ADVERTISEMENT

ടെക് ലോകത്ത് വര്‍ഷങ്ങളായി ഇസിം (eSIM) സാങ്കേതികവിദ്യ നിലവിലുണ്ട്. എന്നാൽ പലർക്കും ഇതിന്റെ നിലനിൽപ്പിനെക്കുറിച്ചോ സാധ്യതകളോ അറിയില്ല. എല്ലാ സ്‌മാർട് ഫോണുകളും ഈ കണക്റ്റിവിറ്റി ഓപ്‌ഷൻ പ്രോത്സാഹിപ്പിക്കുന്നില്ല എന്നത് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. കൂടാതെ ഫോൺ മദർബോർഡിൽ ഇസിം സപ്പോർട്ടും ഉൾപ്പെടുത്തുന്നത് ചെലവേറിയ കാര്യമാണ്. എന്നാൽ ആപ്പിൾ ഐഫോണുകളിലെല്ലാം ഈ ഓപ്ഷൻ കാണാം. സാംസങും മോട്ടറോളയും ഇത് നൽകുന്നുണ്ട്. എന്നാൽ ഇത് പ്രീമിയം സ്മാർട് ഫോണുകളിൽ മാത്രമാണ് ലഭ്യമായിരിക്കുന്നത്. ഗൂഗിളിന്റെ പിക്സൽ ഫോണുകളും ഇസിം പിന്തുണയ്ക്കുന്നുണ്ട്.

 

∙ എന്താണ് ഇസിം?

 

രാജ്യത്തെ ടെലികോം മേഖലയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്നതാണ് ഇ-സിം ടെക്നോളജി. ഫോണുകൾ അടിമുടി സ്മാർട് ആയിട്ടും സ്മാർട്ടാവാതെ പിടിച്ചുനിന്ന സിം കാർഡുകളും മാറ്റത്തിനു വിധേയമാകാൻ പോകുകയാണ്. മൈ‌ക്രോ സിം, മിനി സിം, നാനോ സിം എന്നിങ്ങനെ പല വലുപ്പങ്ങളിൽ പിടിച്ചുനിൽക്കാനുള്ള സിം കാർഡിന്റെ ശ്രമങ്ങൾക്ക് അന്ത്യമാവുകയാണ്. സിം കാർഡ് എന്ന സങ്കൽപത്തെ തുടച്ചുനീക്കി പുതിയ നിലവാരത്തിലുള്ള ഇലക്ട്രോണിക്സിം അഥവാ ഇ-സിം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് മൊബൈൽ ടെലികോം വ്യവസായികളുടെ സംഘടനയായ ജിഎസ്എംഎയും.

 

ഒാരോ കണക്‌ഷനും ഒരു പുതിയ സിം കാർഡ് എന്ന സംവിധാനം അവസാനിപ്പിച്ച് ഒാരോ ഫോണിനും ഒരു സിം കാർഡ് എന്ന സംവിധാനത്തിലേക്കുള്ള മാറ്റമാണ് ഇ-സിം നിലവിൽ വരുന്നതോടെ പ്രധാനമായും സംഭവിക്കുക. ഫോണിൽ എംബെഡ് ചെയ്തിരിക്കു‌ന്ന ഇ-സിം നീക്കം ചെയ്യാനാവില്ല. പുതിയൊരു കണക്‌ഷൻ എടുക്കുമ്പോൾ ആ കണക്‌ഷന്റെ െഎഡിഇ-സിമ്മിൽ നൽകിക്കൊണ്ട് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ഇ-സിം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളുമായി സഹകരിക്കുന്ന ആപ്പിളും സാംസങ്ങും മോട്ടറോളയും ഗൂഗിൾ ഉൾപ്പെടെയുള്ള കമ്പനികൾ ഇതിനായി ജിഎസ്എം അസോസിയേഷനുമായി ചർച്ചകൾ നടത്തിയിരുന്നു.

 

ഇസിം ഒരു എംബഡഡ്-സിം എന്നാണ് അറിയപ്പെടുന്നത്. ഫോണിന്റെ മദർബോർഡിൽ ഇസിം സാങ്കേതിക സംവിധാനം ഉൾപ്പെടുത്തിയിരിക്കും. സ്മാർട് വാച്ചുകളിലും ഡ്രോണുകളിലും ഈ ഓപ്ഷൻ പിന്തുണയ്ക്കുന്നുണ്ട്. ഇതിനാൽ ഹാൻഡ്സെറ്റിൽ ഒരു അധിക സിം കാർഡ് സ്ലോട്ട് വേണ്ടിവരുന്നില്ല.

 

ഫിസിക്കൽ നാനോ-സിം ഉപയോഗിക്കാതെ തന്നെ ഒരു ടെലികോം നെറ്റ്‌വർക്ക് സജീവമാക്കാൻ ഈ എംബഡഡ് അല്ലെങ്കിൽ ഡിജിറ്റൽ സിം ഉപയോക്താക്കളെ അനുവദിക്കുന്നു. ഭാരതി എയർടെൽ, ജിയോ, വി എന്നിവ മാത്രമാണ് ഇന്ത്യയിലെ സ്മാർട് ഫോണുകളിൽ ഇസിം പിന്തുണ വാഗ്ദാനം ചെയ്യുന്ന ടെലികോം കമ്പനികൾ. ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകളിലെല്ലാം ഈ സംവിധാനം കൊണ്ടുവരാൻ സാധിക്കും.

 

ഇസിമ്മിന് ടെലികോം കമ്പനികൾ പ്രത്യേകം നിരക്ക് ഈടാക്കുന്നില്ല. നിങ്ങളുടെ നിലവിലെ പ്ലാനുകളെല്ലാം ഇതേ ഇസിം നമ്പറിൽ ലഭിക്കും. എയർടെലും ജിയോയും പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ഇസിം സർവീസ് പിന്തുണയ്ക്കുന്നുണ്ട്. വി പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിൽ മാത്രമാണ് ഇസിം ഓപ്ഷൻ നൽകുന്നത്.

 

എന്നാൽ ഇസിം മികച്ച കണക്റ്റിവിറ്റി നൽകുമെന്നതിന് ഉറപ്പുമില്ല. എന്നാൽ ഒരു പുതിയ സിം കാർഡ് ലഭിക്കുന്നതിന് സ്റ്റോറുകളിൽ പോകേണ്ടിവരുന്നത് ഒഴിവാക്കാം. എന്നാൽ ഫോൺ മാറുമ്പോൾ പുതിയ ഫോണിലേക്ക് സിം കാർഡ് എടുത്ത് ഉപയോഗിക്കാൻ കഴിയില്ല. പുതിയ ഫോണിലേക്ക് പഴയ പ്രക്രിയകളെല്ലാം ചെയ്താൽ മത്രമാണ് ഇസിം ഉപയോഗിക്കാൻ കഴിയുക.

 

English Summary: What is an eSIM card? How does eSIM work?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com