ADVERTISEMENT

കേരളത്തില്‍ ഇപ്പോള്‍ ഏകദേശം 3,900 സ്റ്റാര്‍ട്ടപ് കമ്പനികളാണുള്ളത്. എന്നാല്‍, ഇപ്പോഴത്തെ സർക്കാർ കാലാവധി പൂര്‍ത്തികരിക്കുന്നതിനു മുൻപ് സംസ്ഥാനത്ത് ഇത്തരം 15000 കമ്പനികള്‍ വരണമെന്ന ആഗ്രഹം സഫലീകരിക്കാനാണ് കേരളാ സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്‌യുഎം) ലക്ഷ്യമിടുന്നത്. ലക്ഷ്യം നേടാന്‍ സഹായിക്കാനായി കെഎസ്‌യുഎമ്മിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത് അനൂപ് അംബികയാണ്. കേരളത്തിന് പുതിയൊരു മുഖം തന്നെ നല്‍കിയേക്കാവുന്ന ഈ നീക്കത്തിന്റെ സാധ്യതകളെയും പ്രതീക്ഷകളെയും കുറിച്ച് കെഎസ്‌യുഎം ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ അനൂപ് അംബിക ഓണ്‍മനോരമയോട് സുദീർ‌ഘമായി സംസാരിച്ചു. 

കെഎസ്‌യുഎമ്മിന്റെ ചുക്കാന്‍ പിടിക്കാന്‍ അനൂപ് എത്തുന്നത് ടെക്‌നോളജി, ബിസിനസ് മേഖലകളില്‍ കാല്‍നൂറ്റാണ്ടിലേറെ അനുഭവസമ്പത്ത് ആര്‍ജ്ജിച്ച ശേഷമാണ്. ഇന്ത്യയിലും വിദേശത്തും അദ്ദേഹം വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി ടെക്‌നോളജി സ്റ്റാര്‍ട്ടപ് കമ്പനികളുടെ സഹസ്ഥാപകന്‍ എന്ന നിലയില്‍ത്തന്നെ അനൂപ് പ്രശസ്തനാണ്. ഫാര്‍മസ്യൂട്ടിക്കല്‍, ബയോടെക്‌നോളജി, മെഡിക്കല്‍ ഉപകരണ നിര്‍മാണ കമ്പനികളുടെ ടെക്‌നോളജി പാര്‍ട്ണറായി പ്രവര്‍ത്തിക്കുന്ന ജെന്‍പ്രോ (Genpro) റിസേര്‍ച് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത് താനൊരു ‘സീരിയല്‍ ബിസിനസുകാരനും ഓര്‍ഗനൈസറും ടെക്‌നോളജി ഉത്സാഹിയുമാണ്’ എന്നാണ്.

പുതിയ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാനും പ്രോത്സാഹിപ്പിക്കാനുമായി കേരള സർക്കാരിന്റെ പ്രധാന ഏജന്‍സിയായ കെഎസ്‌യുഎം മേധാവി എന്ന നിലയില്‍ താന്‍ മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും നേതൃത്വം നല്‍കുക എന്ന് അനൂപ് പറയുന്നു. കംപ്യൂട്ടര്‍ എൻജിനീയറാണെങ്കിലും, സ്റ്റാര്‍ട്ടപ് എന്നു പറഞ്ഞാല്‍ മൊത്തം ഐടി ആണ് എന്ന ധാരണ മാറ്റുകയെന്ന ഉദ്ദേശ്യത്തോടെയായിരിക്കും താന്‍ മുന്നേറുക എന്ന് അദ്ദേഹം പറയുന്നു. ഐടി മേഖലയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന മാന്ദ്യം അടക്കമുള്ള കാര്യങ്ങള്‍ മറികടക്കാന്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ് കമ്പനികള്‍ക്ക് ആകുമെന്ന് അദ്ദേഹം പ്രവചിക്കുന്നു.

Anoop speaks at a session at KSUM.
Anoop speaks at a session at KSUM.

