ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ ധനികനായ ഇലോണ്‍ മസ്‌കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെയ്‌സ്എക്‌സിന്റെ വിഭാഗമായ സ്റ്റാര്‍ലിങ്ക് അയച്ച 38 സാറ്റലൈറ്റുകള്‍ അപ്രതീക്ഷിത സൗര പ്രതിഭാസം മൂലം തകര്‍ന്നെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇത് നടന്നതെന്നാണ് അമേരിക്കയിലെയും ചൈനയിലെയും ഗവേഷകര്‍ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുമൂലം മസ്‌കിന് ദശലക്ഷക്കണക്കിനു ഡോളര്‍ നഷ്ടം സംഭവിച്ചുവെന്ന് ദി ഡെയ്‌ലിമെയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ബഹിരാകാശത്ത് മുമ്പെങ്ങും പരീക്ഷിച്ചിട്ടില്ലാത്ത തരം പുതിയ കസര്‍ത്തുകളുമായി ഇറങ്ങാനൊരുങ്ങുന്ന മനുഷ്യരാശിക്ക് സമയോചിതമായ ഒരു മുന്നറിയിപ്പു കൂടെയാകാം ഇതെന്നു പറയുന്നു.

സോളാര്‍ ഫ്‌ളെയേഴ്‌സ്

ഫ്‌ളോറിഡയിലെ കെന്റക്കി സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് ലോ-ലേറ്റന്‍സി ഇന്റര്‍നെറ്റ് സാറ്റലൈറ്റുകള്‍ 2022 ഫെബ്രുവരി 3ന് വിക്ഷേപിച്ചത്. തുടക്കത്തില്‍ അവ പ്രശ്‌നമൊന്നുമില്ലാതെ ഉയര്‍ന്നു. എന്നാല്‍ അവ പൊങ്ങി പോയിരുന്ന സമയത്ത് സൗരകണങ്ങളുടെയും (solar particles), റേഡിയേഷന്റെയും തരംഗം ഭൂമിക്കു മുകളില്‍ എത്തുകയായിരുന്നു. സൂര്യന്റെ മേല്‍ത്തട്ടില്‍ ഉണ്ടായ ഒരു വിനാശകാരിയായ സ്ഥിതിഗതി മൂലമാണ് സൗരാശംങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഇതിനെ സോളാര്‍ ഫ്‌ളെയേഴ്‌സ് (solar flares) അല്ലെങ്കില്‍ കൊറോണല്‍ മാസ് ഇജക്ക്ഷന്‍സ് എന്നാണ് വിളിക്കുന്നത്. ഇത് ബഹിരാകാശ കാലാവസ്ഥയുടെ ഭാഗമാണ്. 

Photo: AFP
Photo: AFP

സൗര പ്രതിഭാസം അറ്റ്മോസ്ഫറിക് ഡ്രാഗ് വര്‍ദ്ധിപ്പിച്ചു

ഭൂമിക്കു മുകളിലെത്തിയ സൗരകണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തെ ചൂടുപിടിപ്പിച്ചു. കൂടാതെ വായുവിന്റെ സാന്ദ്രത ചെറിയരീതിയില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഏകദേശം 130 മൈല്‍ ഉയരത്തിലാണ് സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകള്‍ പ്രശ്‌നം നേരിട്ടതെന്നു പറയുന്നു. ഈ ചെറിയ ഉപഗ്രങ്ങള്‍ നിരവധി മൈല്‍ ഉയരെ എത്തേണ്ടതായിരുന്നു. എന്നാല്‍, അറ്റ്മോസ്ഫറിക് ഡ്രാഗ് (atmospheric drag) അതിന് അനുവദിച്ചില്ല. സൗര പ്രതിഭാസം ഈ ഡ്രാഗ് 60 ശതമാനം വരെ വര്‍ദ്ധിപ്പിച്ചു എന്നാണ് അമേരിക്കയിലെയും ചൈനയിലെയും ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 

മുന്നറിയിപ്പ് തക്ക സമയത്ത്

അമേരിക്ക, ഇന്ത്യ, ചൈന തുടങ്ങി പല രാജ്യങ്ങളും ബഹിരാകാശ കേന്ദ്രീകൃതമായി പല പുതിയ പദ്ധതികളും ആവിഷ്‌കരിച്ചു വരുന്ന സമയത്താണിത് ഉണ്ടായിരിക്കുന്നത്. സൗര പ്രതിഭാസങ്ങളെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്ന സംഭവങ്ങളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് ഗവേഷകര്‍ നിരീക്ഷിക്കുന്നു. ബഹിരാകാശ കാലാവസ്ഥ, പ്രതിഭാസങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ അടിയന്തരമായി നടത്തുകയും വിവരം ശേഖരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഇപ്പോള്‍ ശാസ്ത്രലോകം സംസാരിക്കുന്നത്.

