ADVERTISEMENT

ഐഫോണ്‍ 14 സീരിസ് ചൂടപ്പം പോലെ വിറ്റഴിയുന്ന സമയത്താണ് അടുത്ത വര്‍ഷത്തെ സ്മാര്‍ട് ഫോണ്‍ സൂപ്പര്‍സ്റ്റാര്‍ ആയിരിക്കുമെന്നു കരുതുന്ന മോഡലിനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ രണ്ട് ട്വിറ്റര്‍ ഉപയോക്താക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. ഐഫോണ്‍ 15 അള്‍ട്രാ എന്നു പേരിട്ടേക്കാവുന്ന, ആപ്പിള്‍ ഇതുവരെ അവതരിപ്പിച്ചതിനേക്കാൾ മികച്ച മോഡല്‍ അടുത്ത വര്‍ഷം വില്‍പനയ്‌ക്കെത്തുമെന്ന സൂചന നേരത്തേ തന്നെ കേട്ടിരുന്നല്ലോ. കമ്പനിയെക്കുറിച്ച് വളരെയധികം വിശ്വസനീയമായ വിവരങ്ങള്‍ പുറത്തുവിട്ടു പ്രസിദ്ധി നേടിയ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടര്‍ മാര്‍ക്ഗുര്‍മന്‍ ആണ് ഐഫോണ്‍ 15 അള്‍ട്രായെക്കുറിച്ചുള്ള ചില അധിക വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

∙ എന്താണീ ഐഫോണ്‍ 15 അള്‍ട്രാ?

നിലവിലെ പേരിടല്‍ രീതി പിന്തുടരുകയാണെങ്കില്‍ അടുത്ത വര്‍ഷം ഐഫോണ്‍ 15 പ്രോ, 15 പ്രോ മാക്‌സ് എന്നിങ്ങനെ രണ്ടു പ്രോ ബ്രാന്‍ഡിങ് ഹാന്‍ഡ്‌സെറ്റുകളായിരിക്കും ആപ്പിള്‍ പുറത്തിറക്കുക. എന്നാല്‍, അടുത്ത വര്‍ഷം ഐഫോണ്‍ 15 പ്രോ മാക്‌സിനു പകരം ഐഫോണ്‍ 15 അള്‍ട്രാ എന്ന ഫോണായിരിക്കും പുറത്തിറക്കുക എന്നാണ് പറയുന്നത്. അതേസമയം, പ്രോ മോഡലുകള്‍ അതേപടി നിലനിര്‍ത്തി, അതിനു പുറമെ അള്‍ട്രാ മോഡല്‍ കൂടി പുറത്തിറക്കുമോ എന്ന സംശയമുന്നയിക്കുന്നവരും ഉണ്ട്.

∙ ഐഫോണ്‍ 14 പ്രോ മറന്നേക്കൂ...

വര്‍ഷാവര്‍ഷം പുതിയ ഐഫോണ്‍ വാങ്ങുന്ന സ്വഭാവക്കാരനല്ലെങ്കില്‍ ഈ വര്‍ഷത്തെ ഐഫോണ്‍ 14 പ്രോ സീരീസ് വാങ്ങുന്ന കാര്യം മറന്നേക്കൂ, പകരം ഐഫോണ്‍ 15 അള്‍ട്രാ വാങ്ങാനായി കാത്തിരിക്കൂ എന്ന പ്രചാരണവും ഇപ്പോള്‍ തുടങ്ങിയിരിക്കുകയാണ്. ഗുര്‍മാനെ പോലെ തന്നെ പ്രശസ്തനായ, ലീക്‌സ് ആപ്പിള്‍പ്രോ (LeaksApplePro) എന്ന പേരില്‍ അറിയപ്പെടുന്ന ട്വിറ്റര്‍ യൂസറും പുതിയ അള്‍ട്രാ മോഡലിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

