ഐഫോണ്‍ 14 പ്രോ മോഡലുകളിലെ ഡൈനമിക് ഐലൻഡ്, ദേ ആന്‍ഡ്രോയിഡുകാര്‍ക്ക് ഫ്രീ!

Mail This Article
ആപ്പിള്‍ ഈ വര്‍ഷം പുറത്തിറക്കിയ പ്രീമിയം മോഡല്‍ ഐഫോണുകള്‍ക്കു മാത്രമായി നല്‍കിയിരിക്കുന്ന ഫീച്ചറാണ് ഡൈനമിക് ഐലൻഡ്. ഐഫോണ്‍ 14 അവതരണവേളയില്‍ ഇതിനെപ്പറ്റി പറഞ്ഞപ്പോൾ നടത്തിയപ്പോള്‍ സദസ്സില്‍ പൊട്ടിച്ചിരി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതായത്, ഇക്കാലത്തും നോച്ച് ഒഴിവാക്കാന്‍ ആപ്പിളിന് സാധിച്ചിട്ടില്ല. കട്ടിമീശ പോലെ സ്‌ക്രീനിന്റെ മുകളില്‍നിന്നു തള്ളിയിറങ്ങി നിന്നിരുന്ന നോച്ചിന്റെ വലുപ്പം ആപ്പിള്‍ കുറച്ചിരിക്കുന്നു. പക്ഷേ, ഒരു ദ്വീപ് പോലെ (നോച് സ്‌ക്രീനിന്റെ മുകളില്‍ നിന്നായിരുന്നു തുടങ്ങിയിരുന്നത്) സ്‌ക്രീനിന്റെ മുകളില്‍ മുട്ടാതെ നില്‍ക്കുന്ന ഭാഗം കണ്ടാണ് സദസിലുള്ളവര്‍ ചിരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ഈ ഭാഗത്ത് ചില അധിക ഫീച്ചറുകള്‍ കൊണ്ടുവന്നിട്ടുണ്ട് എന്നു പറഞ്ഞതോടെ ടെക്‌നോളജി ലോകം ചെവി വട്ടംപിടിച്ചു.
∙ എന്താണ് ഡൈനാമിക് ഐലൻഡ്?
ഐഫോണ്‍ 14 സീരീസിലെ ഏറ്റവും ശ്രദ്ധേയമായ ഫീച്ചറുകളിലൊന്ന് എന്നാണ് മിക്ക റിവ്യൂവര്‍മാരും ഇതിനെ വിശേഷിപ്പിച്ചത്. ഡൈനമിക് ഐലൻഡിലേക്ക് ശ്രദ്ധിച്ചു നോക്കിയാല്‍ ദീര്‍ഘ ചതുരാകൃതിയിലുള്ള കട്ട്-ഔട്ട് കാണാം, വൃത്താകൃതിയിലുള്ള കട്ട്-ഔട്ടും കാണാം. ഇവയ്ക്കിടയിലായി കറുത്ത ആക്ടീവ് പിക്‌സലുകള്‍ കൊണ്ടുവന്നിരിക്കുന്നു. ഇതുമൂലം ഡൈനമിക് ഐലൻഡ് ഒറ്റ കട്ട്-ഔട്ടാണെന്ന പ്രതീതി വരുന്നുവെന്ന് ടെക് അഡ്വൈസര്‍ നിരീക്ഷിക്കുന്നു. ഇതിനുള്ളിലാണ് ആപ്പിളിന്റെ മുഖം തിരിച്ചറിയല്‍ സിസ്റ്റം അടക്കം ചെയ്തിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലേതുമായി താരതമ്യം ചെയ്താല്‍ ഇതിന് വലുപ്പം കുറഞ്ഞിട്ടുണ്ട്. ഡെപ്ത് സെന്‍സറും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ ഭാഗത്തിന് സോഫ്റ്റ്‌വെയര്‍ ഫങ്ഷനുകളും നല്‍കിയിരിക്കുന്നുവെന്നു കേട്ടതോടെയാണ് അവതരണ വേളയില്‍ കേള്‍വിക്കാരുടെ ജിജ്ഞാസ ഉണര്‍ന്നത്.