അനൂപ് ചുമതലയേറ്റിട്ട് ഇപ്പോള്‍ ഒരു മാസത്തിലേറെയായി. ഈ കാലയളവില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ് പരിസ്ഥിതിയെക്കുറിച്ച് ഉണ്ടാക്കിയെടുക്കാനായ ധാരണയെക്കുറിച്ചായിരുന്നു ആദ്യ ചോദ്യം. താന്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ് പരിസ്ഥിതിയോട് അടുത്തിടപഴകുകയായിരുന്നു ഈ കാലമത്രയുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമായും താന്‍ യാത്ര ചെയ്യുകയായിരുന്നു. ഈ മേഖലയിലുള്ള പലരോടും സംസാരിച്ചു. ആശയങ്ങളും പ്രശ്‌നങ്ങളും കേട്ടറിഞ്ഞു. നിലവില്‍ കേരളത്തിലുള്ള 3,900 സ്റ്റാര്‍ട്ടപ് കമ്പനികളില്‍ 1,000 ത്തോളം എണ്ണത്തിന് തുടക്കത്തില്‍ത്തന്നെ വരുമാനം ലഭിച്ചു തുടങ്ങി. ഏകദേശം 400 കമ്പനികള്‍ വരുമാന സ്ഥിരത നേടിയെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സ്ഥിരത നിലനിര്‍ത്താന്‍ ഈ കമ്പനികള്‍ക്കാകുന്നു. മറ്റൊരു കൗതുകകരമായ വസ്തുതയും അനൂപ് വെളിപ്പെടുത്തി - കേരളത്തില്‍ 178 സ്റ്റാര്‍ട്ടപ് കമ്പനികള്‍ തുടങ്ങിയിരിക്കുന്നത് സ്ത്രീകളാണ്.

ഇവിടെ നിന്നാണ് കെഎസ്‌യുഎം അടുത്ത ചുവടുവയ്ക്കാന്‍ തുടങ്ങുന്നത്. തന്റെ ദൗത്യം ഈ മേഖലയെ അടുത്ത തലത്തില്‍ എത്തിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കണം. അവയുടെ നിലവാരവും മെച്ചപ്പെടുത്തണം.

ഇന്ത്യയില്‍ മൊത്തത്തില്‍ 2016ല്‍ കേവലം 471 സ്റ്റാര്‍ട്ടപ് കമ്പനികളായിരുന്നു ഉണ്ടായിരുന്നത്. ഇത് 2022ല്‍ എത്തിയപ്പോള്‍ 72,993 എണ്ണമായി വര്‍ധിച്ചു. കൂടുതല്‍ പേര്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നു എന്നാണ് പുതിയ കണക്കുകള്‍ കാണിച്ചു തരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ബിസിനസ് സാധ്യതയെ സയന്‍സും ടെക്‌നോളജിയുമായി ബന്ധിപ്പിച്ച് കൂടുതല്‍ പേരിലേക്ക് എത്തിക്കാനും, കൂടുതല്‍ പേര്‍ക്ക് ജോലികൊടുക്കാനും, കൂടുതല്‍ പണമുണ്ടാക്കാനും എല്ലാം അവസരമൊരുക്കുകയാണ് സ്റ്റാര്‍ട്ടപ് മേഖല ചെയ്യുന്നത്. കൂടുതല്‍ കമ്പനികള്‍ വന്നുവെന്നു പറഞ്ഞാല്‍ കൂടുതല്‍ പേര്‍ ഈ വഴിക്കു ചിന്തിക്കാന്‍ തുടങ്ങി എന്നാണ്. ഇന്ത്യ വലിയൊരു രാജ്യമാണ്. ഇവിടെ ധാരാളം നൂതന പ്രക്രിയകള്‍ നടക്കുന്നുണ്ട്. ഇവയെ എങ്ങനെ ടെക്‌നോളജിയുമായി ബന്ധിപ്പിച്ച് കൂടുതല്‍ പേരിലേക്ക് എത്തിക്കാം എന്നാണ് സ്റ്റാര്‍ട്ടപ് മേഖലയിലേക്ക് കടന്നുവരുന്നവര്‍ ആരായുന്നതും ചെയ്തു കാണിക്കുന്നതും. ഒരു സ്റ്റാര്‍ട്ടപ് വില്ലേജ് തുടങ്ങിയതാണ് ഈ മേഖലയില്‍ കേരളത്തിന്റെ സംഭാവന. രാജ്യത്തെ മൊത്തം പരിസ്ഥിതിക്കും അത് പ്രചോദനമായി എന്നും അദ്ദേഹം പറയുന്നു.