∙ വില കൂടും

നിലവില്‍ ഐഫോണ്‍ 14 പ്രോ മാക്‌സിന്റെ തുടക്ക വേരിയന്റിന് 1,099 ഡോളറാണ് വില. എന്നാല്‍, അടുത്ത വര്‍ഷം ഐഫോണ്‍ 15 അള്‍ട്രായുടെ തുടക്ക വേരിയന്റിന്റെ വില 1,199 ഡോളറായി ഉയരുമെന്നാണ് പ്രധാന പ്രവചനങ്ങളിലൊന്ന്. അതേസമയം, ഈ വര്‍ഷത്തെ പ്രോ മോഡലുകള്‍ക്കും വില 100 ഡോളര്‍ വര്‍ധിപ്പിക്കുമെന്ന് അവകാശവാദങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതു നടന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

∙ സുപ്രധാന ഫീച്ചര്‍ എന്ത്?

ഐഫോണ്‍ 15 അള്‍ട്രായില്‍ 8കെ വിഡിയോ റെക്കോർഡിങ് കൊണ്ടുവരാനുള്ള പരിശ്രമം ആപ്പിള്‍ ഇപ്പോള്‍ത്തന്നെ തുടങ്ങിയെന്ന് ലീക്‌സ്ആപ്പിള്‍പ്രോ അവകാശപ്പെടുന്നു. ഇതായിരിക്കാം അള്‍ട്രാ മോഡലിലെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളിലൊന്ന്. ഇതേക്കുറിച്ച് ഗുര്‍മന്‍ നേരത്തേ നടത്തിയ അവകാശവാദം ശരിവച്ചിരിക്കുകയാണ് ലീക്‌സ്ആപ്പിള്‍പ്രോയും. അതേസമയം, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന ഫീച്ചറാണിത്.

∙ അധിക ബാറ്ററി ലൈഫ്

അടുത്ത വര്‍ഷത്തെ ഐഫോണ്‍ മോഡലുകള്‍ക്ക് 3-4 മണിക്കൂര്‍ അധിക ബാറ്ററി ലൈഫ് നല്‍കാനുള്ള ശ്രമങ്ങളും ആപ്പിള്‍ നടത്തുന്നുണ്ടെന്ന് പറയുന്നു.

∙ യുഎസ്ബി-സി

അടുത്ത വര്‍ഷത്തെ മോഡലുകളിലെ മറ്റൊരു സുപ്രധാന ഫീച്ചര്‍ യുഎസ്ബി-സി ആയിരിക്കുമെന്നു പറയുന്നു. അങ്ങനെ, ആപ്പിള്‍ തങ്ങളുടെ ലൈറ്റ്‌നിങ് പോര്‍ട്ടിനോടും അവസാനം വിടപറയുമെന്നാണ് വിലയിരുത്തലുകള്‍. (ഐഫോണ്‍ 14 പ്രോ മോഡലുകളില്‍ ലഭ്യമായ പ്രോറോ ഫീച്ചറുപയോഗിച്ച് ധാരാളം ഫോട്ടോകള്‍ എടുക്കുന്നവര്‍ അത് കംപ്യൂട്ടറുകളിലേക്കും മറ്റും ലൈറ്റ്‌നിങ് പോര്‍ട്ടും കേബിളും വഴി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ശ്രമിച്ച് ക്ഷമ കെടുന്നുവെന്ന റിപ്പോര്‍ട്ടുമുണ്ട്. ലൈറ്റ്‌നിങ് പോര്‍ട്ടിനെക്കാള്‍ സ്പീഡ് കൂടിയതാണ് യുഎസ്ബി-സി.)

