ADVERTISEMENT

സാങ്കേതികവിദ്യയിലെ പുതിയ മാറ്റങ്ങളെ ഉള്‍ക്കൊണ്ടു തന്നെ മുന്നേറാനാണ് ഇന്ത്യയും ആഗ്രഹിക്കുന്നത്. അത്തരത്തിലൊന്നാണ് ക്വാണ്ടം കംപ്യൂട്ടിങ്. ക്വാണ്ടം കംപ്യൂട്ടിങ്ങില്‍ മറ്റു രാജ്യങ്ങളോട് സഹകരിച്ചു മുൻപോട്ടു പോകാനായിരിക്കും ഇന്ത്യയുടെ ശ്രമമെന്നാണ് കേന്ദ്ര ഐടി സഹ മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറയുന്നത്. ഐബിഎം കമ്പനിയുടെ വാര്‍ഷിക സമ്മേളനത്തില്‍ വെര്‍ച്വലായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയുടെ ടെക്കെയ്ഡിനെ (https://bit.ly/3BI9Tvk) കുറിച്ച് പ്രധാനന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഇവിടെ ഓര്‍ക്കാം. 

 

ക്വാണ്ടം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന സാങ്കേതികവിദ്യയാണെന്നും അത് അവഗണിക്കാനാവില്ലെന്നും മന്ത്രി ചന്ദ്രശേഖര്‍ പറഞ്ഞു. അതിശക്ത ക്വാണ്ടം കംപ്യൂട്ടിങ് ശേഷി ആര്‍ജിക്കാന്‍ ഇന്ത്യയ്ക്കും പദ്ധതിയുണ്ട്. 'ഇന്ത്യയുടെ ക്വാണ്ടം വ്യാവസായം കെട്ടിപ്പടുക്കുന്നു' എന്നായിരുന്നു ഐബിഎം പുറത്തിറക്കിയ റിപ്പോര്‍ട്ടിന്റെ പേര്. ഇത് പുറത്തിറക്കിയത് മന്ത്രിയാണ്. ഇന്ത്യയില്‍ ഒരു ക്വാണ്ടം കംപ്യൂട്ടിങ് പരിസ്ഥിതി സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പേപ്പര്‍. 

 

∙ എന്താണ് ക്വാണ്ടം കംപ്യൂട്ടിങ്?

 

ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍, അതിവേഗ കംപ്യൂട്ടിങ് സാധ്യമാക്കാന്‍ ശ്രമിക്കുന്ന ക്വാണ്ടം കംപ്യൂട്ടിങ് മേഖലയില്‍ വന്‍ മുന്നേറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ക്വാണ്ടം കംപ്യൂട്ടിങ് ക്യുബിറ്റ്‌സിനെ (qubits) കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ക്ലാസിക് ബൈനറി ബിറ്റ്‌സിനേക്കാള്‍ ഡേറ്റ കൈവശംവയ്ക്കാന്‍ ക്യുബിറ്റ്‌സിനു സാധിക്കും. ക്വാണ്ടം കംപ്യൂട്ടറുകള്‍ കംപ്യൂട്ടിങ്ങിനെ വിപ്ലവകരമായ രീതിയില്‍ മാറ്റിമറിക്കമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. ക്വാണ്ടം ഫിസിക്‌സില്‍ ഉത്തരം കിട്ടാതെ കിടിക്കുന്ന ചോദ്യങ്ങള്‍ പരിഹരിക്കാന്‍ ഇത്തരം കംപ്യൂട്ടറുകള്‍ക്ക് സാധിക്കുമെന്നാണ് ശാസ്ത്ര ലോകം വച്ചു പുലര്‍ത്തുന്ന പ്രതീക്ഷ. ഒറ്റയടിക്ക് മനുഷ്യരാശിയെ പല മടങ്ങ് മുന്നോട്ടടിക്കാന്‍ ശേഷിയുളള സാങ്കേതികവിദ്യകളിലൊന്നാണിത്.

 

ibm-kochi

∙ 'ക്വാണ്ടം മേല്‍ക്കോയ്മ' നേടിയെന്ന് ഗൂഗിള്‍

 

രാജ്യങ്ങള്‍ക്കു പുറമെ ടെക്‌നോളജി കമ്പനികളും ക്വാണ്ടം കംപ്യൂട്ടിങ് മേഖലയുടെ വികസനത്തിനായി പണവും ഊര്‍ജ്ജവും ചെലവിടുന്നു. 2019ല്‍ ക്വാണ്ടം മേൽക്കോയ്മ നേടിയെന്ന അവകാശവാദവുമായി ഗൂഗിള്‍ രംഗത്തെത്തിയിരുന്നു. 54-ബിറ്റ് സികമോര്‍ പ്രോസസറിന് ഒരു ക്വാണ്ടം കണക്കുകൂട്ടല്‍ 200 സെക്കന്‍ഡില്‍ നടത്താനാകുമെന്നും, ലോകത്ത് അക്കാലത്തുള്ള ഏറ്റവും കരുത്തുറ്റ സൂപ്പര്‍ കംപ്യൂട്ടറിന് ഈ കണക്കുകൂട്ടല്‍ നടത്താന്‍ 10,000 വര്‍ഷം എടുക്കുമെന്നുമായിരുന്നു ഗൂഗിളിന്റെ അവകാശവാദം.