താങ്കള്‍ ചുമതലയേല്‍ക്കുന്നത് കേരളത്തില്‍ ബിസിനസ് തുടങ്ങുന്നത് എളുപ്പമാക്കുന്ന കാര്യത്തെക്കുറിച്ച് ചര്‍ച്ച നടക്കുന്ന കാലത്താണ്. ഇതു സംബന്ധിച്ച് എന്തെങ്കിലും ഉപദേശം സർക്കാരില്‍ നിന്നു ലഭിച്ചോ എന്ന ചോദ്യത്തിന്, എന്തെങ്കിലും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ തന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ് പരിസ്ഥിതി മൊത്തത്തില്‍ മെച്ചപ്പെടുത്തുക എന്നതാണ് തന്റെ റോള്‍ എന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ജനങ്ങളോടു പറഞ്ഞിട്ടുള്ളത് 15,000 സ്റ്റാര്‍ട്ടപ് കമ്പനികള്‍ സംസ്ഥാനത്തു വരിക എന്നതാണ്. ആ വാഗ്ദാനം നിറവേറ്റാനായി സർക്കാരിനൊപ്പം താന്‍ യത്‌നിക്കുമെന്ന് അനൂപ് പറഞ്ഞു. അതൊരു വന്‍ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി തങ്ങള്‍ ഒരു പ്ലാന്‍ തയാറാക്കിയിട്ടുണ്ടെന്നും യൂണിവേഴ്‌സിറ്റികളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും എന്‍ജിഒകളുടെയും എന്‍ആര്‍ഐകളുടെയും സർക്കാരിന്റെ തന്നെയും സഹകരണത്തോടെ ലക്ഷ്യവുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.

A group of foreign delegates at KSUM campus.
A group of foreign delegates at KSUM campus.

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ ഇപ്പോഴുള്ള പിരിച്ചുവിടലുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഈ വര്‍ഷം ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ് കമ്പനികളില്‍ മാത്രം 12,000 ത്തോളം പേര്‍ക്ക് ജോലി നഷ്ടമായി. ആഗോള തലത്തിലെ കണക്കു വച്ചു പറഞ്ഞാല്‍ ഏകദേശം 13 ശതമാനം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായിരിക്കുന്നത്. എന്നാല്‍, ഇതിൽ തനിക്ക് ഭയമില്ലെന്ന് അനൂപ് പറഞ്ഞു. ഒരാള്‍ സ്റ്റാര്‍ട്ടപ്പില്‍ ജോലിക്കു കയറുന്നത് അവിടെനിന്നു ലഭിക്കുന്ന പ്രവൃത്തിപരിചയവും മികച്ച ശമ്പളവും ലക്ഷ്യമിട്ടാണ്. പ്രശസ്ത കമ്പനികളില്‍നിന്നു ലഭിക്കുന്നതിനേക്കാള്‍ ശമ്പളം പല സ്റ്റാര്‍ട്ടപ്പുകളും നല്‍കുന്നു. പലപ്പോഴും സ്റ്റാര്‍ട്ടപ്പുകള്‍ കമ്പനിയുടെ ഓഹരികളും നല്‍കുന്നു. ഇതെല്ലാം വഴി കമ്പനി വിജയിച്ചാല്‍ ജോലിക്കാര്‍ക്ക് വന്‍ സമ്പത്തു നേടാനാകും. സ്റ്റാര്‍ട്ടപ്പില്‍ ജോലി നഷ്ടപ്പെട്ടാലും കുഴപ്പമില്ല. ധാരാളം പണം കിട്ടിയിട്ടുണ്ടാകും. ഒരു 12 മാസത്തേക്കൊക്കെ പിടിച്ചു നില്‍ക്കാന്‍ സാധിക്കും. പ്രവൃത്തിപരിചയവും കൈമുതലായി കിട്ടും. സമ്പദ്‌വ്യവസ്ഥ നല്ലതാണെങ്കില്‍ ഇതുപയോഗിച്ച് മറ്റു കമ്പനികളില്‍ ജോലിക്കു പോകാം.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ ഒറ്റയടിക്ക് ധാരാളം പേര്‍ക്ക് ജോലി നഷ്ടപ്പെട്ട കാര്യം കേട്ടിട്ടില്ല. മഹാമാരിക്കിടയ്ക്ക് പല കമ്പനികളും പ്രശ്‌നത്തിലായിരുന്നു. ഇത്തരത്തില്‍ പല കമ്പനികള്‍ക്കും നിശബ്ദ മരണം ഉണ്ടായി. എന്നാലിപ്പോള്‍ വീണ്ടും ഈ മേഖല ആരോഗ്യം വീണ്ടെടുത്തുതുടങ്ങിയെന്ന് അനൂപ് പറഞ്ഞു.

