summary: Popular period-tracking apps are sharing sensitive personal data with advertisers, study finds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com