ADVERTISEMENT

ലോൺ ആപ്പ് ഏജന്റുമാരുടെ പീഡനത്തിനും ഭീഷണിക്കും ഇരയായ ദമ്പതികൾ രാജമുണ്ട്രിയിൽ ആത്മഹത്യ ചെയ്തതിനെത്തുടർന്ന്, ജനങ്ങളെ ശല്യപ്പെടുത്തുന്ന അനധികൃത പണമിടപാട് ആപ്പുകൾക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി വൈ. എസ്. ജഗൻ മോഹൻ റെഡ്ഡി ആവശ്യപ്പെട്ടു. രാജ്യത്ത് നിരവധി വ്യാജ ലോൺ ആപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും എല്ലാം പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്യാനും കേന്ദ്ര സർക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.

 

∙ എന്താണ് സംഭവിച്ചത്?

 

ദിവസങ്ങൾക്കു മുൻപാണ് രാജമുണ്ട്രി സ്വദേശികളായ കെ.ദുർഗാറാവു (32), രമ്യാ ലക്ഷ്മി (24) എന്നിവർ ഓൺലൈൻ ആപ്പ് വഴി 50,000 രൂപ കടം വാങ്ങിയത്. ‘Rupee Tiger’, ‘Handy Loan’ ആപ്പുകളിൽ നിന്നാണ് വായ്പ എടുത്തത്. ദുർഗാ റാവു സൊമാറ്റോയുടെ ഡെലിവറി എക്‌സിക്യൂട്ടീവായിരുന്നു. രമ്യലക്ഷ്മി തയ്യൽ ജോലിക്കാരിയും ആയിരുന്നു. എന്നാൽ, കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നപ്പോൾ ലോൺ തിരിച്ചുവാങ്ങുന്ന ഏജന്റുമാർ അവരെ പീഡിപ്പിക്കാൻ തുടങ്ങി. പണം കൃത്യസമയത്ത് തിരികെ നൽകിയില്ലെങ്കിൽ രമ്യലക്ഷ്മിയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ബന്ധുക്കൾക്ക് നഗ്നഫൊട്ടോകൾ വാട്സാപ് വഴി അയച്ചുകൊടുത്തു. ഇതിൽ മനംനൊന്താണ് ഇവർ ആത്മഹത്യ ചെയ്തതെന്നുമാണ് പൊലീസ് റിപ്പോർട്ട്.

 

∙ ആപ്പുകൾക്കെതിരെ കർശന നടപടി

 

സംഭവത്തെത്തുടർന്ന് ജഗൻ ഇത്തരം അനധികൃത വായ്പാ ആപ്പുകൾക്കെതിരെ കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അനധികൃതമായതും ആർബിഐയുടെ അംഗീകാരമില്ലാത്തതുമായ വായ്പാ ആപ്പുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

നിയമമനുസരിച്ച്, ഒരു ലോൺ കമ്പനി ഒന്നുകിൽ ഒരു ബാങ്കോ ബാങ്കിങ് ഇതര ധനകാര്യ കമ്പനിയോ (NBFC) ആയിരിക്കണം. കൂടാതെ വായ്പ നൽകാൻ ആർബിഐയിൽ റജിസ്റ്റർ ചെയ്തിരിക്കണം. സ്റ്റേറ്റ് മണി ലെൻഡേഴ്‌സ് ആക്‌ട്‌സ് പ്രകാരം അവർക്ക് പണമിടപാട് ദാതാവായി ലൈസൻസ് ഉണ്ടായിരിക്കണം. സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, പണമിടപാട് ആപ്പുകളിൽ ഭൂരിഭാഗവും നിയമവിരുദ്ധമാണ് എന്നാണ്.

 

∙ സമൂഹ മാധ്യമങ്ങൾ ലോൺ ഏജന്റുമാരുടെ ആയുധം

 

ലോൺ ആപ്പ് ഏജന്റുമാർ സമൂഹ മാധ്യമങ്ങൾ വഴിയാണ് സാധാരണക്കാരായ ജനങ്ങളെ ലക്ഷ്യമിടുന്നത്. ഇൻസ്‌റ്റന്റ് മണി ലോൺ ആപ്പുകൾ ഡൗൺഗ്രേഡ് ചെയ്ത ക്രെഡിറ്റ് സ്‌കോർ ഉപയോഗിച്ച് കടം വാങ്ങുന്നവരെ ആകർഷിക്കുകയും ആദ്യത്തേത് തിരിച്ചടയ്ക്കാൻ മറ്റൊരു ലോൺ എടുക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് മറ്റൊരു വസ്തുത.

 

∙ ഫോൺ ഡേറ്റയിലേക്കുള്ള ആക്സസ്

 

സൈബർ ക്രൈം ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഒരു മൊബൈൽ ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്യുമ്പോൾ അത് സ്റ്റോറേജ്, കോൺടാക്റ്റുകൾ, ക്യാമറ, മൈക്രോഫോൺ എന്നിവയിലേക്ക് ആക്‌സസ് ആവശ്യപ്പെടുന്നുണ്ട്. ഇത് ഉപയോക്താക്കളുടെ ഡേറ്റ ആക്‌സസ് ചെയ്യാൻ ആപ്പിന് പിന്നിൽ പ്രവർത്തിക്കുന്നവരെ അനുവദിക്കുന്നു. ഇതേത്തുടർന്ന്, ഉപയോക്താക്കൾ വായ്പ തിരിച്ചടയ്ക്കാൻ വൈകുമ്പോഴെല്ലാം ഏജന്റുമാർ നിരന്തരം ഫോൺ വിളിച്ച് ഉപദ്രവിക്കാൻ തുടങ്ങുകയും അവരുടെ സ്വകാര്യ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചോർത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ബാങ്കുകളിൽ നിന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള നോൺ-ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികളിൽ നിന്നും മാത്രമേ വായ്പ എടുക്കാവൂ എന്നാണ് പൊലീസ് നിർദ്ദേശിക്കുന്നത്.

 

English Summary: How harassment, threats of nude photos by loan apps forced Andhra couple to suicide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com