∙ വിവിധ ഫങ്ഷനുകള്‍
ഏത് ആപ്പാണോ ഉപയോഗിക്കുന്നത്, അതിനനുസരിച്ച് ഡൈനമിക് ഐലൻഡിന്റെ ആകൃതി മാറും. മുഖം സ്‌കാന്‍ ചെയ്യുന്ന സമയത്ത് ഫെയ്‌സ്‌ഐഡിയുടെ ഐക്കണ്‍ കാണിക്കും. ടൈമറുകള്‍ വച്ചിട്ടുണ്ടെങ്കില്‍ അവയുടെ വിവരം കാണിക്കും. എയര്‍പോഡ്‌സിന്റെ ബാറ്ററി ലെവല്‍ കാണിക്കും. മ്യൂസിക് നിയന്ത്രണത്തിനുള്ള കൺട്രോളുകള്‍ കാണിക്കും. കട്ട്-ഔട്ടില്‍ ടാപ്പ് ചെയ്ത് അമര്‍ത്തിപ്പിടിച്ചാല്‍ കൂടുതല്‍ ഫങ്ഷനുകളും ലഭിക്കും.
മറ്റൊരു ആപ് ഉയോഗിക്കുമ്പോൾത്തന്നെ, ഒരു പാട്ട് കേള്‍ക്കേണ്ടെങ്കില്‍ അടുത്തതു കേള്‍ക്കാനോ ഫോണ്‍ കോള്‍ എടുക്കാനോ ടൈമര്‍ കാന്‍സല്‍ ചെയ്യാനോ ഒക്കെ ഡൈനമിക് ഐലൻഡ് വഴി സാധിക്കും. കൂടാതെ, ഇതുമായി ബന്ധപ്പെട്ടുള്ള അനിമേഷനുകളും പുതുമയുണ്ടാക്കി. ഡൈനാമിക്ഐലൻഡ് ഫീച്ചർ ഐഫോണ്‍ 14, 14 പ്ലസ് മോഡലുകളിലും പഴയ ഐഫോണുകളിൽ പോലും ഒരു സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കൊണ്ടുവരാവുന്നതേയുള്ളൂ. എന്നാൽ ആപ്പിള്‍ ആയതു കൊണ്ട് അതൊന്നും ആരും പ്രതീക്ഷിക്കേണ്ടന്നും ചില നിരീക്ഷണങ്ങളുണ്ടായി.
ഒരു ദൃശ്യവൈകല്യത്തെ ഉപകാരപ്രദമായി ആപ്പിള്‍ പരിവര്‍ത്തനം ചെയ്തുവെന്ന് പല റിവ്യൂവര്‍മാരും പറയുന്നുണ്ട്. ഐഫോണ്‍ 14 പ്രോ മോഡലുകളിലെ ഏറ്റവും പ്രധാന ഫീച്ചറാണിതെന്നു പോലും വിലയിരുത്തലുണ്ടായി. നതിങ് ഫോണ്‍ (1) മേധാവി പറഞ്ഞത് ഇത് മികച്ച ഫീച്ചറാണ് എന്നാണ്. റിയല്‍മി കമ്പനിയാകട്ടെ ഇത് തങ്ങള്‍ എങ്ങനെ കൊണ്ടുവരണം എന്നറിയാനായി അഭിപ്രായവും ആരാഞ്ഞു കഴിഞ്ഞു. എന്തായാലും ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളാരും ഇതുവരെ ഡൈനാമിക് ഐലൻഡ് ഉള്ള അടുത്ത മോഡല്‍ ഫോണ്‍ ഉണ്ടാക്കാന്‍ സ്‌ക്രീന്റെ മുകള്‍ ഭാഗത്ത് ദീര്‍ഘ ചതുരാകൃതിയിലുള്ള പഴുത് ഉണ്ടാക്കിയിട്ടില്ലെന്നു കരുതാം.
∙ എത്തി ഡൈനമിക്‌സ്‌പോട്ട്!
