ADVERTISEMENT

ഉപഭോക്താവിന്റെ കൃത്യമായ ലൊക്കേഷന്‍ ആവശ്യപ്പെടുന്നുണ്ട് പല സ്മാര്‍ട് ഫോണ്‍ ആപ്പുകളും. അവ പലപ്പോഴും ഉപകാരപ്രദമാണെങ്കിലും മുൻപില്ലാത്ത തരം പ്രശ്‌നങ്ങൾ ജനങ്ങള്‍ക്കുണ്ടാക്കുന്നുണ്ടെന്ന് ദി അസോഷ്യേറ്റഡ് പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. വര്‍ഷങ്ങള്‍ക്കു മുൻപു പോലും ഒരാള്‍ എവിടെയായിരുന്നെന്ന് കണ്ടത്താവുന്ന ടൂളുകളാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഉറക്കം കെടുത്തുന്നത്. അമേരിക്കയിലെ ഒരുപറ്റം ഡെമോക്രാറ്റിക് പാര്‍ട്ടി സെനറ്റര്‍മാരും ഇതിനെതിരെ രംഗത്തുവന്നു കഴിഞ്ഞു.

∙ ഫോഗ് റിവീല്‍

അത്തരത്തിലൊരു ടൂളാണ് ഫോഗ് റിവീല്‍ (Fog Reveal). മൂടല്‍മഞ്ഞു മാറിയാലെന്നതു പോലെ ഒരാളുടെ ഭൂതകാല കാര്യങ്ങളെ ചികഞ്ഞെടുത്തു കാണാന്‍ പറ്റുന്ന ടൂളാണിത്. സെപ്റ്റംബര്‍ ആദ്യമാണ് ഈ ടൂളിനെക്കുറിച്ചുള്ള വിവരങ്ങള്‍ എപി ആദ്യമായി പുറത്തുവിടുന്നത്. മൂന്നാഴ്ച മുൻപ് നടന്ന ഫെഡറല്‍ ട്രേഡ് കമ്മിഷന്റെ ഹിയറിങ്ങിലും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. അമേരിക്കയില്‍ മാത്രം ഈ ടൂളുകള്‍ ഉപയോഗിച്ച് 25 കോടി ഫോണുകളില്‍നിന്ന് നൂറുകണക്കിനു കോടി വിവരങ്ങള്‍ ശേഖരിച്ചു എന്നാണ് റിപ്പോര്‍ട്ട്. ആളുകളുടെ ജിയോ ലൊക്കേഷന്‍ ഡേറ്റ എടുത്ത് വ്യക്തികളുടെ ദൈനംദിന ജീവിത മാതൃകകള്‍ (patternsof life) പുനഃസൃഷ്ടിക്കുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

∙ വിവരശേഖരണ രീതി രഹസ്യമാക്കി വച്ചു

വെര്‍ജീനിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫോഗ് ഡേറ്റാ സയന്‍സ് എല്‍എല്‍സി ആണ് ഫോഗ് റിവീലിനു പിന്നില്‍. ഇത് 2018 മുതല്‍ നിലവിലുണ്ട്. ആര്‍കിന്‍സോയില്‍ നടന്ന ഒരു നഴ്‌സിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതന്റെ നീക്കങ്ങള്‍ കണ്ടത്താനടക്കം ഇത് ഉപയോഗിച്ചിരുന്നു. ഈ ടൂള്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ ശേഖരിച്ചതെന്ന കാര്യം ചില അവസരങ്ങളിൽ മാത്രമാണ് കോടതികളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. ഇത് പ്രതിഭാഗം നിയമജ്ഞരെയും കുഴക്കുന്നു.

∙ എവിടെ പോകുന്നു, എന്തു ചെയ്യുന്നു എന്നൊക്കെ എളുപ്പത്തില്‍ അറിയാം

വ്യക്തികളുടെ സ്വകാര്യത ഇല്ലാതാകുന്ന പേടിപ്പെടുത്തുന്ന കാഴ്ചയാണ് അമേരിക്കക്കാര്‍ ഇപ്പോള്‍ കാണുന്നത്. ഇതിന്റെ സാധ്യത വിനാശകരമായിരിക്കും. ഇപ്പോള്‍ നമുക്കു പരിചയമുള്ള കമ്പനികളും കേട്ടിട്ടേയില്ലാത്ത കമ്പനികളും വ്യക്തികളെക്കുറിച്ച് വൻ ഡേറ്റയാണ് ശേഖരിക്കുന്നത്. നമ്മള്‍ ആരാണ്, എവിടെ പോകുന്നു, എന്തു ചെയ്യുന്നു എന്നൊക്കെ മനസ്സിലാക്കിയിടുക്കുന്നു എന്നാണ് മാസച്യുസിറ്റ്‌സില്‍ നിന്നുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി സെനറ്റര്‍ എഡ് മാര്‍കി പറഞ്ഞത്.