 

∙ ഇതു തെറ്റെന്ന് ഐബിഎം

 

ക്വാണ്ടം മേഖലയില്‍ ഗൂഗിളിന്റെ കരുത്തുറ്റ എതിരാളിയാണ് ഐബിഎം. ഗൂഗിളിന്റെ അവകാശവാദം തെറ്റാണെന്നും ക്ലാസിക്കല്‍ കംപ്യൂട്ടറുകള്‍ക്ക് ഗൂഗിള്‍ പറഞ്ഞ കണക്കുകൂട്ടല്‍ നടത്താന്‍ കേവലം 2.5 ദിവസം മാത്രം മതിയെന്നും 10,000 വര്‍ഷം ഒന്നും വേണ്ടെന്നും ഐബിഎം ചൂണ്ടിക്കാട്ടി. അതേസമയം, തങ്ങള്‍ ഒരു 4000പ്ലസ് ( 4,000+) ക്യുബിറ്റ് ക്വാണ്ടം കംപ്യൂട്ടര്‍ 2025ഓടെ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് 2022 ആദ്യം ഐബിഎം പറഞ്ഞിരുന്നു. 

 

∙ ക്വാണ്ടം കംപ്യൂട്ടിങ്ങില്‍ കരുത്തുകാട്ടി അമേരിക്കയും ചൈനയും

 

ക്വാണ്ടം കംപ്യൂട്ടിങ് മേഖലയില്‍ ഏറ്റവും വലിയ മുന്നേറ്റം നടത്തിയിരിക്കുന്നത് അമേരിക്കയും ചൈനയുമാണ്. അമേരിക്കയില്‍ ക്വാണ്ടം കംപ്യൂട്ടിങ് വികസിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ഗൂഗിള്‍, ഐബിഎം, മൈക്രോസോഫ്റ്റ് തുടങ്ങിയ സ്വകാര്യ കമ്പനികളാണ്. അമേരിക്കയില്‍ ഏകദേശം 78 ക്വാണ്ടം സ്റ്റാര്‍ട്ടപ് കമ്പനികൾ ഉണ്ടെന്നു പറയപ്പെടുന്നു. ഈ മേഖലയില്‍ കരുത്തുറ്റ മുന്നേറ്റമാണ് ചൈന നടത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ക്വാണ്ടം കംപ്യൂട്ടിങ് സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കാന്‍ ഐബിഎം സഹായിച്ചേക്കുമെന്നാണ് സൂചന. അടുത്തിടെ ഐഐടി മദ്രാസുമായി ചേര്‍ന്ന് നൈപുണ്യ വികസനത്തിന് ഐബിഎം മുന്‍കൈ എടുത്തിരുന്നു. ഐഐടി മദ്രാസിലേതടക്കം ഏകദേശം 180 അംഗങ്ങളാണ് ആഗോള തലത്തില്‍ ക്വാണ്ടം കംപ്യൂട്ടിങ് മേഖലയില്‍ ഐബിഎം കമ്പനിക്കായി പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

ഇന്ത്യയില്‍ 2030 ആകുമ്പോഴേക്ക് 31000 കോടി ഡോളര്‍ മൂല്യമുളള ക്വാണ്ടം ടെക്‌നോളജി മേഖല ഉരുത്തിരിഞ്ഞു വന്നേക്കുമെന്നാണ് ഐബിഎമിന്റെ പേപ്പറില്‍ പറയുന്നത്. പക്ഷേ ഇത് സർക്കാർ കൈക്കൊള്ളുന്ന നയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും. അടുത്ത തലമുറയിലെ ബാറ്ററി ഡിസൈന്‍, മെറ്റീരിയല്‍ ഡിസൈന്‍, സൊളാര്‍ കണ്‍വേര്‍ഷന്‍, എന്‍സീം ഡിസൈന്‍ തുടങ്ങി വിവിധ മേഖലകളില്‍ സ്വാധീനം ചെലുത്താന്‍ കെല്‍പ്പുള്ളതായിരിക്കും ഈ സാങ്കേതികവിദ്യ എന്നു കരുതപ്പെടുന്നു. 