spacex-starship-mars

സംഭവിച്ചത്

ഏകദേശം 49 ലോ-ലേറ്റന്‍സി സാറ്റലൈറ്റുകളാണ് സ്‌പെയ്‌സ്എക്‌സ് ഫെബ്രുവരി 3ന് വിക്ഷേപിച്ചത്. തുടക്കത്തില്‍ ഒരു പ്രശ്‌നവും ഇല്ലാതെ അവ ഉയരുകയും ചെയ്തു. എന്നാല്‍, ഇവയില്‍ 38 എണ്ണം താഴ്ന്ന് വന്നു നശിച്ചു. ഇതുമൂലം ദശലക്ഷക്കണക്കിനു ഡോളറിന്റെ നഷ്ടം കമ്പനിക്ക് ഉണ്ടായി എന്നും പഠനങ്ങള്‍ പറയുന്നു. നശിച്ച സാറ്റലൈറ്റുകള്‍ ഓരോന്നിനും 570 പൗണ്ട് വീതമാണ് ഭാരം.

സ്‌പെയ്‌സ്എക്‌സ് ഉപയോഗിച്ചിരിക്കുന്ന നൂതന സാങ്കേതികവിദ്യ മൂലം ഇവ ഭൂമിയിലുള്ളവര്‍ക്ക് എന്തെങ്കിലും തരം ഭീഷണി ഉയര്‍ത്തുന്നില്ല. അവശിഷ്ടങ്ങള്‍ ബഹിരാകാശത്ത് അവശേഷിപ്പിക്കുന്നുവെന്നും ഇല്ലെന്നും പറയുന്നു. സ്‌പെയ്‌സ്എക്‌സിന് ഉണ്ടായ തരത്തിലുള്ള നഷ്ടം മറ്റു കമ്പനികള്‍ക്കായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ അവയ്ക്ക് ധനപരമായ തിരിച്ചടി ആകുമായിരുന്നുവെന്നു ന്യൂസ് വീക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്ക് സ്റ്റാര്‍ലിങ്ക്

ചെറിയ ഉപഗ്രഹങ്ങളായ സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകള്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കാനായി ആണ് വിക്ഷേപിച്ചിരിക്കുന്നത്. ഇതുവരെ 3,000 സാറ്റ്‌ലൈറ്റുകളാണ് വിക്ഷേപിച്ചത്. അവയുടെ എണ്ണം 30,000 ആക്കാനാണ് മസ്‌കിന്റെ ഉദ്ദേശം. സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് നല്‍കാനുള്ള ശ്രമം നേരത്തെയും ഉണ്ടായിരുന്നു എങ്കിലും അവയെ ആശ്രയിക്കാനാകുമായിരുന്നില്ല. കണക്ഷന്‍ ഇടയ്ക്ക് പോകുന്നതാണ് പ്രശ്‌നം. 

മസ്‌കിന്റെ ഉദ്യമം വ്യത്യസ്തമാണ്. ഇപ്പോള്‍ ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത 300 കോടി ആളുകള്‍ക്ക് ഇന്റര്‍നെറ്റ് നല്‍കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും അതില്‍ നിന്നു ലഭിക്കുന്ന ലാഭം ഉപയോഗിച്ച് ചൊവ്വാ ഗ്രഹത്തില്‍ നഗരം ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നും മസ്‌ക് പറയുന്നു. അതേസമയം, ഇനിയും ഇന്റര്‍നെറ്റ് ലഭിക്കാത്ത ആളുകള്‍ താരതമ്യേന കാശു കുറവുള്ളവരാണ്. മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റിന് പ്രതിമാസം 99 ഡോളറാണ് നല്‍കേണ്ടത് എന്നത് മറ്റൊരു കഥ.

വാടകയ്ക്കു നല്‍കിയ കടമുറിയില്‍ കച്ചവടം നടത്തിയ ആള്‍ മോശം ആപ്പിള്‍ വിറ്റാല്‍ കട ഉടമയ്‌ക്കെതിരെ കേസെടുക്കുമോ എന്ന് ആമസോണ്‍

വേണ്ട നിലവാരം ഇല്ലാത്ത പ്രഷര്‍ കുക്കറുകള്‍ ആമസോണ്‍ വഴി വിറ്റു എന്ന കാരണം കാണിച്ച് ആമസോണിനെതിരെ കേന്ദ്ര കണ്‍സൂമര്‍ പ്രൊട്ടക്‌ഷന്‍ അതോറിറ്റി (സിസിപിഎ) കേസെടുത്തിരുന്നു. ഇതിനെതിരെ ആമസോണ്‍ ഡല്‍ഹി ഹൈക്കോതിയെ സമീപിച്ചു. വാടകയ്ക്കു നല്‍കിയ കടമുറിയില്‍ കച്ചവടം നടത്തിയ ആള്‍ മോശം ആപ്പിള്‍ വിറ്റാല്‍ കെട്ടിട ഉടമയ്‌ക്കെതിരെ കേസെടുക്കുമോ എന്നാണ് ആമസോണ്‍ കോടതിയില്‍ ചോദിച്ചിരിക്കുന്നത്.