സ്റ്റാര്‍ട്ടപ് കമ്പനികളില്‍ നിക്ഷേപം നടത്തുന്ന പല വെഞ്ചര്‍ ക്യാപ്പിറ്റലിസ്റ്റുകളും രാജ്യത്ത് നിക്ഷേപം ഇറക്കുന്നതു കുറച്ചിരിക്കുകയാണ് ഇപ്പോള്‍. അത് പ്രശ്‌നമാകുമോ എന്ന ചോദ്യത്തിന്, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പണം ലഭിച്ചാല്‍ എന്തു ഗുണമാണ് ഉണ്ടാകുക എന്ന് അനൂപ് വിശദീകരിച്ചു. പെട്ടെന്നു തന്നെ തങ്ങളുടെ ഉല്‍പന്നം വികസിപ്പിച്ചെടുക്കാനും വിപണികളിൽ എത്തിക്കാനുമൊക്കെയാണ് വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്റ്റുകളുടെ ഫണ്ടിങ് സഹായിക്കുക. പണമുണ്ടെങ്കില്‍ ഇതെല്ലാം അതിവേഗം നടത്താം. എന്നാല്‍, അത്തരം പണം വന്നില്ലെങ്കിലും നിങ്ങളുടെ ഉല്‍പന്നം നല്ലതാണെങ്കില്‍ അതിന് ധാരാളം ആവശ്യക്കാരുണ്ടാകും. എന്നാല്‍, അത്തരം ഒരു ഉല്‍പന്നമില്ലാത്തവര്‍ക്ക് ശോഭിക്കാന്‍ പറ്റിയ അവസ്ഥയല്ല ഇപ്പോഴെന്നും അദ്ദേഹം നിരീക്ഷിച്ചു.

ഇന്നിപ്പോള്‍ ധാരാളം മൂലധനം ലഭ്യമാണ്. കഴിഞ്ഞ 10-15 വര്‍ഷത്തിനിടയില്‍ ആളുകള്‍ ധാരാളമായി പണമുണ്ടാക്കി. ആ പണമെല്ലാം എന്തു ചെയ്യും ? നിക്ഷേപിക്കും. ഒന്നുകില്‍ വിജയകരമായ നടക്കുന്ന കമ്പനികളില്‍ നിക്ഷേപിക്കും. അല്ലെങ്കില്‍ ശരിക്കൊരു ഉല്‍പന്നം ഉണ്ടാക്കിവച്ചിരിക്കുന്ന കമ്പനികളില്‍ നിക്ഷേപിക്കുമെന്നും അനൂപ് പറഞ്ഞു.

സേവന സെക്ടറിലേക്ക് നിക്ഷേപം വരുമെന്നാണ് താന്‍ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, മാന്ദ്യത്തെക്കുറിച്ചല്ല മറിച്ച് മാന്ദ്യത്തെക്കുറിച്ചുള്ള ഭീതിയെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതെന്നും അദ്ദഹം പറഞ്ഞു. മാന്ദ്യമുണ്ടായാലും മൂലധനം ഉണ്ടായിരിക്കുമെന്ന് അനൂപ് പറഞ്ഞു. കെഎസ്‌യുഎം ലക്ഷ്യമിടുന്നത് ഈ കാലത്തിന് അനുയോജ്യമായ കമ്പനികള്‍ തുടങ്ങാനാണ്. അങ്ങനെ ചെയ്താല്‍ ഹൈ നെറ്റ്‌വര്‍ക്ക് ഇന്‍ഡിവിജ്വല്‍സ് എന്നു വിശേഷിപ്പിക്കപ്പെടുന്ന നിക്ഷേപകര്‍ കേരളത്തിലെ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കും.

Anoop Ambika is also the CEO of Genpro Research. Photo: KSUM/Special Arrangement
Anoop Ambika is also the CEO of Genpro Research. Photo: KSUM/Special Arrangement