ഡൈനമിക്‌സ്‌പോട്ട് (dynamicSpot) എന്ന പേരില്‍ ഒരു ആപ് ആന്‍ഡ്രോയിഡ് പ്ലേസ്റ്റോറിലുണ്ട്. ജാവോമോ (Jawomo) എന്ന പേരില്‍ അറിയപ്പെടുന്ന ഡവലപ്പര്‍ ആണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഐഫോണ്‍ 14 പ്രോ മോഡലുകളില്‍ കാണാവുന്നതു പോലെ നോട്ടിഫിക്കേഷന്‍ ലൈറ്റുകളും ഓഡിയോ റീഡയല്‍സുമൊക്കെ ലഭിക്കുന്നതാണ് പുതിയ ആപ്. ആപ്പിന്റെ ഡൗണ്‍ലോഡ് ചുരുങ്ങിയ സമയത്തിനുള്ളില്‍ 100,000 കടക്കുകയും ചെയ്തു.
∙ ഡൈനമിക്‌സ്‌പോട്ട് ഐലൻഡിനെ കടത്തിവെട്ടുമോ?
ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ക്യാമറാ ഐലൻഡുകള്‍ ഇല്ല. മറിച്ച് ക്യാമറാ സ്‌പോട്ടുകളേയുള്ളു. ഇതിനാലാണ് ഡൈനമിക്‌സ്‌പോട്ട് എന്നു പേരിട്ടതെന്ന് ജാവോമോ പറയുന്നു. ഐഫോണിന്റെ ഡൈനാമിക് ഐലൻഡ് ഒരു കസ്റ്റമൈസേഷനും അനുവദിക്കില്ല. എന്നാല്‍, തന്റെ ആപ് അതിന് അനുവദിക്കുമെന്നും ഡവലപ്പര്‍മാര്‍ക്കുള്ള ഓണ്‍ലൈന്‍ ഫോറത്തിലെ കുറിപ്പില്‍ ജാവോമോ അവകാശപ്പെടുന്നു. ഇന്ററാക്‌ഷന്‍ സെറ്റിങ്‌സിലെത്തി അധിക ക്രമീകരണങ്ങള്‍ വരുത്താമെന്ന് ജാവോമോ പറയുന്നു. ആപ് പരീക്ഷിച്ച ആന്‍ഡ്രോയിഡ് ഉപയോക്താക്കളും ഫോറത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിത്തുടങ്ങി.
ഡൈനമിക് ഐലൻഡിലൂടെ മള്‍ട്ടി ടാസ്‌കിങ്ങിന് ഒരു പുതിയ മുഖം നല്‍കുകയാണ് ആപ്പിള്‍ ചെയ്തത് എങ്കില്‍ അതിന്റെ പല ഫീച്ചറുകളും ആന്‍ഡ്രോയിഡിലും സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിച്ച് കൊണ്ടുവരികയാണ് ജാവോമോ. ഐഫോണ്‍ അണ്‍ലോക് ചെയ്താലുടന്‍ ഡൈനാമിക് ഐലൻഡ് പ്രവര്‍ത്തനം ആരംഭിക്കും. എല്ലാ കറന്റ് ആക്ടിവിറ്റീസും ഇവിടെ ലഭിക്കും. ഓരോ ആപ്പായി എടുത്തു നോക്കേണ്ട ജോലിയാണ് ഇവിടെ ലഘൂകരിച്ചിരിക്കുന്നത്.
∙ ഡൈനാമിക്‌സ്‌പോട്ട് എങ്ങനെ പരീക്ഷിച്ചു നോക്കാം?
മിക്ക ആന്‍ഡ്രോയിഡ് ഫോണുകളിലും ഡൈനാമിക്‌സ്‌പോട്ട് പ്രവര്‍ത്തിച്ചേക്കും. അത് സൗജന്യവുമാണ്. ഇന്‍സ്‌റ്റാള്‍ ചെയ്തു പ്രവര്‍ത്തിപ്പിക്കാന്‍ അല്‍പം പരിശ്രമം വേണമെന്നു പറയുന്നു. എന്നാല്‍, ഇതില്‍ വിജയിച്ചാല്‍ ഐഫോണ്‍ 14 പ്രോയിലെ സുപ്രധാന ഫീച്ചറുകളിലൊന്ന് ലഭിക്കുകയു ചെയ്യും.