∙ വിശ്വസിച്ചുപയോഗിക്കുന്ന ആപ്പുകള്‍ പോലും വിവരങ്ങള്‍ കൈമാറുന്നു

വിശ്വസിച്ച് ഉപയോഗിക്കുന്ന പ്രശസ്ത ആപ്പുകള്‍ പോലും വില്‍ക്കുന്ന ഡേറ്റ ഉപയോഗിച്ച് തങ്ങളെ നിരീക്ഷിക്കാനാകുന്നു എന്നാണ് എഫ്ടിസിയുടെ ഹിയറിങ്ങിനെത്തിയവർ ആശങ്ക അറിയിച്ചത്. ഇത്തരം ചില കേസുകളില്‍, ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ആളുകളെ തിരിച്ചറിയാവും. ഇപ്പോള്‍ ഇതൊക്കെ ദേശീയ സുരക്ഷാ ഏജന്‍സികളും മറ്റുമാണ് പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്. പക്ഷേ, ഡേറ്റയുള്ളത് സ്വകാര്യ കമ്പനകളുടെ കയ്യിലാണ്. പുതിയ തരം ട്രാക്കിങ്ങിനെക്കുറിച്ച്, പ്രത്യേകിച്ച് ഫോഗ് റിവീലിനെക്കുറിച്ച് പ്രതികരിക്കാന്‍ എഫ്ടിസി വിസമ്മതിച്ചു.

∙ കമ്പനിയുടെ നിലപാട്

അതേസമയം, തങ്ങള്‍ നിയമപാലകര്‍ക്ക് സഹായം ചെയ്യുകയാണ് എന്ന നിലപാടാണ് ഫോഗ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. അന്വേഷണത്തിനും മറ്റും വേണ്ടത്ര ആളില്ലാത്ത ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് സഹായം ചെയ്യുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും ആളുകളുടെ വ്യക്തിവിവരങ്ങളിലേക്ക് കടന്നുകയറുന്നില്ലെന്നും കമ്പനി അവകാശപ്പെടുന്നു. എന്നാല്‍, തങ്ങള്‍ പൊലീസുമായി സഹകരിച്ചു പ്രവര്‍ത്തിച്ച കേസുകളെക്കുറിച്ചുള്ള വിവരം വെളിപ്പെടുത്താനും കമ്പനി വിസമ്മതിച്ചു.

അമേരിക്കയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാൻഡിലെ രണ്ട് മുന്‍ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ കീഴില്‍ തുടങ്ങിയതാണ് ഫോഗ് റിവീല്‍. പുതിയ കാലത്തിനൊത്തു നീങ്ങിയ ആപ് ഇപ്പോള്‍ അഡ്വെര്‍ടൈസിങ് ഐഡന്റിഫിക്കേഷന്‍ നമ്പറുകളെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇവ പല പ്രശസ്ത സ്മാര്‍ട് ഫോണ്‍ ആപ്പുകളില്‍ നിന്നുമാണ് ശേഖരിക്കുന്നതെന്ന് ഫോഗിന്റെ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. പരസ്യം കാണിച്ചു പണമുണ്ടാക്കുന്ന ഇത്തരം ആപ്പുകളൊക്കെ ആളുകളുടെ താത്പര്യങ്ങള്‍, അവരുടെ യാത്രകള്‍ തുടങ്ങിയവയൊക്കെ ഇടതടവില്ലാതെ അറിയുന്നു. തുടര്‍ന്ന് ഫോഗ് പോലെയുള്ള കമ്പനികള്‍ ഇത് വില്‍ക്കുകയും ചെയ്യുന്നു. നിരന്തരം ലൊക്കേഷന്‍ സേവനങ്ങളും മറ്റും ഉപയോഗിക്കുന്നവര്‍ക്ക് ഇതൊരു പാഠമാണ്.