കഴിഞ്ഞ മൂന്നു വര്‍ഷവും ദേശീയ സ്റ്റാര്‍ട്ടപ് റാങ്കിങ്ങില്‍ ഒന്നാമത് എത്തിയിരിക്കുന്നത് കേരളമാണ്. കൂടാതെ, ഏഷ്യയിലെ അഫോഡബിൾ ടാലന്റ് ഇന്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടിലും കേരളം ഒന്നാം സ്ഥാനത്തെത്തി. കുറഞ്ഞ ചെലവിൽ കാര്യങ്ങള്‍ ചെയ്‌തെടുക്കാവുന്ന (അഫോഡബിൾ) സാഹചര്യമെന്നതിന് അർഥം കേരളത്തിലെ സ്റ്റാർട്ടപ്പുകളിൽ ജോലിയെടുക്കുന്നവര്‍ക്ക് കുറഞ്ഞ വേതനം ലഭിക്കുന്നു എന്നു മാത്രമാണെന്നും, അതില്‍ സന്തോഷിക്കാന്‍ ഒന്നുമില്ലെന്ന വിമർശനത്തെക്കുറിച്ചുള്ള ചോദ്യത്തിനും അനൂപ് മറുപടി നല്‍കി. ഇതിന് രണ്ടു വശമുണ്ട്. കേരളമാണ് ഏറ്റവും കുറഞ്ഞ ചെലവില്‍ പണി നടത്തിയെടുക്കാവുന്ന സ്ഥലം. ഒരാള്‍ക്ക് 10 ലക്ഷം രൂപയ്ക്ക് ബെംഗളൂരുവില്‍ ചെയ്‌തെടുക്കാവുന്ന കാര്യം 1 ലക്ഷം രൂപയ്ക്ക് കേരളത്തില്‍ ചെയ്‌തെടുക്കാമെങ്കില്‍ എന്തുകൊണ്ട് കേരളത്തില്‍ വന്നുകൂടാ എന്നതായിരിക്കണം കേരളത്തിന്റെ പരസ്യ വാചകം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

പണം മാത്രമല്ല ആളുകള്‍ ജോലിയെടുക്കുന്നതിന് പ്രചോദനമാകുന്നത്. കമ്പനിയുടെ കാഴ്ചപ്പാട്, നേതൃത്വം, കൂടാതെ തനിക്ക് ലോകത്തിന് ഒരു സംഭാവന നടത്താന്‍ പറ്റിയ കമ്പനി ഏതാണ് തുടങ്ങിയ ഘടകങ്ങളൊക്കെ ഒരു ജോലിക്കാരനെ പിടിച്ചു നിർത്തുന്നു. ഇവിടെ ചിലര്‍ കുറഞ്ഞ വേതനത്തിനു തൊഴിലെടുക്കുന്നു എന്നു പറയുമ്പോള്‍ അതിനു പിന്നില്‍ മറ്റു കാരണങ്ങളും ഉണ്ടാകം. അവര്‍ക്ക് ഇവിടെ നിലനില്‍ക്കുന്ന പരിസ്ഥിതി ഇഷ്ടമായതും ഒരു കാരണമാകാമെന്നും അനൂപ് പറയുന്നു.

സ്റ്റാര്‍ട്ടപ് കമ്പനി എന്നു പറഞ്ഞാല്‍ ഐടി കമ്പനി തന്നെ ആയിരിക്കുമെന്ന സങ്കല്‍പത്തിനു മാറ്റം വരുത്താനും അദ്ദേഹം ശ്രമിക്കുന്നു. ഭക്ഷണം, തുണി, പാര്‍പ്പിടം, വിദ്യാഭ്യാസം, നല്ല പരിസ്ഥിതി തുടങ്ങിയ മേഖലകളിലുള്ള കമ്പനികളിലേക്കൊക്കെ ടെക്‌നോളജിക്ക് കടന്നു വരാം. കെഎസ്‌യുഎം എന്നു പറഞ്ഞാല്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കലാണ് എന്ന ധാരണ വേണ്ട. ആളുകളുടെ ദൈനംദിന ജീവിതത്തിന് മാറ്റംവരുത്താനാകുന്ന തരം ടെക്‌നോളജിയെക്കുറിച്ച് ചിന്തിക്കുക. അതാണ് സമൂഹത്തിന് മാറ്റം വരുത്തുക. അതാണ് ധനം കൊണ്ടുവരിക എന്നും അദ്ദേഹം പറയുന്നു.

Anoop Ambika took over as the Chief Executive Officer of KSUM with a rich experience in the fields of technology and entrepreneurship spanning over a quarter of a century in and outside the country. Photo: KSUM/Special arrangement
അനൂപ് അംബിക

എന്തുകൊണ്ടാണ് കേരളത്തില്‍ യുണികോണ്‍ (100 കോടി ഡോളറിലേറെ മൂല്യമുള്ള) കമ്പനികള്‍ ഉണ്ടാകാത്തതെന്ന ചോദ്യത്തിന് താന്‍ ആ സങ്കല്‍പത്തിന്റെ വലിയൊരു ആരാധകനല്ലെന്ന് അനൂപ് മറുപടി പറഞ്ഞു. എന്നാല്‍, ഒരു കമ്പനി യൂണികോണ്‍ ആയാല്‍ താന്‍ അതില്‍ അതിയായി ആഹ്ലാദിക്കുമെന്നും അദ്ദേഹം പറയുന്നു.

Read Onmanorama Story: Kerala startups will survive funding winter: KSUM CEO Anoop Ambika | Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com