പ്ലേസ്റ്റോറിലെത്തി ഡൈനാമിക്‌സ്‌പോട്ട് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റാള്‍ ചെയ്യുക. ആപ് ആദ്യം തുറക്കുമ്പോള്‍ സ്‌ക്രീനിനു താഴെ വരുന്ന നെക്‌സ്റ്റ് സന്ദേശത്തില്‍ ക്ലിക്ക് ചെയ്ത് പെര്‍മിഷന്‍ പേജില്‍ എത്തുക. തിരഞ്ഞെടുത്ത ആപ്പുകളില്‍ നിന്നുള്ള നോട്ടിഫിക്കേഷന്‍ കാണിക്കാന്‍ ആപ്പിന് അനുമതി നല്‍കുക. പിന്നെ 'ഡണ്‍' ക്ലിക്ക് ചെയ്യുക. (ഇതുവഴി സ്വകാര്യതാ റിസ്‌ക് ഉണ്ടോ എന്ന കാര്യമൊന്നും ഇപ്പോള്‍ അറിയില്ല.)
തുടര്‍ന്ന് പ്രധാന പേജിലെത്തി പോപ്അപ് സെറ്റിങ്‌സ്>ഡൈമന്‍ഷന്‍സ് (Popup settings > Dimensions) എന്ന വിഭാഗത്തിലെത്തി മൂന്നു സ്ലൈഡറുകള്‍ ക്രമീകരിക്കേണ്ടതായിട്ടുണ്ട്. മുന്‍ ക്യാമറ ഇരിക്കുന്ന ഭാഗവുമായി ചേര്‍ന്നു പോകാനാണ് ഇത്. ആപ്പിനുള്ളിലെ മറ്റു സെറ്റിങ്‌സും പരിശോധിക്കണം. ഈ 'ദ്വീപിനു' വെളിയില്‍ ടച്ച് ചെയ്താൽ എന്തു സംഭവിക്കണമെന്നതും മള്‍ട്ടി ടാസ്‌കിങ്ങിനായി അധിക ബബിളുകള്‍ ഉപയോഗിക്കുന്നതും ഒക്കെ പരിശോധിച്ചു നോക്കാം. ഇത് ഉപയോഗിച്ചു നോക്കി ഗുണമുള്ളതാണെന്നു കണ്ടാല്‍ കൂടുതല്‍ മികച്ച പ്രോ വേര്‍ഷനും ഉണ്ട്. ഇതിന് 99 രൂപ നല്‍കണം. ഒന്നു ടച്ച് ചെയ്താൽ എന്തു നടക്കണം എന്നും, അല്‍പനേരം അമര്‍ത്തിപ്പിടിച്ചാല്‍ എന്തു നടക്കണം എന്നതുമൊക്കെ ക്രമീകരിക്കാനുള്ള അവസരമാണ് പ്രോ ആപ്പിലുള്ളത്. സ്‌ക്രീന്‍ ലോക് ആയിരിക്കുമ്പോള്‍ ഡൈനാമിക്‌സ്‌പോട്ട് ഉപയോഗിക്കാനുള്ള അവസരവും പ്രോ വേര്‍ഷനില്‍ ഉണ്ട്. (ഇത് ഐഫോണില്‍ ലഭ്യമല്ല.)
∙ ആന്‍ഡ്രോയിഡില്‍ ഡൈനമിക് ഐലൻഡ് വേണ്ടെന്ന് അഭിപ്രായം
ഐഫോണ്‍ ഒരു കമ്പനി മാത്രമാണ് നിര്‍മിക്കുന്നത്. അങ്ങനെയല്ല ആന്‍ഡ്രോയിഡ് ഫോണുകള്‍. ചില കമ്പനികള്‍ ആപ്പിളിനെ അനുകരിച്ച് ഡൈനമിക് ഐലൻഡ് കൊണ്ടുവരാന്‍ തീരുമാനിച്ചാല്‍ (ഡൈനമിക്‌സ്‌പോട്ട് അല്ല) അത് ആപ് ഡവലപ്പര്‍മാരുടെ ഏറ്റവും വലിയ ദുഃസ്വപ്‌നമായിരിക്കുമെന്നും വാദമുയര്‍ന്നിരിക്കുകയാണ്. ഓരോ ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാവും എന്തെങ്കിലും വ്യത്യസ്തതയുമായി ആയിരിക്കും സ്‌ക്രീന്‍ ഉണ്ടാക്കുക. അവര്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ഒരു ഡൈനമിക് ഐലൻഡ് ഉണ്ടാക്കിയിട്ടാല്‍ അതിന് ഓരോന്നിനും ഒത്തു പ്രവര്‍ത്തിക്കാവുന്ന രീതിയില്‍ ആപ്പുകള്‍ ക്രമീകരിക്കുക എന്നത് എളുപ്പമായിരിക്കില്ല.