∙ ഡേറ്റ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം

ഫോഗ് പോലെയുള്ള മറ്റൊരു ആപ്പാണ് കൊച്ചാവ (Kochava). ഈ ആപ്പിനും ഒരു മൊബൈല്‍ ഫോണ്‍ നമ്പറിന്റെ ഉടമ എവിടെ ജീവിക്കുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുന്നു. പല രാജ്യത്തെയും സ്വകാര്യതാ നിയമത്തിന്റെ ലംഘനമാണ് ഇതെങ്കിലും ഇതൊക്കെ ഇപ്പോള്‍ സാധ്യമാണ്. ഇതിനെതിരെ ഒരു ബില്‍ അമേരിക്കന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് സെനറ്റര്‍ റോണ്‍ വൈഡെന്‍. നിലവിൽ സർക്കാർ ഏജന്‍സികളാണ് ലൊക്കേഷന്‍ ട്രാക്കിങ് അടക്കമുള്ള സ്വകാര്യ ഡേറ്റ ഉപയോഗിക്കുന്നതെന്ന് ആശ്വസിച്ചാലും ഭാവിയിൽ അത് സ്വകാര്യ കമ്പനികളും മറ്റും ദുരുപയോഗം ചെയ്യാമെന്നത് പേടിപ്പിക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് സ്വകാര്യതയ്ക്കു വേണ്ടി വാദിക്കുന്നവര്‍ പറയുന്നു.

∙ ഭൂതകാലമടക്കം എല്ലാം ഞൊടിയിടയില്‍

കുറച്ചു കാലം മുൻപു വരെ അത്യാധുനിക ഉപകരണങ്ങളും അതിസമര്‍ഥരായ ഉദ്യോഗസ്ഥരും 24 മണിക്കൂറും മിനക്കെട്ടിറങ്ങിയാല്‍ മാത്രം ശേഖരിക്കാവുന്ന വിവരങ്ങള്‍ ഇപ്പോഴിതാ വിരല്‍ത്തുമ്പില്‍ ഏതു നിമിഷവും ലഭിക്കുന്നു. കുറച്ച് പണവും ഡേറ്റാ വില്‍പനക്കാരും ഉണ്ടെങ്കില്‍ ഇതൊക്കെ ഇന്നു സാധ്യമാണ് എന്നാണ് ഒറിഗണില്‍ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്ററായ വൈഡന്‍ പറയുന്നത്. ഡേറ്റാ വില്‍പനക്കാര്‍ ഇപ്പോള്‍ നടത്തുന്നത് തികഞ്ഞ മര്യാദലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സർക്കാർ ഏജന്‍സികള്‍ ഇത്തരം ഡേറ്റ ഉപയോഗിക്കട്ടെ എന്നു വാദിക്കുന്നവര്‍ പോലും ഫോഗ് റിവീല്‍ ഒക്കെ ഇപ്പോള്‍ ചെയ്യുന്നത് ശരിയല്ലെന്ന നിലപാടു സ്വീകരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

∙ രാഷ്ട്രീയ, മത വിശ്വാസങ്ങളും അറിയാം

പല ആപ്പുകളും ശേഖരിക്കുന്ന ഡേറ്റയില്‍ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇല്ല (anonymize) എന്നാണ് വയ്പ്പ്. ഇങ്ങനെ അനോണിമൈസ് ചെയ്യുന്ന ഡേറ്റ ഡീ-അനോണിമൈസ് ചെയ്യുകയാണ് (വ്യക്തികളെ തിരിച്ചറിയുകയാണ്) ഫോഗ് റിവീല്‍ പോലെയുള്ള കമ്പനികള്‍. നമ്മളാരാണെന്നും ആരോടെല്ലാം ബന്ധപ്പെടുന്നു എന്നും രാഷ്ട്രീയ, മത വിശ്വാസങ്ങള്‍ എന്താണ് എന്നതുമൊക്കെ അറിയാനാകുമെന്ന് ഗുഡ്‌ലറ്റേ (Goodlatte) എന്ന കമ്പനി പറയുന്നു. രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ പോലും ഇത് ഉപയോഗിച്ചേക്കാം.

Photo: eff/org
Photo: eff/org

∙ നിയമ നിര്‍മാണം വേണമെന്ന്

ഈ സാങ്കേതികവിദ്യയുടെ പ്രചാരത്തിനെതിരെ എല്ലാവരും ഒത്തു ചേരണമെന്നാണ് ഗുഡ്‌ലെറ്റെ ആഹ്വാനം ചെയ്യുന്നത്. അതേസമയം ക്രിമിനല്‍ കേസുകളുടെ അന്വേഷണത്തില്‍ മാത്രമാണ് ഇത്തരം സാങ്കേതികവിദ്യയുടെ സഹായം തേടുന്നതെന്ന നിലപാടാണ് നിയമപാലകരുടേത്. എന്നാല്‍, അര്‍ഥവത്തായ നിയമനിര്‍മാണം നടത്തി ഡേറ്റാ ശേഖരണത്തിനും അവയുടെ വില്‍പനയ്ക്കും കൈമാറ്റത്തിനും എത്രയും വേഗം തടയിടുകയാണ് വേണ്ടതെന്നാണ് ലീഗല്‍ എയ്ഡ് സൊസൈറ്റി പ്രതികരിച്ചത്.

English Summary: Senators push to reform police's cellphone tracking tools

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com