അടുത്ത വര്‍ഷത്തെ എല്ലാ മോഡലുകളില്‍നിന്നും നോച്ച് മാറ്റുമെന്നും പ്രവചനമുണ്ട്. പകരം ഡൈനാമിക് ഐലൻഡ് കൊണ്ടുവന്നേക്കും. അങ്ങനെ ഒരുപറ്റം മികച്ച ഫീച്ചറുകള്‍ ഐഫോണ്‍ 15 സീരീസില്‍ എത്തിയേക്കുമെന്നും അതിനാല്‍ വര്‍ഷാവര്‍ഷം പുതിയ ഫോണ്‍ വാങ്ങുന്ന ആളല്ലെങ്കില്‍ ഒരു വര്‍ഷം കാത്തിരിക്കുന്നത് ഗുണമായിരിക്കുമെന്നുമാണ് പറയുന്നത്.

∙ ഐഒഎസ് 16ലെ ഹാപ്റ്റിക് ഫീഡ്ബാക് ഫീച്ചര്‍ ബാറ്ററി ധാരാളമായി ഉപയോഗിക്കുന്നു

ഐഒഎസ് 16 ല്‍ ഹാപ്ടിക് ഫീഡ്ബാക് ഓപ്ഷന്‍ ഉപയോഗിച്ചാല്‍ ബാറ്ററി കൂടുതല്‍ തീര്‍ന്നു പോയേക്കുമെന്ന് ആപ്പിള്‍ മുന്നറിയിപ്പു നല്‍കിയെന്ന് 9ടു5 മാക് പറയുന്നു.

∙ ഡൈനാമിക് ഐലൻഡ് കൊണ്ടുവരാന്‍ റിയല്‍മിയും ഉപയോക്താക്കളില്‍നിന്ന് അഭിപ്രായങ്ങള്‍ ക്ഷണിച്ചു

ഈ വര്‍ഷത്തെ ഐഫോണ്‍ 14 പ്രോ മോഡലുകളിലെ സവിശേഷ ഫീച്ചറുകളിലൊന്നാണ് ഡൈനാമിക് ഐലൻഡ്. ഇത് തങ്ങളുടെ ഫോണുകളിലും കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് ചൈനീസ് ഫോണ്‍ നിര്‍മാതാക്കള്‍. ഇത് എങ്ങനെയാണ് കൊണ്ടുവരേണ്ടത് എന്നതിനെക്കുറിച്ച് ഉപയോക്താക്കളുടെ അഭിപ്രായങ്ങള്‍ ക്ഷണിച്ചിരിക്കുകയാണ് കമ്പനി എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

∙ സ്ത്രീകള്‍ക്ക് ഇഷ്ടപ്പെട്ടേക്കുമെന്നു കരുതുന്ന സിവി2 ഫോണ്‍ പുറത്തിറക്കാന്‍ ഷഓമി

സിവി (Civi) സീരീസ് ഫോണുകള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെടുമെന്നാണ് ഷഓമി പറയുന്നത്. കഴിഞ്ഞ വര്‍ഷം ഈ സീരീസില്‍ രണ്ടു ഫോണുകളാണ് കമ്പനി പുറത്തിറക്കിയത്-സിവി, സിവി 1എസ് എന്നിവയായിരുന്നു അവ. ഈ വര്‍ഷം സിവി2 എന്നൊരു പുതിയ മോഡല്‍ കമ്പനി സെപ്റ്റംബര്‍ 27ന് പുറത്തിറക്കുമെന്നു ഗിസ്‌മൊ ചൈന പറയുന്നു. സ്‌നാപ്ഡ്രാഗണ്‍ 7ജി 1 ആയിരിക്കും പ്രോസസര്‍ എന്നാണ് സൂചന. ഫോണിന് 12 ജിബി വരെ റാമും ഉണ്ടായിരിക്കും. സിവി2ന് 50 എംപി പ്രധാന ക്യാമറ അടങ്ങുന്ന ട്രിപ്പിള്‍ പിന്‍ക്യാമറാ സിസ്റ്റം പ്രതീക്ഷിക്കുന്നു.