അതൊന്നും പോരെങ്കില്‍ ആന്‍ഡ്രോയിഡിലെ ഇപ്പോഴത്തെ നോട്ടിഫിക്കേഷന്‍ പാനല്‍ മികച്ചതാണെന്നും പറയുന്നു. നോട്ടിഫിക്കേഷന്‍ പാനല്‍ താഴേക്കു 'വലിച്ചിറക്കിയാല്‍' അതില്‍നിന്ന് നേരിട്ട് നോട്ടിഫിക്കേഷനുകളോട് പ്രതികരിക്കുകയും ചെയ്യാം. അത് സ്‌ക്രീനിനു താഴെ വരെ എത്തുന്നു. ഡൈനമിക് ഐലൻഡ് ഫോണിന്റെ മുകളിലാണ്. അങ്ങോട്ടു കൈ കൊണ്ടുപോകേണ്ട കാര്യമില്ലാതെ തന്നെ നോട്ടിഫിക്കേഷനുകളോട് പ്രതികരിക്കാന്‍ ഇപ്പോള്‍ത്തന്നെ ആന്‍ഡ്രോയിഡില്‍ സാധിക്കും. കൂടാതെ, മുറിക്കുള്ളില്‍ നല്ല അനുഭവമാണെങ്കിലും നേരിട്ട് സൂര്യപ്രകാശം പതിക്കുന്ന ഇടങ്ങളില്‍ ഡൈനമിക് ഐലൻഡ് അത്ര സുഖകരമായ അനുഭവമല്ല എന്ന രീതിയിലുള്ള പ്രതികരണങ്ങളും എത്തിയിട്ടുണ്ട്. https://bit.ly/3f47Usj

അതൊന്നും പോരെങ്കില്‍, ഡൈനാമിക് ഐലൻഡ് കൊണ്ടുവന്നതു തന്നെ നോച്ച് ഒഴിവാക്കിയെടുക്കാനുള്ള ആപ്പിളിന്റെ ശ്രമം പരാജയപ്പെട്ടതിനാലാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതായത്, ഡൈനമിക് ഐലൻഡ് കൊണ്ടുവരിക വഴി വീണിടത്തു വിദ്യ എന്ന പ്രയോഗം അന്വര്‍ഥമാക്കുകയാണ് ആപ്പിള്‍. പ്രീമിയം ഐഫോണുകള്‍ ഫെയ്‌സ്‌ഐഡിയെ മാത്രമാണ് ബയോമെട്രിക് അണ്‍ലോക്കിങ്ങിന് ഉപയോഗിക്കുന്നത്. അതിന് ഒരു പോരായ്മയും വരുത്താന്‍ ആപ്പിളിന് ഇപ്പോള്‍ സാധിക്കില്ല. ആന്‍ഡ്രോയിഡില്‍ ഫിംഗര്‍പ്രിന്റ് ഒതന്റിക്കേഷനും സാധ്യമാണ്. ഇതെല്ലാം മൂലം ആന്‍ഡ്രോയിഡ്ഫോണ്‍ നിര്‍മാതാക്കള്‍ ആപ്പിള്‍ ഉണ്ടാക്കിയിട്ടിരിക്കുന്ന രീതിയിലുള്ള ഡൈനാമിക് ഐലൻഡിന്റെ പിന്നാലെ പോകേണ്ട ഒരു കാര്യവുമില്ലെന്ന് നിരീക്ഷണമുണ്ട്.
English Summary: DynamicSpot puts Apple’s Dynamic Island on your Android phone