 

∙ 40 സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിക്കാന്‍ മെറ്റാ

 

രാജ്യത്തെ 40 സ്റ്റാര്‍ട്ടപ് കമ്പനികള്‍ക്ക് എക്‌സ്റ്റെന്‍ഡഡ് റിയാലിറ്റി സാങ്കേതികവിദ്യയില്‍ ഉല്‍പന്നങ്ങള്‍ തയാറാക്കാന്‍ 40 ലക്ഷം രൂപ വീതം സഹായധനം നല്‍കിയിരിക്കുകയാണ് മെറ്റാ (ഫെയ്‌സ്ബുക്) കമ്പനി. ഇതിന് മെറ്റ സഹകരിച്ചിരിക്കുന്നത് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ സ്റ്റാര്‍ട്ടപ് ഹബുമായാണ്.

 

∙ ടെക്‌നോളജി ഭീമന്മാര്‍ക്കെതിരെയുള്ള നീക്കത്തിന് പിന്തുണയുമായി മോസില

 

ഗൂഗിള്‍, ഫെയ്‌സ്ബുക്, ആമസോണ്‍ തുടങ്ങിയ വമ്പന്‍ ടെക്‌നോളജി കമ്പനികള്‍ക്ക് മൂക്കുകയറിടാനുള്ള ബില്‍ പാസാക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് 13 കമ്പനികള്‍. മോസില, ഡക്ഡക്‌ഗോ തുടങ്ങിയ കമ്പനികളാണ് ഇതില്‍ ഒപ്പുവച്ചിരിക്കുന്നത്.

 

ഈ ബില്‍ പാസാക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ സെനറ്റര്‍ എയ്മി ക്ലൊബുചര്‍ മാസങ്ങള്‍ ചെലവിട്ടിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഈ ബില്‍ പാസാക്കിയെടുക്കാനുള്ള സാധ്യത കുറവാണെന്നാണ് എയ്മി പറയുന്നത്. തങ്ങള്‍ക്കെതിരെയുള്ള ഏതു നീക്കവും ലോബിയിങ് വഴി പ്രതിരോധിക്കാനുള്ള കെല്‍പ്പുളളവരാണ് പല കമ്പനികളും. സെനറ്റര്‍മാരെയും മറ്റു വിവിധ രീതികളില്‍ സ്വാധീനിക്കാനുള്ള ശ്രമം ടെക്‌നോളജി കമ്പനികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്ന ആരോപണം വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. 

 

∙ ഉപയോക്താക്കള്‍ ഐഒഎസ് 16 ലേക്ക് അപ്‌ഗ്രേഡു ചെയ്യാന്‍ ശുഷ്‌കാന്തി കാണിച്ചെന്ന്

 

ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഐഒഎസ് 16ലേക്ക് അപ്‌ഗ്രേഡു ചെയ്യാന്‍ ലോകമെമ്പാടുമുളള ഐഫോണ്‍ ഉപയോക്താക്കള്‍ മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ ആവേശം കാണിച്ചെന്ന് റിപ്പോര്‍ട്ട്. ആദ്യ ദിവസങ്ങളില്‍ തന്നെ കഴിഞ്ഞ വര്‍ഷം ഐഒഎസ് 15ലേക്ക് മാറാന്‍ കാണിച്ചതിനേക്കാളേറെ ആളുകല്‍ ഐഒഎസ് 16ലേക്ക് മാറിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

∙ ജെബിഎല്‍ ക്വാണ്ടം 350 ഹെഡ്‌സെറ്റ് പുറത്തിറക്കി; വില 8,499 രൂപ

 

പ്രമുഖ ഹെഡ്‌ഫോണ്‍ നിര്‍മാതാക്കളായ ജെബിഎല്‍ ക്വാണ്ടം 350 എന്ന പേരില്‍ പുതിയ വയര്‍ലെസ് ഗെയിമിങ് ഹെഡ്‌സെറ്റ് ഇന്ത്യയില്‍ പുറത്തിറക്കി. ഇതിന്റെ വില 8,499 രൂപയാണ്. കംപ്യൂട്ടറുകളും, ഗെയിമിങ് കണ്‍സോളുകളുമായി കണക്ടു ചെയ്യാവുന്നതാണ് ഇത്. 

 

∙ സൈബര്‍ സുരക്ഷാ കമ്പനി മാന്‍ഡിയന്റ് ഗൂഗിള്‍ വാങ്ങി

 

സൈബര്‍ സുരക്ഷാ കമ്പനിയായ മാന്‍ഡിയന്റ് ഇനി ഗൂഗിളിനു സ്വന്തം. ഏകദേശം 540 കോടി ഡോളറാണ് കമ്പനി ഇതിനായി ചെലവിട്ടത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ അമേരിക്കയിലെ ടെക്‌നോളജി കമ്പനികള്‍ക്കെതിരെ അടക്കം ഉണ്ടായ സോളാര്‍വിന്‍ഡ് സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ കമ്പനിയെ ഗൂഗിള്‍ വാങ്ങിയത്.

 

English Summary: ‘We intend to build capabilities in quantum, high-performance computing’: Rajeev Chandrasekhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com