ആമസോണ്‍ ഒരു മാര്‍ക്കറ്റ് പ്ലെയ്‌സ് ആണ്. ആര്‍ക്കും സാധനങ്ങള്‍ വില്‍ക്കാം. അതേസമയം, ആമസോണ്‍ വഴി വില്‍ക്കുന്ന ഓരോ ഉല്‍പന്നത്തില്‍ നിന്നും ആമസോണിന് സാമ്പത്തിക നേട്ടം ഉണ്ടാകുന്നുണ്ടെന്നും അതിനാല്‍ കമ്പനിയെ വെറുതെ വിടാനാവില്ലെന്നും സിസിപിഎ വാദിച്ചു. കേസില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നത് സെപ്റ്റംബര്‍ 19ന് ആയിരിക്കും.

ബീറിയലിനെ അനുകരിച്ച് ടിക്‌ടോക്കും

അമേരിക്കയിലെ പുതിയ വൈറല്‍ ആപ്പായ ബീറിയലിനെ അനുകരിച്ച് വിഡിയോ ഷെയറിങ് ആപ്പായ ടിക്‌ടോക്കും രംഗത്തെത്തിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. 'സ്‌പൊണ്ടേനിയസ് ഫോട്ടോ' എന്നാണ് ടിക്‌ടോക്കിന്റെ പുതിയ ഫീച്ചറിന്റെ പേര്. 

പ്രതീകാത്മക ചിത്രം (Photo - Shutterstock / Ascannio)
പ്രതീകാത്മക ചിത്രം (Photo - Shutterstock / Ascannio)

ഓഫിസിലെത്തി ജോലിയെടുക്കണമെന്ന് ആപ്പിളടക്കമുള്ള കമ്പനികള്‍; എതിര്‍ത്താല്‍ പണി പോയേക്കുമെന്ന് ജോലിക്കാര്‍

ആപ്പിള്‍, പെലോടോണ്‍ (Peloton) തുടങ്ങിയ കമ്പനികള്‍ ഇനി വര്‍ക് ഫ്രം ഹോം മതിയാക്കാമെന്നും ഓഫിസിലെത്തി ജോലിയെടുക്കണമെന്നും നിര്‍ബന്ധിച്ചു തുടങ്ങിയിരിക്കുകയാണെന്ന് ബ്ലൂംബര്‍ഗ്. ഇതിനെ എതിര്‍ത്താല്‍ തങ്ങളുടെ ജോലി പോയേക്കുമെന്ന് 80 ശതമാനം തൊഴിലാളികളും ഭയപ്പെടുന്നു.

എയ്‌സറിന്റെ എച് ആന്‍ഡ് എസ് ടെലിവിഷന്‍ ശ്രേണി അവതരിപ്പിച്ചു

പ്രമുഖ കംപ്യൂട്ടര്‍, മോണിട്ടര്‍ നിര്‍മാതാവായ എയ്‌സര്‍ തങ്ങളുടെ പുതിയ എച് ആന്‍ഡ് എസ് ടെലിവിഷന്‍ ശ്രേണി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇവ 32, 43, 50, 55, 65-ഇഞ്ച് സ്‌ക്രീന്‍ വലുപ്പത്തിലാണ് ലഭ്യമാക്കിയിരിക്കുന്നത്. ഡോള്‍ബി വിഷന്‍, എംഇഎംസി തുടങ്ങിയ ടെക്‌നോളജികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 14,999 രൂപ മുതല്‍ 64,999 രൂപ വരെയാണ് വിലയിട്ടിരിക്കുന്നത്. എച്ഡി മുതല്‍ അള്‍ട്രാ എച്ഡി വരെയാണ് റെസലൂഷന്‍. ഇവയില്‍ 32-ഇഞ്ച് ടിവിക്ക് എച്ഡി റെസലൂഷനാണ് ഉള്ളത്. അതേസമയം 43-ഇഞ്ച് മുതല്‍ മുകളിലേക്ക് വലുപ്പമുള്ള എല്ലാം 4കെയാണ്. ഇതില്‍ 43-ഇഞ്ച് ടിവിക്ക് 29,000 രൂപയാണ് വിലയിട്ടിരിക്കുന്നത്.

English Summary: A massive solar event destroyed 38 Starlink satellites earlier this year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com