∙ വിന്‍ഡോസ് 11 2022 അപ്‌ഡേറ്റ് പുറത്തിറക്കി

ലോകത്തെ ഏറ്റവും ജനപ്രിയ കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 11ന് പുതിയ അപ്‌ഡേറ്റ് നല്‍കിത്തുടങ്ങി. വിന്‍ഡോസ് 11 2022 എന്നു പേരിട്ടിരിക്കുന്ന അപ്‌ഡേറ്റ് ആഗോള തലത്തില്‍ നല്‍കിത്തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇത് 190 മേഖലകളില്‍ ലഭ്യമാക്കി എന്നാണ് പറയുന്നത്. സുരക്ഷ, സ്വകാര്യത തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാണ് പുതിയ അപ്‌ഡേറ്റ്.

∙ വയര്‍ലെസ് ഇയര്‍ബഡ്‌സ് പുറത്തിറക്കി യമഹ

സംഗീത ഉപകരണങ്ങള്‍ നിര്‍മിക്കുന്നതില്‍ പ്രശസ്തമായ കമ്പനിയായ യമഹ പുതിയ ട്രൂ വയര്‍ലെസ് ഇയര്‍ബഡ്‌സ് പുറത്തിറക്കി. ടിഡബ്ല്യൂ-ഇ7ബി, ടിഡബ്ല്യൂ-ഇഎസ്5എ എന്ന പേരുകളിലാണ് ഇവ പുറത്തിറക്കിയിരിക്കുന്നത്. ഇവയുടെ വില യഥാക്രമം 24,200 രൂപയും, 15,700 രൂപയുമാണ്. ഉന്നത നിലവാരം പുലര്‍ത്തുന്ന ആക്ടിവ് നോയിസ് കാന്‍സലേഷനാണ് വിലകൂടിയ മോഡലിന്റെ സവിശേഷത. വ്യായാമം ചെയ്യുമ്പോള്‍ പോലും ഇവ ചെവിയില്‍ ഇരുന്നേക്കാമെന്നു കരുതുന്നു.

∙ അമേരിക്കന്‍ ഉപയോക്താക്കള്‍ക്ക് ഓഡിയോ ബുക്‌സ് എത്തിച്ച് സ്‌പോട്ടിഫൈ

പ്രമുഖ ഓണ്‍ലൈന്‍ സംഗീത സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈ പുതിയ മേഖലയില്‍ കൈവയ്ക്കുന്നു. അമേരിക്കയിലെ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി ഓഡിയോ ബുക്‌സ് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. തുടക്കത്തില്‍ 300,000 ലേറെ ഓഡിയോ ബുക്‌സ് ആയിരിക്കും ലഭ്യമാക്കുക. ഇവയുടെ കാറ്റലോഗ് സ്‌പോട്ടിഫൈ ആപ്പില്‍ ലഭ്യമാക്കും. എന്നാല്‍ ഇതില്‍നിന്ന് ഏതെങ്കിലും വാങ്ങണമെങ്കില്‍ കമ്പനിയുടെ വെബ്‌സൈറ്റിലെത്തണം.

spotify

ഓഡിയോ ബുക്‌സ് വ്യാപാരത്തില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന ആമസോണിന് വെല്ലുവിളി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്‌പോട്ടഫൈ എത്തുന്നത്. ഓഡിയോ ബുക്‌സ് മാര്‍ക്കറ്റ് കുതിച്ചു വളരുന്ന കാഴ്ചയാണ് ഇപ്പോള്‍ ലോകം കാണുന്നത്. വിപണി മൂല്യം 2021ല്‍ 480 കോടി ഡോളര്‍ ആയിരുന്നെങ്കില്‍ അത് 2026 ല്‍ 930 കോടി ഡോളര്‍ ആകുമെന്നാണ് പ്രവചനങ്ങള്‍.

English Summary: iPhone 15 Ultra to arrive with 8K video, better battery life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com